വിശ്വാസം വഴിയാണ് ദൈവാനുഗ്രഹം വരുന്നത്
3
യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം ഗലാത്യയിലെ ജനങ്ങളോടു വളരെ വ്യക്തമായി പറയപ്പെട്ടതാണ്. എന്നാല്‍ നിങ്ങള്‍ വളരെ ഭോഷന്മാരാണ്. നിങ്ങളെ കബളിപ്പിക്കുവാന്‍ ചിലരെ നിങ്ങള്‍ അനുവദിച്ചു. ഈ ഒരു കാര്യം എന്നോടു പറയുക: നിങ്ങള്‍ എങ്ങനെയാണ് പരി ശുദ്ധാത്മാവിനെ സ്വീകരിച്ചത്? ന്യായപ്രമാണം പാലിച്ചതു കൊണ്ടാണോ ആത്മാവിനെ നിങ്ങള്‍ക്കു കിട്ടിയത്? അല്ല! സുവിശേഷം കേട്ടതുകൊണ്ടാണോ നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചതും വിശ്വസിച്ചതും? ആത്മാവുകൊണ്ട് നിങ്ങളുടെ ജീവിതം ക്രിസ്തുവില്‍ തുടങ്ങി. ഇപ്പോള്‍ നിങ്ങളുടെ തന്നെ ശക്തിയാല്‍ അതു തുടരുവാന്‍ നിങ്ങള്‍ ശ്രമിക്കുമെന്നോ? അതു ഭോഷത്തമാണ്. നിങ്ങള്‍ വളരെ അനുഭവിച്ചതാണ്. ആ അനുഭവങ്ങളത്രയും ഫലശൂന്യമാക്കണമെന്നോ? അതു വ്യര്‍ത്ഥമാക്കപ്പെടുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ടാണോ ദൈവം ആത്മാവിനെ തന്നത്? അല്ല! നിങ്ങള്‍ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ടാണോ ദൈവം നിങ്ങളുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്? അല്ല! നിങ്ങള്‍ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ട് ദൈവം അവന്‍റെ ആത്മാവിനെ നിങ്ങള്‍ക്കു തരികയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
അതേ കാര്യങ്ങളാണു അബ്രാഹാമിനെക്കുറിച്ച് തിരുവെഴുത്തുകളില്‍ പറയുന്നത്, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അത് അബ്രാഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു. ഉല്പ 15:6. അതിനാല്‍ വിശ്വാസമുള്ള ആള്‍ക്കാരാണ് അബ്രാഹാമിന്‍റെ യഥാര്‍ത്ഥ മക്കള്‍. ഭാവിയില്‍ സംഭവിക്കുന്നതെന്താണെന്ന് തിരുവെഴുത്തുകള്‍ പറയുന്നു. ദൈവം ജാതികളെ അവരുടെ വിശ്വാസം വഴി നീതീകരിക്കും എന്ന് തിരുവെഴുത്ത് പറയുന്നു. ഈ സുവിശേഷം തിരുവെഴുത്തുകള്‍ പറയുന്നതുപോലെ അബ്രാഹാമിനോടു നേരത്തെ പറഞ്ഞിരുന്നു. “അബ്രാഹാമേ, ഭൂമിയിലെ എല്ലാ ജനതയെയും അനുഗ്രഹിക്കാന്‍ ദൈവം നിന്നെ ഉപയോഗിക്കും. ഉല്പ 12:3. അബ്രാഹാം അതു വിശ്വസിച്ചു. അബ്രാഹാം വിശ്വസിച്ചതുകൊണ്ട് അനുഗ്രഹീതനായി. അതു തന്നെയാണിന്നും. വിശ്വസിക്കുന്ന എല്ലാവരും അബ്രാഹാം അനുഗ്രഹിക്കപ്പെട്ടതു പോലെ അനുഗ്രഹീതരാകും.
10 എന്നാല്‍ ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിന് ന്യായപ്രമാണം പിന്തുടരുന്നവര്‍ ഒരു ശാപത്തിന്‍ കീഴിലാണ്. എന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തുകള്‍ പറയുന്നു, “ന്യായപ്രമാണത്തില്‍ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം ഒരു വ്യക്തി ചെയ്യണം. ആവ. 27:26. അവന്‍ എപ്പോഴും അനുസരിക്കുന്നില്ലെങ്കില്‍ അവന്‍ ഒരു ശാപത്തിന്‍കീഴിലാണ്.” 11 അതിനാല്‍ ഒരു വ്യക്തിയും ന്യായപ്രമാണം മൂലം ദൈമമുന്പാകെ നീതീകരിക്കപ്പെടില്ല എന്നു വ്യക്തമാണ്. “വിശ്വാസം കൊണ്ട് ദൈവസമക്ഷം നീതീകരിക്കപ്പെട്ടവന്‍ നിത്യം ജീവിക്കും ഹബ. 2:4, റോമ.1:7. എന്ന് തിരുവെഴുത്തുകള്‍ പറയുന്നു.
