യെഹൂദനേതാക്കള്‍ക്ക് യേശുവിനെ കൊല്ലണം
(മത്താ. 26:1-5,14-16; മര്‍ക്കൊ. 14:1-2, 10-11; യോഹ. 11:45-53)
22
യെഹൂദരുടെ പെസഹ എന്നു പേരുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏതാണ്ടടുത്തു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴികള്‍ ആലോചിക്കുകയായിരുന്നു. പക്ഷേ അവര്‍ ജനങ്ങളെ ഭയന്നു.
യൂദാ യേശുവിനെതിരെ ഗൂഢാലോചന നടത്തുന്നു
(മത്താ. 26:14-16; മര്‍ക്കൊ. 14:10-11)
യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ യൂദാഈസ്ക്കാര്യോത്ത് എന്നൊരുവനുണ്ടായിരുന്നു. സാത്താന്‍ അവനില്‍ പ്രവേശിച്ച് അവനെക്കൊണ്ട് തെറ്റു ചെയ്യിച്ചു. യൂദാ മഹാപുരോഹിതന്മാരെയും ദൈവാലയത്തിനു കാവല്‍ നിന്ന പടയാളികളെയും കണ്ട് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചു. പുരോഹിതര്‍ ഇതില്‍ സന്തുഷ്ടരായി. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് അവര്‍ യൂദായ്ക്ക് പണം വാഗ്ദാനം ചെയ്തു. യൂദാ സമ്മതിച്ചു. അവന്‍ അതിനുള്ള തരം പാര്‍ത്തിരുന്നു. യേശുവിനു ചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയം യൂദാ നോക്കിയിരുന്നു.
പെസഹാ ഭക്ഷണത്തിനുള്ള തയ്യാറെടുപ്പ്
(മത്താ. 26:17-25; മര്‍ക്കൊ. 14:12-21; യോഹ. 13:21-30)
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിവസം എത്തി. അന്നാണ് യെഹൂദര്‍ പെസഹാക്കുഞ്ഞാടിനെ യാഗമര്‍പ്പിച്ചിരുന്നത്. യേശു പത്രൊസിനോടും യോഹന്നാനോടും പറഞ്ഞു, “പോയി നമുക്കു കഴിക്കാന്‍ പെസഹാഭക്ഷണമൊരുക്കുക.”
അവര്‍ യേശുവിനോടു ചോദിച്ചു, “എവിടെയാണ് ഞങ്ങള്‍ ഒരുക്കേണ്ടത്?”
യേശു അവരോടു പറഞ്ഞു, 10 “ശ്രദ്ധിക്കുക. യെരൂശലേംനഗരത്തിലേക്കു ചെല്ലുന്പോള്‍ ഒരു കുടം വെള്ളവുമായി നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ കാണും. അവനെ പിന്തുടരുക. അവന്‍ ഒരു വീട്ടിലേക്കു കയറും. അവനോടൊപ്പം പോവുക. 11 വീട്ടുടമയോട്, ‘തനിക്കും തന്‍റെ ശിഷ്യന്മാര്‍ക്കും പെസഹാഭക്ഷണം ഭക്ഷിക്കാനുള്ള സ്ഥലം എവിടെ എന്നു കാണിച്ചുതരുവാന്‍ ഗുരു ആവശ്യപ്പെടുന്നു’ എന്നു പറയുക. 12 അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടുള്ള ഒരു വലിയ മുറി കാണിച്ചുതരും. അവിടെ ഭക്ഷണമൊരുക്കുക.”
13 പത്രൊസും യോഹന്നാനും പുറപ്പെട്ടു. യേശു പറഞ്ഞതുപോലെയെല്ലാം നടന്നു. അവര്‍ പെസഹാ ഭക്ഷണം ഒരുക്കി.
കര്‍ത്താവിന്‍റെ അത്താഴം
(മത്താ. 26:26-30; മര്‍ക്കൊ. 14:22-26; 1കൊരി. 11:23-25)
14 പെസഹാഭക്ഷണം കഴിക്കാനുള്ള സമയമായി. യേശുവും അപ്പൊസ്തലന്മാരും മേശയ്ക്കു ചുറ്റും ഇരിക്കുകയായിരുന്നു. 15 യേശു അവരോടു പറഞ്ഞു, “മരിക്കുംമുന്പ് നിങ്ങളോടൊത്ത് ഈ പെസഹാഭക്ഷണം കഴിക്കണമെന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. 16 ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാക്കുംവരെ മറ്റൊരു പെസഹാഭക്ഷണം ഞാന്‍ കഴിക്കില്ല.”
