ദാര്യാവേശിന്‍റെ കല്പന
6
അതിനാല്‍ തനിക്കു മുന്പുണ്ടായിരുന്ന രാജാക്കന്മാരുടെ രേഖകള്‍ പരതാന്‍ ദാര്യാവേശു രാജാവു കല്പിച്ചു. ബാബിലോണില്‍ ആ രേഖകള്‍ സൂക്ഷിച്ചിരുന്നത് ഖജനാവില്‍ തന്നെയായിരുന്നു. എക്ബതാനയിലെ ഒരു കോട്ടയില്‍ ഒരു കടലാസ് ചുരുള്‍ കണ്ടെത്തി. മേദ്യാ പ്രവിശ്യയിലായിരുന്നു എക്ബതാന. ചുരുളില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്:
ഔദ്യോഗിക കുറിപ്പ്: കോരെശു രാജാവിന്‍റെ ഒന്നാം ഭരണവര്‍ഷത്തില്‍ യെരൂശലേമിലുള്ള ദൈവത്തിന്‍റെ ആലയത്തെപ്പറ്റി ഒരുത്തരവിറങ്ങി. ഉത്തരവില്‍ ഇങ്ങനെ പറഞ്ഞിരുന്നു:
ദൈവത്തിന്‍റെ ആലയം പുനര്‍നിര്‍മ്മിക്കപ്പെടട്ടെ. ബലിയര്‍പ്പിക്കാനുള്ള ഒരു സ്ഥലമായിരിക്കും അത്. അതിന്‍റെ അടിത്തറ പണിയട്ടെ. ആലയത്തിന് തൊണ്ണൂറടി ഉയരവും തൊണ്ണൂറടി വീതിയും വേണം. അതിന്‍റെ ചുറ്റുമതിലിന് മൂന്നുനിര വലിയ കല്ലുകളും ഒരുനിര തടിയും ഉണ്ടാവണം. ആലയം പണിയുടെ ചിലവുകള്‍ രാജാവിന്‍റെ ഖജനാവില്‍നിന്നും എടുക്കണം. ദൈവത്തിന്‍റെ ആലയത്തില്‍ നിന്നെടുത്ത സ്വര്‍ണ്ണവും വെള്ളിയും അതില്‍ത്തന്നെ തിരികെ യഥാസ്ഥാനത്തു വയ്ക്കണം. അവയെല്ലാം നെബൂഖദ്നേസര്‍ യെരൂശലേമിലെ ആലയത്തില്‍നിന്നും എടുത്ത് ബാബിലോണിലേക്കു കൊണ്ടുവന്നതാണ്. അവ ദൈവത്തിന്‍റെ ആലയത്തില്‍ തിരികെ വയ്ക്കണം.
അതിനാല്‍ യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള ദേശത്തിലെ അധികാരിയായ തത്നയീ, ശെഥര്‍-ബോസ്നയീ ആ പ്രവിശ്യയില്‍ വസിക്കുന്ന ഉദ്യോഗസ്ഥന്മാരേ, നിങ്ങള്‍ യെരൂശലേമില്‍നിന്നും മാറി നില്‍ക്കണമെന്ന് ദാര്യാവേശ് എന്ന ഞാന്‍ കല്പിക്കുന്നു. ജോലിക്കാരെ നിങ്ങള്‍ ശല്യപ്പെടുത്തരുത്. ഈ ദൈവാലയത്തിന്‍റെ പണി തടയാന്‍ ശ്രമിക്കരുത്. യെഹൂദ ദേശാധികാരിയും യെഹൂദരുടെ നേതാക്കളും അതു പുതുക്കിപ്പണിയട്ടെ. ദൈവത്തിന്‍റെ ആലയം മുന്പ് എവിടെയായിരുന്നുവോ അവിടത്തന്നെ അവരതു വീണ്ടും പണിയട്ടെ.
