ശത്രുക്കള്‍ വീണ്ടും ആലയ നിര്‍മ്മാണത്തിനെതിരെ
4
1-2 ആ പ്രദേശത്തു വസിക്കുന്നവരിലധികവും യെഹൂദക്കാര്‍ക്കും ബെന്യാമീന്‍കാര്‍ക്കും എതിരായിരുന്നു. തടവില്‍നിന്നും രക്ഷപ്പെട്ടു വന്നവരാണ് യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്ക് ആലയം പണിയുന്നതെന്ന് ആ ശത്രുക്കള്‍ മനസ്സിലാക്കി. അതിനാല്‍ ആ ശത്രുക്കള്‍ സെരൂബ്ബാബേലിനെയും കുടുംബനാഥന്മാരെയും സമീപിച്ച് ഇങ്ങനെ പറഞ്ഞു, “നിര്‍മ്മാണജോലികള്‍ക്ക് ഞങ്ങള്‍ അങ്ങയെ സഹായിക്കട്ടെ. ഞങ്ങള്‍ നിങ്ങളെപ്പോലെയാണ്. നിങ്ങളുടെ ദൈവത്തോടാണ് ഞങ്ങളും സഹായത്തിനായി പ്രാര്‍ത്ഥിക്കാറുള്ളത്. അശ്ശൂരിലെ രാജാവായ എസര്‍-ഹദ്ദോന്‍ ഞങ്ങളെ ഇവിടെ കൊണ്ടുവന്ന നാള്‍ മുതല്‍ ഞങ്ങള്‍ നിങ്ങളുടെ ദൈവത്തിന് ബലികളര്‍പ്പിച്ചിട്ടുമുണ്ട്.”
എന്നാല്‍ സെരൂബ്ബാലേല്‍, യേശുവ, മറ്റ് യിസ്രായേല്‍കുടുംബനായകന്മാര്‍ എന്നിവര്‍ ഇങ്ങനെ മറുപടി പറഞ്ഞു, “വേണ്ട, ഞങ്ങളുടെ ദൈവത്തിനൊരാലയം പണിയാന്‍ ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്കാവില്ല. യഹോവയ്ക്ക് ആലയം പണിയാന്‍ ഞങ്ങള്‍ക്കേ കഴിയൂ. അവന്‍ യിസ്രായേലിന്‍റെ ദൈവമാണ്. പാര്‍സിരാജാവായ കോരെശ് ഞങ്ങളോട് ഇങ്ങനെ ചെയ്യാനാണു കല്പിച്ചത്.”
ഇത് അവരെ കോപിഷ്ഠരാക്കി. അതിനാലവര്‍ യെഹൂദരെ ഇളക്കാന്‍ തുടങ്ങി. ആലയം പണിയുന്നതില്‍നിന്നും അവരെ നിരുത്സാഹപ്പെടുത്തുവാനും തടയുവാനും ശത്രുക്കള്‍ ശ്രമിച്ചു. യെഹൂദക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് ആ ശത്രുക്കള്‍ സര്‍ക്കാരുദ്യോഗസ്ഥാന്മാരെ വശത്താക്കി. ആലയം പണിയാനുള്ള യെഹൂദരുടെ പരിപാടികള്‍ തടയാന്‍ ആ ഉദ്യോഗസ്ഥന്മാര്‍ പല കാര്യങ്ങളും നിരന്തരം ചെയ്തു. കോരെശ് പാര്‍സിയുടെ രാജാവായിരുന്ന കാലം മുഴുവനും ദാര്യാവേശ് പാര്‍സിരാജാവാകുന്നതുവരെ അതു തുടര്‍ന്നു.
യെഹൂദരെ തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആ ശത്രുക്കള്‍ രാജാവിനു കത്തുകളയ്ക്കുക പോലും ചെയ്തു. അഹശ്വേരോശ് പാര്‍സി രാജാവായ വര്‍ഷം അവര്‍ ഒരു കത്തെഴുതി.
യെരൂശലേം നിര്‍മ്മാണത്തിനെതിരെ ശത്രുക്കള്‍
പിന്നീട് അര്‍ത്ഥഹ്ശഷ്ടാവ് പാര്‍സിയുടെ പുതിയ രാജാവായപ്പോള്‍ അവരില്‍ ചിലര്‍ യെഹൂദരെപ്പറ്റി പരാതിപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു. ബശ്ലാം, മിത്രെദാത്ത്, താബെയേല്‍ എന്നിവരും അവരുടെ സംഘത്തില്‍പ്പെട്ട മറ്റു ചിലരുമാണ് ആ കത്തയച്ചത്. അരാമ്യസന്പ്രദായത്തില്‍ അരാമ്യഭാഷയിലാണ് അവര്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന് കത്ത് എഴുതിയത്.
