ദൈവം അവന്‍റെ ആള്‍ക്കാര്‍ക്ക് ഉത്തരം നല്‍കും
18
അനന്തരം എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. അതിനവന്‍ ഒരു കഥ ഉപയോഗിച്ചു: “ഒരിക്കല്‍ ഒരു പട്ടണത്തില്‍ ഒരു ന്യായാധിപനുണ്ടായിരുന്നു. അയാള്‍ ദൈവത്തെ പേടിച്ചിരുന്നില്ല. തന്നെപ്പറ്റി ആളുകളെന്തു കരുതും എന്നും അയാള്‍ ചിന്തിച്ചിരുന്നില്ല. അതേ പട്ടണത്തില്‍ ഒരു വിധവ താമസിച്ചിരുന്നു. അവള്‍ പല തവണ ന്യായാധിപനെ സമീപിച്ചു പറഞ്ഞു, ‘എന്‍റെ ശത്രുവിനെതിരെ എനിക്കു നീതി തന്നാലും.’ എന്നാല്‍ ആ സ്ത്രീയെ സഹായിക്കാന്‍ ന്യായാധിപന് താല്പര്യമില്ലായിരുന്നു. കുറെക്കാലത്തിനു ശേഷം അയാള്‍ സ്വയം ചിന്തിച്ചു, ‘ദൈവത്തെ എനിക്കു പേടിയില്ല. നാട്ടുകാരെന്തു കരുതുമെന്നും പ്രശ്നമല്ല. പക്ഷേ ഈ സ്ത്രീ എന്നെ ശല്യപ്പെടുത്തുന്നു. എന്നാല്‍ അവരുടെ ആവശ്യം ഞാന്‍ നിറവേറ്റുകയാണെങ്കില്‍ അവളെന്നെ വിട്ടുപൊയ്ക്കൊള്ളും. ഞാനതു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍ ഞാന്‍ രോഗിയാകുംവരെ അവളെന്നെ ശല്യപ്പെടുത്തും.’”
കര്‍ത്താവ് പറഞ്ഞു, “ശ്രദ്ധിക്കൂ, നീചനായ ന്യായാധിപന്‍ പറയുന്നതു കേള്‍ക്കൂ. ദൈവത്തിന്‍റെ ആളുകള്‍ ദൈവത്തോടു നിലവിളിക്കും. ദൈവം അവന്‍റെയാളുകള്‍ക്ക് ശരിയായതു നല്‍കും. അവന്‍റെയാളുകള്‍ക്ക് മറുപടി നല്‍കാന്‍ ദൈവം വൈകില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം അവന്‍റെ ആളുകളെ വേഗത്തില്‍ സഹായിക്കും. പക്ഷേ, മനുഷ്യപുത്രന്‍ വീണ്ടും വരുന്പോള്‍ അവനില്‍ വിശ്വസിക്കുന്നവനെ ഭൂമിയില്‍ കാണാനാകുമോ?”
ദൈവത്തിനു മുന്പില്‍ നീതിമാനായിരിക്കുക
തങ്ങള്‍ വളരെ നല്ലവരാണെന്നു കരുതിയിരുന്ന ചിലര്‍ അവിടെയുണ്ടായിരുന്നു. മറ്റുള്ളവരെക്കാള്‍ തങ്ങള്‍ മിടുക്കരാണെന്നവര്‍ നടിച്ചിരുന്നു. അവരെ പഠിപ്പിക്കുന്നതിന് യേശു ഈ കഥ ഉപയോഗിച്ചു. 10 “ഒരിക്കല്‍ ഒരു പരീശനും ചുങ്കക്കാരനും ജീവിച്ചിരുന്നു. ഒരു ദിവസം അവരിരുവരും പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തിലേക്കു പോയി. 11 പരീശന്‍ ചുങ്കക്കാരനില്‍നിന്നും വളരെ അകന്ന് ഒറ്റയ്ക്കു നിന്നു. പ്രാര്‍ത്ഥനയില്‍ പരീശന്‍ ഇങ്ങനെ പറഞ്ഞു, ‘ദൈവമേ, ഞാന്‍ മറ്റുള്ളവരെപ്പോലെ ദുഷിച്ചവനല്ലാത്തതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു. ഞാന്‍ മോഷ്ടാവോ, വഞ്ചകനോ, വ്യഭിചരിക്കുന്നവനോ അല്ല. ഈ ചുങ്കക്കാരനെക്കാള്‍ ഞാന്‍ നല്ലവനായതിനാല്‍ ഞാനങ്ങയ്ക്കു നന്ദി പറയുന്നു. 12 ഞാന്‍ നല്ലവനാണ്, ഞാനാഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. നേടുന്നതിന്‍റെ പത്തിലൊന്ന് ഞാന്‍ ദാനം ചെയ്യുന്നുമുണ്ട്.’
