ദൈവമക്കള്‍ ലോകത്തെ ജയിക്കും
5
യേശു, ക്രിസ്തുവാണെന്നു വിശ്വസിക്കുന്നവര്‍ ദൈവമക്കളാണ്. പിതാവിനെ സ്നേഹിക്കുന്ന വ്യക്തി പിതാവിന്‍റെ മക്കളെയും സ്നേഹിക്കുന്നു. ദൈവമക്കളെ നാം സ്നേഹിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ദൈവത്തെ സ്നേഹിക്കുകയും അവന്‍റെ കല്പനകളെ അനുസരിക്കുകയും ചെയ്യുന്നതു കൊണ്ട് അതു നമുക്കറിയാം. ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുക എന്നര്‍ത്ഥം. ദൈവകല്പനകള്‍ നമുക്കത്ര കഠിനവുമല്ല. എന്തുകൊണ്ടെന്നാല്‍ ദൈവമക്കള്‍ക്ക് ലോകത്തെ ജയിക്കുവാനുള്ള ശക്തിയുണ്ട്. ലോകത്തിനെതിരായി ജയം നേടുന്നത് നമ്മുടെ വിശ്വാസമാണ്. അതിനാല്‍ ലോകത്തെ ജയിച്ചവനാരാണ്? യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവനാണ്.
ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞത്
വന്നവന്‍ യേശുക്രിസ്തു ആണ്. രക്തവും ജലവും കൊണ്ടാണ് യേശു വന്നത്. ജലത്താല്‍ മാത്രമല്ല യേശു വന്നത്. അല്ല, ജലത്താലും രക്തത്താലും വന്നു. ആത്മാവ് ഇതു ശരിയാണെന്നു നമ്മോടു പറയുകയും ചെയ്യുന്നു. ആത്മാവ് സത്യമാണ്. അതുകൊണ്ട് യേശുവിനെപ്പറ്റി പറയുന്ന മൂന്നു സാക്ഷികളുണ്ട്. ആത്മാവും വെള്ളവും രക്തവും. ഈ മൂന്നു സാക്ഷികളും സമ്മതിക്കുന്നു.
സത്യമായ കാര്യങ്ങള്‍ പറയുന്പോള്‍ നാം ജനങ്ങളെ വിശ്വസിക്കുന്നു. അപ്പോള്‍ ദൈവം പറയുന്നത് തീര്‍ച്ചയായും വിശ്വസിക്കുവാന്‍ നമുക്ക് കഴിയും. ഇതാണ് ദൈവം നമ്മോടു പറഞ്ഞത്: തന്‍റെ മകനെപ്പറ്റിയുള്ള സത്യം. 10 ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചവനില്‍ ദൈവം നമ്മോടു പറഞ്ഞ സത്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവത്തെ നുണയനാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവം തന്‍റെ മകനെക്കുറിച്ചു 11 സത്യം പറഞ്ഞ കാര്യങ്ങള്‍ അവന്‍ വിശ്വസിക്കുന്നില്ല. ഇതാണ് ദൈവം നമ്മോട് പറഞ്ഞത്: ദൈവം നമുക്കു നിത്യജീവന്‍ നല്‍കിയിരിക്കുന്നു. ഈ നിത്യജീവനാകട്ടെ അവന്‍റെ പുത്രനിലുമാണ്. 12 ആ പുത്രനുള്ള ഒരുവന് ജീവനുണ്ട്. ദൈവപുത്രനില്ലാത്തവന് ജീവനില്ല.
ഇപ്പോള്‍ നമുക്ക് നിത്യജീവനുണ്ട്
13 ദൈവപുത്രനില്‍ വസിക്കുന്ന നിങ്ങള്‍ക്കാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നറിയണമെന്നതുകൊണ്ട് ഞാനിതെഴുതുന്നു. 14 സംശയങ്ങളില്ലാതെ നമുക്ക് ദൈവത്തെ സമീപിക്കാന്‍ കഴിയും. ഇതിന്‍റെ അര്‍ത്ഥം നാം ദൈവത്തോട് കാര്യങ്ങള്‍ ചോദിച്ചാല്‍ (ദൈവം നമുക്ക് ആവശ്യമെന്നു സമ്മതിക്കുന്നവ) നാം പറയുന്നതു ദൈവം ശ്രദ്ധിക്കുന്നു എന്നാണ്. 15 നാം അവനോട് ചോദിക്കുന്പോഴെല്ലാം അവന്‍ കേള്‍ക്കുന്നു. അതുകൊണ്ട് നാം അവനില്‍ നിന്നാവശ്യപ്പെടുന്നത് അവന്‍ തരുന്നുവെന്നു നാം അറിയുന്നു.
16 തന്‍റെ സഹോദരനോ സഹോദരിയോ പാപം (നിത്യമരണത്തിലേക്കു നയിക്കാത്ത പാപം)ചെയ്യുന്നതു ഒരുവന്‍ കാണുന്നു എന്നു വിചാരിക്കുക. അപ്പോള്‍ അവന്‍ പാപം ചെയ്യുന്ന സഹോദരനുവേണ്ടിയോ സഹോദരിക്കുവേണ്ടിയോ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ദൈവം ആ സഹോദരനോ സഹോദരിക്കോ ജീവന്‍ നല്‍കും. നിത്യമരണത്തിലേക്കു നയിക്കാത്ത പാപം ചെയ്യുന്നവനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. മരണത്തിലേക്കു നയിക്കുന്ന പാപവും ഉണ്ട്. ആ പാപത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. 17 തെറ്റ് ചെയ്യുന്നത് എപ്പോഴും പാപമാണ്. നിത്യമായ മരണത്തിലേക്ക് നയിക്കാത്ത പാപവും ഉണ്ട്.
18 ദൈവമക്കളായവര്‍ ഒരിക്കലും പാപം തുടര്‍ന്നുകൊണ്ടിരിക്കില്ല എന്ന് നമുക്കറിയാം. ദൈവപുത്രന്‍ ദൈവമക്കളെ സംരക്ഷിക്കും. ദുഷ്ടന് അവനെ തീണ്ടാന്‍ കഴികയില്ല. 19 നാം ദൈവത്തിനുള്ളവരാണെന്ന് നാം അറിയുന്നു. എന്നാല്‍ ദുഷ്ടന്‍ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നു. 20 ദൈവപുത്രന്‍ വന്നിരിക്കുന്നു എന്നു നമുക്കറിയാം. ദൈവപുത്രന്‍ നമുക്ക് ധാരണാശേഷി തന്നിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് യഥാര്‍ത്ഥ ദൈവത്തെ അറിയാന്‍ കഴിയും. സത്യമായത് ദൈവം ഒരുവനാണ്. നമ്മുടെ ജീവന്‍ സത്യദൈവത്തിലും അവന്‍റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. സത്യ ദൈവവും നിത്യജീവനും അവനാണ്. 21 അതുകൊണ്ട് പ്രിയമക്കളേ വ്യാജദൈവങ്ങളില്‍ നിന്നു നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുക.