ദൈവത്തിനു പ്രസാദമുള്ള ജീവിതം
4
സഹോദരരേ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന ജീവിതരീതിയെക്കുറിച്ച് നേരത്തെ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞിരുന്നു. നിങ്ങള്‍ അങ്ങനെ ജീവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനു ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കയും ആവശ്യപ്പെടുകയും ചെയ്യുന്നു. ഞങ്ങള്‍ ചെയ്യുവാനാവശ്യപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാര്യങ്ങളത്രയും നിങ്ങളോട് പറഞ്ഞത് കര്‍ത്താവായ യേശുവിന്‍റെ അധികാരത്തിലാണ്. ലൈംഗികപാപങ്ങളില്‍ നിന്നകന്ന് ശുദ്ധജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങളോരോരുത്തരും ആത്മനിയന്ത്രണമുള്ളവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയില്‍ നിങ്ങളുടെ ശരീരത്തെ വിനിയോഗിക്കുവിന്‍.* “ദൈവത്തെ … വിനിയോഗിക്കുവിന്‍” അല്ലെങ്കില്‍, നിങ്ങളോരോരുത്തരും വിശുദ്ധവും ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ രീതിയില്‍ സ്വന്ത ഭാര്യയോടൊപ്പം മാത്രം ജീവിക്കുവാന്‍ പഠിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ അറിയാത്തവര്‍ തങ്ങളുടെ ശരീരത്തെ ലൈംഗിക പാപങ്ങള്‍ക്ക് ഇരയാക്കുന്നു. അതു ചെയ്യരുത്. നിങ്ങളിലാരും ക്രിസ്തുവിലെ നിങ്ങളുടെ സഹോദരനോട് ഇത്തരം തിന്മ ചെയ്യുകയോ വഞ്ചിക്കുകയോ ചെയ്യാതിരിക്കട്ടെ. ഇത്തരം പ്രവൃത്തികളെ കര്‍ത്താവ് ശിക്ഷിക്കും എന്ന് ഞങ്ങള്‍ നിങ്ങളെ നേരത്തെ താക്കീതു ചെയ്തു പറഞ്ഞിട്ടുണ്ട്. പാപത്തില്‍ ജീവിക്കാതെ ശുദ്ധരായി ജീവിക്കാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. അതിനാല്‍ ഈ ഉപദേശങ്ങളെ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്നവന്‍ മനുഷ്യനെയല്ല ദൈവത്തെയാണ് അനുസരി ക്കാതിരിക്കുന്നത്. ദൈവമാണ് തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിയത്.
ക്രിസ്തുവിലുള്ള സഹോദരീ സഹോദരങ്ങളോട് സ്നേഹം ഉണ്ടായിരിക്കേണ്ടതിനെപ്പറ്റി ഞങ്ങള്‍ ഇനി പറയേണ്ട ആവശ്യം ഇല്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്ന്, നേരത്തേതന്നെ ദൈവം പഠിപ്പിച്ചിട്ടുണ്ട്. 10 സത്യത്തില്‍ മക്കെദൊന്യ മുഴുവനുമുള്ള സഹോദരീസഹോദന്മാരേ നിങ്ങള്‍ സ്നേഹിക്കുന്നുമുണ്ട്. അവരെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
11 സമാധാനജീവിതം നയിക്കാന്‍ ആവുന്നതു ശ്രമിക്കുക. നിങ്ങളുടെ സ്വന്തം ചുമതലകള്‍ ചെയ്യുവിന്‍. നിങ്ങളുടെ ജീവിത സന്ധാരണത്തിനു വേണ്ടി വേല ചെയ്യുക. ഇതൊക്കെ ഞങ്ങള്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. 12 നിങ്ങളിതൊക്കെ ചെയ്യുകയാണെങ്കില്‍ അവിശ്വാസികള്‍ നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ബഹുമാനമുള്ളവരാകും. നിങ്ങള്‍ക്കാവശ്യമുള്ള കാര്യത്തിനായി ആരേയും ആശ്രയിക്കേണ്ടി വരില്ല.
കര്‍ത്താവിന്‍റെ വരവ്
13 സഹോദരരേ, മരിച്ചവരെപ്പറ്റി നിങ്ങള്‍ അറിയണം എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിതരാകരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 14 ക്രിസ്തു മരിച്ചിട്ട് ഉത്ഥാനം ചെയ്തുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവനില്‍ വിശ്വസിച്ച് മരിച്ചവരെ ദൈവം യേശുവിനൊപ്പം കൊണ്ടുവരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
15 കര്‍ത്താവിന്‍റെ സ്വന്തം സന്ദേശമാണ് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ കര്‍ത്താവ് വീണ്ടും വരുന്പോഴും ജീവിച്ചിരുന്നേക്കാം. അപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കര്‍ത്താവിനോടു കൂടെ ആയിരിക്കും. എന്നാല്‍ മരിച്ചവര്‍ക്ക് മുന്പാകയില്ല. 16 ഉച്ചത്തിലുള്ള ആജ്ഞയോടും പ്രധാന ദൂതന്‍റെ പ്രധാനദൂതന്‍ ദൈവത്തിന്‍റെ ദൂതന്മാരുടെ നായകന്‍. ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളനാദത്തോടും കൂടി കര്‍ത്താവ് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരും. അപ്പോള്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ആദ്യം ഉയിര്‍ക്കപ്പെടും. 17 അതിനുശേഷം അപ്പോഴും ജീവിച്ചിരിക്കുന്നവരായ നാം മരിച്ചവരില്‍നിന്ന് ഇയിര്‍ത്തെഴുന്നറ്റവരോടൊപ്പം ഒന്നിക്കും. മേഘങ്ങളിലേക്ക് നാം എടുക്കപ്പെടുകയും ആകാശത്ത് നമ്മുടെ കര്‍ത്താവിനെ കണ്ടുമുട്ടുകയും ചെയ്യും. പിന്നെ എന്നും നാം കര്‍ത്താവിനോടു കൂടെയായിരിക്കും. 18 അതുകൊണ്ട് ഈ വാക്കുകളാല്‍ പരസ്പരം സമാശ്വസിപ്പിക്കുവിന്‍.