മൊര്‍ദ്ദെഖായി സഹായത്തിന് എസ്ഥേരിനെ പ്രേരിപ്പിക്കുന്നു
4
സംഭവിച്ച കാര്യങ്ങളെല്ലാം മൊര്‍ദ്ദെഖായി കേട്ടു. രാജകല്പന അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി അവന്‍റെ ഉടുപ്പു വലിച്ചു കീറുകയും പകരം ചാക്കുടുക്കുകയും ചാരം പൂശുകയും ചെയ്തുകൊണ്ട് ശൂശന്‍നഗരത്തിന്‍റെ നടുക്കുചെന്നുനിന്ന് ഉറക്കെ അലമുറയിട്ടു. രാജാവിന്‍റെ വാതില്‍ക്കല്‍ ചാക്കുടുത്തുകൊണ്ട് ആരും പ്രവേശിക്കരുതെന്നു നിയമമുണ്ടെങ്കിലും അവന്‍ രാജാവിന്‍റെ വാതിലിനു മുന്പില്‍വരെ ചെന്നു. രാജകല്പന നടപ്പാക്കാനുള്ള സമയം അടുത്തു വന്നുകൊണ്ടിരുന്ന സംസ്ഥാനങ്ങളിലൊക്കെയും യെഹൂദരുടെ ഇടയില്‍ കടുത്തദു:ഖവും ഉപവാസവും അലമുറയും വിലാപവും ഉണ്ടായി ചാക്കുടുക്കുകയും ചാരം പൂശുക്കുകയും ചെയ്തുകൊണ്ട് അനേകം യെഹൂദര്‍ നിലത്തു കിടന്നു
എസ്ഥേരിന്‍റെ ദാസികളും ഷണ്ഡന്മാരും മൊര്‍ദ്ദെഖായിയെപ്പറ്റി വന്നു പറഞ്ഞപ്പോള്‍ അവള്‍ ദു:ഖം കൊണ്ടുപുളഞ്ഞു. ചാക്കുടപ്പ് മാറുന്നതിനുവേണ്ടി അവള്‍ വേറെ വസ്ത്രങ്ങള്‍ കൊടുത്തയച്ചുവെങ്കിലും മൊര്‍ദ്ദെഖായി അതു സ്വീകരിച്ചില്ല. അപ്പോള്‍ അവളുടെ പരിചരണത്തിന് രാജാവു നിയമിച്ചിരുന്ന ഷണ്ഡന്മാരുടെ കൂട്ടത്തില്‍നിന്ന് ഹഥാക്ക് എന്നവനെ വിളിച്ച് മൊര്‍ദ്ദെഖായിക്ക് എന്താണു സംഭവിക്കുന്നതെന്ന് അന്വേഷിച്ചുവരാന്‍ അവള്‍ പറഞ്ഞയച്ചു. അവന്‍ രാജാവിന്‍റെ വാതിലിനു മുന്നിലുള്ള തുറന്നസ്ഥലത്ത് മൊര്‍ദ്ദെഖായിയുടെ അടുത്തുചെന്നു. അപ്പോള്‍, യെഹൂദരെ നശിപ്പിക്കാന്‍വേണ്ടി ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു നിക്ഷേപിക്കാമെന്നു വാഗ്ദാനം ചെയ്ത പണത്തിന്‍റെ കണക്കടക്കം ഉണ്ടായതെല്ലാം മൊര്‍ദ്ദെഖായി ഹഥാക്കിനോടു പറഞ്ഞു. കൂടാതെ രാജ്യത്തെ യെഹൂദരെ മുഴുവന്‍ നശിപ്പിക്കണമെന്നു കല്പിച്ച് ശൂശനില്‍ പുറപ്പെടുവിച്ച നിയമത്തിന്‍റെ ഒരു പകര്‍പ്പ് എസ്ഥേരിനെ കാണിച്ചു വായിച്ചു കൊടുക്കാന്‍വേണ്ടി ഹഥാക്കിനെ ഏല്പിച്ചിട്ട് അവളോടു രാജാവിനെ ചെന്നുകണ്ട് മൊര്‍ദ്ദെഖായിക്കുവേണ്ടിയും അവളുടെ ജനത്തിനുവേണ്ടിയും ദയ യാചിക്കണമെന്ന് മൊര്‍ദ്ദെഖായി പറഞ്ഞയയ്ക്കുകയും ചെയ്തു.
