ഹാമാനെ തൂക്കിക്കൊല്ലുന്നു
7
അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ രാജ്ഞിയുടെ കൂടെ വിരുന്നില്‍ പങ്കുകൊണ്ടു. അപ്പോള്‍ രാജാവ് എസ്ഥേരിനോടു പറഞ്ഞു: “ഇതു വീഞ്ഞുകുടിക്കുന്ന രണ്ടാമത്തെ ദിവസമാണ്. എസ്ഥേര്‍രാജ്ഞീ, നിന്‍റെ അപേക്ഷ എന്തായിരുന്നാലും അതു ഞാന്‍ നിനക്കു സാധിച്ചു തരും. രാജ്യത്തിന്‍റെ പകുതി ആയാല്‍പോലും.”
അപ്പോള്‍ എസ്ഥേര്‍ ഇങ്ങനെ ഉണര്‍ത്തിച്ചു, “അല്ലയോ രാജാവേ, അങ്ങ് എന്നില്‍ പ്രീതനാണെങ്കില്‍, ഇതു രാജാവിനു നല്ലതാണെന്നു ബോധ്യപ്പെടുകയാണെങ്കില്‍ ‘എന്‍റെ ജീവിതം എനിക്കു തരേണമേ.’ എന്‍റെ ജനങ്ങളുടെ ജീവിതവും എനിക്കു തരേണമേ. ഇതാണെന്‍റെ അപേക്ഷ. എന്നെയും എന്‍റെ ആളുകളെയും നശിപ്പിച്ചും കൊന്നും ഉന്മൂലനം ചെയ്യാന്‍വേണ്ടി ഞങ്ങളെ വിറ്റുകളഞ്ഞിരിക്കുന്നു. ദാസ്യവൃത്തിയിലേക്കാണ് ഞങ്ങളെ വിറ്റിരുന്നതെങ്കില്‍ ഞാന്‍ മൌനം പാലിച്ചേനെ. കാരണം അത്തരം പ്രശ്നങ്ങളൊന്നും രാജാവിനെ അലോസരപ്പെടുത്തുകയില്ല.”
അപ്പോള്‍ അഹശ്വേരോശുരാജാവ് എസ്ഥേര്‍ രാജ്ഞിയോടു പറഞ്ഞു, “ഇങ്ങനെ ഒന്നു ചെയ്യാന്‍ ആലോചിച്ചവന്‍ ആര്? എവിടെയാണവന്‍?”
എസ്ഥേര്‍ പറഞ്ഞു, “ഞങ്ങളുടെ ശത്രുവായവന്‍ ദുഷ്ടനായ ഈ ഹാമാനാണ്.”രാജാവിന്‍റെയും രാജ്ഞിയുടെയും മുന്നില്‍ ഹാമാന്‍ ഞെട്ടിവിറച്ചു. രാജാവ് കോപത്തോടെ എഴുന്നേറ്റു വീഞ്ഞുവിരുന്നു വിട്ട് അരമനയിലെ ഉദ്യാനത്തിലേക്കു പോയി. തനിക്കുള്ളത് വധശിക്ഷയില്‍ കുറഞ്ഞ ഒന്നുമാവില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഹാമാന്‍ തന്‍റെ ജീവനുവേണ്ടി എസ്ഥേര്‍രാജ്ഞിയോടു യാചിക്കാനായി അവിടെത്തന്നെ നിന്നു. ഉദ്യാനത്തില്‍നിന്നു വീഞ്ഞുവിരുന്നിന് അന്ത:പുരത്തിലേക്കു തിരിച്ചുവന്ന രാജാവു കണ്ടത് എസ്ഥേര്‍ കിടക്കുകയായിരുന്ന കിടക്കയില്‍ ഹാമാന്‍ വീഴുന്നതായിരുന്നു. രാജാവ് കോപത്തോടെ പറഞ്ഞു, “ഞാന്‍ അന്ത:പുരത്തില്‍ ഉള്ളപ്പോള്‍ രാജ്ഞിയെ ആക്രമിക്കാന്‍ നിനക്കു ധൈര്യമോ?”
ഈ വാക്കുകള്‍ രാജാവു പറഞ്ഞയുടനെ സേവകര്‍ ഹാമാന്‍റെ മുഖം മറച്ചുകളഞ്ഞു. അപ്പോള്‍ രാജസേവകരായ ഷണ്ഡന്മാരില്‍ ഹര്‍ബ്ബോനാ എന്നവന്‍ ഇങ്ങനെ ഉണര്‍ത്തിച്ചു, “രാജാവിന് ആപല്‍സൂചന കൊടുത്ത മൊര്‍ദ്ദെഖായിയെ തൂക്കാന്‍വേണ്ടി ഹാമാന്‍ നാട്ടിച്ച എഴുപത്തഞ്ചടി ഉയരമുള്ള അതേ കഴുമരം ഹാമാന്‍റെ വീടിനടുത്ത് നില്പുണ്ട്.”
അപ്പോള്‍ രാജാവു കല്പിച്ചു, “ഹാമാനെ അതില്‍ത്തന്നെ തൂക്കിക്കളയുക.”
10 മൊര്‍ദ്ദെഖായിക്കുവേണ്ടി ഹാമാനൊരുക്കിയ കഴുമരത്തില്‍ത്തന്നെ അവര്‍ ഹാമാനെ തൂക്കിക്കൊന്നു. അതോടെ രാജാവിന്‍റെ കോപവും ശമിച്ചു.