യോഹന്നാന്‍റെ പ്രസംഗങ്ങള്‍
(മത്താ. 3:1-12; മര്‍ക്കൊ. 1:1-8; യോഹ. 1:19-28)
3
തീബെര്യൊസ് കൈസരുടെ പതിനഞ്ചാം ഭരണവര്‍ഷമായിരുന്നു അത്. യെഹൂദ്യയിലെ ഭരണാധികാരി
പൊന്തിയൊസ് പീലാത്തൊസ്,
ഗലീലയിലെ ഭരണാധികാരി ഹെരൊദാവ്,
ഇതൂര്യാ, ത്രഖോനിത്തി എന്നിവിടങ്ങളിലെ ഭരണാധികാരിയും ഹെരോദാവിന്‍റെ സഹോദരനുമായ ഫീലിപ്പോസ്,
അബിലേനയിലെ ഭരണാധികാരിയായ ലൂസാന്യാസ് എന്നിവര്‍ കൈസരിന്‍റെ ഭരണത്തില്‍ കീഴിലായിരുന്നു.
ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരുമായിരുന്നു. ആ സമയം സെഖര്യാവിന്‍റെ പുത്രനായ യോഹന്നാന് ദൈവത്തില്‍ നിന്നൊരു കല്പന കിട്ടി. യോഹന്നാന്‍ മരുഭൂമിയില്‍ വസിക്കുകയായിരുന്നു. യോര്‍ദ്ദാന്‍ നദീതടമൊട്ടുക്കും സഞ്ചരിച്ച് യോഹന്നാന്‍ ജനങ്ങളോട് പ്രസംഗിച്ചു. മാനസാന്തരപ്പെട്ട് സ്നാനപ്പെട്ട് പാപങ്ങളില്‍നിന്ന് മോചിതരാകുവാന്‍ അവന്‍ ജനങ്ങളോട് പ്രസംഗിച്ചു. യെശയ്യാപ്രവാചകന്‍റെ പ്രവചന പുസ്തകത്തിലെഴുതിയിരിക്കുന്നതു പോലെ!
“മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനുണ്ട്:
‘കര്‍ത്താവിനു വഴിയൊരുക്കുക.
അവന്‍റെ വഴികള്‍ നേരെയാക്കുക.
എല്ലാ താഴ്വരകളും നിറയ്ക്കപ്പെടും.
എല്ലാ പര്‍വ്വതങ്ങളും കുന്നുകളും നിരപ്പാക്കപ്പെടും.
വളഞ്ഞ പാതകള്‍ നേരെയാക്കപ്പെടും.
പരുപരുത്ത പാതകള്‍ മിനുസപ്പെടുത്തും.
എല്ലാ മനുഷ്യരും ദൈവത്തിന്‍റെ രക്ഷ അറിയും.’” യെശയ്യാവ് 40:3-5
ജനങ്ങള്‍ സ്നാനപ്പെടുവാന്‍ യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ വിഷപ്പാന്പുകളെപ്പോലെയാണ്. വരുവാനിരിക്കുന്ന ദൈവകോപത്തില്‍നിന്ന് ഓടിയകലാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നത്. യഥാര്‍ത്ഥത്തില്‍ മാനസാന്തരം വന്നുവെന്നു കാണിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവിന്‍. ‘അബ്രാഹാമാണു ഞങ്ങളുടെ പിതാവ്’ എന്നു വീന്പിളക്കരുത്. ഞാന്‍ നിങ്ങളോടു പറയട്ടെ, അബ്രാഹാമിനു ഈ കല്ലുകളില്‍ നിന്ന് സന്തതികളെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയും. മരങ്ങള്‍ മുറിച്ചിടാന്‍ മഴു തയ്യാറായിക്കഴിഞ്ഞു. നല്ല ഫലങ്ങള്‍ സൃഷ്ടിക്കാത്ത എല്ലാ മരങ്ങളും വെട്ടി തീയിലിടും.”
10 അപ്പോള്‍ ജനങ്ങള്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളെന്തു ചെയ്യണം?”
11 യോഹന്നാന്‍ പ്രതിവചിച്ചു, “നിങ്ങള്‍ക്കു രണ്ടുടുപ്പുണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവനുമായി പങ്കു വയ്ക്കുക. നിങ്ങളില്‍ ആര്‍ക്കെങ്കിലും അപ്പമുണ്ടെങ്കില്‍ അതും.”
12 നികുതിപിരിവുകാരു പോലും യോഹന്നാന്‍റെ അടുത്തെത്തി. അവര്‍ക്കും സ്നാനപ്പെടണമായിരുന്നു. അവര്‍ യോഹന്നാനോടു പറഞ്ഞു, “ഗുരോ, ഞങ്ങളെന്തു ചെയ്യണം?”
13 യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ കല്പിക്കപ്പെട്ടതില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.”
14 പട്ടാളക്കാര്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളോ? ഞങ്ങളെന്തു ചെയ്യണം?”
യോഹന്നാന്‍ അവരോടു പറഞ്ഞു, “ജനങ്ങളോടു പണം പിടിച്ചുവാങ്ങരുത്. ആരെപ്പറ്റിയും കള്ളം പറയരുത്. നിങ്ങളുടെ ശന്പളം കൊണ്ട് തൃപ്തരാകുവിന്‍.”
15 എല്ലാ ആളുകളും പ്രതീക്ഷയില്‍ ആയിരുന്നു. അതുകൊണ്ട് യോഹന്നാനെ കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ സ്വയം ഊഹിച്ചു, “ഇദ്ദേഹം ആയിരിക്കാം ക്രിസ്തു.”
16 യോഹന്നാന്‍ എല്ലാവരോടുമായി മറുപടി പറഞ്ഞു, “ഞാന്‍ വെള്ളം കൊണ്ട് നിങ്ങളെ സ്നാനപ്പെടുത്തുന്നു. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ കഴിവുള്ളവനാണ്. അവന്‍റെ ചെരുപ്പഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനപ്പെടുത്തും. 17 ഗോതന്പും പതിരും വേര്‍തിരിക്കാന്‍ തയ്യാറായി അവനെത്തും. നല്ല ധാന്യത്തെ അവന്‍ തന്‍റെ കളപ്പുരയില്‍ നിറയ്ക്കുകയും ചീത്ത ധാന്യത്തെ അവന്‍ കത്തിച്ചു കളയുകയും ചെയ്യും. അവസാനിക്കാത്ത അഗ്നിയില്‍ അവന്‍ അതു ഹോമിക്കും.” 18 യോഹന്നാന്‍ സുവിശേഷപ്രസംഗം തുടര്‍ന്നു. ജനങ്ങളെ സഹായിക്കുന്ന ഒരുപാടുകാര്യങ്ങള്‍ അവന്‍ പറഞ്ഞു.
യോഹന്നാന്‍റെ പ്രവൃത്തികളെങ്ങനെ അവസാനിച്ചു
19 (യോഹന്നാന്‍ രാജാവായ ഹെരോദാവിനെ വിമര്‍ശിച്ചു. അയാളുടെ സഹോദരപത്നി ഹെരോദ്യയുമായി അയാള്‍ ചെയ്ത ചീത്ത നടപടികളെ യോഹന്നാന്‍ വിമര്‍ശിച്ചു. മറ്റൊരുപാടു ചീത്തപ്രവൃത്തികളിലും ഹെരോദാവിനെ യോഹന്നാന്‍ കുറ്റപ്പെടുത്തി. 20 അതിനാല്‍ ഹെരോദാവ് മറ്റൊരു ദുഷ്ചെയ്തി കൂടി ചെയ്തു. യോഹന്നാനെ ജയിലിലടച്ചു. ഹെരോദാവിന്‍റെ മറ്റെല്ലാ ദുഷ്ക്രിയകളോടും ആ പ്രവൃത്തികൂടി കൂട്ടി.)
യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുന്നു
(മത്താ. 3:13-17; മര്‍ക്കൊ.1:9-11)
21 യോഹന്നാന്‍ ജയിലിലടയ്ക്കപ്പെടും മുന്പ് എല്ലാവരും സ്നാനപ്പെട്ടു. യേശുവിനെയും സ്നാനപ്പെടുത്തി. യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. 22 പരിശുദ്ധാത്മാവ് അവനിലേക്കിറങ്ങിവന്നു. കാഴ്ചയില്‍ അതൊരു പ്രാവിനെപ്പോലെ രൂപം കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം ഇങ്ങനെ കേട്ടു, “നീ എന്‍റെ പുത്രനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു.”
യോസേഫിന്‍റെ കുടുംബചരിത്രം
(മത്താ.1:1-17)
23 യേശു തന്‍റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു മുപ്പതു വയസ്സോളം ആയിരുന്നു പ്രായം. അവന്‍ യോസേഫിന്‍റെ പുത്രനാണെന്നു ജനങ്ങള്‍ കരുതിയിരുന്നു.
യോസേഫ്, ഹേലിയുടെ പുത്രന്‍.
24 ഹേലി, മത്ഥാത്തിന്‍റെ പുത്രന്‍.
മത്ഥാത്ത്, ലേവിയുടെ പുത്രന്‍.
ലേവി, മെല്‍ക്കിയുടെ പുത്രന്‍.
മെല്‍ക്കി, യന്നായിയുടെ പുത്രന്‍.
യന്നായി, യോസേഫിന്‍റെ പുത്രന്‍.
25 യോസേഫ്, മത്തഥ്യൊസിന്‍റെ പുത്രന്‍.
മത്തഥ്യൊസ്, ആമോസിന്‍റെ പുത്രന്‍.
ആമോസ്, നാഹൂമിന്‍റെ പുത്രന്‍.
നാഹൂം, എസ്ലിയുടെ പുത്രന്‍.
എസ്ളി, നഗ്ഗായിയുടെ പുത്രന്‍.
26 നഗ്ഗായി, മയാത്തിന്‍റെ പുത്രന്‍.
മയാത്ത്, മത്തഥ്യൊസിന്‍റെ പുത്രന്‍.
മത്തഥ്യൊസ്, ശെമയിയുടെ പുത്രന്‍.
ശെമയി, യോസേഫിന്‍റെ പുത്രന്‍.
യോസേഫ്, യോദായുടെ പുത്രന്‍.
27 യോദാ, യോഹന്നാന്‍റെ പുത്രന്‍,
യോഹന്നാന്‍, രേസയുടെ പുത്രന്‍.
രേസ, സൊരൊബാബേലിന്‍റെ പുത്രന്‍.
സൊരൊബാബേല്‍, ശലഥീയേലിന്‍റെ പുത്രന്‍.
ശലഥീയേല്‍, നേരിയുടെ പുത്രന്‍.
28 നേരി, മെല്‍ക്കിയുടെ പുത്രന്‍.
മെല്‍ക്കി, അദ്ദിയുടെ പുത്രന്‍.
അദ്ദി, കോസാമിന്‍റെ പുത്രന്‍.
കോസാം, എല്‍മാദാമിന്‍റെ പുത്രന്‍.
എല്‍മാദാം, ഏരിന്‍റെ പുത്രന്‍.
29 ഏര്‍, യോശുവിന്‍റെ പുത്രന്‍.
യോശു, എലീയേസരിന്‍റെ പുത്രന്‍.
എലീയേസര്‍, യോരീമിന്‍റെ പുത്രന്‍.
യോരീം, മത്ഥാത്തിന്‍റെ പുത്രന്‍.
മത്ഥാത്ത്, ലേവിയുടെ പുത്രന്‍.
30 ലേവി, ശിമ്യോന്‍റെ പുത്രന്‍.
ശിമ്യോന്‍, യെഹൂദയുടെ പുത്രന്‍.
യെഹൂദാ, യോസേഫിന്‍റെ പുത്രന്‍.
യോസേഫ്, യോനാമിന്‍റെ പുത്രന്‍.
യോനാം, എല്യാക്കീമിന്‍റെ പുത്രന്‍.
31 എല്യാക്കീം, മെല്യാവിന്‍റെ പുത്രന്‍.
മെല്യാവ്, മെന്നയുടെ പുത്രന്‍.
മെന്നാ, മത്തഥയുടെ പുത്രന്‍.
മത്തഥ, നാഥാന്‍റെ പുത്രന്‍.
നാഥാന്‍, ദാവീദിന്‍റെ പുത്രന്‍.
32 ദാവീദ്, യിശ്ശായിയുടെ പുത്രന്‍.
യിശ്ശായി, ഓബേദിന്‍റെ പുത്രന്‍.
ഓബേദ്, ബോവസിന്‍റെ പുത്രന്‍.
ബോവസ്, സല്‍മോന്‍റെ പുത്രന്‍.
സല്‍മോന്‍, നഹശോന്‍റെ പുത്രന്‍.
33 നഹശോന്‍, അമ്മീനാദാബിന്‍റെ പുത്രന്‍.
അമ്മീനാദാബ്, അരാമിന്‍റെ പുത്രന്‍.
അരാം, അര്‍നിയുടെ പുത്രന്‍.
അര്‍നി, എസ്രോന്‍റെ പുത്രന്‍.
എസ്രോന്‍, പാരെസിന്‍റെ പുത്രന്‍.
പാരെസ്, യെഹൂദയുടെ പുത്രന്‍.
34 യെഹൂദാ, യാക്കോബിന്‍റെ പുത്രന്‍.
യാക്കോബ്, യിസ്ഹാക്കിന്‍റെ പുത്രന്‍.
യിസ്ഹാക്ക്, അബ്രാഹാമിന്‍റെ പുത്രന്‍.
അബ്രാഹാം, തേറഹിന്‍റെ പുത്രന്‍.
തേറഹ്, നാഹോരിന്‍റെ പുത്രന്‍.
35 നാഹോര്‍, സെരൂഗിന്‍റെ പുത്രന്‍.
സെരൂഗ്, രെഗുവിന്‍റെ പുത്രന്‍.
രെഗു, ഫാലെഗിന്‍റെ പുത്രന്‍.
ഫാലെഗ്, ഏബെരിന്‍റെ പുത്രന്‍.
ഏബെര്‍, ശലാമിന്‍റെ പുത്രന്‍.
36 ശലാം, കയിനാന്‍റെ പുത്രന്‍.
കയിനാന്‍, അര്‍ഫക്സാദിന്‍റെ പുത്രന്‍.
അര്‍ഫക്സാദ്, ശേമിന്‍റെ പുത്രന്‍.
ശേം, നോഹയുടെ പുത്രന്‍.
നോഹ, ലാമേക്കിന്‍റെ പുത്രന്‍.
37 ലാമേക്ക്, മെഥൂശലയുടെ പുത്രന്‍.
മെഥൂശലാ, ഹാനോക്കിന്‍റെ പുത്രന്‍.
ഹാനോക്ക്, യാരെദിന്‍റെ പുത്രന്‍.
യാരെദ്, മലെല്യേലിന്‍റെ പുത്രന്‍.
മലെല്യേന്‍, കയിനാന്‍റെ പുത്രന്‍.
38 കയിനാന്‍, എനോശിന്‍റെ പുത്രന്‍.
എനോശ്, ശേത്തിന്‍റെ പുത്രന്‍.
ശേത്ത്, ആദാമിന്‍റെ പുത്രന്‍.
ആദാം, ദൈവത്തിന്‍റെ പുത്രന്‍.