പരീശന്മാരെപ്പോലെയാകരുത്
12
ഇതിനിടയില്‍ വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂടി. പരസ്പരം ചവിട്ടിമെതിക്കുംവിധം അവര്‍ തിക്കിത്തിരക്കി. അവരോടു സംസാരിക്കുംമുന്പ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “പരീശന്മാരുടെ പുളിമാവിനെതിരെ ജാഗ്രത പുലര്‍ത്തുക. അവര്‍ കപടഭക്തിക്കാരാണെന്നാണു ഞാന്‍ പറഞ്ഞതിനര്‍ത്ഥം. മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെടും. രഹസ്യങ്ങളെല്ലാം പരസ്യങ്ങളാകും. ഇരുട്ടത്തു നിങ്ങള്‍ പറഞ്ഞവയെല്ലാം വെളിച്ചത്തു കേള്‍ക്കും. രഹസ്യമുറിയിലിരുന്നു നിങ്ങള്‍ മന്ത്രിച്ചതെല്ലാം പുരപ്പുറത്തു നിന്ന് വിളിച്ചു പറയപ്പെടും.”
ദൈവത്തെ മാത്രം ഭയക്കുക
(മത്താ. 10:28-31)
അനന്തരം യേശു അവരോടു പറഞ്ഞു, “എന്‍റെ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരെ ഭയപ്പെടരുത്. മനുഷ്യര്‍ക്ക് ശരീരത്തെ വധിക്കാനേ കഴിയൂ. അതിനപ്പുറം നിങ്ങളെ ഉപദ്രവിക്കാനാവില്ല. ഭയക്കേണ്ട ആളെ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം. നിങ്ങളെ കൊല്ലാനും തുടര്‍ന്നു നരകത്തിലേക്കെറിയാനും ശക്തിയുള്ള ദൈവത്തെ മാത്രം ഭയപ്പെടുക. അതെ, അവനെ മാത്രമേ, നിങ്ങള്‍ പേടിക്കേണ്ടതായുള്ളൂ.
“അഞ്ചു പക്ഷികളെ വിറ്റത് വെറും രണ്ടു നാണയങ്ങള്‍ക്കല്ലേ? പക്ഷേ ദൈവം അതൊന്നും മറക്കില്ല. അതെ, നിങ്ങളുടെ തലയില്‍ എത്ര മുടിയുണ്ടെന്നുവരെ ദൈവത്തിനറിയാം. ഭയക്കാതിരിക്കൂ! നിങ്ങള്‍ക്ക് അനേകം പക്ഷികളേക്കാള്‍ വളരെ വിലയുണ്ട്.
യേശുവിനെപ്പറ്റി ലജ്ജിക്കരുത്
(മത്താ. 10:32-33; 12:32; 10:19-20)
“ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലുമൊരാള്‍ ആളുകളുടെ മുന്പില്‍ നില്‍ക്കുകയും എന്നിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്താല്‍ ഞാന്‍* ഞാന്‍ “മനുഷ്യപുത്രന്‍” (യേശു) എന്നര്‍ത്ഥം. പറയും അയാള്‍ എന്‍റേതാണെന്ന്. ഞാനിതു ദൈവത്തിന്‍റെ ദൂതന്മാരോടും പറയും. പക്ഷേ മറ്റുള്ളവരുടെ മുന്പില്‍ എന്നില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞാല്‍ അവന്‍ എന്‍റേതല്ലെന്ന് ഞാനും പറയും. ഇതു ഞാന്‍ ദൈവത്തിന്‍റെ ദൂതന്മാരോടും പറയും.
10 “മനുഷ്യപുത്രന് എതിരായെന്തെങ്കിലും പറയുന്നവന്‍ ക്ഷമിക്കപ്പെട്ടേക്കാം. എന്നാല്‍ പരിശുദ്ധാത്മാവിനെ എതിര്‍ത്തു സംസാരിക്കുന്നവന്‍ ക്ഷമിക്കപ്പെടുകയില്ല.
