ക്രിസ്തുവിന്‍റെ മാതൃക നാം പിന്തുടരണം
12
നമുക്കു ചുറ്റുമായി അനേകം വിശ്വാസികളുണ്ട്. വിശ്വാസം എന്തെന്ന് അവരുടെ ജീവിതം നമ്മോടു പറയുന്നു. അതിനാല്‍ നാം അവരെപ്പോലെയാകണം. നമുക്കു മുന്‍പിലുള്ള ഓട്ടം നാം ഓടിയേ തീരൂ. ക്ഷമയോടെ എപ്പോഴും പരിശ്രമിക്കുകയും വേണം. നമ്മെ തടയുന്ന എന്തിനെയും നാം ജീവിതത്തില്‍ നിന്നു എടുത്തു കളയണം. നമ്മെ നിഷ്പ്രയാസം പിടികൂടുന്ന പാപത്തില്‍ നിന്നും നാം ഒഴിഞ്ഞു നില്‍ക്കണം. നാം എപ്പോഴും യേശുവിന്‍റെ പാത പിന്‍തുടരണം. യേശു നമ്മുടെ നായകനും അടിയുറച്ച വിശ്വാസത്തിന്‍റെ ഉത്തമദൃഷ്ടാന്തവുമാണ്. കുരിശില്‍ അവന്‍ മരണം സഹിച്ചു. യേശു കുരിശിന്‍റെ നാണക്കേട് ഒന്നുമല്ലാത്തതുപോലെയാണ് ഏറ്റുവാങ്ങിയത്. ദൈവം അവനു മുന്പാകെ വച്ച സന്തോഷം കൊണ്ടാണ് അവന്‍ ഇതു ചെയ്തത്. ഇപ്പോള്‍ അവന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നു. യേശുവിനെപ്പറ്റി വിചാരിക്കുക. പാപികളായ ആള്‍ക്കാര്‍ അവനെതിരെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും അവന്‍ ക്ഷമയുള്ളവനായിരുന്നു. നിങ്ങളും ക്ഷമാപൂര്‍വ്വം പരിശ്രമിക്കണം എന്നതിനു വേണ്ടിയാണ് ക്രിസ്തു ഇപ്രകാരം ചെയ്തത്.
നിങ്ങള്‍ പാപത്തിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാലും മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയില്‍ നിങ്ങള്‍ ഇനിയും എത്തിയിട്ടില്ല. നിങ്ങള്‍ ദൈവപുത്രന്മാരാണ്. അവന്‍ നിങ്ങളോട് ആശ്വാസവചനങ്ങള്‍ പറയുന്നു. നിങ്ങള്‍ ഈ വാക്കുകള്‍ മറന്നു,
“എന്‍റെ മകനെ, ദൈവം നിന്നെ ശിക്ഷിക്കുന്പോള്‍ അത് ഫലശൂന്യമെന്നു വിചാരിക്കരുത്.
ദൈവം നിന്നെ തിരുത്തുന്പോള്‍ നീ അധൈര്യപ്പെടരുത്.
താന്‍ സ്നേഹിക്കുന്ന ഏവരെയും തന്‍റെ
മകനായി സ്വീകരിക്കുന്നവനെയും കര്‍ത്താവ് ശിക്ഷിയ്ക്കും.” സദൃശ്യവാക്യങ്ങള്‍ 3:11-12
അതിനാല്‍ ആ കഷ്ടതകളെല്ലാം ഒരു പിതാവിന്‍റെ ശിക്ഷ പോലെ സ്വീകരിക്കുക. ഒരു പിതാവ് മകനെ ശിക്ഷിക്കുന്നതു പോലെയാണ് ദൈവം നിങ്ങളോട് ഈ കാര്യങ്ങള്‍ ചെയ്തത്. എല്ലാ കുട്ടികളും അവരുടെ പിതാവിനാല്‍ ശിക്ഷിക്കപ്പെടണം. നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ (എല്ലാ പുത്രന്മാരും ശിക്ഷിക്കപ്പെടണം) നിങ്ങള്‍ യഥാര്‍ത്ഥ മക്കളോ സത്യത്തില്‍ പുത്രരോ അല്ല. നമുക്കേവര്‍ക്കും നമ്മെ ശിക്ഷിച്ച പിതാവാണുള്ളത്. നമ്മുടെ പിതാക്കളെ നാം ബഹുമാനിച്ചു. അതിനാല്‍ നമ്മുടെ ആത്മാക്കളുടെ പിതാവിന്‍റെ ശിക്ഷണം നാം ഏറ്റുവാങ്ങുക എന്നത് അതിലേറെ പ്രധാനപ്പെട്ടതാണ്. അങ്ങനെ ചെയ്താല്‍ നാം ജീവിക്കും. 10 ഭൂമിയിലുള്ള നമ്മുടെ പിതാക്കന്മാര്‍ അല്പകാലത്തേക്കാണു നമ്മെ ശിക്ഷിച്ചത്. അവര്‍ ഏറ്റവും നല്ലതെന്നു കരുതിയ വിധമാണ് ശിക്ഷ നടപ്പാക്കിയത്. നമ്മുടെ നന്മയ്ക്കായി ദൈവം നമ്മെ ശിക്ഷിക്കുന്നു. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നമ്മളും വിശുദ്ധര്‍ ആകുന്നതിനുവേണ്ടിയാണ് അവന്‍ നമ്മെ ശിക്ഷിക്കുന്നത്. 11 ശിക്ഷണം നമുക്കു ലഭിക്കുന്പോള്‍ നാം അതാസ്വദിക്കയില്ല. ശിക്ഷിതരാകുക എന്നതു വേദനാജനകമാണ്. എന്നാല്‍ ശിക്ഷയില്‍ നിന്നു നാം പാഠമുള്‍ക്കൊളളുന്പോള്‍ നമുക്കു സമാധാനം ഉണ്ടാകും. നാം നന്നായി ജീവിക്കാന്‍ തുടങ്ങി എന്നുള്ളതാണ് അതിന്‍റെ കാരണം.
