5
അതേസമയം ഹഗ്ഗായിപ്രവാചകനും ഇദ്ദോയുടെ പുത്രനായ സെഖര്യാവും ദൈവത്തിന്‍റെ നാമത്തില്‍ പ്രവചനം തുടങ്ങി. യെഹൂദയിലും യെരൂശലേമിലുമുള്ള യെഹൂദരെ അവര്‍ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ശെയല്‍തീയേലിന്‍റെ പുത്രനായ സെരൂബ്ബാബേലും യോസാദാക്കിന്‍റെ പുത്രനായ യേശുവയും യെരൂശലേമിലെ ആലയത്തിന്‍റെ പണി വീണ്ടും ആരംഭിച്ചു. ദൈവത്തിന്‍റെ പ്രവാചകരെല്ലാം അവരോടൊപ്പം നിന്ന് പണികളെ പ്രോത്സാഹിപ്പിച്ചിരുന്നു. ആ സമയത്ത് യൂഫ്രട്ടീസുനദിയുടെ പടിഞ്ഞാറുള്ള പ്രദേശത്തെ ദേശാധികാരി തത്നായി ആയിരുന്നു. തത്തേനായിയും ശെതര്‍ബോ സെനായിയും അവരോടൊപ്പമുണ്ടായിരുന്നവരും സെരൂബ്ബാബേലിന്‍റെയും യേശുവയുടെയും പണി ചെയ്തുകൊണ്ടിരുന്ന മറ്റുള്ളവരുടെയും അടുത്തേക്കു പോയി. തത്നായിയും അയാളോടൊപ്പമുണ്ടായിരുന്നവരും സെരൂബ്ബാബേലിനോടും അയാളുടെ ആളുകളോടും ചോദിച്ചു, “ഈ ആലയം ഇങ്ങനെ പുതുക്കിപ്പണിതുറപ്പിക്കാന്‍ ആരാണ് നിങ്ങള്‍ക്കനുവാദം തന്നത്?” സെരൂബ്ബാബേലിനോടു അവര്‍ ഇങ്ങനെയും കൂടി ചോദിച്ചു, “ഈ ആലയം പണിയിലേര്‍പ്പെട്ടിരിക്കുന്നവരുടെ പേരുകള്‍ എന്തൊക്കെയാണ്?”
എന്നാല്‍ യെഹൂദനേതാക്കളെ ദൈവം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദാര്യാവേശ്രാജാവിന് വിവരങ്ങള്‍ മുഴുവന്‍ നല്‍കും വരെ അവര്‍ക്ക് പണി നിറുത്തേണ്ടിവന്നില്ല. കോരെശുരാജാവ് തന്‍റെ മറുപടി അയയ്ക്കുംവരെ അവര്‍ പണി തുടര്‍ന്നു.
യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറു ഭാഗത്തെ ദേശവാഴിയായ തത്നായിയും ശേഥെര്‍-ബോസ്നായിയും അവരോടൊപ്പമുണ്ടായിരുന്നവരും ദാര്യാവേശു രാജാവിന് ഒരു കത്തയച്ചതിന്‍റെ ഒരു പകര്‍പ്പ് ഇതാ. ഇതാണ് ആ കത്തിന്‍റെ പകര്‍പ്പ്:
ദാര്യാവേശുരാജാവിന് ആശംസകള്‍.
ദാര്യവേശുരാജാവേ, ഞങ്ങള്‍ യെഹൂദാപ്രവിശ്യയിലേക്കു പോയി. മഹാനായ ദൈവത്തിന്‍റെ ആലയത്തിലേക്കു ഞങ്ങള്‍ പോയി. യെഹൂദക്കാര്‍ വലിയ കല്ലുകള്‍ ഉപയോഗിച്ച് ആ ആലയം പണിയുകയാണ്. അവര്‍ ഭിത്തിമേല്‍ വലിയ തടിപ്പലകകള്‍ പതിക്കുന്നു. അതീവ ശ്രദ്ധയോടെയാണ് പണികള്‍ നടക്കുന്നത്. യെഹൂദക്കാര്‍ അത്യദ്ധ്വാനം ചെയ്യുന്നുമുണ്ട്. വളരെ വേഗത്തിലവര്‍ പണിയുന്നതിനാല്‍ അതു വേഗം തീര്‍ന്നേക്കാം.
അവരുടെ നേതാക്കളോടു പണിയെപ്പറ്റി ചില ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ അവരോടു ചോദിച്ചു, “ഈ ആലയം പുതുക്കിപണിതുറപ്പിക്കാന്‍ ആരാണു നിങ്ങള്‍ക്കനുവാദം തന്നത്?” 10 ഞങ്ങള്‍ അവരുടെ പേരുകളും ചോദിച്ചു. അവര്‍ ആരൊക്കെയെന്ന് അങ്ങയെ അറിയിക്കണമെന്നുള്ളതിനാല്‍ അവരുടെ നേതാക്കളുടെ പേരെഴുതിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. 11 അവര്‍ തന്ന മറുപടി ഇതാണ്:
“സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും ദൈവത്തിന്‍റെ ദാസന്മാരാകുന്നു ഞങ്ങള്‍. പലവര്‍ഷങ്ങള്‍ക്കു മുന്പ് യിസ്രായേലിന്‍റെ മഹാനായൊരു രാജാവ് നിര്‍മ്മച്ച ആലയം ഞങ്ങള്‍ പുതുക്കിപ്പണിയുകയാണ്. 12 എന്നാല്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ കോപാകുലനാക്കി. അതിനാല്‍ ദൈവം ഞങ്ങളുടെ പൂര്‍വ്വികരെ ബാബിലോണിലെ രാജാവായ നെബൂഖദ്നേസരിനെ ഏല്പിച്ചു. നെബൂഖദ്നേസര്‍ ഈ ആലയം നശിപ്പിക്കുകയും ജനങ്ങളെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോവുകയും ചെയ്തു. 13 പക്ഷേ കോരെശ് ബാബിലോണിലെ രാജാവായതിന്‍റെ ഒന്നാം വര്‍ഷം തന്നെ ദൈവത്തിന്‍റെ ആലയം പുതുക്കിപ്പണിയാന്‍ അദ്ദേഹം പ്രത്യേകം ഉത്തരവിട്ടു. 14 കൂടാതെ ദൈവത്തിന്‍റെ ആലയത്തില്‍നിന്നും മുന്പു കൊണ്ടുവന്ന സ്വര്‍ണ്ണവും വെള്ളിയും കോരെശ് തന്‍റെ വ്യാജദൈവത്തിന്‍റെ ആലയത്തില്‍നിന്നും പുറത്തെടുക്കുകയും ചെയ്തു. നെബൂഖദ്നേസാരാണ് അവ യെരൂശലേമിലെ ആലയത്തില്‍നിന്നും എടുത്ത് ബാബിലോണിലെ വ്യാജദൈവത്തിന്‍റെ ആലയത്തില്‍കൊണ്ടുവച്ചത്. കോരോശുരാജാവ് ആ സാധനങ്ങള്‍ ശേശ്ബസ്സരിനെ (സെരൂബ്ബാബേല്‍) ഏല്പിച്ചു. ശേശ്ബസ്സരിനെ കോരെശ് ദേശവാഴിയായും തെരഞ്ഞെടുത്തു.
15 അനന്തരം കോരെശ് ശേശ്ബസ്സരിനോടു പറഞ്ഞു, “ഈ സ്വര്‍ണ്ണവും വെള്ളിയും എടുത്ത് യെരൂശലേമിലെ ദൈവത്തിന്‍റെ ആലയത്തില്‍ തിരികെ വയ്ക്കുക. ആലയം മുന്പ് എവിടെയായിരുന്നുവോ അവിടെത്തന്നെ പുനര്‍നിര്‍മ്മിക്കുക.” 16 അതിനാല്‍ ശേശ്ബസ്സര്‍ വന്ന് യെരൂശലേമില്‍ ദൈവത്തിന്‍റെ ആലയത്തിന് അടിത്തറ പണിതു. അന്നുമുതല്‍ ഇന്നുവരെ പണി തുടരുന്നു. എങ്കിലും ഇനിയും അതു പൂര്‍ണ്ണമായിട്ടില്ല.
17 ഇനി, രാജാവിനു വേണമെങ്കില്‍ ഔദ്യോഗിക രാജകീയരേഖകള്‍ പരിശോധിക്കാം. കോരെശുരാജാവ് യെരൂശലേമില്‍ ദൈവത്തിന്‍റെ ആലയം വീണ്ടും പണിയാന്‍ ഉത്തരവിട്ടുവോ എന്ന് അപ്പോഴറിയാമല്ലോ. എന്നിട്ട് ഇക്കാര്യത്തില്‍ നിങ്ങളെന്തു തീരുമാനിച്ചെന്ന് ഞങ്ങളെ അറിയിക്കാന്‍ ഒരു കത്തയയ്ക്കണമേ.