17 അനന്തരം യേശു ഒരു കോപ്പ വീഞ്ഞെടുത്തു. അവന്‍ അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു, “ഈ കോപ്പയെടുത്ത് ഇവിടെയുള്ള എല്ലാവരും ഇതില്‍നിന്നും പങ്കു പറ്റുക. 18 ദൈവരാജ്യം വരുംവരെ ഞാനിനി വീഞ്ഞു കുടിക്കില്ല.”
19 പിന്നീട് യേശു അപ്പം എടുത്തു. അവന്‍ അപ്പത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അത് വീതിച്ചു. അവന്‍ അത് എല്ലാ അപ്പൊസ്തലന്മാര്‍ക്കും നല്‍കി. യേശു പറഞ്ഞു, “എന്‍റെ ശരീരമായ ഈ അപ്പം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുക.” 20  + ഗ്രീക്കു പതിപ്പുകളില്‍ പത്തൊന്പതാം വാക്യം അവസാനഭാഗവും ഇരുപതാം വാക്യവും കാണുന്നില്ല. അതുപോലെ തന്നെ, അത്താഴത്തിനുശേഷം യേശു വീഞ്ഞുകോപ്പ കയ്യിലെടുത്തു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ആളുകളുമായി നടത്തിയ പുതിയനിയമത്തെ കാണിക്കുന്നു. അതെന്‍റെ രക്തത്തില്‍ (മരണം) തുടങ്ങുന്നു. ഞാനാ രക്തം നിങ്ങള്‍ക്കു വേണ്ടി ചീന്തുന്നു.”
യേശുവിനെതിരെ ആര്?
21 യേശു പറഞ്ഞു, “നിങ്ങളിലൊരുവന്‍ വൈകാതെ എനിക്കെതിരെ തിരിയും. അവന്‍റെ കൈ എന്‍റെ കൈയോടൊപ്പം ഈ മേശമേലുണ്ട്. 22 മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വര്‍ത്തിക്കുന്നു. മനുഷ്യപുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു ദുരിതം.”
23 അപ്പോള്‍ അപ്പൊസ്തലന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മളിലാരാണ് യേശുവിനോടതു ചെയ്യുക?”
ദാസനെപ്പോലെയാവുക
24 പിന്നീട്, തങ്ങളിലാരാണ് വലിയവന്‍ എന്നതിനെച്ചൊല്ലി അപ്പൊസ്തലന്മാര്‍ തര്‍ക്കമായി. 25 എന്നാല്‍ യേശു അവരോടു പറഞ്ഞു, “ലോകത്തിലെ രാജാക്കന്മാര്‍ അവരുടെ പ്രജകളെ ഭരിക്കുന്നു. മനുഷ്യനുമേല്‍ അധികാരമുള്ളവര്‍ ‘ജനങ്ങളെക്കൊണ്ട്’ തങ്ങളെ വലിയ ജനസേവകര്‍ എന്നു വിളിപ്പിക്കുന്നു. 26 പക്ഷേ നിങ്ങള്‍ അങ്ങനെയാവരുത്. ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയാകണം. നായകന്‍ ദാസനെപ്പോലെയാകണം. 27 ആരാണു കൂടുതല്‍ പ്രധാനി, മേശയ്ക്കു മുന്പിലിരിക്കുന്നവനോ, വിളന്പുന്നവനോ? നിങ്ങള്‍ കരുതും മേശയ്ക്കു മുന്പിലിരിക്കുന്നവനാണു പ്രമുഖനെന്ന്. എന്നാല്‍, ഞാന്‍ നിങ്ങളുടെ ഇടയില്‍ ദാസനെപ്പോലെയാണ്.
28 “നിങ്ങള്‍ എന്നോടൊത്തു പല കഷ്ടപ്പാടുകളിലും ഉണ്ടായിരുന്നു. 29 എന്‍റെ പിതാവ് എനിക്കൊരു രാജ്യം തന്നിട്ടുണ്ട്. എന്നോടൊത്ത് ഭരിക്കാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കും നല്‍കും. 30 എന്‍റെ രാജ്യത്ത് നിങ്ങള്‍ എന്നോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും. സിംഹാസനത്തിലിരുന്ന് നിങ്ങള്‍ യിസ്രായേലിലെ പന്ത്രണ്ടു ഗോത്രക്കാരെയും വിധിക്കും.