13 “ചുങ്കക്കാരനും ഒറ്റയ്ക്കായിരുന്നു നിന്നിരുന്നത്. എന്നാലയാള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കൊന്ന് നോക്കുക കൂടി ഉണ്ടായില്ല. അയാള്‍ ദൈവത്തിന്‍റെ മുന്പില്‍ വിനീതനായി. അയാള്‍ പറഞ്ഞു, ‘ദൈവമേ എന്നില്‍ കരുണയുണ്ടാകേണമേ. ഞാനൊരു പാപിയാണ്.’ 14 ഞാന്‍ നിങ്ങളോടു പറയുന്നു, ഇയാള്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് ദൈവസന്നിധിയില്‍ നീതിമാനായി വീട്ടിലേക്കു പോകും. എന്നാല്‍ താന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണെന്ന് സ്വയം തോന്നിയ പരീശന്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടവനല്ല. സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. വിനീതനായവന്‍ ഉയര്‍ത്തപ്പെടും.”
ദൈവരാജ്യത്തില്‍ പ്രവേശനം ആര്‍ക്ക്
(മത്താ. 19:13-15; മര്‍ക്കൊ. 10:13-16)
15 ചിലര്‍ തങ്ങളുടെ ശിശുക്കളെ യേശുവിന്‍റെ സ്പര്‍ശനത്തിനായി കൊണ്ടുവന്നു. അതു കണ്ട ശിഷ്യന്മാര്‍ അവരെ ശകാരിച്ചു. 16 എന്നാല്‍ യേശു കുട്ടികളെ തന്‍റെ അടുക്കലേക്കു വിളിച്ചിട്ട് ശിഷ്യന്മാരോടു പറഞ്ഞു, “കൊച്ചുകുട്ടികള്‍ എന്‍റെ അടുത്തോട്ടു വന്നോട്ടെ. അവരെ തടയരുത്. എന്തെന്നാല്‍ ആ കൊച്ചുകുട്ടികളെപ്പോലെയുള്ളവര്‍ക്കാണ് ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കുക. 17 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഒരു കൊച്ചുകുട്ടി എന്തെങ്കിലും സ്വീകരിക്കുന്പോലെ ദൈവരാജ്യത്തെ നിങ്ങള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്കതിലൊരിക്കലും പ്രവേശിക്കാനാവില്ല.”
ഒരു ധനികന്‍ യേശുവിനോടു ചോദ്യം ചോദിക്കുന്നു
(മത്താ. 19:16-30; മര്‍ക്കൊ. 10:17-31)
18 ഒരു യെഹൂദപ്രമാണി യേശുവിനോടു ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവിതം കിട്ടാന്‍ ഞാനെന്തു ചെയ്യണം?”
19 യേശു അയാളോടു ചോദിച്ചു, “എന്താണു നീയെന്നെ നല്ലവനെന്നു വിളിച്ചത്. ദൈവം മാത്രമാണു നല്ലവന്‍. 20 എന്നാല്‍ നിന്‍റെ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം. ദൈവകല്പനകള്‍ നിനക്കറിയില്ലേ? ‘വ്യഭിചരിക്കരുത്, ആരെയും കൊല്ലരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളസാക്ഷ്യം പറയരുത്. അപ്പനെയും അമ്മയെയും ബഹുമാനിക്കണം.’” ഉദ്ധരണി പുറ. 20:12-16; ആവ. 5:16-20.
21 എന്നാല്‍ പ്രമാണി പറഞ്ഞു, “ഈ കല്പനകളെല്ലാം ചെറുപ്പം മുതല്‍ക്കേ ഞാന്‍ അനുസരിക്കുന്നുണ്ട്.”
22 അതു കേട്ട യേശു അയാളോടു പറഞ്ഞു, “എന്നാല്‍ നീ ചെയ്യേണ്ടതായി ഒന്നുകൂടിയുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു കിട്ടുന്ന പണം പാവങ്ങള്‍ക്കു കൊടുക്കുക. നിനക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം കിട്ടും. എന്നിട്ട് വന്ന് എന്നെ പിന്തുടരുക.” 23 പക്ഷേ ഇതുകേട്ട് അയാള്‍ ദുഃഖിതനായി. കാരണം അയാള്‍ വളരെ വലിയ പണക്കാരനായിരുന്നു.
24 അയാളുടെ സങ്കടം കണ്ട യേശു പറഞ്ഞു, “ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക വിഷമമാണ്. 25 ധനികന്‍റെ ദൈവരാജ്യപ്രവേശനത്തെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കാന്‍.”
