ക്രിസ്തുവിന്‍റെ യാഗം നമ്മെ പരിപൂര്‍ണ്ണരാക്കും
10
ഭാവികാലത്തില്‍ ആഗതമാകുന്ന നല്ല കാര്യങ്ങളുടെ ഒരു അവ്യക്ത ചിത്രമേ ന്യായപ്രമാണം നല്‍കിയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളുടെ ഒരു വ്യക്തമായ ചിത്രം ന്യായപ്രമാണം തരുന്നില്ല. കൊല്ലം തോറും അതേ യാഗംതന്നെ അര്‍പ്പിക്കുവാനായി ന്യായപ്രമാണം ജനത്തോടു പറയുന്നു. ദൈവത്തെ ആരാധിക്കുവാനായി വരുന്ന ജനങ്ങള്‍ ഈ യാഗങ്ങള്‍ വീണ്ടും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ സാധിക്കില്ല. ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ആ യാഗങ്ങള്‍ നേരത്തേതന്നെ നിര്‍ത്തുമായിരുന്നു. ആ ജനങ്ങള്‍ അവരുടെ പാപങ്ങളില്‍ നിന്നു ശുദ്ധമാകുമായിരുന്നു. അവരുടെ പാപങ്ങളുടെ പേരില്‍ ഇപ്പോഴും അവര്‍ക്ക് കുറ്റബോധം തോന്നില്ലായിരുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് അതൊന്നും സാധിക്കില്ല. അവരുടെ യാഗങ്ങള്‍ എല്ലാ വര്‍ഷവും അവരുടെ പാപങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കാരണം കാളകളുടെയോ കോലാടുകളുടെയോ രക്തത്തിന് പാപം ഇല്ലാതാക്കാന്‍ കഴികയില്ല.
അതിനാല്‍ ക്രിസ്തു ഭൂമിയിലേക്കു വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു,
“ദൈവം യാഗങ്ങളോ വഴിപാടുകളോ ആഗ്രഹിച്ചില്ല.
എന്നാല്‍ നീ എനിക്കായി ഒരു ശരീരം ഒരുക്കി.
മൃഗങ്ങളെ കൊന്നോ ദഹിപ്പിച്ചോ ഉള്ള യാഗങ്ങളില്‍ നീ പ്രീതനായില്ല,
പാപം ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള യാഗങ്ങളില്‍ നീ സംപ്രീതനായില്ല.”
അപ്പോള്‍ ഞാന്‍ പറഞ്ഞു, “ഇതാ ഞാന്‍, ദൈവമേ,
നീ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.
ഇങ്ങനെയാണ് ന്യായപ്രമാണത്തില്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത്.” സങ്കീര്‍ത്തനങ്ങള്‍ 40:6-8
ഈ തിരുവെഴുത്തില്‍ ക്രിസ്തു ആദ്യം പറഞ്ഞു, “നീ യാഗങ്ങളും വഴിപാടുകളും ആഗ്രഹിക്കുന്നില്ല. പാപത്തെ ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള യാഗങ്ങളിലോ മൃഗങ്ങളെ കൊന്നോ ദഹിപ്പിച്ചോ ഉള്ള യാഗങ്ങളിലോ നീ പ്രീതനായില്ല,* നീ യാഗങ്ങളിലും … പ്രീതനായില്ല ഉദ്ധരണി സങ്കീ. 40:6. (ഈ യാഗങ്ങളെല്ലാം ന്യായപ്രമാണ കല്പനയാണ്) അപ്പോള്‍ ക്രിസ്തു പറഞ്ഞു, “ദൈവമേ, ഇതാ ഞാന്‍, നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വന്നിരിക്കുന്നു.” അതിനാല്‍ ദൈവം പഴയ ആ യാഗസന്പ്രദായം നിര്‍ത്തിയിട്ട് തന്‍റെ പുതിയ പാത തുടങ്ങി. 10 ദൈവം ചെയ്യണമെന്നാഗ്രഹിച്ച കാര്യങ്ങള്‍ അവന്‍ ചെയ്തു. അതുകൊണ്ടാണ് ക്രിസ്തുവിന്‍റെ ശരീരയാഗത്താല്‍ നാം ശുദ്ധരാക്കപ്പെട്ടത്. ക്രിസ്തു ഒരിക്കല്‍ ആ യാഗം നടത്തി - എക്കാലത്തേക്കും അതു മതി.
