മറ്റ് അപ്പൊസ്തലര്‍ പൌലൊസിനെ സ്വീകരിച്ചു
2
പതിനഞ്ചു കൊല്ലത്തിനു ശേഷം ഞാന്‍ വീണ്ടും യെരൂശലേമിലേക്കു തിരികെ പോയി. ഞാന്‍ ബര്‍ന്നബാസിനോടൊപ്പം തീത്തൊസിനെയും കൂട്ടിയാണ് പോയത്. ഞാന്‍ പോകണമെന്നു ദൈവം കാണിച്ചതുകൊണ്ടാണ് ഞാന്‍ പോയത്. വിശ്വാസികളുടെ നേതാവായിരുന്നവരുടെ അടുത്ത് ഞാന്‍ പോയി. ഞാന്‍ ഒറ്റയ്ക്കായപ്പോള്‍ ആ മനുഷ്യരോട് ഞാന്‍ ജാതികളോടു പ്രസംഗിക്കുന്ന സുവിശേഷം പറഞ്ഞു. എന്‍റെ പ്രവൃത്തി, പണ്ടെത്തെയും ഇപ്പോഴത്തെയും നിഷ്ഫലമാകാതിരിക്കാന്‍, ഞാന്‍ പ്രസംഗിക്കുന്നത് അവര്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. തീത്തൊസ് എന്നോടൊപ്പം ഉണ്ടായിരുന്നു. അവന്‍ ഒരു യവനനാണ്.
3-4 എന്നാല്‍ ഈ നേതാക്കള്‍ തീത്തൊസിനോടു പോലും പരിച്ഛേദന നടത്താന്‍ നിര്‍ബ്ബന്ധിച്ചില്ല. ഞങ്ങള്‍ക്ക് ഈ കാര്യങ്ങളെപ്പറ്റി സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. കാരണം, ചില കപട സഹോദരന്മാര്‍ ഞങ്ങളുടെ സമൂഹത്തില്‍ രഹസ്യമായി പ്രവേശിച്ചിരുന്നു. ക്രിസ്തുവില്‍ ഞങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെപ്പറ്റി അറിയുവാന്‍ അവര്‍ ചാരന്മാരെപ്പോലെ വന്നു. എന്നാല്‍ ആ കപട സഹോദരന്മാര്‍ക്ക് ആവശ്യമുള്ളത് ഒന്നും ഞങ്ങള്‍ സമ്മതിച്ചില്ല. സുവിശേഷത്തിന്‍റെ സത്യം നിങ്ങള്‍ക്കായി തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.
പ്രധാനരെന്നു കാണപ്പെട്ട ആള്‍ക്കാര്‍ ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മാറ്റിയില്ല. (അവര്‍ “പ്രധാനരോ അപ്രധാനരോ” എന്നത് എനിക്കൊരു കാര്യമല്ല. ദൈവത്തിന് എല്ലാവരും സമന്മാരാണ്.) എന്നാല്‍ ഈ നേതാക്കള്‍, പത്രൊസിനെപ്പോലെ എനിക്കും ഒരു പ്രത്യേക ജോലി നല്‍കിയിട്ടുണ്ടെന്നു കണ്ടു. യെഹൂദരോടു സുവിശേഷം അറിയിക്കുവാനുള്ള ജോലി ദൈവം പത്രൊസിനു നല്‍കി. അതുപോലെ, ജാതികളോട് സുവിശേഷം പ്രസംഗിക്കുവാനുള്ള ജോലി ദൈവം എനിക്കു നല്‍കി. ഒരു അപ്പൊസ്തലനായി പ്രവര്‍ത്തിക്കുവാനുള്ള ശക്തി ദൈവം പത്രൊസിനു നല്‍കി. യെഹൂദര്‍ക്കു വേണ്ടിയുള്ള ഒരു അപ്പൊസ്തലനാണ് പത്രൊസ്. ദൈവം എനിക്കും ഒരു അപ്പൊസ്തലനാകാനുള്ള ശക്തി നല്‍കി. എന്നാല്‍ യെഹൂദര്‍ അല്ലാത്തവര്‍ക്കുവേണ്ടിയുള്ള ഒരു അപ്പൊസ്തലനാണ് ഞാന്‍. യാക്കോബും പത്രൊസും യോഹന്നാനുമാണ് നേതാക്കളായി കാണപ്പെടുന്നത്. എനിക്കും ഇതിനുള്ള പ്രത്യേക വരം ദൈവം തന്നിട്ടുണ്ടെന്ന് അവര്‍ കണ്ടു. അതിനാല്‍ അവര്‍ എന്നെയും ബര്‍ന്നബാസിനെയും സ്വീകരിച്ചു. “ബര്‍ന്നബാസേ, പൌലൊസേ നിങ്ങള്‍ യെഹൂദര്‍ അല്ലാത്തവരുടെ അടുക്കലേക്ക് പോകണമെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ യെഹൂദരുടെ അടുത്തേയ്ക്കു പൊയ്ക്കൊള്ളാം” എന്ന് പത്രൊസും യാക്കോബും യോഹന്നാനും പറഞ്ഞു. 10 ഒരു കാര്യം മാത്രമേ ഞങ്ങളോടവര്‍ അഭ്യര്‍ത്ഥിച്ചുള്ളൂ, പാവങ്ങളെ സഹായിക്കാന്‍ ഓര്‍ക്കണമെന്ന്. ഇതാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ചതും.
പത്രൊസിനു തെറ്റിയെന്നു പൌലൊസ് തെളിയിക്കുന്നു
11 പത്രൊസ് അന്ത്യൊക്ക്യയില്‍ വന്ന് തെറ്റായി ചിലത് ചെയ്തു. അവനു തെറ്റിപ്പോയതുകൊണ്ട് ഞാന്‍ പത്രൊസിനെതിരായിരുന്നു. 12 ഇതാണ് സംഭവിച്ചത്. പത്രൊസ് അന്ത്യൊക്ക്യയില്‍ ആദ്യം വന്നപ്പോള്‍ ജാതികളോടു കൂടെ അവന്‍ ഭക്ഷിക്കുകയും ഇടപെടുകയും ചെയ്തു. എന്നാല്‍ യാക്കോബ് അയച്ച ഏതാനും യെഹൂദര്‍ അവിടേക്കു വന്നപ്പോള്‍ പത്രൊസ് ജാതികളോടൊന്നിച്ചുള്ള ഭോജനം നിര്‍ത്തി. പത്രൊസ് ജാതികളുടെ ഇടയില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി. എല്ലാ ജാതികളും പരിച്ഛേദന കഴിക്കണം എന്നു വിശ്വസിക്കുന്ന ആ യെഹൂദരെ പത്രൊസിന് ഭയമായിരുന്നു. 13 അതിനാല്‍ പത്രൊസ് ഒരു കപടഭക്തിക്കാരനായിരുന്നു. ഇതര യെഹൂദ വിശ്വാസികളും പത്രൊസിനൊപ്പം ചേര്‍ന്നു. അതിനാല്‍ അവരും കപടഭക്തിക്കാ രായിരുന്നു. ബര്‍ന്നബാസു പോലും യെഹൂദരുടെ ഈ പ്രവൃത്തിയില്‍ സ്വാധീനിക്കപ്പെട്ടു. 14 ഈ യെഹൂദര്‍ ചെയ്തതെന്തെന്നു ഞാന്‍ കണ്ടു. സുവിശേഷത്തിന്‍റെ സത്യം അവര്‍ പിന്തുടരുന്നില്ല. എല്ലാ യെഹൂദരും കേള്‍ക്കത്തക്ക വിധത്തില്‍ ഞാന്‍ പത്രൊസിനോടു പറഞ്ഞു, “പത്രൊസേ, നീ ഒരു യെഹൂദനാണ്. എന്നാല്‍ ഒരു യെഹൂദനെപ്പോലെ ജീവിക്കുന്നില്ല. നീ ജാതികളില്‍ ഒരുവനെപ്പോലെയാണ് ജീവിക്കുന്നത്. അപ്പോള്‍ ജാതികളെ യെഹൂദരെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തിന്?”