വിശ്വാസം നഷ്ടപ്പെടരുത്!
(മത്താ. 26:31-35; മര്‍ക്കൊ. 14:27-31; യോഹ. 13:36-38)
31 “ഒരു കര്‍ഷകന്‍ ഗോതന്പ് പാറ്റിക്കൊടുക്കുന്പോലെ നിങ്ങളെ പരീക്ഷിക്കാന്‍ സാത്താന്‍ അനുവാദം വാങ്ങിക്കഴിഞ്ഞു. ശിമോന്‍, ശിമോന്‍ (പത്രൊസ്), 32 നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നീ എന്നിലേക്കു മടങ്ങി വരുന്പോള്‍ നിന്‍റെ സഹോദരന്മാര്‍ ധീരന്മാരായിരിപ്പാന്‍ അവരെ സഹായിക്കുക.”
33 പക്ഷേ പത്രൊസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങയോടൊപ്പം തടവറയില്‍ വസിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങയോടൊപ്പം മരിക്കാന്‍ പോലും ഞാനൊരുക്കമാണ്.”
34 എന്നാല്‍ യേശു പറഞ്ഞു, “പത്രൊസേ, നാളെ രാവിലെ കോഴി കൂകും മുന്പ് നീ മൂന്നു തവണ എന്നെ തള്ളിപ്പറയും.”
കുഴപ്പങ്ങള്‍ക്കായി തയ്യാറാവുക
35 പിന്നീട് യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ ജനങ്ങളോടു പ്രസംഗിക്കാനയച്ചു. പണമോ സഞ്ചിയോ ചെരുപ്പോ കൂടാതെയാണയച്ചത്. എങ്കിലും നിങ്ങള്‍ക്കെന്തിന്‍റെയെങ്കിലും കുറവുണ്ടായോ?”
അപ്പൊസ്തലന്മാര്‍ പറഞ്ഞു, “ഇല്ല.”
36 യേശു അവരോടു പറഞ്ഞു, “എന്നാല്‍ ഇപ്പോള്‍ പണമോ സഞ്ചിയോ ഉള്ളവന്‍ അതെടുക്കട്ടെ. നിങ്ങള്‍ക്കൊരു വാളില്ലെങ്കില്‍ വസ്ത്രം വിറ്റ് അതൊന്നു വാങ്ങട്ടെ. 37 തിരുവെഴുത്തു പറയുന്നു:
‘അവനൊരു കുറ്റവാളിയാണെന്ന് അവര്‍ പറഞ്ഞു.’ യെശയ്യാവ് 53:12
തിരുവെഴുത്ത് നടപ്പാക്കണം. എന്നെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴതു സംഭവിക്കുന്നു.”
38 ശിഷ്യന്മാര്‍ പറഞ്ഞു, “നോക്കൂ, കര്‍ത്താവേ ഇതാ രണ്ടു വാളുകള്‍.”
യേശു അവരോടു പറഞ്ഞു, “രണ്ടെണ്ണം മതിയാകും.”
യേശു അപ്പൊസ്തലന്മാരോട് പ്രാര്‍ത്ഥിക്കാന്‍ പറയുന്നു
(മത്താ. 26:36-46; മര്‍ക്കൊ. 14:32-42)
39-40 യേശു യെരൂശലേംനഗരം വിട്ട് ഒലീവുമലയിലേക്കു പോയി. ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. അവന്‍ കൂടെക്കൂടെ അവിടെ പോകാറുണ്ടായിരുന്നു. യേശു അവിടെയെത്തിയപ്പോള്‍ ശിഷ്യന്മാരോടു പറഞ്ഞു, “പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കൂ.”