11 “നിങ്ങളെ ചിലര്‍ യെഹൂദപ്പള്ളിയിലേക്കു കൊണ്ടുവന്ന് നേതാക്കളുടെയും മറ്റു പ്രമാണിമാരുടെയും മുന്പില്‍ നിര്‍ത്തുന്പോള്‍ നിങ്ങളുടെ ന്യായസമര്‍ത്ഥനത്തിനായി എങ്ങനെ എന്തു പറയുമെന്നോര്‍ത്തു വിഷമിക്കേണ്ട. 12 ആ സമയം നിങ്ങള്‍ പറയേണ്ടതെന്തെന്ന് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.”
സ്വാര്‍ത്ഥത പാടില്ലെന്ന് യേശു
13 ആള്‍ക്കൂട്ടത്തിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഞങ്ങളുടെ അപ്പന്‍ മരിച്ചു. അദ്ദേഹത്തിന്‍റെ സ്വത്തു പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു പറഞ്ഞാലും.”
14 പക്ഷേ യേശു അയാളോടു പറഞ്ഞു, “ആരു പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കണമെന്ന്? നിങ്ങള്‍ക്കിടയില്‍ സ്വത്തു വിഭജിക്കാന്‍ ഞാനാരാണ്?” 15 അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാ സ്വാര്‍ത്ഥതക്കെതിരായും ജാഗ്രത പുലര്‍ത്തുക. ആര്‍ക്കും തങ്ങളുടെ അനേകം സ്വത്തില്‍നിന്നും ജീവിതം ലഭിക്കില്ല.”
16 പിന്നീട് യേശു ഈ കഥ പറഞ്ഞു, “കുറെ ഭൂമി സ്വന്തമായുള്ള ഒരു ധനികനുണ്ടായിരുന്നു. അയാളുടെ ഭൂമിയില്‍ നല്ല വിളവുണ്ടായി. 17 അയാള്‍ ആലോചിച്ചു, ‘ഞാനെന്തു ചെയ്യും? വിളവു സൂക്ഷിക്കാനിടമില്ല.
18 “ഞാനെന്തു ചെയ്യണമെന്നെനിക്കറിയാം. പത്തായം പൊളിച്ച് വലിയ പത്തായങ്ങള്‍ നിര്‍മ്മിക്കണം. ഗോതന്പും മറ്റു നല്ല സാധനങ്ങളും അതില്‍ നിറയ്ക്കും. 19 എന്നിട്ടെനിക്ക് എന്നോടു തന്നെ പറയാം. എന്‍റെ എല്ലാ നല്ല സാധനങ്ങളും ഞാന്‍ ശേഖരിച്ചു എന്ന്. വരും വര്‍ഷങ്ങളിലേക്ക് വേണ്ടുവോളം ഞാന്‍ ശേഖരിച്ചു. പിന്നെ എല്ലാം ലഘുവായി എടുത്തു തിന്നും കുടിച്ചും ജീവിതം ആസ്വദിക്കാം.’
20 “പക്ഷേ ദൈവം അയാളോടു പറഞ്ഞു, ‘മൂഢാ, ഇന്നു രാത്രിയില്‍ നീ മരിക്കും. നിനക്കായി നീ ഒരുക്കിയ ഈ സാധനങ്ങള്‍ കൊണ്ടെന്തു ഫലം. അവ ആര്‍ക്കു ലഭിക്കും?’
21 “ഇതാണ് സ്വന്ത ആവശ്യത്തിനു സന്പാദിക്കുന്നവന്‍റെ ഗതി. ദൈവത്തിന് അയാള്‍ ധനികനല്ല.”
