യെഹൂദനേതാക്കള്‍ യേശുവിനോടു ചോദ്യം ചോദിക്കുന്നു
(മത്താ. 21:23-27; മര്‍ക്കൊ. 11:27-33)
20
ഒരു ദിവസം യേശു ദൈവാലയത്തില്‍ ആളുകളെ ഉപദേശിക്കുകയായിരുന്നു. അവന്‍ ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം അവരോടു പറഞ്ഞു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അവനോടു സംസാരിക്കാനെത്തി. അവര്‍ ചോദിച്ചു, “പറയൂ, ഇതെല്ലാം ചെയ്യാന്‍ നിനക്കെന്താണധികാരം? നിനക്കാരാണധികാരം തന്നത്?”
യേശു പറഞ്ഞു, “ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കാം. പറയൂ: യോഹന്നാന്‍ ആളുകളെ സ്നാനപ്പെടുത്തിയപ്പോള്‍ അത് ദൈവത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ വന്നത്?”
പുരോഹിതരും ശാസ്ത്രിമാരും യെഹൂദനേതാക്കളും ഇതിനെപ്പറ്റി സംസാരിച്ചു. അവര്‍ പരസ്പരം പറഞ്ഞു, “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നു വന്നു എന്നു നമ്മള്‍ പറഞ്ഞാല്‍ അവന്‍ ചോദിക്കും, ‘പിന്നെ നിങ്ങളെന്തുകൊണ്ട് യോഹന്നാനില്‍ വിശ്വസിച്ചില്ല.’ പക്ഷേ, ‘യോഹന്നാന്‍റെ സ്നാനം മനുഷ്യനില്‍ നിന്നു വന്നു’ എന്നു പറഞ്ഞാല്‍ ജനങ്ങള്‍ നമ്മെ കല്ലെറിഞ്ഞു കൊല്ലും. എന്തെന്നാല്‍ യോഹന്നാന്‍ പ്രവാചകനാണെന്നവര്‍ വിശ്വസിച്ചിരുന്നു.” അതിനാലവര്‍ പറഞ്ഞു, “ഉത്തരം ഞങ്ങള്‍ക്കറിയില്ല.”
യേശു അവരോടു പറഞ്ഞു, “എങ്കില്‍ ഇതെല്ലാം ചെയ്യാന്‍ എനിക്കെന്തധികാരമെന്ന് ഞാനും പറയില്ല.”
ദൈവം തന്‍റെ പുത്രനെ അയയ്ക്കുന്നു
(മത്താ. 21:33-46; മര്‍ക്കൊ. 12:1-12)
അപ്പോള്‍ യേശു അവരോട് ഈ കഥ പറഞ്ഞു, “ഒരാള്‍ തന്‍റെ തോട്ടത്തില്‍ മുന്തിരിച്ചെടികള്‍ നട്ടു. അയാള്‍ തോട്ടം ചില കര്‍ഷകര്‍ക്കു പാട്ടത്തിനു കൊടുത്തു. എന്നിട്ടയാള്‍ നീണ്ട കാലത്തേക്ക് ഒരു ദൂരയാത്ര പോയി. 10 മുന്തിരിയുടെ വിളവെടുപ്പുകാലമായി. തോട്ടമുടമ തന്‍റെ പങ്കിനായി ഒരു ദാസനെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍ കൃഷിക്കാര്‍ ദാസനെ മര്‍ദ്ദിച്ച് ഒന്നും കൊടുക്കാതെ പറഞ്ഞയച്ചു, 11 ഉടമ അടുത്ത ദാസനെ അയച്ചു. അയാളെയും കൃഷിക്കാര്‍ മര്‍ദ്ദിക്കുകയും ഒട്ടും മാനിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തു. 12 ഉടമ മൂന്നാമതൊരു ദാസനെക്കൂടി അയച്ചു. അവര്‍ അവനെ ക്രൂരമായി മര്‍ദ്ദിച്ചു മുറിവേല്പിച്ചു പുറന്തള്ളി.
13 “തോട്ടമുടമ പറഞ്ഞു, ‘ഞാനിനി എന്തു ചെയ്യും, ഞാനെന്‍റെ മകനെ ഇനി അയയ്ക്കും. അവനെ ഞാന്‍ വളരെ സ്നേഹിക്കുന്നു. ഒരു പക്ഷേ കൃഷിക്കാര്‍ അവനോടു ആദരവു കാട്ടും.’ 14 ഉടമയുടെ മകനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു, ‘ഇത് ഉടമയുടെ മകനാണ്. ഈ തോട്ടം അവന്‍റേതായിരിക്കും. നമ്മള്‍ അവനെ കൊന്നാല്‍ ഈ തോട്ടം നമ്മുടേതാകും.’ 15 അതിനാലവര്‍ മകനെ തോട്ടത്തിനു പുറത്താക്കി. പിന്നീട് അവര്‍ അവനെ കൊന്നു.
“തോട്ടമുടമ അവരോടെന്തു ചെയ്യും? 16 അയാള്‍ വന്ന് ആ കര്‍ഷകരെ കൊല്ലും. എന്നിട്ട് തോട്ടം മറ്റു കൃഷിക്കാര്‍ക്കു നല്‍കും.”
ആളുകള്‍ ഈ കഥ കേട്ടു. അവര്‍ പറഞ്ഞു, ഇല്ല, “അതൊരിക്കലും സംഭവിക്കില്ല.” 17 പക്ഷേ യേശു അവരുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: “പിന്നെ ഈ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്:
'പണിക്കാര്‍ വലിച്ചെറിയുന്ന കല്ല് മൂലക്കല്ലാവും?’ സങ്കീര്‍ത്തനം 118:22
18 ആ കല്ലിനു മുകളില്‍ വീഴുന്നവര്‍ തകരും. കല്ല് നിങ്ങളുടെമേല്‍ വീണാല്‍ നിങ്ങള്‍ പൊടിയും.”
19 യേശു പറഞ്ഞ ഈ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെപ്പറ്റിയാണെന്നവര്‍ അറിഞ്ഞു. അതിനാല്‍ ആ സമയം യേശുവിനെ തടവിലാക്കണമെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ ജനങ്ങളെ അവര്‍ ഭയന്നു.
യെഹൂദപ്രമാണിമാര്‍ യേശുവിനെ കുരുക്കാന്‍ നോക്കുന്നു
(മത്താ. 22:15-22; മര്‍ക്കൊ. 12:13-17)
20 യേശുവിനെ കുരുക്കാന്‍ പറ്റിയ സമയം നോക്കി ശാസ്ത്രിമാരും പുരോഹിതരുമിരുന്നു. അവര്‍ ചിലരെ യേശുവിന്‍റെ സമീപത്തേക്കയച്ചു. നല്ലവരെന്ന് യേശുവിന്‍റെ മുന്പില്‍ നടിക്കണമെന്ന് അവരെ ചട്ടം കെട്ടിയിരുന്നു. യേശു പറയുന്നതില്‍ തെറ്റു കണ്ടെത്താന്‍ അവര്‍ ശ്രമിച്ചു. (അങ്ങനെ തെറ്റെന്തെങ്കിലും കണ്ടുപിടിച്ചാല്‍ അവര്‍ക്ക് അവനെ, അവന്‍റെമേല്‍ ശക്തിയും അധികാരവുമുള്ള ഭരണാധിപനെ ഏല്പിക്കാം) 21 അവര്‍ യേശുവിനോടു ചോദിച്ചു, “ഗുരോ, അങ്ങു പറയുന്നതും പഠിപ്പിക്കുന്നതും സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. വിവേചിക്കാതെ ഇതുതന്നെ നീ എല്ലാവരെയും പഠിപ്പിക്കുന്നു. ദൈവമാര്‍ഗ്ഗത്തെപ്പറ്റിയുള്ള സത്യം നീ എപ്പോഴും പഠിപ്പിക്കുന്നു. 22 ഞങ്ങളോടു പറയൂ, ഞങ്ങള്‍ കൈസര്‍ക്കു നികുതി കൊടുക്കുന്നത് ശരിയോ? തെറ്റോ, ശരിയോ എന്നു പറയുക?”
