യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം
1
ലോകാരംഭത്തിനു മുന്പ് ഉണ്ടായിരുന്ന ചിലതിനെപ്പറ്റിയാണ് ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളോടു പറയുന്നത്. ഇത് ഞങ്ങള്‍ കേട്ടതും ഞങ്ങളുടെ സ്വന്തം കണ്ണുകളാല്‍ കണ്ടതും ഞങ്ങള്‍ വീക്ഷിച്ചതും ഞങ്ങളുടെ സ്വന്തം കൈകളാല്‍ തൊട്ടതിനെപ്പറ്റിയും ആണ്. ജീവന്‍ തരുന്ന വചനത്തെപ്പറ്റിയാണ് (ക്രിസ്തു) ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആ ജീവനെ നമുക്കു കാണിച്ചു തന്നു, ഞങ്ങള്‍ അതു കണ്ടു. ഞങ്ങള്‍ക്ക് അതിനെപ്പറ്റി തെളിവു തരാന്‍ കഴിയും. ഈ ജീവന്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നത് ദൈവമാണ്. പിതാവായ ദൈവത്തോടൊപ്പമുള്ള ജീവനാണത്. ശാശ്വതമായി തുടരുന്ന ജീവനാണത്. ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെപ്പറ്റി ഇപ്പോള്‍ എന്തിന് സംസാരിക്കുന്നു? ഞങ്ങള്‍ക്കുള്ള കൂട്ടായ്മയില്‍ നിങ്ങള്‍ പങ്കുള്ളവരാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കുള്ള കൂട്ടായ്മ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും കൂടിയാണ്. ഞങ്ങളോടൊപ്പം നിങ്ങള്‍ നിറഞ്ഞ സന്തോഷത്തിലാകാന്‍ തക്കവണ്ണമാണ് ഞങ്ങളിത് എഴുതുന്നത്.
ദൈവം നമ്മുടെ പാപം ക്ഷമിയ്ക്കും
ദൈവത്തില്‍ നിന്നുള്ള സത്യോപദേശം ഞങ്ങള്‍ കേട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഇതു നിങ്ങളോടു പറയുന്നു: ദൈവം പ്രകാശമാണ്. ദൈവത്തില്‍ ഇരുള്‍ ഇല്ല. അതുകൊണ്ട് നമ്മള്‍ ദൈവത്തോടൊത്തു ചേര്‍ന്നു പോവുകയാണെന്നു പറയുകയും എന്നാല്‍ ഇരുളില്‍ ജീവിക്കുകയുമാണെങ്കില്‍ നമ്മള്‍ നുണയരാണ്, നമ്മള്‍ സത്യത്തെ പിന്തുടരുന്നില്ല. ദൈവം പ്രകാശത്തിലാണ്. നമ്മളും പ്രകാശത്തില്‍ ജീവിക്കണം. നമ്മള്‍ വെളിച്ചത്തില്‍ ജീവിക്കുകയാണെങ്കില്‍ നാം പരസ്പരം കൂട്ടായ്മ പങ്കുവയ്ക്കും. നമ്മള്‍ പ്രകാശത്തില്‍ ജീവിക്കുന്പോള്‍ ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
നമ്മില്‍ പാപം ഇല്ല എന്നു നാം അവകാശപ്പെടുന്നു എങ്കില്‍ നാം നമ്മെത്തന്നെ വിഡ്ഢികളാക്കുന്നു. സത്യം നമ്മില്‍ ഇല്ലതാനും. എന്നാല്‍ നമ്മുടെ പാപങ്ങള്‍ നാം ഏറ്റുപറയുന്നുവെങ്കില്‍ ദൈവം നമ്മുടെ പാപം ക്ഷമിക്കുകയും നാം ചെയ്ത എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. കാരണം, നമുക്കു ദൈവത്തെ വിശ്വസിക്കാവുന്നതാണ്. ശരിയായത് ദൈവം ചെയ്യും. 10 നമ്മള്‍ പാപം ചെയ്തിട്ടില്ലെന്നു പറയുകയാണെങ്കില്‍ നാം ദൈവത്തെ നുണയനാക്കുകയാണ് ചെയ്യുന്നത് - നമ്മള്‍ ദൈവത്തിന്‍റെ ശരിയായ സത്യോപദേശം സ്വീകരിക്കുന്നില്ല.