ദൈവരാജ്യം ആദ്യം
(മത്താ. 6:25-34; 19-21)
22 യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളുടെ ഭക്ഷണത്തെച്ചൊല്ലി വിഷമിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തിനു വേണ്ട വസ്ത്രത്തെയോര്‍ത്തും വിഷമിക്കരുത്. 23 ജീവിതം ഭക്ഷണത്തെക്കാള്‍ വലിയതാണ്. ശരീരം വസ്ത്രത്തെക്കാളും. 24 പക്ഷികളെ നോക്കൂ, അവ വിതയ്ക്കുന്നില്ല. കൊയ്യുന്നുമില്ല. പക്ഷികള്‍ പുരകളിലോ പത്തായങ്ങളിലോ ആഹാരം ശേഖരിക്കുന്നുമില്ല. പക്ഷേ ദൈവം അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ പക്ഷികളെക്കാള്‍ പലമടങ്ങു വിലയുള്ളവരാണ്. 25 ഇതെച്ചൊല്ലി ചിന്തിച്ചു വ്യാകുലപ്പെട്ട് ആരും ആയുസ്സിലെ ഒരു ദിവസം പോലും കൂട്ടുന്നില്ല. 26 ചെറിയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയാതിരിക്കെ വലിയ കാര്യങ്ങളെയോര്‍ത്ത് വേവലാതിപ്പെടുന്നതെന്തിന്?
27 “കാട്ടുപൂക്കളെ നോക്കൂ, അവര്‍ തങ്ങള്‍ക്കായി ജോലി ചെയ്യുകയോ വസ്ത്രമുണ്ടാക്കുകയോ ഇല്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, മഹാനും ധനികനുമായ ശലോമോനുപോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായി അണിഞ്ഞൊരുങ്ങാനാവില്ല. 28 മൈതാനത്തെ പുല്ലുകളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നു. ഇന്നു ജീവിക്കുന്ന ആ പുല്ലുകള്‍ ഇന്നും നാളെയും തീയിലെറിയപ്പെട്ടേക്കാം. അതിനാല്‍ അല്പവിശ്വാസികളെ ദൈവം നിങ്ങളെ അതിലും നന്നായി അണിയിച്ചൊരുക്കും.
29 “അതിനാല്‍ എപ്പോഴും എന്തു തിന്നും എന്തു കുടിക്കും എന്നതിനെപ്പറ്റി ആലോചിക്കാതിരിക്കുക. അതിനെപ്പറ്റി ദുഃഖിക്കാതിരിക്കുക. 30 ലോകത്തിലെ എല്ലാ മനുഷ്യരും അതെല്ലാം കിട്ടാനാഗ്രഹിക്കുന്നു. നിങ്ങളുടെ പിതാവായ ദൈവത്തിനറിയാം നിങ്ങള്‍ക്കെന്താണു വേണ്ടതെന്ന്. 31 നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം അന്വേഷിക്കുവിന്‍. എങ്കില്‍ നിങ്ങള്‍ക്കിതെല്ലാം നല്‍കപ്പെടും.
പണത്തില്‍ വിശ്വസിക്കരുത്
32 “ചെറിയ കൂട്ടമേ, ഭയക്കരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു, 33 നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പണം ഭിക്ഷ നല്‍കുക. ഈ ലോകത്തിന്‍റെ സന്പത്ത് നിലനില്‍ക്കില്ല. നിലനില്‍ക്കുന്ന സന്പത്തു നേടൂ. സ്വര്‍ഗ്ഗത്തിലെ നിധി നേടൂ. അത് എക്കാലവും നിലനില്‍ക്കും. സ്വര്‍ഗ്ഗത്തിലെ നിങ്ങളുടെ സന്പത്ത് കള്ളന്‍ കവരുകയില്ല. പുഴുക്കള്‍ നശിപ്പിക്കുകയില്ല. 34 നിങ്ങളുടെ നിക്ഷേപത്തോടൊപ്പമാകും നിങ്ങളുടെ ഹൃദയവും.”