ഇനി ഞാന്‍ ഈ ഉത്തരവു പുറപ്പെടുവിക്കുന്നു. ദൈവത്തിന്‍റെ ആലയം പണിയുന്ന യെഹൂദനേതാക്കള്‍ക്ക് നിങ്ങള്‍ ഈ കാര്യങ്ങള്‍ ചെയ്തു കൊടുക്കണം. പണിച്ചെലവു മുഴുവന്‍ രാജകീയഭണ്ഡാരത്തില്‍നിന്നും കൊടുക്കണം. യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള പ്രദേശത്തുനിന്നും നികുതി പിരിക്കുന്നതില്‍ നിന്നുവേണം ആ പണമെടുക്കാന്‍. പണി നിന്നുപോകാതിരിക്കാന്‍ ഇതൊക്കെ വേഗംതന്നെ ചെയ്യുക. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കണം. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു ബലിയര്‍പ്പിക്കാന്‍ അവര്‍ക്കു കാളക്കുട്ടികള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയാണു വേണ്ടതെങ്കില്‍ അവര്‍ക്കതു നല്‍കുക. യെരൂശലേമിലെ പുരോഹിതന്മാര്‍ ഗോതന്പ്, ഉപ്പ്, വീഞ്ഞ്, തൈലം എന്നിവ ചോദിക്കുന്നുവെങ്കില്‍ അവര്‍ക്ക് അവ നിത്യവും മുടങ്ങാതെ കൊടുക്കണം. 10 സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ പ്രീതിപ്പെടുത്താന്‍ അവനു ബലിയര്‍പ്പിക്കാന്‍ അതെല്ലാം യെഹൂദപുരോഹിതന്മാര്‍ക്കു നല്‍കുക. എനിക്കും എന്‍റെ പുത്രന്മാര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് പുരോഹിതന്മാര്‍ക്ക് ഇവയൊക്കെ നല്‍കുക. ഈ ഉത്തരവുകൂടി ഞാന്‍ നല്‍കുന്നു: ഈ ഉത്തരവ് ആരെങ്കിലും ലംഘിച്ചാല്‍ അയാളുടെ വീട്ടില്‍നിന്ന് ഒരു തടിയുത്തരം പറിച്ചെടുക്കും. എന്നിട്ട് ആ തടിയുത്തരം അയാളുടെ ദേഹത്തിലൂടെ തള്ളിയിടും. അയാളുടെ വീടു ഒരു കല്‍ക്കൂന്പാരമാകുന്നതുവരെ തകര്‍ക്കപ്പെടുകയും ചെയ്യും.
11  12 ദൈവം യെരൂശലേമില്‍ തന്‍റെ നാമം നിലനിര്‍ത്തി. ഈ ഉത്തരവു മാറ്റാന്‍ ശ്രമിക്കുന്ന ഏതൊരു രാജാവിനെയും വ്യക്തിയെയും ദൈവം പരാജയപ്പെടുത്തുമെന്നാണു ഞാന്‍ കരുതുന്നത്. യെരൂശലേമിലെ ഈ ആലയം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ദൈവം അയാളെ വധിക്കുമെന്നാണെന്‍റെ വിശ്വാസം. ഞാന്‍, ദാര്യാവേശ് ഈ ഉത്തരവിട്ടു. ഈ ഉത്തരവ് വേഗത്തില്‍ പൂര്‍ണ്ണമായും അനുസരിക്കപ്പെടട്ടെ!”
ആലയത്തിന്‍റെ പൂര്‍ത്തീകരണവും സമര്‍പ്പണവും
13 അതിനാല്‍, യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറെക്കരയിലുള്ള ദേശാധികാരിയായ തത്നയിയും ശെഥര്‍-ബോസ്നേയിയും അവരുടെ സഹപ്രവര്‍ത്തകരും ദാര്യാവേശുരാജാവിന്‍റെ ഉത്തരവ് അപ്പോള്‍ത്തന്നെ പൂര്‍ണ്ണമായും അനുസരിച്ചു. 14 അങ്ങനെ യെഹൂദ മൂപ്പന്മാര്‍ ആലയനിര്‍മ്മാണം തുടര്‍ന്നു. പ്രവാചകനായ ഹഗ്ഗായിയുടെയും ഇദ്ദോവിന്‍റെ പുത്രനായ സെഖര്യാവിന്‍റെയും പ്രോത്സാഹനത്താല്‍ അവര്‍ വിജയികളായിത്തീര്‍ന്നു. അവര്‍ ആലയം പണി പൂര്‍ണ്ണമാക്കി. യിസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്പന അനുസരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പാര്‍സിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അര്‍ത്ഥഹ്ശഷ്ടാ എന്നിവരുടെ കല്പനകളനുസരിക്കുന്നതിനും കൂടി വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. 15 ആദാര്‍ മാസത്തിന്‍റെ മൂന്നാം ദിവസം ആലയംപണി പൂര്‍ണ്ണമായി. ദാര്യാവേശുരാജാവിന്‍റെ ആറാം ഭരണവര്‍ഷത്തിലായിരുന്നു അത്.
16 അനന്തരം യിസ്രായേല്‍ജനത അത്യാഹ്ലാദത്തോടെ ദൈവത്തിന്‍റെ ആലയം സമര്‍പ്പിക്കുന്ന ഉത്സവം കൊണ്ടാടി. പുരോഹിതരും ലേവ്യരും പ്രവാസത്തില്‍നിന്നു തിരികെ വന്നവരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
17 ഈ രീതിയിലാണ് അവര്‍ ദൈവത്തിന്‍റെ ആലയം സമര്‍പ്പിച്ചത്: നൂറു കാളകള്‍, ഇരുന്നൂറു ആണാടുകള്‍, നാനൂറു ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അവര്‍ അര്‍പ്പിച്ചു. പന്ത്രണ്ട് ആണ്‍കോലാടുകളെ അവര്‍ മുഴുവന്‍ യിസ്രായേലിനും വേണ്ടി പാപബലിയായി അര്‍പ്പിക്കുകയും ചെയ്തു. യിസ്രായേലിലെ ഓരോ ഗോത്രത്തിനും ഓരോ കോലാടു വീതം. 18 അനന്തരം അവര്‍ തങ്ങളുടെ പുരോഹിതരെയും ലേവ്യരെയും യെരൂശലേമിലെ ദൈവത്തിന്‍റെ ആലയത്തില്‍ സേവനം ചെയ്യാന്‍ ഗണം ഗണമായി തിരിച്ചു. മോശെയുടെ പുസ്തകത്തില്‍ പറയുന്പോലെയാണവരതു ചെയ്തത്.
പെസഹ
19 ഒന്നാം മാസത്തിന്‍റെ പതിനാലാം ദിവസം തടവില്‍നിന്നും മോചിതരായി വന്ന ആ യെഹൂദര്‍ പെസഹ ആഘോഷിച്ചു. 20 പുരോഹിതരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു. അവര്‍ സ്വയം ശുദ്ധീകരിച്ച് പെസഹ ആഘോഷിക്കാന്‍ തയ്യാറെടുത്തു. തടവില്‍നിന്നും മോചിതരായി വന്ന എല്ലാ യെഹൂദകര്‍ക്കുംവേണ്ടി ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. തങ്ങളുടെ സഹോദരന്മാരായ പുരോഹിതര്‍ക്കും തങ്ങള്‍ക്കുതന്നെയും വേണ്ടി അവരങ്ങനെ ചെയ്തു. 21 അതിനാല്‍ തടവില്‍നിന്നും മോചിതരായി വന്ന മുഴുവന്‍ യിസ്രായേലുകാരും പെസഹാസദ്യ കഴിച്ചു. ആ രാജ്യത്തു വസിക്കുന്നവരുടെ അശുദ്ധവസ്തുക്കള്‍ മൂലം അശുദ്ധരായതിനാല്‍ മറ്റുള്ളവര്‍ സ്വയം ശുദ്ധീകരിക്കുകയും ചെയ്തു. ശുദ്ധീകരിക്കപ്പെട്ടവരും പെസഹാഭക്ഷണത്തില്‍ പങ്കുകൊണ്ടു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയുടെയടുക്കല്‍ സഹായത്തിനായി പോകുന്നതിനാണവര്‍ അങ്ങനെ ചെയ്തത്. 22 അത്യാഹ്ലാദത്തോടെ അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ഏഴു ദിവസം കൊണ്ടാടി. അശ്ശൂര്‍ രാജാവിന്‍റെ മന:സ്ഥിതി മാറ്റിക്കൊണ്ട് യഹോവ അവരെ ആഹ്ലാദചിത്തരാക്കി. അതിനാല്‍ അശ്ശൂര്‍രാജാവ്, ദൈവത്തിന്‍റെ ആലയനിര്‍മ്മാണത്തിന് അവരെ സഹായിക്കുകയും ചെയ്തിരുന്നു.