രക്ഷിക്കപ്പെടുന്നതാര്?
26 അതു കേട്ടവര്‍ ചോദിച്ചു, “പിന്നെ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും?”
27 യേശു പറഞ്ഞു, “മനുഷ്യര്‍ക്ക് ചെയ്യാനാകാത്തത് ദൈവത്തിനു ചെയ്യാനാകും.”
28 പത്രൊസ് പറഞ്ഞു, “നോക്കൂ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് അങ്ങയെ പിന്തുടരുന്നു.”
29 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. 30 ദൈവരാജ്യത്തിനുവേണ്ടി തന്‍റെ വീടും, ഭാര്യ, സഹോദരങ്ങള്‍, അപ്പനമ്മമാര്‍, മക്കള്‍ എന്നിവരെയും ഉപേക്ഷിച്ചവര്‍ക്ക് അതിലും കൂടുതല്‍ കിട്ടും. തന്‍റെ ജീവിതത്തിലയാള്‍ക്കു പലമടങ്ങ് കിട്ടും. അയാള്‍ മരിച്ചു കഴിഞ്ഞ് ദൈവത്തോടൊത്ത് നിത്യകാലം വസിക്കും.”
യേശു ഉയിര്‍ത്തെഴുന്നേല്‍ക്കും
(മത്താ. 20:17-19; മര്‍ക്കൊ. 10:32-34)
31 അനന്തരം യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരെയും ഒരു വശത്തേക്കു വിളിച്ചു സംസാരിച്ചു. അവന്‍ പറഞ്ഞു, “ശ്രദ്ധിക്കൂ, നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെപ്പറ്റി എഴുതാന്‍ ദൈവം പ്രവാചകരോടു കല്പിച്ചതെല്ലാം സംഭവിക്കും. 32 അവന്‍റെ ആള്‍ക്കാര്‍ അവനെതിരായി തിരിയുകയും അവനെ ജാതികള്‍ക്കു* ജാതികള്‍ “ജനതകള്‍” ജാതികള്‍ അവിശ്വാസികള്‍, യെഹൂദരല്ലാത്തവര്‍ എന്നര്‍ത്ഥം. കൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും മുഖത്തു തുപ്പുകയും ചെയ്യും. അവര്‍ അവനെ അപമാനിക്കും. 33 അവര്‍ അവനെ ചാട്ടകൊണ്ടടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാല്‍ മരണത്തിന്‍റെ മൂന്നാംനാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.” 34 അപ്പൊസ്തലന്മാര്‍ക്കിതു മനസ്സിലായില്ല. അര്‍ത്ഥം അവര്‍ക്കു മറവായിരുന്നു. അവന്‍റെ വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല.
യേശു അന്ധനെ സുഖപ്പെടുത്തുന്നു
(മത്താ. 20:29-34; മര്‍ക്കൊ. 10:46-52)
35 യേശു യെരീഹോപട്ടണത്തിനടുത്തെത്തി. അവിടെയൊരു അന്ധന്‍ വഴിയോരത്ത് യാചിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 36 ആളുകള്‍ നടന്നു നീങ്ങുന്നതിന്‍റെ ശബ്ദം കേട്ട് അയാള്‍ അന്വേഷിച്ചു, “എന്തുണ്ടായി?”
37 ആളുകള്‍ പറഞ്ഞു, “നസറെത്തില്‍നിന്ന് യേശു എന്നൊരാള്‍ ഇങ്ങോട്ടു വരുന്നു.”
38 അന്ധന്‍ വളരെ ഉച്ചത്തില്‍ പറഞ്ഞു, “യേശുവേ, ദാവീദിന്‍റെ പുത്രാ, എന്നോടു കരുണ കാട്ടേണമേ.”
39 ജനക്കൂട്ടത്തെ നയിച്ചിരുന്നവര്‍ അവനെ ശാസിച്ചു. അവര്‍ അവനോട് മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. പക്ഷേ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുകൂവി. “ദാവീദിന്‍റെ പുത്രാ, എന്നോടു കരുണ കാട്ടൂ!”
40 യേശു അവിടെ നിന്നു പറഞ്ഞു, “ആ അന്ധനെ ഇങ്ങോട്ടു വിളിക്കൂ.” അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു, 41 “നിനക്കു എന്താണു ഞാന്‍ ചെയ്തു തരേണ്ടത്?”
അന്ധന്‍ പറഞ്ഞു, “കര്‍ത്താവേ, എനിക്കു കാഴ്ച തിരിച്ചു തരൂ.”
42 യേശു അവനോടു പറഞ്ഞു, “നോക്കൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”
43 അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അയാള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതെല്ലാം കണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തി.