യൂദാ എഴുതിയ ലേഖനം
1
യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, ദൈവത്താല്‍ വിളിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി അഭിവാദ്യങ്ങള്‍ നേരുന്നു.
പിതാവായ ദൈവം നിങ്ങളെ സ്നേഹിക്കുകയും യേശുക്രിസ്തുവില്‍ നിങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നു.
എല്ലാ കരുണയും സമാധാനവും സ്നേഹവും നിങ്ങളുടേതായിരിക്കട്ടെ.
തെറ്റു ചെയ്യുന്നവര്‍ക്കു ദൈവത്തിന്‍റെ ശിക്ഷ
പ്രിയ സ്നേഹിതാ നാമെല്ലാം പങ്കുപറ്റുന്ന രക്ഷയെക്കുറിച്ച് നിങ്ങള്‍ക്കെഴുതണമെന്നു എനിക്കു അതിയായ ആകാംക്ഷയുണ്ട്. എന്നാല്‍ മറ്റു ചിലതിനെപ്പറ്റി എഴുതേണ്ടതിന്‍റെ ആവശ്യകതയുണ്ടായി. ദൈവം തന്‍റെ വിശുദ്ധജനത്തിന് നല്‍കിയ വിശ്വാസത്തിനു വേണ്ടി കഠിനമായി യത്നിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം ഒരിക്കല്‍ ഈ വിശ്വാസം തന്നു. എന്നാല്‍ ഇത് എല്ലാക്കാലത്തേക്കും നല്ലതാണ്. രഹസ്യമായി ചിലര്‍ നിങ്ങളുടെ സംഘത്തിലേക്കു കടന്നിട്ടുണ്ട്. അവരുടെ പ്രവൃത്തികളാല്‍ കുറ്റക്കാരെന്ന് നേരത്തേതന്നെ വിധിക്കപ്പെട്ടവരാണ് അവര്‍. വളരെ മുന്‍പ് തന്നെ പ്രവാചകര്‍ ഇവരെപ്പറ്റി എഴുതി. ഇവര്‍ ദൈവത്തിനെതിരാണ്. അവര്‍ നമ്മുടെ ദൈവത്തിന്‍റെ കൃപയെ പാപപ്രവൃത്തികള്‍ക്കുള്ള ഒഴികഴിവായി ഉപയോഗിക്കുന്നു. നമ്മുടെ ഏക ഗുരുവും കര്‍ത്താവുമയ യേശുക്രിസ്തുവിനെ സ്വീകരിക്കാന്‍ ഇവര്‍ വിസമ്മതിക്കുന്നു.
നിങ്ങള്‍ക്ക് നേരത്തേതന്നെ അറിയാവുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മിക്കാനായി ഞാന്‍ നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. മിസ്രയീമില്‍ നിന്നു പുറത്തു കൊണ്ടുവന്ന് കര്‍ത്താവ് അവന്‍റെ ജനത്തെ എങ്ങനെ രക്ഷിച്ചു എന്നത് നിങ്ങള്‍ ഓര്‍ക്കുക. പക്ഷേ പിന്നീട് അവരിലുള്ള അവിശ്വാസികളെ എല്ലാം ദൈവം നശിപ്പിച്ചു. അധികാരമുണ്ടായിരുന്നിട്ടും അതു നിലനിര്‍ത്താതിരുന്ന ദൂതന്മാരെ ഓര്‍ക്കുക. അവര്‍ അവരുടെ സ്വന്തവീട് വിട്ടുപോയി. അതുകൊണ്ട് കര്‍ത്താവ് അവരെ ഇരുട്ടിലാക്കി. ശാശ്വതമായ ചങ്ങലകളാല്‍ അവര്‍ ബന്ധിതരാണ്. ആ മഹത്ദിനത്തില്‍ വിചാരണ ചെയ്യുവാനായി അവന്‍ അവരെ സൂക്ഷിച്ചിരിക്കുകയാണ്. പട്ടണങ്ങളായ സൊദോമിനെയും, ഗൊമോരായെയും ചുറ്റുവട്ടത്തിലുള്ള പട്ടണങ്ങളെയും ഓര്‍ക്കുക. ആ നഗരങ്ങളിലെ ആളുകള്‍ ആ ദൂതന്മാരെപ്പോലെ തന്നെയായിരുന്നു. ആ പട്ടണങ്ങള്‍ മുഴുവനും ലൈംഗിക അരാജകത്വവും പ്രകൃതി വിരുദ്ധമായ ലൈംഗിക രീതികളും നിറഞ്ഞവ ആയിരുന്നു. നിത്യാഗ്നിയുടെ ശിക്ഷയാണ് അവര്‍ അനുഭവിക്കുന്നത്. നമുക്കുവേണ്ടിയുള്ള ഒരു ഉദാഹരണമാണ് അവരുടെ ശിക്ഷ.
