യാക്കോബ് എഴുതിയ ലേഖനം
1
ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ്, ലോകത്തി ലെല്ലായിടത്തുമായി ചിതറിക്കിടക്കുന്ന ദൈവജനത്തിന് വന്ദനം ചൊല്ലുന്നു.
വിശ്വാസവും വിജ്ഞാനവും
എന്‍റെ സഹോദരരേ, പല തരത്തിലുള്ള ക്ലേശങ്ങള്‍ നിങ്ങള്‍ക്കു കാണും. എന്നാല്‍ ഇവ സംഭവിക്കുന്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകണം. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷമയും നിങ്ങള്‍ക്കറിയാം. നിങ്ങള്‍ ചെയ്യുന്നതെന്തോ അതില്‍ നിങ്ങളുടെ ക്ഷമ പൂര്‍ണ്ണമായും കാണിക്കണം. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണരും കുറ്റമറ്റവരുമാകും. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കു കിട്ടും.
എന്നാല്‍ നിങ്ങളിലാര്‍ക്കെങ്കിലും ജ്ഞാനം ആവശ്യമാണെങ്കില്‍ നിങ്ങള്‍ ദൈവത്തോട് അതു ചോദിക്കണം. ദൈവം ഉദാരശീലനാണ്. എല്ലാര്‍ക്കും നല്‍കുന്നതില്‍ അവന്‍ ആനന്ദം കൊള്ളുന്നു. അതിനാല്‍ ദൈവം നിങ്ങള്‍ക്കു വിജ്ഞാനം തരും. നിങ്ങള്‍ ദൈവത്തോടു ചോദിക്കുന്പോള്‍ വിശ്വാസപൂര്‍വ്വം ചോദിക്കണം. ദൈവത്തെ സംശയിക്കരുത്. സംശയിക്കുന്നവന്‍ കടലിലെ തിര പോലെയാണ്. കാറ്റ് തിരയെ താഴേയ്ക്കും മേലേയ്ക്കും ഉലയ്ക്കുന്നു. സംശയിക്കുന്നവന്‍ ആ തിരപോലെയാണ്. 7-8 സംശയിക്കുന്നവന്‍ വിശുദ്ധങ്ങളായ രണ്ടു കാര്യങ്ങള്‍ ഒരേസമയം ചിന്തിക്കുന്നു. അവന്‍ ചെയ്യുന്നതിനെക്കുറിച്ച് അവനൊന്നും തീരുമാനിക്കാന്‍ വയ്യ. കര്‍ത്താവില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അത്തരമൊരുവന്‍ വിചാരിക്കരുത്.
യഥാര്‍ത്ഥ ധനം
ഒരു വിശ്വാസി ദരിദ്രനെങ്കില്‍ ദൈവം അവനെ ആത്മാവില്‍ സന്പന്നനാക്കിയതില്‍ അവന്‍ അഭിമാനിക്കണം. 10 ഒരു വിശ്വാസി ധനികനെങ്കില്‍ അവന്‍ ആത്മാവില്‍ ദരിദ്രനാണെന്ന് ദൈവം ചൂണ്ടിക്കാട്ടിയതിലവന്‍ അഭിമാനിക്കട്ടെ. കാട്ടുപൂവ് പോലെ ധനികന്‍ മരിക്കും. 11 മനോഹരമായ പുഷ്പം ഏറിവരുന്ന സൂര്യതാപത്താല്‍ ഉണങ്ങിക്കരിഞ്ഞു ഭംഗിനശിച്ചു കൊഴിയുന്പോലെയാണ് ധനികനും. വ്യാപാരപദ്ധതികള്‍ തയ്യാറാക്കുന്നതിനിടയ്ക്ക് അവന്‍ മരിക്കും.
പ്രലോഭനം ദൈവത്തില്‍ നിന്നല്ല
12 പ്രലോഭിതനായ ശേഷവും ഒരുവന്‍ ദൃഢതയോടെ നില്‍ക്കുന്നുവെങ്കില്‍ അവന്‍ സന്തോഷിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍റെ വിശ്വാസം തെളിയിക്കപ്പെട്ടശേഷം നിത്യജീവന്‍റെ പ്രതിഫലം ദൈവം അവനു നല്‍കും. തന്നെ സ്നേഹിക്കുന്ന ഏവര്‍ക്കും ദൈവം ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. 13 പ്രലോഭിതനാകുന്പോള്‍ “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ഒരുവന്‍ പറയരുത്. ദുഷ്ടത ദൈവത്തെ പ്രലോഭിപ്പിക്കില്ല. തന്നെയുമല്ല ദൈവം തനിയെ ആരെയും പ്രലോഭിപ്പിക്കുകയും ഇല്ല. 14 ഒരുവനാഗ്രഹിക്കുന്ന ദുഷ്ടതകളാണ് അവനെ പ്രലോഭിതനാക്കുന്നത്. അവന്‍റെ തന്നെ ദുരാഗ്രഹങ്ങള്‍ അവനെ വഴിമാറ്റുകയും കെണിയിലാക്കുകയും ചെയ്യുന്നു. 15 ഈ ആഗ്രഹം ഒരിക്കല്‍ രൂപം കൊണ്ടാല്‍ വളര്‍ന്നു വലുതാകുകയും പാപത്തിനു ജന്മം നല്‍കുകയും ചെയ്യുന്നു. പാപം മരണത്തെ പ്രസവിക്കുന്നു.