തയ്യാറായിരിക്കുക
(മത്താ. 24:42-44)
35 “തയ്യാറായിരിക്കുക. പൂര്‍ണ്ണമായും വസ്ത്രം ധരിച്ചു നിങ്ങളുടെ വിളക്കു കൊളുത്തി ദാസന്മാരെപ്പോലെ നില്‍ക്കുക. 36 വിവാഹവിരുന്നു കഴിഞ്ഞുവരുന്ന യജമാനന്‍റെ വരവും കാത്തിരിക്കുന്ന ദാസന്മാരെപ്പോലെ. യജമാനന്‍ വന്നു വാതിലില്‍ മുട്ടും. അപ്പോള്‍ ദാസന്‍ അയാള്‍ക്കായി വാതില്‍ തുറന്നു കൊടുക്കണം. 37 അങ്ങനെയുള്ള ദാസര്‍ അനുഗ്രഹീതരാണ്. എന്തെന്നാല്‍ അവന്‍ യജമാനനുവേണ്ടി കാത്തിരിക്കുന്നു. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ തന്നെ ചിലപ്പോള്‍ സേവനത്തിന്‍റെ വസ്ത്രം ധരിച്ചു ദാസന്മാര്‍ക്കു വിളന്പിക്കൊടുക്കും. 38 അയാള്‍ അര്‍ദ്ധരാത്രിക്കോ അതിലും വൈകിയോ വരുന്പോഴും കാത്തിരിക്കുന്നത് യജമാനന്‍ കാണുന്പോള്‍ ദാസന്മാര്‍ അനുഗ്രഹീതര്‍.
39 “ഇതോര്‍ക്കുക, കള്ളനെപ്പോള്‍ വരുമെന്ന് വീട്ടുടമ അറിഞ്ഞെങ്കില്‍ അയാള്‍ കള്ളനെ വീടു തുരന്നു കയറാന്‍ വിടില്ല. 40 അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. മനുഷ്യപുത്രന്‍ അപ്രതീക്ഷിതമായാകും കടന്നു വരിക.”
ആരാണു വിശ്വസ്ത സേവകന്‍
(മത്താ. 24:45-51)
41 പത്രൊസ് ചോദിച്ചു, “കര്‍ത്താവേ, നീ ഈ കഥ പറഞ്ഞതു ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ?”
42 കര്‍ത്താവ് പറഞ്ഞു, “ആരാണ് വിവേകിയായ ദാസന്‍? മറ്റു ദാസന്മാര്‍ക്കു യഥാസമയം ഭക്ഷണം നല്‍കുവാന്‍ യജമാനന്‍ വിശ്വസ്തനായ ഒരു ദാസനെ തിരഞ്ഞെടുക്കും. അതിനു തിരഞ്ഞെടുക്കപ്പെടുന്നവനാര്? 43 യജമാനന്‍ വരുന്പോള്‍ തന്നെ ഏല്പിച്ച ജോലി ചെയ്യുന്നത് അയാള്‍ കാണുന്നതു ദാസനു സന്തോഷം. 44 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ അയാള്‍ക്കുള്ളതെല്ലാം നോക്കാന്‍ ആ ദാസനെ തിരഞ്ഞെടുക്കും.
45 “എന്നാല്‍ യജമാനന്‍ ഉടനെയെങ്ങും വരില്ല എന്നതുകൊണ്ട് അവന്‍ ദുഷിച്ചു പെരുമാറാന്‍ തുടങ്ങിയാലെന്തു സംഭവിക്കും? അവന്‍ മറ്റു ദാസരെ ആണ്‍പെണ്‍ ഭേദമില്ലാതെ പ്രഹരിക്കുകയും തിന്നുകയും കുടിച്ചു മത്തനാകുകയും ചെയ്താലോ? 46 അപ്പോള്‍ യജമാനന്‍ അവന്‍ പ്രതീക്ഷിക്കാത്ത സമയത്തു കടന്നുവരും. യജമാനന്‍ അവനെ ശിക്ഷിക്കും. അവനെ അവിശ്വസ്തരുടെ കൂടെ പറഞ്ഞയയ്ക്കും.