11 എല്ലാ ദിവസവും പുരോഹിതര്‍ നിന്ന് മതാനുഷ്ഠാനം നടത്തുന്നു. പുരോഹിതര്‍ അതേ യാഗങ്ങള്‍ വീണ്ടും വീണ്ടും അര്‍പ്പിക്കുന്നു. എന്നാല്‍ ആ യാഗങ്ങള്‍ക്ക് ഒരിക്കലും പാപം പരിഹരിക്കാനാവില്ല. 12 എന്നാല്‍ ക്രിസ്തു ഒരു യാഗമര്‍പ്പിച്ചു. എക്കാലത്തേക്കും അതു മതിയായിരുന്നു. പിന്നീട് ക്രിസ്തു ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരുന്നു. 13 അവന്‍റെ ശത്രുക്കള്‍ അവന്‍റെ പാദപീഠമാകുവോളം “പാദപീഠമാക്കുക” അവന്‍റെ ശക്തിയിന്‍ കീഴിലാക്കുക. ക്രിസ്തു അവിടെ കാത്തിരുന്നു. 14 ഒരു യാഗത്തിലൂടെ തന്‍റെ ജനതയെ ക്രിസ്തു നിത്യമായി പൂര്‍ണ്ണരാക്കി. വിശുദ്ധരാക്കപ്പെടുന്നവര്‍ അവരാണ്.
15 ഇതിനെക്കുറിച്ച് പരിശുദ്ധാത്മാവും നമ്മോട് ഇങ്ങനെ പറയുന്നു,
16 “ഇതാണ്, ഭാവിയില്‍ ഞാന്‍ എന്‍റെ ജനവുമായി ചെയ്യുന്ന നിയമം എന്നു കര്‍ത്താവ് പറയുന്നു.
ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കും.
ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ മനസ്സുകളിലെഴുതും.” യിരെമ്യാവ് 31:33
17 അതിനുശേഷം അവന്‍ പറയുന്നു,
“അവരുടെ ദുഷ്കര്‍മ്മങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും.
ഞാനാക്കാര്യങ്ങള്‍ ഒരിക്കലും സ്മരിക്കയില്ല.” യിരെമ്യാവ് 31:34
18 ഈ കാര്യങ്ങളെല്ലാം ക്ഷമിക്കപ്പെട്ടതിനു ശേഷം പാപപരിഹാരത്തിനായി മറ്റൊരു യാഗത്തിന്‍റെ ആവശ്യമില്ല.
ദൈവത്തിന് സമീപം വരിക
19 അതിനാല്‍ സഹോദരരേ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നാം സര്‍വ്വസ്വതന്ത്രരാണ്. യേശുവിന്‍റെ രക്തംകാരണം പേടി കൂടാതെ നമുക്കിതു ചെയ്യാം. 20 യേശു നമുക്കായി തുറന്ന പുതിയ പാതയിലൂടെ നമുക്കു പ്രവേശിക്കാം. അതൊരു ജീവനുള്ള പാതയാണ്. ഈ പുതിയ പാത ക്രിസ്തുവിന്‍റെശരീരമാകുന്ന തിരശ്ശീല വഴിയാണ്. 21 ദൈവാലയത്തെ ഭരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. 22 നമ്മുടെ ഹൃദയങ്ങള്‍ കുറ്റബോധത്തില്‍ നിന്നും നിര്‍മ്മലീകരിക്കപ്പെടുകയും മുക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശുദ്ധജലത്താല്‍ നമ്മുടെ ശരീരം കഴുകി വൃത്തിയാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശ്വാസം കൊണ്ട് ഉറച്ചതും ആത്മാര്‍ത്ഥതയുള്ള ഹൃദയവുമായി ദൈവത്തിനരികിലേക്കു വരിക. 23 നമുക്കുള്ള പ്രത്യാശയെ നാം മുറുകെ പിടിക്കണം. നമ്മുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോട് ഒരിക്കലും പറയാതിരിക്കരുത് എന്തുകൊണ്ടെന്നാല്‍ ദൈവം അവന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ വിശ്വസ്തനാണ്.
പരസ്പരം സഹായിച്ചു ശക്തരാകുക
24 പരസ്പരം സ്നേഹിക്കുന്നതിനും നന്മ ചെയ്യുന്നതിനും എങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാം എന്നും നമ്മള്‍ ചിന്തിക്കണം. 25 ചില ആളുകള്‍ ചെയ്യുന്നതു പോലെ ഒന്നിച്ചുള്ള കൂടിവരവുകള്‍ ഉപേക്ഷിക്കാതിരിക്കുക. കൂടിവരവുകള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും അതു വഴി സ്വയം ശക്തിആര്‍ജ്ജിക്കുകയും ചെയ്യുക. അന്തിമദിനത്തിന്‍റെ വരവ് നമ്മുടെ കണ്‍മുന്പിലിരിക്കെ നാം ഇത് കൂടുതല്‍ കൂടുതലായി ചെയ്യണം.