നിങ്ങളുടെ കൂട്ടത്തിലേക്ക് രഹസ്യമായി നുഴഞ്ഞു കയറിയിരിക്കുന്ന ആ കൂട്ടരുടെ പാതയും അതു തന്നെ. സ്വപ്നമാണ് അവരെ നയിച്ചത്. പാപത്താല്‍ അവരെത്തന്നെ അവര്‍ കളങ്കിതരാക്കുന്നു. ദൈവത്തിന്‍റെ ഭരണത്തെ അവര്‍ നിരാകരിക്കുകയും മഹത്വമുളള ദൂതന്മാരെപ്പറ്റി ചീത്തക്കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. പ്രധാനദൂതനായ മീഖായേല്‍ പോലും ഇതു ചെയ്തില്ല. മോശെയുടെ ശരീരം ആരുടെ പക്കലായിരിക്കണം - എന്നതിനെപ്പറ്റി മീഖായേല്‍ പിശാചിനോടു തര്‍ക്കിച്ചു. വിമര്‍ശനാത്മകമായ വാക്കുകള്‍ ഉപയോഗിച്ച് പിശാചിനെ അപലപിക്കാന്‍ പോലും മീഖായേല്‍ ധൈര്യം കാട്ടിയില്ല. പക്ഷേ മീഖായേല്‍ പറഞ്ഞു: “കര്‍ത്താവ് നിന്നെ ശിക്ഷിക്കട്ടെ.”
10 എന്നാല്‍ ഈ ജനങ്ങള്‍ അവര്‍ക്കു മനസ്സിലാകാത്തവയെ വിമര്‍ശിക്കും. അവര്‍ക്കു ചില കാര്യങ്ങള്‍ മനസ്സിലാകുന്നു. ആലോചനയാലല്ല അവര്‍ ഇതു മനസ്സിലാക്കുന്നത്. കാട്ടുമൃഗങ്ങള്‍ അനുഭൂതിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതു പോലെയാണ്. ഇതൊക്കെത്തന്നെയാണ് അവരെ നശിപ്പിക്കുന്നതും. 11 അത് അവര്‍ക്ക് ഭയാനകമാകും. കയീന്‍റെ പാതയാണ് ഇവര്‍ പിന്തുടര്‍ന്നത്. പണം ഉണ്ടാക്കേണ്ടതിലേക്കായി അവര്‍ ബിലെയാം പോയ വഴിയില്‍ തങ്ങളെത്തന്നെ വിട്ടുകൊടുത്തു. കോരഹ് ചെയ്തതുപോലെ ദൈവത്തിനെതിരായി ഇവര്‍ കലഹിച്ചു. കോരഹിനെപ്പോലെ അവരും നശിപ്പിക്കപ്പെടും.
12 നിങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേക ഭക്ഷണത്തിലെ മലിനവസ്തുപോലെയാണവര്‍. അവര്‍ നിങ്ങള്‍ക്കൊപ്പം പേടി കൂടാതെ ഭക്ഷിക്കുന്നു. അവര്‍ അവരെക്കുറിച്ചു മാത്രം കരുതുന്നു. മഴപേറാത്ത മേഘങ്ങളാണ് അവര്‍. കാറ്റ് അതിനെ നാലുപാടും ചിതറിക്കും. സമയത്തു ഫലം തരാത്തതുകൊണ്ട് ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെടുന്ന മരങ്ങളാണ് അവര്‍. അതിനാല്‍ അവര്‍ രണ്ടു പ്രാവശ്യം മരിച്ചവരാണ്. 13 സമുദ്രത്തിലെ ഭയാനകമായ തിരകള്‍ പോലെയാണവര്‍. തിരകള്‍ പത ഉണ്ടാക്കുന്നതുപോലെ ഇവര്‍ നാണം കെട്ട പ്രവൃത്തികള്‍ ചെയ്യുന്നു. ആകാശത്തിലെ അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങളെപ്പോലെയാണവര്‍. ഇവര്‍ക്കായി എല്ലാക്കാലത്തേക്കുമായി ഏറ്റവും അന്ധകാരമയമായ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.