അനന്തരം സേനാധിപനായ രെഹൂമൂം കാര്യദര്‍ശിയായ ശിംശായിയും യെരുശലേംകാര്‍ക്കെതിരെ ഒരു കത്തയച്ചു. അര്‍ത്ഥഹ്ശഷ്ടാരാജാവിന് അവര്‍ ഇങ്ങനെയാണെഴുതിയത്:
സൈന്യാധിപനായ രെഹൂം, കാര്യദര്‍ശിയായ ശിംശായി, ന്യായാധിപന്മാര്‍, ട്രിപ്പോളി, പേര്‍ഷ്യ, എരേക്, ബാബിലോണ്യ എന്നിവിടങ്ങളിലെ ജനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥന്മാര്‍, ശൂശനിലെ ഏലാമ്യര്‍, 10 യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കും ശമര്യാനഗരത്തിലേക്കും മാറിയ ശക്തവും മഹത്തുമായ അശുര്‍ബനിപല്‍ജനതയും എഴുതുന്നത്,
11 അര്‍ത്ഥഹ്ശഷ്ടാരാജാവിന്, യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള അങ്ങയുടെ ദാസന്മാര്‍ എഴുതുന്നത്.
12 അര്‍ത്ഥഹ്ശഷ്ടാരാജാവേ, അങ്ങു വിട്ടയച്ച യെഹൂദര്‍ ഇവിടെ വന്നെത്തിയിട്ടുണ്ടെന്ന് അറിയിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ആ നഗരം വീണ്ടും പണിയാന്‍ അവരിപ്പോള്‍ ശ്രമിക്കുകയാണ്. യെരൂശലേം ഒരു ദുഷിച്ച നഗരമാണ്. ആ നഗരത്തിലെ ജനങ്ങള്‍ എല്ലായ്പ്പോഴും മറ്റു രാജാക്കന്മാര്‍ക്കെതിരെ കലാപം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആ യെഹൂദര്‍ അടിത്തറ കെട്ടുകയും ഭിത്തി പണിയുകയും ചെയ്യുന്നു.
13 അര്‍ത്ഥഹ്ശഷ്ടാരാജാവേ, അങ്ങ് ഇത്രയും കൂടി മനസ്സിലാക്കുക. യെരൂശലേമും അതിന്‍റെ ഭിത്തികളും വീണ്ടും നിര്‍മ്മിക്കപ്പെട്ടാല്‍ യെരൂശലേംകാര്‍ തങ്ങളുടെ നികുതിയൊടുക്കുന്നത് അവസാനിപ്പിക്കും. അങ്ങയ്ക്കു കപ്പം തരുന്നതും അവര്‍ നിര്‍ത്തും, തൊഴില്‍ക്കരം അടയ്ക്കുന്നതും അവര്‍ നിര്‍ത്തും. ആ പണമെല്ലാം അങ്ങയ്ക്കു നഷ്ടമാവും.
14 ഞങ്ങള്‍ക്കു രാജാവിനോടൊരു ഉത്തരവാദിത്വമുണ്ട്. അങ്ങനെയൊക്കെ സംഭവിക്കുന്നതിന് ഞങ്ങള്‍ക്കാഗ്രഹമില്ല. അതിനാലാണ് രാജാവിനെ വിവരമറിയിക്കാന്‍ ഞങ്ങള്‍ ഈ കത്തയയ്ക്കുന്നത്.
15 അര്‍ത്ഥഹ്ശഷ്ടാരാജാവേ, അങ്ങയ്ക്കു മുന്പു ഭരിച്ച രാജാക്കന്മാരുടെ കുറിപ്പുകള്‍ അങ്ങ് വായിക്കണമെന്നാണു ഞങ്ങള്‍ക്കു പറയാനുള്ളത്. യെരൂശലേംകാര്‍ മറ്റു രാജാക്കന്മാര്‍ക്കെതിരെ കലാപം കൂട്ടിയിരുന്നതായി ആ രേഖകളില്‍ അങ്ങയ്ക്കു കാണാം. മറ്റു രാജാക്കന്മാര്‍ക്കും രാഷ്ട്രങ്ങള്‍ക്കും അത് വളരെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പുരാതനകാലത്തു തന്നെ ഈ നഗരത്തില്‍ ധാരാളം കലാപങ്ങളുണ്ടായിരുന്നു! അക്കാരണത്താലാണ് യെരൂശലേം നശിപ്പിക്കപ്പെട്ടത്.