23 ഇവര്‍ തന്നെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ അവരോടു പറഞ്ഞു, 24 “ഒരു നാണയം* ഒരു നാണയം ഈ ഒരു വെള്ളി നാണയം ദിനാറിസ് ഒരു ദിവസത്തെ കൂലിയായിരുന്നു. എന്നെ കാണിക്കൂ. ആരുടെ പടമാണിതിലുള്ളത്? ആരുടെ പേരാണ് അതിന്‍റെ പുറത്ത് മുദ്രണം ചെയ്തിട്ടുള്ളത്?” അവര്‍ പറഞ്ഞു, “കൈസറുടേത്.”
25 യേശു അവരോടു പറഞ്ഞു, “അപ്പോള്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുത്തേക്കുക. ദൈവത്തിനുള്ളത് ദൈവത്തിനും.”
26 അവന്‍റെ വിവേകപൂര്‍ണ്ണമായ ഉത്തരം അവരെ അത്ഭുതപ്പെടുത്തി. അവര്‍ക്കൊന്നും പറയാനായില്ല. ആള്‍ക്കാരുടെ മുന്പില്‍ അവനെ കുരുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. തനിക്കെതിരായവര്‍ക്കു പാകത്തിന് ഉപയോഗിക്കാന്‍ യേശു ഒന്നും പറഞ്ഞില്ല.
ചില സദൂക്യര്‍ യേശുവിനെ കുരുക്കാന്‍ ശ്രമിക്കുന്നു
(മത്താ. 22:23-33; മര്‍ക്കൊ. 12:18-27)
27 ഏതാനും സദൂക്യര്‍ യേശുവിനെ സമീപിച്ചു. (അവര്‍ ഉയര്‍ത്തെഴുന്നേല്പില്‍ വിശ്വസിച്ചിരുന്നില്ല.) അവര്‍ യേശുവിനോടു ചോദിച്ചു, 28 “ഗുരോ, വിവാഹിതനായ ഒരാള്‍ മരിക്കുകയും അയാള്‍ക്കു കുട്ടികളില്ലാതെ വരികയും ചെയ്താല്‍ അയാളുടെ വിധവയെ അയാളുടെ സഹോദരന്‍ വിവാഹം കഴിക്കണമെന്ന് മോശെ എഴുതിയിരിക്കുന്നു. അവര്‍ സഹോദരനുവേണ്ടി സന്താനങ്ങളെ സൃഷ്ടിക്കണം. വിവാഹിതനായ … സൃഷ്ടിക്കണം കാണുക ആവ.25:5,6. 29 ഒരിക്കല്‍ ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. മൂത്തയാള്‍ വിവാഹം കഴിച്ചെങ്കിലും കുട്ടികളില്ലാതെ മരിച്ചു. 30 അപ്പോള്‍ രണ്ടാമന്‍ ആ സ്ത്രീയെ വിവാഹം കഴിച്ചു. അയാളും കുട്ടികളുണ്ടാകാതെ മരിച്ചു. 31 മൂന്നാമനും അവരെ വിവാഹം കഴിച്ചശേഷം മരിച്ചു. എല്ലാ ഏഴു സഹോദരന്മാര്‍ക്കും അതുതന്നെ സംഭവിച്ചു. എല്ലാവരും കുട്ടികളില്ലാതെ മരിച്ചു. 32 പക്ഷേ ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചു. 33 അതിനാല്‍ ഉയിര്‍ത്തെഴുന്നേല്പു സംഭവിക്കുന്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും?”