12 ന്യായപ്രമാണവും വിശ്വാസവും ഒന്നല്ല; അതു മറ്റൊരു പാതയാണ് ഉപയോഗപ്പെടുത്തുന്നത്. ന്യായപ്രമാണം പറയുന്നു, “ന്യായപ്രമാണാനുഷ്ഠാനത്താല്‍ ജീവന്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവന്‍ ന്യായപ്രമാണം പറയുന്ന കാര്യങ്ങള്‍ ചെയ്യണം.* “ന്യായപ്രമാണാനുഷ്ഠാനത്താല്‍ … ചെയ്യണം” ലേവ്യ 18:5. 13 ന്യായപ്രമാണം ഒരു ശാപം നമ്മിലേക്കിട്ടു. എന്നാല്‍ ക്രിസ്തു നമുക്കായി സ്വയം ആ ശാപത്തിനു വിധേയനായി. അതിനാല്‍ അവന്‍ ആ ശാപം നമ്മില്‍നിന്നും എടുത്തു മാറ്റി “ഒരുവന്‍റെ ശരീരം മരത്തില്‍ തൂക്കിയിട്ടിരിക്കുന്നെങ്കില്‍ ആ വ്യക്തി ഒരു ശാപത്തിന്‍ കീഴിലാണ്” എന്ന് തിരുവെഴുത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. 14 ദൈവം അബ്രാഹാമിനു വാക്കു കൊടുത്തതുപോലെ ദൈവാനുഗ്രഹം കിട്ടത്തക്കവിധം ക്രിസ്തു എല്ലാം ചെയ്തു. അനുഗ്രഹം ക്രിസ്തു വഴിയാണ് വരുന്നത്. ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാല്‍ ദൈവം വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്കു കിട്ടി. വിശ്വസിക്കുന്നതുവഴി ഈ വാഗ്ദാനം നമുക്കു ലഭിക്കുന്നു.
ന്യായപ്രമാണവും വാഗ്ദത്തവും
15 സഹോദരീ സഹോദരന്മാരേ, ഈ ഒരു ഉദാഹരണം നല്‍കുവാന്‍ എന്നെ അനുവദിക്കുക. ഒരുവന്‍ മറ്റൊരുവനുമായി നടത്തുന്ന നിയമത്തെക്കുറിച്ചു വിചാരിക്കുക. ആ നിയമം ഔദ്യോഗികമായി അംഗീകരിച്ചശേഷം യാതൊരുവനും ആ നിയമത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ സാദ്ധ്യമല്ല. 16 ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതിയോടും വാഗ്ദാനം ചെയ്തു. “നിന്‍റെ സന്തതികളോടും” എന്നു ദൈവം പറഞ്ഞില്ല. (അത് അനേകം പേരെ അര്‍ത്ഥമാക്കും. എന്നാല്‍ ദൈവം പറഞ്ഞത് എന്തെന്നാല്‍ “നിന്‍റെ സന്തതിയോടും” എന്നാണ്. ഇത് ഒരു വ്യക്തിയെന്നാണ് അര്‍ത്ഥമാക്കുന്നത്. അത് സ്തുവാണ്.) 17 ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ന്യായപ്രമാണം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനു വളരെ മുന്പേ ദൈവം അബ്രാഹാമിനു വാഗ്ദാനം നല്‍കി. നാനൂറ്റി മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ന്യായപ്രമാണം വന്നത്. അതിനാല്‍ ന്യായപ്രമാണത്തിന് ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം ലംഘിക്കുവാനോ നിയമം റദ്ദു ചെയ്യാനോ സാദ്ധ്യമല്ല.
18 ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുക വഴി നേടാന്‍ കഴിയുമോ? ഇല്ല! ന്യായപ്രമാണാനുസരണത്താല്‍ അക്കാര്യങ്ങള്‍ നമുക്കു ലഭിക്കുമെങ്കില്‍ ദൈവത്തിന്‍റെ വാഗ്ദാനം അത് നമുക്കു തരില്ല. എന്നാല്‍ ദൈവം അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തിലൂടെ, തന്‍റെ അനുഗ്രഹങ്ങള്‍ തടസ്സമേതുമില്ലാതെ ദയാപൂര്‍വ്വം കൊടുത്തു.
