മൊര്‍ദ്ദെഖായി ആദരിക്കപ്പെടുന്നു
6
എന്നാല്‍ അന്നു രാത്രി രാജാവിന് ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങളുടെ പുസ്തകം കൊണ്ടുവന്ന് വായിച്ചുകേള്‍പ്പിക്കാന്‍ പരിചാരകരോടു കല്പിച്ചു. അവര്‍ അങ്ങനെ തന്നെ ചെയ്തു. അഹശ്വേരോശുരാജാവിനെതിരെ രാജാവിന്‍റെ ഷണ്ഡന്മാരും ഉമ്മറം സൂക്ഷിപ്പുകാരുമായ ബിഗ്ദ്ധാനും തേരെശും ചേര്‍ന്നു നടത്തിയ ഉപജാപത്തെപ്പറ്റി മൊര്‍ദ്ദെഖായി മുന്‍കൂട്ടി അറിവുകൊടുത്ത ഭാഗം വായിച്ചുകേട്ടപ്പോള്‍ രാജാവു ചോദിച്ചു:
“ഈ മഹാസേവനത്തിനും ധീരതയ്ക്കും എന്തുബഹുമതിയും പ്രശംസയുമാണ് നാം മൊര്‍ദ്ദെഖായിക്കു കൊടുത്തിരുന്നത്?”
ചെറുപ്പക്കാരായ പരിചാരകര്‍ പറഞ്ഞു, “അവനുവേണ്ടി യാതൊന്നും നാം ചെയ്തിട്ടില്ല.”
താനുണ്ടാക്കിച്ച കഴുമരത്തില്‍ മൊര്‍ദ്ദെഖായിയെ തൂക്കിക്കളയണമെന്ന് രാജാവിനോടു പറയാന്‍വേണ്ടി ഹാമാന്‍ ആ നേരത്ത് അരമനയുടെ പുറത്തെ മുറ്റത്തേക്കു വന്നു. അപ്പോള്‍ രാജാവ് വിളിച്ചു ചോദിച്ചു, “ആരാണവിടെ, അരമനമുറ്റത്ത്?” “മുറ്റത്തു നില്‍ക്കുന്നത് ഹാമാന്‍ ആണ്”എന്നു പരിചാരകര്‍ രാജാവിനെ ഉണര്‍ത്തിച്ചു.
അപ്പോള്‍ “അവന്‍ അകത്തേക്കു വരട്ടെ”എന്നു രാജാവു കല്പിച്ചു. അകത്തേക്കു വന്ന ഹാമാനോടു രാജാവു ചോദിച്ചു, “രാജാവ് ആദരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവനുവേണ്ടി എന്താണു ചെയ്യേണ്ടത്?”
“രാജാവിന് ആദരവുകൊടുക്കാന്‍ തോന്നാന്‍ എന്നേക്കാള്‍ യോഗ്യനായി വേറെ ആരുണ്ട്?”എന്നു ഹാമാന്‍ ഉള്ളുകൊണ്ടു വിചാരിച്ചു.
എന്നിട്ട് ഇങ്ങനെ മറുപടി പറഞ്ഞു, “രാജാവ് ആദരിക്കണമെന്ന് ആഗ്രഹിക്കുന്നവനുവേണ്ടി ഇങ്ങനെ ചെയ്താലും: 8രാജാവു ധരിച്ചിട്ടുള്ള രാജവസ്ത്രവും രാജാവു കയറിയിട്ടുള്ള ഒരു കുതിരയും ഭൃത്യന്മാര്‍ കൊണ്ടുവരട്ടെ. ഭൃത്യന്മാര്‍ രാജാവിന്‍റെ വിശിഷ്ട അടയാളം കുതിരയുടെ തലയില്‍ ചാര്‍ത്തട്ടെ. രാജവസ്ത്രവും കുതിരയും രാജാവിന്‍റെ ഉദ്യോഗസ്ഥപ്രഭുക്കളില്‍ ഒരുവനെ ചുമതല ഏല്പിച്ചാലും. രാജാവ് ആദരിക്കാന്‍ ആഗ്രഹിക്കുന്നവനെ ആ ഉദ്യോഗസ്ഥന്‍ രാജവസ്ത്രം അണിയിച്ചു കുതിരപ്പുറത്തിരുത്തി, ‘രാജാവ് ആദരിക്കണമെന്ന് ആഗ്രഹിക്കുന്നവനുവേണ്ടി എന്താണു ചെയ്യുകയെന്നു കാണുക!’ എന്ന് അവനുമുന്പില്‍ വിളിച്ചു പറഞ്ഞു കൊണ്ട് നഗരത്തിലെ എല്ലാ തുറന്ന സ്ഥലങ്ങളിലും ഘോഷയാത്രയായി നടത്തട്ടെ.”
10 അപ്പോള്‍ രാജാവ് ഹാമാനോടു കല്പിച്ചു, “ഉടന്‍ ചെല്ലുക! നീ പറഞ്ഞതുപോലെ തന്നെയുള്ള വസ്ത്രവും കുതിരയും കൊണ്ടുവന്ന് രാജാവിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്ന യെഹൂദനായ മൊര്‍ദ്ദെഖായിക്കുവേണ്ടി അതെല്ലാം ചെയ്യുക. നീ പറഞ്ഞതിലൊന്നില്‍പോലും വീഴ്ചവന്നുപോകരുത്.”
11 അതനുസരിച്ചു ഹാമാന്‍ വസ്ത്രവും കുതിരയും എടുത്തു. മൊര്‍ദ്ദെഖായിയെ വസ്ത്രമണിയിച്ച് കുതിരപ്പുറത്തിരുത്തി, “രാജാവ് ആദരിക്കണമെന്നാഗ്രഹിക്കുന്നവനു വേണ്ടി എന്താണു ചെയ്യുകയെന്ന് കാണുക!”എന്ന് അവനു മുന്പില്‍ വിളിച്ചുപറഞ്ഞുകൊണ്ട് ഹാമാന്‍ നഗരവീഥികളിലൂടെ കുതിരയെ നയിച്ചു.
12 അതിനുശേഷം മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കലേക്കു തിരിച്ചുപോയി. ഹാമാന്‍ ധൃതിയില്‍ അവന്‍റെ വീട്ടിലേക്കും പോയി. അവിടെ അവന്‍ കരഞ്ഞും മാനക്കേടുകൊണ്ട് തല മറച്ചും ഇരുന്നു. 13 പിന്നെ നടന്നതുമുഴുവന്‍ അവന്‍ ഭാര്യ സേരെശിനോടും സുഹൃത്തുക്കളോടും പറഞ്ഞു. അപ്പോള്‍ അവര്‍ അവനോടു പറഞ്ഞു, “മൊര്‍ദ്ദെഖായി ഒരു യെഹൂദനാണെങ്കില്‍ നീ തോല്പിക്കപ്പെടും. നിന്‍റെ വീഴ്ച ആരംഭിച്ചു കഴിഞ്ഞു. നീ നശിച്ചു കഴിയുംവരെ നിശ്ചയമായി അതു തുടരും!”
14 അവന്‍ ഹാമാനോടു സംസാരിച്ചു കൊണ്ടിരിക്കുന്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാര്‍ അടുത്തേക്കു ചെന്നു. ഹാമാനെ എസ്ഥേര്‍ ഒരുക്കിയ വിരുന്നിനു കൂട്ടിക്കൊണ്ടു പോകുവാന്‍ അവര്‍ക്കു ധൃതിയായിരുന്നു.