എബ്രായര്‍ക്ക് എഴുതിയ ലേഖനം
ദൈവം തന്‍റെ മകനിലൂടെ സംസാരിച്ചു
1
പണ്ട് ദൈവം നമ്മുടെ ആള്‍ക്കാരോട് പ്രവാചകര്‍ വഴി സംസാരിച്ചു. ദൈവം പല തവണകളായും പല രീതിയിലും അവരോടു സംവാദിച്ചു. ഈ അവസാനനാളുകളിലും ദൈവം തന്‍റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചു. ദൈവം തന്‍റെ പുത്രനിലൂടെ മുഴുവന്‍ ലോകത്തെയും സൃഷ്ടിച്ചു. എല്ലാക്കാര്യങ്ങളും ഉള്ളവനാകാന്‍ വേണ്ടി തന്‍റെ പുത്രനെ തിരഞ്ഞെടുത്തു. പുത്രന്‍ പിതാവിന്‍റെ മഹത്വം കാണിക്കുന്നു. അവന്‍ ദൈവപ്രകൃതിയുടെ പൂര്‍ണ്ണപകര്‍പ്പാണ്. പുത്രന്‍ തന്‍റെ ആജ്ഞാശക്തിയാല്‍ എല്ലാറ്റിനെയും നിലനിര്‍ത്തുന്നു. പുത്രന്‍ ആളുകളെ തങ്ങളുടെ പാപത്തില്‍ നിന്നും മുക്തരാക്കി. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലുള്ള മഹോന്നതന്‍റെ (ദൈവം) വലതു ഭാഗത്ത് ഇരുന്നു. ദൂതന്മാരിലാരെക്കാളും ഉന്നതമായ നാമം ദൈവം അവന് നല്‍കി. അവന്‍ ദൂതന്മാരെക്കാള്‍ ഉന്നതനായി.
ഒരു ദൂതനോടും ദൈവം ഈ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല,
“നീ എന്‍റെ മകനാണ്.
ഇന്നു ഞാന്‍ നിന്‍റെ പിതാവായി.” സങ്കീര്‍ത്തനങ്ങള്‍ 2:7
കൂടാതെ ദൈവം ഒരു ദൂതനോടും ഒരിക്കലും പറഞ്ഞിട്ടില്ല,
“ഞാനവന്‍റെ പിതാവും
അവനെന്‍റെ പുത്രനുമാകും.” 2 ശമുവേല്‍ 7:14
ദൈവം തന്‍റെ ആദ്യജാതനെ ഭൂമിയിലേക്കു കൊണ്ടുവന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു,
“ദൈവത്തിന്‍റെ എല്ലാ ദൂതന്മാരും പുത്രനെ നമസ്കരിക്കട്ടെ.”* “ദൈവത്തിന്‍റെ … നമസ്കരിക്കട്ടെ” പ ഴയനിയമത്തിന്‍റെ ഗ്രീക്കുപതിപ്പിലെ ആവ. 32:43 ല്‍ ഈ വാക്കുകള്‍ കാണുന്നു. ചാവുകടല്‍ ചുരുളുകളിലെ എബ്രായ പതിപ്പിലും ഉണ്ട്. ആവര്‍ത്തനം 32:43
ദൂതന്മാരെപ്പറ്റി ദൈവം പറഞ്ഞത് ഇതാണ്;
“ദൈവം തന്‍റെ ദൂതന്മാരെ കാറ്റും
തന്‍റെ ദാസന്മാരെ അഗ്നിജ്വാലയുമാക്കി.” സങ്കീര്‍ത്തനങ്ങള്‍ 104:4
എന്നാല്‍ ദൈവം തന്‍റെ മകനെപ്പറ്റി ഇങ്ങനെ പറഞ്ഞു;
“ഓ, ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കും തുടരും.
നീ നീതിപൂര്‍വ്വം നിന്‍റെ രാജ്യം ഭരിക്കും.”
നീ നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ദൈവമേ, നിന്‍റെ ദൈവം
നിന്നോടുകൂടെയുള്ള മറ്റാള്‍ക്കാര്‍ക്കു കൊടുത്തതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിനക്കു നല്‍കി.” സങ്കീര്‍ത്തനങ്ങള്‍ 45:6-7
10 ദൈവം ഇതു കൂടി പറഞ്ഞു,
“കര്‍ത്താവേ, ആദിയില്‍ നീ ഭൂമിയുടെ അടിത്തറ പണിതു.
നിന്‍റെ കരങ്ങള്‍ ആകാശത്തെയും സൃഷ്ടിച്ചു.
11 ഇവയൊക്കെയും മറഞ്ഞു പോകും. എന്നാലും നീ എന്നെന്നും നിലനില്‍ക്കും.
എല്ലാ വസ്തുക്കളും വസ്ത്രം പോലെ പഴയതാകും.
12 നീ അതൊക്കെയും ഒരു മേലങ്കിപോലെ മടക്കും.
വസ്ത്രങ്ങള്‍ പോലെ അവ മാറ്റപ്പെടും.
എന്നാല്‍ നീ ഒരിക്കലും മാറില്ല,
നിന്‍റെ ജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.” സങ്കീര്‍ത്തനങ്ങള്‍ 102:25-27
13 “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും
വരെ എന്‍റെ വലതു ഭാഗത്ത് ഇരിക്കുക.” “നിന്‍റെ ശത്രുക്കളെ … ഇരിയ്ക്കുക” “നിന്‍റെ ശത്രുക്കളെ ഞാന്‍ നിനക്കു കാല്‍പ്പടിയാക്കും വരെ” എന്നര്‍ത്ഥം. സങ്കീര്‍ത്തനങ്ങള്‍ 110:1
എന്ന് ഒരിക്കലും ഒരു ദൂതനോടും ദൈവം പറഞ്ഞില്ല,
14 എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.