34 യേശു സദൂക്യരോടു പറഞ്ഞു, “ഈ ലോകത്തില്‍ മനുഷ്യര്‍ പരസ്പരം വിവാഹം കഴിക്കുന്നു. 35 ചിലര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനും വീണ്ടും ജീവിക്കുന്നതിനും അര്‍ഹരാണ്. ആ ജീവിതത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല. 36 കാരണം അവര്‍ ദൂതന്മാര്‍ക്കു തുല്യരാകയാല്‍ മരിക്കയില്ല. മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ അവര്‍ ദൈവത്തിന്‍റ സന്തതികളാണ്. 37 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് മോശെ സൂചിപ്പിച്ചിട്ടുണ്ട്. കത്തുന്ന മുള്‍ച്ചെടികളെപ്പറ്റി എഴുതുന്നിടത്ത് മോശെ, ‘കര്‍ത്താവായ ദൈവം അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണെന്ന്’ കര്‍ത്താവായ ദൈവം … ദൈവമാണെന്ന് ഉദ്ധരണി പുറ.3:6. എഴുതിയിട്ടുണ്ട്. 38 ഞാന്‍ അവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ മരിച്ചിട്ടില്ല. അവന്‍ മരിച്ചവരുടെ ദൈവമല്ല. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്. അവന്‍റെ കാഴ്ചപ്പാടില്‍ അവനുള്ളവരെല്ലാം ജീവിക്കുന്നു.”
39 ശാസ്ത്രിമാരില്‍ ചിലര്‍ പറഞ്ഞു, “ഗുരോ, അങ്ങയുടെ ഉത്തരം നന്നായിരിക്കുന്നു.” 40 മറ്റൊരു ചോദ്യം അവനോടു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.
ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ തന്നെയോ?
(മത്താ. 22:41-46; മര്‍ക്കൊ. 12:35-37)
41 അപ്പോള്‍ യേശു ചോദിച്ചു, “ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്ന് ആളുകള്‍ എങ്ങനെ പറയാനാവും? 42 സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദു തന്നെ പറയുന്നു:
‘കര്‍ത്താവ് (ദൈവം) എന്‍റെ കര്‍ത്താവിനോട് അരുളി:
എന്‍റെ വലതുവശത്ത് ഇരിക്കുക,
43 നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴില്‍ ഞാന്‍ കൊണ്ടുവരും വരെ.’ സങ്കീര്‍ത്തനം 110:1
44 ക്രിസ്തുവിനെ ദാവീദ്, ‘കര്‍ത്താവ് എന്നു വിളിക്കുന്നു, എന്നാല്‍ ക്രിസ്തു ദാവീദിന്‍റെ മകനാണ്. ഇതു രണ്ടും എങ്ങനെ ശരിയാകും?’”
ശാസ്ത്രിമാര്‍ക്കെതിരെ മുന്നറിയിപ്പ്
(മത്താ. 23:1-36; മര്‍ക്കൊ. 12:38-40; ലൂക്കൊ. 11:37-54)
45 എല്ലാവരും യേശുവിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, 46 “ശാസ്ത്രിമാരെ സൂക്ഷിക്കുക. അവര്‍ പ്രധാനമെന്നു തോന്നിക്കുന്ന വസ്ത്രമിട്ടു നടക്കാനിഷ്ടപ്പെടുന്നു. ചന്തയില്‍ ആളുകള്‍ തങ്ങളെ വണങ്ങുന്നത് അവര്‍ക്കിഷ്ടമാണ്. യെഹൂദപ്പള്ളികളിലും വിരുന്നുകളിലും അതിപ്രധാന ഇരിപ്പിടങ്ങളും അവരാഗ്രഹിക്കുന്നു. 47 അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. എന്നിട്ട് നീണ്ട പ്രാര്‍ത്ഥനകൊണ്ട് തങ്ങളെത്തന്നെ നല്ലവരെന്നു കാണിക്കാന്‍ ശ്രമിക്കുന്നു. ദൈവം അവരെ വളരെ ശിക്ഷിക്കും.”