41 അനന്തരം യേശു അവരില്‍നിന്ന് അന്പതുവാരയോളം അകന്നു. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു, 42 “പിതാവേ, നിനക്കു ഹിതമെങ്കില്‍ കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍ നിന്നെടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നടപ്പാക്കുക.” 43 അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. യേശുവിന് ശക്തി നല്‍കുവാന്‍ അയയ്ക്കപ്പെട്ടതാണ് ആ ദൂതന്‍. 44  + ചില ഗ്രീക്കു കൈയെഴുത്തു പതിപ്പുകളില്‍ 43,44 വാക്യങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രാര്‍ത്ഥനാവേളയില്‍ അവന്‍ വേദനകൊണ്ടു പുളഞ്ഞു. അവന്‍റെ മുഖത്തുനിന്നും രക്തത്തുള്ളികള്‍ പോലെ വിയര്‍പ്പുകണങ്ങള്‍ വീണു. 45 പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് അവന്‍ ശിഷ്യന്മാരുടെ അടുത്തേക്കു ചെന്നു. അവര്‍ ഉറങ്ങുകയായിരുന്നു. (അവരുടെ ദുഃഖം അവരെ ക്ഷീണിതരാക്കി.) 46 യേശു അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ ഉറങ്ങുന്നത്? എഴുന്നേറ്റ് പ്രലോഭനത്തിനെതിരെയുള്ള ശക്തിയ്ക്കായി പ്രാര്‍ത്ഥിക്കുക.”
യേശു ബന്ധനസ്ഥനാകുന്നു
(മത്താ. 26:47-56; മര്‍ക്കൊ. 14:43-50; യോഹ. 18:3-11)
47 യേശു സംസാരിച്ചുകൊണ്ടിരിക്കവേ ഒരു സംഘം ആളുകളെത്തി. അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു അവരെ നയിച്ചിരുന്നത്. അവന്‍ യൂദയായിരുന്നു. അവന്‍ യേശുവിനെ ചുംബിക്കാന്‍ അടുത്തു.
48 പക്ഷേ യേശു അവനോടു പറഞ്ഞു, “യൂദയേ, നീ സൌഹൃദത്തിന്‍റെ ചുംബനംകൊണ്ട് മനുഷ്യപുത്രനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുകയാണോ?” 49 യേശുവിന്‍റെ ശിഷ്യന്മാര്‍ സംഭവിക്കാന്‍ പോകുന്നതു കണ്ടുകൊണ്ട് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഞങ്ങളുടെ വാളുകള്‍ ഉപയോഗിക്കട്ടെ?” 50 ഒരു ശിഷ്യന്‍ വാളുപയോഗിക്കുകയും ചെയ്തു. മഹാപുരോഹിതന്‍റെ ദാസന്‍റെ വലതുചെവി അയാള്‍ അറുത്തു കളഞ്ഞു.
51 യേശു പറഞ്ഞു, “നിര്‍ത്ത്!” ഇതിനപ്പുറം വേണ്ട. യേശു ദാസന്‍റെ ചെവിയില്‍ സ്പര്‍ശിച്ച് അവനെ സുഖപ്പെടുത്തി.
52 യേശുവിനെ ബന്ധിക്കാന്‍ വന്ന സംഘത്തില്‍ മഹാപുരോഹിതന്മാരും ദേവാലയകാവല്‍ക്കാരും ജനത്തിന്‍റെ മൂപ്പന്മാരും ഉണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് വാളും വടിയുമായി വന്നിരിക്കുന്നത്? ഞാനൊരു കുറ്റവാളിയെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? 53 ഞാനെന്നും ദൈവാലയത്തില്‍ നിങ്ങള്‍ക്കിടയിലുണ്ടായിരുന്നല്ലോ. പിന്നെന്താണവിടെവെച്ച് എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ ശ്രമിക്കാഞ്ഞത്? പക്ഷേ ഇപ്പോള്‍ നിങ്ങളുടെ സമയമായി. അന്ധകാരത്തിന്‍റെ ആധിപത്യം.”
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
(മത്താ. 26:57-58, 69-75; മര്‍ക്കൊ. 14:53-54, 66-72; യോഹ. 18:12-18, 25-27)
54 അവര്‍ യേശുവിനെ ബന്ധിച്ച് ദൂരേക്കു കൊണ്ടുപോയി. അവനെ അവര്‍ മഹാപുരോഹിതന്‍റെ വീട്ടിലെത്തിച്ചു. പത്രൊസ് അവരെ പിന്തുടര്‍ന്നിരുന്നു. പക്ഷേ അവന്‍ യേശുവിന്‍റെ അടുത്തേക്കു ചെന്നില്ല. 55 പട്ടാളക്കാര്‍ മുറ്റത്ത് നടുക്കായി തീ കൂട്ടി കൂട്ടമായി അതു കാഞ്ഞുകൊണ്ടിരുന്നു. പത്രൊസും അവരോടൊപ്പമിരുന്നു. 56 പത്രൊസ് അവിടെയിരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു ദാസി കണ്ടു. അവള്‍ പത്രൊസിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ടവള്‍ പറഞ്ഞു, “ഇയാള്‍ അവനോടൊപ്പമുള്ളവനാണ്.”