ജീവിതരീതിയെക്കുറിച്ചു ശ്രദ്ധാലുക്കളാകുക
12 നിങ്ങള്‍ ബലഹീനരായി. അതിനാല്‍ വീണ്ടും നിങ്ങളെത്തന്നെ ശക്തിപ്പെടുത്തുക. 13 നിങ്ങള്‍ രക്ഷിക്കപ്പെടുകയും നിങ്ങളുടെ സ്വയനന്മയ്ക്കു വേണ്ടി നിങ്ങളുടെ ബലഹീനത നിങ്ങളെ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം നന്നായി ജീവിക്കുക.
14 എല്ലാവരുമായി സമാധാനത്തില്‍ കഴിയുവാന്‍ ശ്രമിക്കുക. പാപരഹിതമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക. ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ അവന്‍ കര്‍ത്താവിനെ കാണില്ല. 15 ദൈവകൃപയില്‍ നിന്നു പിന്തിരിയുന്നവരെ തടഞ്ഞുനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഇടയില്‍ ഒരുവനും കയ്പുള്ള കളയെപ്പോലെ ആകാതിരിക്കുവിന്‍. കയ്പുള്ള കളയെപ്പോലെയുള്ള ഒരാള്‍ നിങ്ങളുടെ കൂട്ടത്തെ നശിപ്പിക്കും. 16 ലൈംഗിക പാപം ചെയ്യാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. ഏശാവിനെപ്പോലെ ദൈവത്തെ ഒരിക്കലും വിചാരിക്കാത്തവന്‍ ആകാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധാലുക്കളാകുവിന്‍. അഗ്രജനായിരുന്ന ഏശാവിന് പിതാവില്‍ നിന്ന് എല്ലാം പാരന്പര്യാവകാശമായി കിട്ടുമായിരുന്നു. എന്നാല്‍ ഒരൊറ്റ നേരത്തെ ഭക്ഷണത്തിനുവേണ്ടി ഏശാവ് എല്ലാം വിറ്റു. 17 ഏശാവ് ഇതു ചെയ്തതിനുശേഷം പിതാവിന്‍റെ അനുഗ്രഹം ആഗ്രഹിച്ചു. അവന്‍ ആ അനുഗ്രഹം വളരെ ആഗ്രഹിച്ചതുകൊണ്ട് കരഞ്ഞു. എന്നാല്‍ അവന്‍റെ പിതാവ് അനുഗ്രഹം നല്‍കുന്നതിനു വിസ്സമ്മതിച്ചു. കാരണം അവന്‍ ചെയ്തിരുന്നത് വ്യത്യാസപ്പെടുത്താന്‍ ഒരു വഴിയും കാണാന്‍ ഏശാവിനു കഴിഞ്ഞില്ല.
18 നിങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്കാണു വന്നത്. യിസ്രായേല്യര്‍ വന്ന പര്‍വ്വതം പോലെയല്ല ഇത്. യഥാര്‍ത്ഥത്തില്‍ അഗ്നി ജ്വലിക്കുന്ന ഒരു പര്‍വ്വതത്തിലേക്കല്ല നിങ്ങള്‍ വന്നത്. അന്ധകാരവും ഇരുണ്ട മേഘവും കൊടുങ്കാറ്റും നിറഞ്ഞ ഒരു ദേശത്തേക്കല്ല നിങ്ങള്‍ വന്നത്. 19 പെരുന്പറയുടെ ശബ്ദമോ വാക്കുകള്‍ ഉരുവിടുന്പോള്‍ ഉണ്ടാകുന്ന ശബ്ദമോ അവിടെ ഇല്ല. ജനം ആ സ്വരം കേട്ടപ്പോള്‍ മറ്റൊരു വാക്കുകളും കേള്‍ക്കരുതേ എന്നു അവര്‍ യാചിച്ചു. 20 എന്തെങ്കിലും, ഒരു മൃഗം പോലുമോ പര്‍വ്വതത്തെ സ്പര്‍ശിച്ചാല്‍ അത് കല്ലുകൊണ്ട് കൊല്ലപ്പെടണം എന്ന കല്പന കേള്‍ക്കാന്‍ അവരാഗ്രഹിച്ചില്ല. 21 “ഞാന്‍ ഭയത്താല്‍ വിറയ്ക്കുകയായിരുന്നു” ഉദ്ധരണി ആവ. 9:19. എന്നു മോശെ പറഞ്ഞതുപോലെ ജനം ആ ഭയങ്കരമായ കാര്യം കണ്ടു.