47 “യജമാനന്‍റെ ആഗ്രഹമറിഞ്ഞിട്ടും അതനുസരിച്ച് ഒരുങ്ങിയിരിക്കാതെയും ഏല്പിച്ച ജോലി ചെയ്യാതെയുമിരിക്കുന്ന ദാസനു കഠിനശിക്ഷ ലഭിക്കും. 48 യജമാനന്‍റെ ആഗ്രഹമറിയാത്ത ദാസനോ? അവന്‍ ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തികളേ ചെയ്യൂ. പക്ഷേ മറ്റെയാളെക്കാള്‍ കുറഞ്ഞ ശിക്ഷയേ അവനു ലഭിക്കൂ. കൂടുതല്‍ ഏല്പിക്കപ്പെട്ടവന്‍ കൂടുതല്‍ ഉത്തരവാദിയാണ്. അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.”
യേശുവിനോടു യോജിക്കുന്നില്ല
(മത്താ. 10:34-36)
49 യേശു തുടര്‍ന്നു പറഞ്ഞു, “ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നിരിക്കുന്നത്. അതിപ്പോഴും കത്തി എരിഞ്ഞെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. 50 എനിക്കു വ്യത്യസ്തമായൊരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്. അതു തീരുവോളം എനിക്കു വലിയ ഞെരുക്കം തോന്നുന്നു. 51 ഞാന്‍ ലോകത്തു സമാധാനം സ്ഥാപിക്കാനാണു വന്നതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല ഞാന്‍ ഈ ലോകം വിഭജിക്കാനാണു വന്നത്. 52 അഞ്ചംഗങ്ങളുള്ള ഒരു കുടുംബം, മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും, രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും തിരിയും.
53 അപ്പന്‍ മകനെതിരായും
മകന്‍ അപ്പനെതിരായും
വിഭജിക്കപ്പെടും.
അമ്മ മകള്‍ക്കെതിരായും
മകള്‍ അമ്മയ്ക്കെതിരായും
വിഭജിക്കപ്പെടും.
അമ്മായിയമ്മ മരുമകള്‍ക്കെതിരായും
മരുമകള്‍ അമ്മായിയമ്മയ്ക്കെതിരായും
വിഭജിക്കപ്പെടും.”
കാലത്തെ മനസ്സിലാക്കുന്നു
(മത്താ. 16:2-3)
54 അപ്പോള്‍ യേശു ജനക്കൂട്ടത്തോടു പറഞ്ഞു, “പടിഞ്ഞാറ്, മേഘം വളരുന്നതു കാണുന്പോള്‍ നിങ്ങള്‍ പറയും ‘മഴ വരുന്നു’ താമസിയാതെ മഴ പെയ്യുകയും ചെയ്യും. 55 തെക്കു നിന്ന് കാറ്റു വീശുന്പോള്‍ നിങ്ങള്‍ പറയും ‘ഇന്ന് ചൂടു ദിവസം’ ആയിരിക്കും. അത് അങ്ങനെ ആവുകയും ചെയ്യുന്നു. 56 കപടഭക്തിക്കാരേ, നിങ്ങള്‍ക്കു കാലാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ കാലത്തെ നിങ്ങളെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.
നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക
(മത്താ. 5:25-26)
57 “ഏതാണു ശരിയെന്നു നിങ്ങളെന്താണു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിക്കാത്തത്? 58 ആരെങ്കിലും നിങ്ങള്‍ക്കെതിരെ കുറ്റമാരോപിക്കുകയും നിങ്ങള്‍ അയാളുടെ കൂടെ കോടതിയില്‍ പോവുകയും ചെയ്യുന്പോള്‍ വഴിക്കുവച്ചു തന്നെ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അയാള്‍ നിങ്ങളെ ന്യായാധിപന്‍റെ മുന്പിലെത്തിക്കും. ന്യായാധിപന്‍ നിങ്ങളെ ഉദ്യോഗസ്ഥന്‍റെ കൈയില്‍ ഏല്പിക്കും. അയാള്‍ നിങ്ങളെ തടവറയിലേക്ക് എറിയുകയും ചെയ്യും. 59 എല്ലാം എടുത്തതിനുശേഷമല്ലാതെ അവര്‍ നിങ്ങളെ അവിടെ നിന്നും വിടില്ല.”