57 എന്നാല്‍ പത്രൊസ് അതു നിഷേധിച്ചു, “സ്ത്രീയേ, എനിക്കവനെ അറിഞ്ഞുകൂടാ.” 58 അല്പനേരം കൂടിക്കഴിഞ്ഞ് മറ്റൊരാള്‍ കൂടി പത്രൊസിനെ കണ്ടു. അയാള്‍ പറഞ്ഞു, “നീ അവരില്‍ ഒരുവനാണ്.”
എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, ഞാനവരില്‍ ഒരാളല്ല.”
59 ഒരു മണിക്കൂറിനു ശേഷം വേറെയൊരാള്‍ പറഞ്ഞു, “സത്യത്തില്‍! ഇയാളും അവരില്‍ ഉണ്ടായിരുന്നു. അവന്‍ ഗലീലാക്കാരനാണ്.” അയാള്‍ തറപ്പിച്ചു പറഞ്ഞു.
60 എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, എന്താണു നിങ്ങള്‍ പറയുന്നതെന്നെനിക്കു മനസ്സിലാവുന്നില്ല.” പെട്ടെന്ന്, പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കവേ, കോഴി കൂകി. 61 കര്‍ത്താവ് തിരിഞ്ഞ് പത്രൊസിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍ മുന്പു പറഞ്ഞത് പത്രൊസ് ഓര്‍മ്മിച്ചു: “രാവിലെ കോഴി കൂകുന്നതിനു മുന്പ് നീയെന്നെ മൂന്നുവട്ടം തള്ളിപ്പറയും.” 62 പത്രൊസ് പുറത്തേക്കു പോയി മനംനൊന്തു കരഞ്ഞു.
യേശുവിനെ പരിഹസിക്കുന്നു
(മത്താ. 26:67-68; മര്‍ക്കൊ. 14:65)
63-64 ചിലര്‍ യേശുവിന് കാവലിരുന്നു. അവര്‍ യേശുവിനെ ഇങ്ങനെ പരിഹസിച്ചു. അവര്‍ അവന്‍റെ കണ്ണുകള്‍ കെട്ടി. എന്നിട്ട് അവനെ അടിച്ചു. അവര്‍ പറഞ്ഞു, “നിന്നെ തല്ലിയതാരാണെന്നു പ്രവചിക്കൂ!” 65 അവര്‍ യേശുവിനെ ഒരുപാട് ദുഷിച്ചു പറഞ്ഞു.
യെഹൂദപ്രമാണിമാരുടെ മുന്പില്‍
(മത്താ. 26:59-66; മര്‍ക്കൊ. 14:55-64; യോഹ, 18:19-24)
66 അടുത്ത പ്രഭാതത്തില്‍ ജനത്തിന്‍റെ മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഒരുമിച്ചുവന്നു. അവര്‍ യേശുവിനെ ഉന്നതന്യായാധിപസംഘത്തിലേക്കു കൊണ്ടുപോയി. 67 അവര്‍ പറഞ്ഞു, “നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു പറയുക.”
യേശു അവരോടു പറഞ്ഞു, “ഞാന്‍ ക്രിസ്തുവാണെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. 68 ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ മറുപടി പറയുകയുമില്ല. 69 എന്നാല്‍ ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കും.”
70 അവരെല്ലാവരും പറഞ്ഞു, “അപ്പോള്‍ നീ ദൈവപുത്രനാണോ?” യേശു അവരോടു പറഞ്ഞു, “അതെ, ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നത് ശരിയാണ്.”
71 അവര്‍ പറഞ്ഞു, “ഇനി നമുക്കെന്തിനു മറ്റു സാക്ഷ്യം? അവന്‍ തന്നെ അതു പറയുന്നതു നമ്മള്‍ കേട്ടു.”