22 എന്നാല്‍ നിങ്ങളത്തരം സ്ഥലത്തേക്കല്ല വന്നത്. നിങ്ങള്‍ വന്നിരിക്കുന്ന പുതിയ സ്ഥലം സീയോന്‍ മലയാണ്. ജീവിക്കുന്ന ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ യെരൂശലേം നഗരത്തിലാണ് നിങ്ങള്‍ വന്നത്. ആയിരക്കണക്കിനു ദൂതന്മാര്‍ സന്തോഷത്താല്‍ സമ്മേളിച്ചിരിക്കുന്ന സ്ഥലത്താണ് നിങ്ങള്‍ വന്നത്. 23 ദൈവത്തിന്‍റെ ആദ്യജാതരുടെ സമ്മേളനത്തിലേക്കാണു നിങ്ങള്‍ വന്നത്. അവരുടെ നാമം സ്വര്‍ഗ്ഗത്തില്‍ ലേഖനം ചെയ്തിരിക്കുന്നു. നിങ്ങള്‍ സര്‍വ്വരുടെയും വിധികര്‍ത്താവായ ദൈവത്തിലേക്കു വന്നിരിക്കുന്നു. പൂര്‍ണ്ണരാക്കപ്പെട്ട സജ്ജനങ്ങളുടെ ആത്മാക്കളുടെ അടു ത്തേക്കാണ് വന്നിരിക്കുന്നത്. 24 ദൈവത്തില്‍ നിന്നും പുതിയനിയമം ജനങ്ങള്‍ക്കായി കൊണ്ടുവന്ന യേശുവിനടുത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ഹാബേലിന്‍റെ രക്തത്തെക്കാളും മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമ്മോടു സംവാദിക്കുന്ന തൂവപ്പെട്ടരക്തത്തിന്‍റെ* തൂവപ്പെട്ടരക്തം യേശുവിന്‍റെ രക്തം (മരണം). സമീപത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്.
25 ദൈവം സംസാരിക്കുന്പോള്‍ ചെവികൊടുക്കാന്‍ വിസ്സമ്മതിക്കാതെ ശ്രദ്ധാലുക്കളാകുവിന്‍ അവര്‍ ഭൂമിയിലായിരിക്കെ അവരെ താക്കീതു ചെയ്തപ്പോള്‍ അത് കേള്‍ക്കുവാന്‍ അക്കൂട്ടര്‍ വിസ്സമ്മതിച്ചു. അവര്‍ ആരും രക്ഷപെട്ടില്ല. ഇപ്പോള്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു സംസാരിക്കുന്നു. അത് കേള്‍ക്കാതെ പിന്തിരിഞ്ഞു പോകുന്നത് നമുക്ക് കൂടുതല്‍ കഷ്ടത്തിനിടയാക്കും. 26 അവന്‍ നേരത്തെ സംസാരിച്ചപ്പോള്‍ അവന്‍റെ ശബ്ദം ലോകത്തെ പിടിച്ചു കുലുക്കി. എന്നാല്‍ ഇപ്പോള്‍ അവന്‍ പ്രതിജ്ഞ ചെയ്തു. “ഒരിക്കല്‍ കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും.” 27 “ഒരിക്കല്‍ കൂടി” എന്ന വാക്കുകള്‍ സൃഷ്ടക്കപ്പെട്ടതെല്ലാം നശിപ്പിക്കപ്പെടും, എന്ന് വ്യക്തമാക്കുന്നു. അവയൊക്കെ ഇളക്കപ്പെടാവുന്നവയാണ്. സ്ഥിരമായതൊക്കെയേ നിലനില്‍ക്കൂ.
28 അതിനാല്‍ സുസ്ഥിരമായ ഒരു സാമ്രാജ്യം നമുക്കുള്ളതില്‍ നാം കൃതജ്ഞതയുള്ളവരായിരിക്കണം. ദൈവത്തെ പ്രീതിപ്പെടുത്തുന്ന വിധത്തില്‍ നാം സേവിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യണം. ആദരവോടും ഭയത്തോടും കൂടിവേണം നാം അവനെ നമസ്കരിക്കേണ്ടത്. 29 കാരണം ദൈവം നശീകരണശേഷിയുള്ള തീ പോലെയാണ്.