മരണത്തില്‍ നിന്നും ജീവനിലേക്ക്
2
മുന്പ് നിങ്ങളുടെ ആത്മീയജീവിതം പാപങ്ങളാലും ദൈവവിരുദ്ധ പ്രവൃത്തികളാലും മൃതമായിരുന്നു. അതെ, മുന്പ് നിങ്ങള്‍ ആ പാപങ്ങള്‍ ചെയ്തു ജീവിച്ചു. ലൌകീക ജീവിതമായിരുന്നു നിങ്ങളുടേത്. ഭൂമിയുടെമേല്‍ ദുഷ്ടശക്തികളുള്ള ഭരണാധിപനെ നിങ്ങള്‍ പിന്തുടര്‍ന്നു. ദൈവത്തെ അനുസരിക്കാത്തവരില്‍ ആ ദുരാത്മാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. മുന്പ് നമ്മളും ആ മനുഷ്യരെപ്പോലെ ജീവിച്ചിരുന്നു, നമ്മള്‍ നമ്മിലെ പാപം നിറഞ്ഞ സ്വയത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നമ്മുടെ മനസ്സും ശരീരവും കാംക്ഷിച്ചതെല്ലാം നാം ചെയ്തു. നാം ദുഷ്ടരായിരുന്നു. നമ്മുടെ ജീവിതരീതിമൂലം നാം ദൈവകോപത്തിനു വിധേയരാകേണ്ടിയിരുന്നു. മറ്റെല്ലാവരെയും പോലെയായിരുന്നു നാമും.
എന്നാല്‍ മഹത്തായ കാരുണ്യമുള്ള ദൈവം നമ്മെ വളരെ സ്നേഹിച്ചു. നാം ആത്മീയമായി മൃതരായിരുന്നു. കാരണം, ദൈവത്തിനു വിരോധമായി നാം പാപം ചെയ്തിരുന്നു എന്നതുതന്നെ. എന്നാല്‍ ദൈവം നമുക്കു ക്രിസ്തുവിനോടൊത്തു പുതിയ ജീവന്‍ നല്‍കി. ദൈവത്തിന്‍റെ കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്. ദൈവം നമ്മെ ക്രിസ്തുവിനോടൊപ്പം ഉയര്‍ത്തുകയും സ്വര്‍ഗ്ഗീയ സ്ഥാനങ്ങളില്‍ അവനോടൊത്തു നമ്മെ ഇരുത്തുകയും ചെയ്തു. യേശുക്രിസ്തുവില്‍ ആയിരിക്കുന്ന നമുക്കായാണ് ദൈവം ഇതു ചെയ്തത്. ഭാവിയിലെന്നും തന്‍റെ കാരുണ്യത്തിന്‍റെ സമൃദ്ധി കാണിക്കാനാവും വിധമാണ് ദൈവം ഇതു ചെയ്തത്. യേശുക്രിസ്തുവില്‍ നമ്മോട് ദയാലുവായിക്കൊണ്ടാണ് ദൈവം ആ കാരുണ്യം പ്രകടിപ്പിക്കുന്നത്.
ദൈവകാരുണ്യത്താല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. വിശ്വാസത്തിലൂടെയാണ് നിങ്ങള്‍ക്ക് ആ കൃപ ലഭിച്ചതും. നിങ്ങള്‍ സ്വയം രക്ഷിച്ചില്ല. ദൈവത്തിന്‍റെ ദാനമായിരുന്നു അത്. നിങ്ങളുടെ പ്രവൃത്തികളല്ല നിങ്ങളെ രക്ഷിച്ചത്. അതിനാല്‍ ഒരാള്‍ക്കും തങ്ങള്‍ സ്വയം രക്ഷിച്ചുവെന്ന് അഹങ്കരിക്കാനാവില്ല. 10 നമ്മളെ പുതിയ മനുഷ്യരാക്കിയത് ദൈവമാണ്. നമ്മള്‍ നല്ല പ്രവൃത്തികള്‍ ചെയ്യും വിധം ദൈവം നമ്മെ ക്രിസ്തു യേശുവില്‍ പുതിയ മനുഷ്യരാക്കി. ദൈവം ആ നല്ല പ്രവൃത്തികള്‍ നമുക്കായി ആസൂത്രണം ചെയ്തു കഴിഞ്ഞു. നന്മകള്‍ ചെയ്തുകൊണ്ടുള്ള ജീവിതത്തെ അവന്‍ നമുക്കായി ഒരുക്കിയിരിക്കുന്നു.