16 എന്‍റെ പ്രിയ സഹോദരരേ, ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ വിഡ്ഢികളാകരുത്. 17 എല്ലാ നന്മയും ദൈവത്തില്‍ നിന്നു വരുന്നു. എല്ലാ പരിപൂര്‍ണ്ണദാനവും ദൈവത്തില്‍ നിന്നാണ്. ഈ നല്ല ദാനങ്ങളെല്ലാം വരുന്നത് വെളിച്ചത്തിന്‍റെ പിതാവില്‍ നിന്നാണ്. ദൈവം എന്നും ഒരുപോലെയാണ്. അവനു മാറ്റമില്ല. 18 സത്യവചനത്തിലൂടെ ജീവന്‍ തരുവാന്‍ ദൈവം തീരുമാനിച്ചു. അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു.
അനുസരണം
19 എന്‍റെ പ്രിയ സഹോദരരേ, സംസാരിക്കുന്നതിനെക്കാള്‍ അധികം കേള്‍ക്കുവാന്‍ താല്പര്യം കാട്ടുക. എളുപ്പം കോപിക്കരുത്. 20 ഒരു മനുഷ്യന്‍റെ കോപം ദൈവം ആഗ്രഹിക്കും പോലെ ജീവിക്കാന്‍ അവനെ സഹായിക്കില്ല. 21 അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന എല്ലാ ദുഷ്കര്‍മ്മങ്ങളെയും ജീവിതത്തില്‍ നിന്നും അകറ്റുക. വിനീതരാകുകയും നിങ്ങളുടെ ഹൃദയത്തില്‍ പാകിയിരിക്കുന്ന ദൈവത്തിന്‍റെ പാഠങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഈ ഉപദേശത്തിനു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള കഴിവുണ്ട്.
22 ദൈവത്തിന്‍റെ ഉപദേശം പറയുന്നതെന്തെന്നോ അതു ചെയ്യുക. വെറുതെ കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് ഒന്നും ചെയ്യാതെ അലസരായി ഇരിക്കുകയുമരുത്. എന്തുകൊണ്ടെന്നാല്‍ വെറുതെ ഇരുന്നു കേള്‍ക്കുന്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കബളിപ്പിക്കുകയാണ്. 23 ദൈവത്തിന്‍റെ ഉപദേശം കേട്ടിട്ട് ഒന്നും ചെയ്യാതിരിക്കുന്നവന്‍ തന്‍റെ തന്നെ മുഖം കണ്ണാടിയില്‍ നോക്കുന്നവനെപ്പോലെയാണ്. 24 അവന്‍ അവനെത്തന്നെ കാണുകയും പോകുന്പോള്‍ താന്‍ എങ്ങനെയിരിക്കുന്നുവെന്നു അതിവേഗം മറക്കുകയും ചെയ്യും. 25 ജനങ്ങളെ സ്വതന്ത്രരാക്കുന്ന ദൈവത്തിന്‍റെ ന്യായപ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവനാണ് യഥാര്‍ത്ഥ സന്തോഷവാന്‍. അവന്‍ ആ പഠനം തുടരും. അവന്‍ ദൈവത്തിന്‍റെ ഉപദേശം ശ്രദ്ധിക്കുകയും കേട്ടത് മറക്കാതിരിക്കുകയും ചെയ്യും. പഠിച്ചത് അനുസരിക്കുന്ന ആ മനുഷ്യന്‍ ഇതു ചെയ്യുന്പോള്‍ അത് അവനെ സന്തോഷവാനാക്കും.
ദൈവാരാധനയ്ക്കുള്ള നേര്‍മാര്‍ഗ്ഗം
26 ഒരുവന്‍ ചിന്തിച്ചേക്കാം അവന്‍ ഒരു മതാനുയായി ആണെന്ന്. എന്നാല്‍ അവന്‍ പറയരുതാത്ത കാര്യങ്ങള്‍ പറയുന്പോള്‍ അവനെത്തന്നെ കബളിപ്പിക്കുന്നു. അവന്‍റെ “മതം” ഒന്നിനും കൊള്ളാത്തതാണ്. 27 ദൈവത്തിനു സ്വീകാര്യമായ മതമോ (ആരാധന) അനാഥരെയും വിധവകളെയും അവരുടെ കഷ്ടപ്പാടുകളില്‍ സഹായിക്കുകയും ലോകത്തിലെ കളങ്കം പുരളാതെ സൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു. ഇത്തരം ആരാധനയെയാണ് പിതാവായ ദൈവം ശുദ്ധവും കറപുരളാത്തതുമായി കരുതുന്നത്.