15 നമ്മള്‍ യെഹൂദര്‍ ജാതികളായോ പാപികളായോ അല്ല ജനിച്ചത്. നമ്മള്‍ യെഹൂദരായാണ് ജനിച്ചത്. 16 പക്ഷേ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ട് ഒരാള്‍ ദൈവമുന്പാകെ നീതീകരിക്കപ്പെടുകയില്ല എന്ന് നമുക്കറിയാം. യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് ഒരുവനെ ദൈവമുന്പാകെ നീതീകരിക്കുന്നത്. അതിനാല്‍ നാമും ക്രിസ്തുയേശുവില്‍ വിശ്വസിച്ചു. കാരണം നാം ദൈവമുന്പാകെ നീതീകരിക്കപ്പെടണം. അങ്ങനെ നാം ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു, ന്യായപ്രമാണം പാലിച്ചതുകൊണ്ടല്ല, ക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം. ന്യായപ്രമാണം പാലിക്കുന്നതിനാല്‍ ഒരുവനും നീതീകരിക്കപ്പെടില്ല.
17 നാം യെഹൂദര്‍ ക്രിസ്തുവിലേക്കു വന്നത്, ദൈവമുന്പാകെ നീതീകരിക്കപ്പെടാനാണ്. അതിനാല്‍ നാമും പാപികളായിരുന്നു എന്നു വ്യക്തം. ക്രിസ്തു പാപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനു അര്‍ത്ഥമുണ്ടോ? തീര്‍ച്ചയായും ഇല്ല. 18 ഞാനുപേക്ഷിച്ച കാര്യങ്ങള്‍ വീണ്ടും പഠിപ്പിക്കുവാന്‍ തുടങ്ങുക വഴി ഞാന്‍ എന്നെത്തന്നെ പാപത്തിനു ഏല്പിച്ചു കൊടുക്കുകയാണ്. 19 ന്യായപ്രമാണത്തിനു വേണ്ടി ജീവിക്കുന്നതു ഞാന്‍ നിര്‍ത്തി. ന്യായപ്രമാണമാണ് എന്നെ കൊന്നത്. ദൈവത്തിനു വേണ്ടി ജീവിക്കത്തക്കവണ്ണം ഞാന്‍ ന്യായപ്രമാണത്തിനു മരിച്ചു. ഞാന്‍ ക്രിസ്തുവിനൊപ്പം കുരിശില്‍ കൊല്ലപ്പെട്ടു. 20 അതിനാല്‍ ഞാന്‍ ഈ ജീവിക്കുന്ന ജീവിതം യഥാര്‍ത്ഥത്തില്‍ എന്‍റേതല്ല ڊ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. ഞാനിപ്പോഴും എന്‍റെ ശരീരത്തില്‍ ജീവിക്കുന്നു എന്നുവരികിലും വിശ്വാസം കൊണ്ട് ഞാന്‍ ദൈവത്തിന്‍റെ പുത്രനില്‍ ജീവിക്കുന്നു. യേശുവാണ് എന്നെ സ്നേഹിച്ചത്. എന്നെ രക്ഷിക്കാനായി അവന്‍ സ്വയം നല്‍കി. 21 ഈ ദാനം ദൈവത്തില്‍ നിന്നുള്ളതാണ്. ആ ദാനം ഞാന്‍ നിരാകരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, ന്യായപ്രമാണം നമ്മെ ദൈവമുന്പാകെ നീതീകരിക്കുമായിരുന്നെങ്കില്‍ ക്രിസ്തു നമുക്കു വേണ്ടി മരിക്കേണ്ടി വരുമായിരുന്നില്ല.