എസ്ഥേര്‍ രാജാവിനോടു സംസാരിക്കുന്നു
5
അന്നുതൊട്ട് മൂന്നാംദിവസം രാജകീയ വസ്ത്രങ്ങളണിഞ്ഞുകൊണ്ട് എസ്ഥേര്‍ അരമനയുടെ മുന്നിലുള്ള അന്ത:പുരമുറ്റത്തു ചെന്നു നിന്നു. അപ്പോള്‍ രാജാവ് അരമനയുടെ വാതിലിനഭിമുഖമായി സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു. എസ്ഥേര്‍രാജ്ഞി മുറ്റത്തുനില്‍ക്കുന്നതു കണ്ടപ്പോള്‍ രാജാവിന് അവളോടു പ്രീതി തോന്നുകയാല്‍ അവന്‍ കയ്യിലിരുന്ന പൊന്‍ചെങ്കോല്‍ അവളുടെ നേരെ നീട്ടി. അപ്പോള്‍ അവള്‍ അടുത്തുചെന്ന് ചെങ്കോലിന്‍റെ അറ്റം തൊട്ടു.
അപ്പോള്‍ രാജാവ് അവളോടു പറഞ്ഞു, അല്ലയോ എസ്ഥേര്‍രാജ്ഞീ, നീ ആഗ്രഹിക്കുന്നതെന്താണ്? അത് രാജ്യത്തിന്‍റെ പകുതിയായാല്‍പോലും ഞാന്‍ നിനക്കു തരുന്നുണ്ട്.”
അതിന് അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു, “രാജാവിനുവേണ്ടി ഇന്നു ഞാന്‍ ഒരു വിരുന്ന് ഒരുക്കുന്നുണ്ട്. രാജാവിന് സൌകര്യമെങ്കില്‍ രാജാവും ഹാമാനും അതില്‍ ദയവായി പങ്കെടുക്കണം.”
അപ്പോള്‍ “എസ്ഥേരിന്‍റെ അപേക്ഷ സാധിച്ചുകൊടുക്കേണ്ടതിനായി ഹാമാനെ ഉടന്‍ കൊണ്ടുവരൂ”എന്ന് രാജാവു കല്പിച്ചു.
അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ചെന്നു. വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുന്പോള്‍ രാജാവ് എസ്ഥേരിനോടു പറഞ്ഞു, “നിന്‍റെ അപേക്ഷ എന്തായിരുന്നാലും അത് ഞാന്‍ സാധിച്ചുതരും. നീ എന്തു ചോദിച്ചാലും, രാജ്യത്തിന്‍റെ പകുതിയായാല്‍ പോലും, നിനക്കു കിട്ടും.”
അതിന് എസ്ഥേര്‍ പറഞ്ഞു, “എന്‍റെ അപേക്ഷയും ആഗ്രഹവും ഇതാണ്. രാജാവിന് എന്നില്‍ പ്രീതിയുണ്ടെങ്കില്‍, എന്‍റെ ആഗ്രഹം നിവൃത്തിച്ചുതരുവാന്‍ കൃപയുണ്ടെങ്കില്‍, ഞാന്‍ നാളെ ഒരുക്കുന്ന രണ്ടാമതൊരു വിരുന്നിന് രാജാവും ഹാമാനും വരുവാന്‍ ദയവുണ്ടാകണം. എന്‍റെ ആഗ്രഹം രാജാവിനെ അപ്പോള്‍ അറിയിക്കുവാന്‍ അനുവാദം ഉണ്ടാകണം.”
മൊര്‍ദ്ദെഖായിയോടു ഹാമാന്‍ കോപിക്കുന്നു
അന്ന് ഹാമാന്‍ കൊട്ടാരം വിട്ടത് സന്തോഷത്തോടെയും സംതൃപ്തിയോടെയുമായിരുന്നു. എന്നാല്‍ രാജാവിന്‍റെ വാതില്‍ക്കല്‍ തന്നെ കണ്ടിട്ടും ഓച്ഛാനിച്ചു നില്‍ക്കുകയോ ഭയം കൊണ്ടു വിറയ്ക്കുകയോ ചെയ്യാതിരുന്ന മൊര്‍ദ്ദെഖായിയെ കണ്ടപ്പോള്‍ അവനെതിരെ ഹാമാനില്‍ കോപം ആളിക്കത്തി. 10 എങ്കിലും അതു നിയന്ത്രിച്ചുകൊണ്ട് അവന്‍ വീട്ടിലേക്കു പോവുകയും തന്‍റെ സുഹൃത്തുക്കളെയും ഭാര്യ സേരെശിനെയും വിളിപ്പിക്കുകയും ചെയ്തു. 11 അവരോടു തന്‍റെ അളവറ്റ സന്പത്തിനെയും അനവധി പുത്രന്മാരെയും ബാക്കി എല്ലാ നേതാക്കളുടെയും മീതെ രാജാവ് തന്നെ നിയമിച്ചതിനെയുംപറ്റി അവന്‍ പൊങ്ങച്ചം പറഞ്ഞു. 12 പുറമെ “രാജാവിനുവേണ്ടി എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നിന് എന്നെയല്ലാതെ വേറൊരുത്തനെയും രാജ്ഞി ക്ഷണിച്ചിരുന്നില്ല. നാളത്തെ വിരുന്നിനും രാജാവിനോടൊപ്പം എന്നെ ക്ഷണിച്ചിട്ടുണ്ട്. 13 എങ്കിലും, യെഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നതു കാണേണ്ടിവരുന്നിടത്തോളം അതൊന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല”എന്നും അവന്‍ പറഞ്ഞു.
14 അനന്തരം ഹാമാന്‍റെ ഭാര്യ സേരെശിനും അവന്‍റെ സുഹൃത്തുക്കള്‍ക്കും ഒരു ആശയമുണ്ടായി. അവര്‍ പറഞ്ഞു, “അവനെ തൂക്കുവാന്‍ എഴുപത്തഞ്ചടി ഉയരത്തില്‍ ഒരു കഴുമരം തീര്‍ക്കുവാന്‍ ചിലരോടു പറയുക. പ്രഭാതത്തില്‍ രാജാവിനോടപേക്ഷിച്ച് മൊര്‍ദ്ദെഖായിയെ തൂക്കിലേറ്റുക. എന്നിട്ടു രാജാവിന്‍റെകൂടെ സന്തോഷമായി വിരുന്നിനു പോവുക.”
ഈ ആലോചന നന്നെന്ന് ഹാമാനു തോന്നുകയും അവന്‍ കഴുമരം നാട്ടിക്കുകയും ചെയ്തു.