ക്രിസ്തുവില്‍ ഒന്ന് ആകുന്നു
11 ജാതികളായി പിറന്നവരാണു നിങ്ങള്‍. യെഹൂദര്‍ നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ചു. നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ച യെഹൂദര്‍ സ്വയം “പരിച്ഛേദനക്കാര്‍” എന്നു വിശേഷിപ്പിച്ചു. (അവരുടെ പരിച്ഛേദന അവര്‍ തന്നെ സ്വന്തം ശരീരത്തില്‍ ചെയ്യുന്നതാണ്.) 12 മുന്പ് ക്രിസ്തു നിങ്ങളോടൊത്തില്ലായിരുന്നു എന്നു ഓര്‍ക്കുക. നിങ്ങള്‍ യിസ്രായേല്‍ പൌരന്മാരല്ലായിരുന്നു. ദൈവം തന്‍റെ ജനതയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ നിയമങ്ങളും നിങ്ങള്‍ക്കില്ലായിരുന്നു. നിങ്ങള്‍ക്കു പ്രതീക്ഷകളോ ദൈവത്തെപ്പറ്റിയുള്ള അറിവോ ഉണ്ടായിരുന്നില്ല. 13 അതെ, ഒരു സമയത്തു നിങ്ങള്‍ ദൈവത്തില്‍ നിന്നും വളരെ അകലെയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശുവില്‍ ദൈവത്തിലേക്കു കൊണ്ടുവരപ്പെട്ടു. ക്രിസ്തുവിന്‍റെ രക്തത്തിലൂടെയാണ് നിങ്ങള്‍ ദൈവത്തിലേക്കടുത്തത്.
14 ക്രിസ്തുമൂലം നമുക്കിപ്പോള്‍ സമാധാനം ഉണ്ട്. ക്രിസ്തു (യെഹൂദരെയും ജാതികളെയും) ഒരുമിപ്പിച്ചു. യെഹൂദരും ജാതികളും അവര്‍ക്കിടയില്‍ ഒരു മതിലു കെട്ടിയതുപോലെ വേര്‍പിരിഞ്ഞിരുന്നു. അവര്‍ പരസ്പരം വെറുത്തു. എന്നാല്‍ ക്രിസ്തു തന്‍റെ സ്വന്തശരീരം നല്‍കുക വഴി വെറുപ്പിന്‍റേതായ ആ മതില്‍ തകര്‍ത്തു. 15 യെഹൂദ ന്യായപ്രമാണത്തിനു അനേകം കല്പനകളും ചട്ടങ്ങളുമുണ്ടായിരുന്നു. പക്ഷേ, ക്രിസ്തു ആ ന്യായപ്രമാണം അവസാനിപ്പിച്ചു. ഇരുവിഭാഗം ജനതയെയും തന്നില്‍ പുതിയ മനുഷ്യരാക്കി ഒന്നിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ ഉദ്ദേശ്യം. അങ്ങനെ യേശു സമാധാനം സ്ഥാപിക്കും. 16 കുരിശിലൂടെ ക്രിസ്തു ഇരുവിഭാഗങ്ങള്‍ക്കിടയ്ക്കുമുള്ള വെറുപ്പ് അവസാനിപ്പിച്ചു. ഇരുവിഭാഗങ്ങളും ഒരു ശരീരമായതിനു ശേഷം അവരെ ദൈവത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ക്രിസ്തു ആഗ്രഹിച്ചു. തന്‍റെ ക്രൂശീകരണത്തിലൂടെ ക്രിസ്തു ഇതു ചെയ്തു. 17 ദൈവത്തില്‍ നിന്നും വളരെ അകന്നു കഴിഞ്ഞിരുന്ന നിങ്ങള്‍ക്കിടയില്‍ വന്ന് യേശു സമാധാനം പ്രസംഗിച്ചു. ദൈവത്തോട് അടുത്തിരുന്നവര്‍ക്കിടയിലും യേശു ഇതു തന്നെ ചെയ്തു. 18 അതെ, നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിലൂടെ ഒരാത്മാവില്‍ പിതാവിലേക്കു വരുവാനവകാശമുണ്ടായി.
19 അതുകൊണ്ട് ഇപ്പോള്‍ യെഹൂദരല്ലാത്ത നിങ്ങള്‍ വിദേശീയരോ അപരിചിതരോ അല്ല. നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധജനത്തോടൊപ്പമുള്ള പൌരന്മാരും ദൈവത്തിന്‍റെ കുടുംബത്തില്‍പ്പെട്ടവരും ആണ്. 20 നിങ്ങള്‍ ദൈവത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം പോലെയാണ്. അപ്പൊ സ്തലന്മാരും പ്രവാചകരുമൊരുക്കിയ അടിത്തറയിലാണ് ആ കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. ക്രിസ്തു തന്നെയാണ് ആ വീടിന്‍റെ ആണിക്കല്ല്. 21 ആ കെട്ടിടം മുഴുവന്‍ ക്രിസ്തുവില്‍ പണിതു ചേര്‍ത്തിരിക്കുന്നു. ക്രിസ്തു അതിനെ വളര്‍ത്തുകയും അത് കര്‍ത്താവില്‍ ഒരു വിശുദ്ധ മന്ദിരമായിത്തീരുകയും ചെയ്തു. 22 ക്രിസ്തുവില്‍ നിങ്ങള്‍ യെഹൂദരോടൊപ്പം കൂട്ടിയിണക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈവം ആത്മാവിലൂടെ ജീവിക്കുന്ന സ്ഥലമായി നിങ്ങളെ പണിതു ചേര്‍ക്കുന്നു.