19 അപ്പോള്‍ എന്തിനുവേണ്ടിയാണ് ന്യായപ്രമാണം? ജനങ്ങള്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ വെളിവാക്കുവാനാണ് ന്യായപ്രമാണം. അബ്രാഹാമിന്‍റെ പ്രത്യേക പിന്തുടര്‍ച്ചാവകാശി വന്നതുവരെ ന്യായപ്രമാണം തുടര്‍ന്നു. ഈ പിന്തുടര്‍ച്ചാവകാശിയെപ്പറ്റിയാണ് ദൈവത്തിന്‍റെ വാഗ്ദാനം. ദൂതന്മാര്‍ വഴിയാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്. ന്യായപ്രമാണം മനുഷ്യര്‍ക്ക് കൈമാറാന്‍ ദൂതന്മാര്‍ മോശയെ ഇടനിലക്കാരനാക്കി. 20 എന്നാല്‍ ദൈവം ഒരുവനെ ഉള്ളൂ എന്നതു കൊണ്ടും ഒരു ഭാഗമേ ഉള്ളതെന്നു വരുന്പോഴും ഒരു ഇടനിലക്കാരന്‍റെ ആവശ്യമില്ല.
മോശെയുടെ നിയമത്തിന്‍റെ ആവശ്യകത
21 ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കെതിരാണ് ഈ ന്യായപ്രമാണം എന്ന് ഇതര്‍ത്ഥമാക്കുന്നുണ്ടോ? ഇല്ല! ജീവന്‍ പ്രദാനം ചെയ്യുന്ന ഒരു ന്യായപ്രമാണം ഉണ്ടെന്നുവരികില്‍ നാം ആ ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടേനെ. 22 എന്നാല്‍ ഇതു ശരിയല്ല, കാരണം സര്‍വ്വരും പാപത്താല്‍ ബന്ധനത്തിലാക്കപ്പെട്ടിരിക്കുന്നു എന്നാണ് തിരുവെഴുത്തുകള്‍ പറയുന്നത്. എന്താണ് തിരുവെഴുത്തുകള്‍ ഇങ്ങനെ പറയുന്നത്? വിശ്വാസം വഴി വാഗ്ദാനം നല്‍കപ്പെടുന്നതുകൊണ്ടാണ് അത്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കാണ് വാഗ്ദാനം നല്‍കിയത്.
23 ഈ വിശ്വാസം വരുന്നതിനു മുന്പേ നാമെല്ലാവരും ന്യായപ്രമാണം മൂലം തടവുകാരാക്കപ്പെട്ടിരിക്കുകയായിരുന്നു. വന്നുകൊണ്ടിരിക്കുന്ന, ആ വിശ്വാസത്തിന്‍റെ വീഥി ദൈവം നമ്മെ കാണിക്കുംവരെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. 24 അപ്പോള്‍ ക്രിസ്തു വരുന്നിടം വരെ ന്യായപ്രമാണമായിരുന്നു നമ്മുടെ രക്ഷിതാവ്. ക്രിസ്തു വന്നതിനു ശേഷം നമുക്ക് വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാന്‍ കഴിയും. 25 ഇപ്പോള്‍ വിശ്വാസത്തിന്‍റെ വഴി ആഗതമായിരിക്കുന്നു. അതിനാല്‍ നാം നിയമത്തിന്‍റെ കീഴില്‍ ജീവിക്കുന്നില്ല.
26-27 നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ജ്ഞാനസ്നാനം ഏറ്റിരിക്കുന്നു. അതിനാല്‍ നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാം ദൈവമക്കളാണെന്ന് ഇത് വ്യക്തമാക്കുന്നു. 28 ഇപ്പോള്‍ ക്രിസ്തുവില്‍ യെഹൂദനും യവനനും തമ്മില്‍ വ്യത്യാസമില്ല. അടിമകളും സ്വതന്ത്രനും തമ്മില്‍ വ്യത്യാസമില്ല. പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍തിരിവില്ല. നിങ്ങള്‍ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്. 29 നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണ്. അതിനാല്‍ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതികളാണ്. ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം കൊണ്ടാണ് നിങ്ങള്‍ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും കിട്ടിയത്.