16 അര്‍ത്ഥഹ്ശഷ്ടാരാജാവേ, ഈ നഗരവും കോട്ടകളും പുനര്‍നിര്‍മ്മിക്കപ്പെട്ടാല്‍ അങ്ങയ്ക്കു യൂഫ്രട്ടീസുനദിയുടെ പടിഞ്ഞാറുഭാഗത്തിന്‍റെ നിയന്ത്രണം നഷ്ടമാവും.
17 അപ്പോള്‍ അര്‍ത്ഥഹ്ശഷ്ടാരാജാവ് മറുപടി അയച്ചു:
സേനാധിപനായ രെഹൂമിനും കാര്യദര്‍ശിയായ ശിംശായിക്കും ശമര്യയില്‍ വസിക്കുന്നവര്‍ക്കും യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറു വസിക്കുന്നവര്‍ക്കും ആശംസകള്‍.
18 നിങ്ങള്‍ ഞങ്ങള്‍ക്കയച്ച കത്തു പരിഭാഷപ്പെടുത്തിയതു വായിച്ചുകേട്ടു. 19 എനിക്കു മുന്പുണ്ടായിരുന്ന രാജാക്കന്മാരുടെ രേഖകള്‍ പരതാന്‍ ഞാന്‍ ഉത്തരവിട്ടു. രേഖകള്‍ വായിച്ചുകേട്ടു. യെരൂശലേമിന് രാജാക്കന്മാര്‍ക്കെതിരെ കലാപങ്ങളുണ്ടായതിന്‍റെ നീണ്ട ഒരു ചരിത്രമുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു. മിക്കപ്പോഴും കലാപങ്ങളും വിപ്ലവങ്ങളും നടന്നിരുന്ന ഒരു സ്ഥലമായിരുന്നു യെരൂശലേം. 20 യെരൂശലേമില്‍ ആ സ്ഥലത്തിനും യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറുള്ള മുഴുവന്‍ പ്രദേശത്തിനും കരുത്തരായ രാജാക്കന്മാരുണ്ടായിരുന്നു. നികുതികളും കപ്പവും തൊഴില്‍ക്കരങ്ങളും ആ രാജാക്കന്മാര്‍ക്ക് ലഭിച്ചിരുന്നു.
21 ഇനി, നിങ്ങള്‍ അവര്‍ക്ക് പണി നിര്‍ത്താനുള്ള ഒരു കല്പന നല്‍കണം. ഞാന്‍ കല്പിക്കും വരെ യെരൂശലേമിന്‍റെ പുനര്‍നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവായിരിക്കണം അത്. 22 ഇക്കാര്യങ്ങളില്‍ വീഴ്ചവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യെരൂശലേമിന്‍റെ പുനര്‍നിര്‍മ്മാണം നമ്മള്‍ അനുവദിക്കരുത്. ആ ജോലികള്‍ തുടര്‍ന്നാല്‍ എനിക്ക് യെരൂശലേമില്‍നിന്നും കൂടുതല്‍ പണമൊന്നും കിട്ടുകയില്ല.
23 അങ്ങനെ അര്‍ത്ഥഹ്ശഷ്ടാരാജാവിനുള്ള കത്തിന്‍റെ ഒരു പ്രതി രെഹൂവിനും കാര്യദര്‍ശിയായ ശിംശായിക്കും അവരോടൊപ്പമുള്ളയാളുകള്‍ക്കും വായിച്ചു കൊടുത്തു. അനന്തരം അവര്‍ യെരൂശലേമിലെ യെഹൂദരുടെ അടുത്തേക്കു വളരെ വേഗം പോയി. അവര്‍ നിര്‍മ്മാണ ജോലികളില്‍നിന്നും യെഹൂദരെ തടഞ്ഞു.
ആലയം പണി നിര്‍ത്തി
24 അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്‍റെ പണി നിര്‍ത്തലാക്കപ്പെട്ടു. ദാര്യാവേശ് പാര്‍സിരാജാവായതിന്‍റെ രണ്ടാം വര്‍ഷം വരെ പണി തുടര്‍ന്നില്ല.