മൊര്‍ദ്ദെഖായി പറഞ്ഞതെല്ലാം ഹഥാക്ക് എസ്ഥേരിനെ അറിയിച്ചു.
10 അപ്പോള്‍ മൊര്‍ദ്ദെഖായിയോട് ഇങ്ങനെ പറയണമെന്നു പറഞ്ഞ് എസ്ഥേര്‍ ഹഥാക്കിനെ വീണ്ടും അയച്ചു. 11 “രാജാവ് വിളിപ്പിക്കാതെ അദ്ദേഹത്തെ കാണാന്‍ കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ ചെല്ലുന്നത് ആണായാലും പെണ്ണായാലും അവര്‍ക്കുള്ള ശിക്ഷ മരണമാണെന്നും അങ്ങനെ ചെല്ലുന്നവരില്‍ ആരുടെ നേരെ രാജാവ് സ്വര്‍ണ്ണച്ചെങ്കോല്‍ നീട്ടുന്നുവോ അവര്‍ മാത്രമെ പിന്നെ ജീവനോടെ ഇരിക്കൂ എന്നും ഒരു നിയമമുള്ളത് എല്ലാ രാജസേവകര്‍ക്കും സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അറിവുള്ളതാണല്ലൊ. ഇക്കഴിഞ്ഞ മുപ്പതു ദിവസമായി രാജാവ് എന്നെ വിളിപ്പിച്ചിട്ടില്ല.”
12 എസ്ഥേര്‍ പറഞ്ഞയച്ചത് ഹഥാക്ക് മൊര്‍ദ്ദെഖായിയെ അറിയിച്ചു. 13 അപ്പോള്‍ മൊര്‍ദ്ദെഖായി എസ്ഥേരിനോട് ഇങ്ങനെ പറഞ്ഞയച്ചു: “കൊട്ടാരത്തില്‍ പാര്‍ക്കുന്നവളായതുകൊണ്ട് എല്ലാ യെഹൂദരുടെയും ഇടയില്‍നിന്ന് നീ ഒരാള്‍മാത്രം രക്ഷപ്പെടുമെന്നു കരുതണ്ട. 14 ഇപ്പോള്‍ നീ ഒന്നും മിണ്ടാതിരുന്നാല്‍ യെഹൂദര്‍ക്കുള്ള സഹായവും മോചനവും വേറൊരിടത്തുനിന്നു വരും. പക്ഷെ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും. ഇങ്ങനയുള്ള ഒരു സമയത്ത് നിനക്കു രാജ്യത്ത് ഇത്രയും ഉയര്‍ന്ന ഒരു സ്ഥാനം തന്നത് ഇതിനല്ലെന്ന് ആര്‍ക്കറിയാം?”
15 അതിന് എസ്ഥേര്‍ മൊര്‍ദ്ദെഖായിക്ക് ഇങ്ങനെ മറുപടി അയച്ചു: 16 “ശൂശനിലെ സകല യെഹൂദരെയും വിളിച്ചുകൂട്ടി മൂന്നുപകലും മൂന്നു രാത്രിയും തിന്നാതെയും കുടിക്കാതെയും എനിക്കുവേണ്ടി കൂട്ടായി ഉപവസിക്കുക. ഞാനും എന്‍റെ ദാസിമാരും അതുപോലെ തന്നെ ഉപവസിക്കും. പിന്നെ വിളിക്കപ്പെടാതെ നിയമവിരുദ്ധമായിട്ടാണെങ്കിലും രാജാവിന്‍റെ മുന്പിലേക്കു പോകും. ഞാന്‍ മരിക്കുകയാണെങ്കില്‍ മരിക്കട്ടെ.”
17 അതിനുശേഷം മൊര്‍ദ്ദെഖായി അവന്‍റെ വഴിക്കുപോയി. എസ്ഥേര്‍ പറഞ്ഞതുപോലെ തന്നെ എല്ലാം അവന്‍ ചെയ്തു.