14 ആദാമില്‍ നിന്നും ഏഴാം തലമുറക്കാരനായ ഹാനോക്ക് അവരെപ്പറ്റി പറയുന്നു: “നോക്കൂ, ദൈവം തന്‍റെ ആയിരമായിരം വിശുദ്ധ ദൂതന്മാരുമായാണ് വരുന്നത്. 15 കര്‍ത്താവ് എല്ലാവരെയും വിധിക്കും. അവനെതിരായിട്ടുള്ള എല്ലാവരെയും വിധിക്കുവാനും ശിക്ഷിക്കുവാനും ആണ് കര്‍ത്താവ് വരുന്നത്. ദൈവത്തിനെതിരായി ചെയ്ത എല്ലാ തിന്മകള്‍ക്കും വേണ്ടി അവന്‍ അവരെ ശിക്ഷിക്കും. അവര്‍ പറഞ്ഞ എല്ലാ ദൈവദൂഷണങ്ങളെയും കഠിനമായ പ്രവൃത്തികളെയും പ്രതി ദൈവം അവരെ ശിക്ഷിക്കും.”
16 ഇക്കൂട്ടര്‍ സദാ പരാതിപ്പെടുന്നവരും അന്യരില്‍ കുറ്റം കണ്ടെത്തുന്നവരുമാണ്. ആഗ്രഹിക്കുന്ന തിന്മ അവര്‍ എപ്പോഴും ചെയ്യും. അവര്‍ സ്വയം പ്രകീര്‍ത്തിക്കും. അവര്‍ക്ക് ആവശ്യമുള്ളതു കിട്ടുവാനായി മാത്രം അവര്‍ അന്യരെ പ്രശംസിക്കും.
ഒരു മുന്നറിയിപ്പും, ചെയ്യേണ്ട കാര്യങ്ങളും
17 പ്രിയ സുഹൃത്തുക്കളേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലര്‍ നേരത്തെ പറഞ്ഞത് ഓര്‍ക്കുവിന്‍. 18 “അവസാന നാളുകളില്‍ ദൈവത്തെപ്പറ്റി പറഞ്ഞു ചിരിക്കുന്നവര്‍ കാണും” എന്നാണ് അപ്പൊസ്തലര്‍ പറഞ്ഞത്. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യുകയുള്ളൂ. ദൈവത്തിന് എതിരായുള്ള പ്രവൃത്തികള്‍ ആണ് അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. 19 ഇക്കൂട്ടര്‍ ആണ് നിങ്ങളുടെ ഇടയില്‍ വിഭജനം ഉണ്ടാക്കിയത്. അവരുടെ പാപം നിറഞ്ഞ സ്വയം പറയുന്നതേ അവര്‍ ചെയ്യൂ. അവരില്‍ പരിശുദ്ധാത്മാവ് ഇല്ല.
20 പക്ഷേ, പ്രിയ സുഹൃത്തുക്കളേ, നിങ്ങളിലുള്ള വിശുദ്ധമായ വിശ്വാസം കൊണ്ട് നിങ്ങളെത്തന്നെ ശക്തരാക്കുവിന്‍. ആത്മാവില്‍ നിറഞ്ഞു പ്രാര്‍ത്ഥിക്കുവിന്‍. 21 ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിക്കുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ കരുണയാല്‍ നിങ്ങള്‍ക്കു നിത്യജീവന്‍ തരുന്ന ദിനത്തിനായി കാത്തിരിക്കുക.
22 സംശയം ഉള്ളവരെ സഹായിക്കുക. 23 മറ്റുള്ളവരെ അഗ്നിയില്‍ നിന്നും വലിച്ചെടുത്ത് രക്ഷിക്കുക. ചിലരോടു നിങ്ങള്‍ കരുണ കാണിക്കുന്പോള്‍ ശ്രദ്ധാലുക്കളാകുവിന്‍. പാപത്താല്‍ കളങ്കിതമായ അവരുടെ വസ്ത്രത്തെപ്പോലും വെറുക്കുവിന്‍.
ദൈവത്തിനു സ്തുതി
24 ദൈവം ശക്തനും വീഴാതെ പരിപാലിക്കുന്നവനുമാണ്. യാതൊരു തെറ്റും നിങ്ങളില്‍ ഇല്ലാതെ, അതിസന്തോഷം പകര്‍ന്ന്, അവന്‍റെ മുന്പില്‍ നിങ്ങളെ കൊണ്ടുവരുവാന്‍ അവനു കഴിയും. 25 അവന്‍ മാത്രമാണ് ഏകദൈവം. അവന്‍ നമ്മുടെ രക്ഷകനാണ്. സര്‍വ്വകാലത്തിനു മുന്പും ഇപ്പോഴും എന്നേക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി അവന് മഹത്വവും പ്രതാപവും ശക്തിയും അധികാരവും ഉണ്ടായിരിക്കട്ടെ. ആമേന്‍.