ക്രിസ്തുവില്‍ നിന്നും പിന്തിരിയരുത്
26 സത്യം അറിഞ്ഞതിനു ശേഷവും പാപം ചെയ്യുന്നതു തുടരാനാണു നാം തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ പാപം പോക്കുവാനുള്ള മറ്റൊരു യാഗവുമുണ്ടാകില്ല. 27 നാം പാപം ചെയ്യുന്നതു തുടരുകയാണെങ്കില്‍ ആകെക്കൂടി നമുക്കുള്ളത് വിധി കാത്തിരിപ്പിലുള്ള ഭയവും ദൈവത്തിനെതിരെ ജീവിച്ച എല്ലാവരേയും നശിപ്പിക്കുന്ന കോപാഗ്നിയുമാണ്. 28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരും രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവാല്‍ കുറ്റക്കാരെന്നു കണ്ടുപിടിക്കപ്പെട്ട അവര്‍ ക്ഷമിക്കപ്പെട്ടില്ല. അവര്‍ കൊല്ലപ്പെട്ടു. 29 അതുകൊണ്ട് ദൈവത്തിന്‍റെ പുത്രനെതിരെ തന്‍റെ വെറുപ്പു പ്രദര്‍ശിപ്പിക്കുന്നവനെതിരെ എടുക്കേണ്ട നടപടിയെക്കുറിച്ചു നിങ്ങള്‍ എന്തു വിചാരിക്കുന്നു? തീര്‍ച്ചയായും ആ മനുഷ്യന്‍ കൂടുതല്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നു. അതെ, പുതിയ നിയമത്തിന്‍റെ രക്തത്തെ ആദരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന് കൂടുതല്‍ കഠിന ശിക്ഷ കിട്ടണം.ആ രക്തം അവനെ ഒരിക്കല്‍ വിശുദ്ധീകരിച്ചു. ദൈവകൃപയുടെ പരിശുദ്ധാത്മാവിനോട് തന്‍റെ വെറുപ്പ് കാണിച്ചവന്‍ കഠിനമായി ശിക്ഷിക്കപ്പെടണം. 30 “ഞാന്‍ ജനങ്ങളെ അവരുടെ ദുഷ്കര്‍മ്മങ്ങളുടെ പേരില്‍ ശിക്ഷിക്കും, ഞാനവരോടു പ്രതികാരം ചെയ്യും” ഉദ്ധരണി ആവ. 32:35. എന്നു ദൈവം പറഞ്ഞതായി നമുക്കറിയാം. “കര്‍ത്താവ് അവന്‍റെ ജനങ്ങളെ വിധിയ്ക്കുമെന്നും” ഉദ്ധരണി സങ്കീ. 135:14. ദൈവം പറഞ്ഞു. 31 ജീവിക്കുന്ന ദൈവത്തിന്‍റെ കരങ്ങളില്‍ പെടുക എന്നത് പാപിയായ ഒരുവനെ സംബന്ധിച്ചിടത്തോളം ഭയാനകമായിരിക്കും.
ഉള്ള ധൈര്യവും സന്തോഷവും നഷ്ടപ്പെടുത്തരുത്
32 സത്യം ബോദ്ധ്യമായ ആദ്യദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുക. പല കാരണങ്ങളാലും ഏറെ ക്ലേശിച്ചു എങ്കിലും നിങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നിന്നു. 33 ചിലപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് വെറുപ്പു നിറഞ്ഞ കാര്യങ്ങള്‍ പറയുകയും പല ആള്‍ക്കാരുടെയും മുന്പില്‍വച്ച് നിങ്ങളെ പീഢിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇതേപോലെ തന്നെ പീഢിതരായവരെ നിങ്ങള്‍ സഹായിച്ചു. 34 അതെ, നിങ്ങള്‍ കാരഗൃഹത്തില്‍ ആയിരുന്നവരെ സഹായിക്കുകയും അവരുടെ സഹനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. നിങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ കൂടി അവര്‍ എടുത്തുകൊണ്ടുപോയപ്പോഴും നിങ്ങള്‍ സന്തോഷത്തില്‍ നിലനിന്നു. എന്നും നിലനില്‍ക്കുന്ന മെച്ചപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നറിയാവുന്നതുകൊണ്ട് നിങ്ങള്‍ സന്തോഷപൂര്‍വ്വം തുടര്‍ന്നു.
35 അതിനാല്‍ നേരത്തേ ഉണ്ടായിരുന്ന ധൈര്യം കൈവെടിയരുത്. നിങ്ങളുടെ ധൈര്യത്തിന് സഫലമായ പ്രതിഫലം ലഭിക്കും. 36 നിങ്ങള്‍ ക്ഷമാശീലരാകണം. ദൈവം നിങ്ങളില്‍ നിന്നാഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തതിനുശേഷം അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്കു കിട്ടും.
37 “അല്പകാലത്തിനുള്ളില്‍ വരാനിരിക്കുന്നവന്‍ വരും.
അവന്‍ താമസിക്കയില്ല.
38 എന്‍റെ മുന്പാകെ നേരുള്ളവന്‍ അവന്‍റെ
വിശ്വാസത്തിന്‍റെ ബലത്തിന്മേല്‍ ജീവിക്കും.
എന്നാല്‍ അവന്‍ ഭീതിയില്‍ പിന്തിരിയുകയാണെങ്കില്‍
ഞാനവനില്‍ പ്രീതനാകയില്ല.” ഹബക്കൂക്ക് 2:3-4
39 എന്നാല്‍ നമ്മള്‍ പിന്തിരിഞ്ഞ് നശിക്കുന്ന ജനമല്ല, അല്ല നാം വിശ്വാസമുള്ളവരും രക്ഷിക്കപ്പെട്ടവരുമായ ജനമാണ്.