പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ യേശുവിനെ അനുഗമിക്കുന്നു
(മത്താ. 4:18-22; മര്‍ക്കൊ. 1:16-20)
5
യേശു ഗെന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിന്നു. ഒരുപാടു പേര്‍ അവനു ചുറ്റും തിങ്ങിക്കൂടി. ദൈവവചനം കേള്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. തടാകത്തിന്‍റെ തീരത്ത് രണ്ടു വള്ളങ്ങള്‍ കിടക്കുന്നതവന്‍ കണ്ടു. മീന്‍പിടുത്തക്കാര്‍ അവരുടെ വലകള്‍ കഴുകുകയായിരുന്നു. യേശു ശിമോന്‍റെ വള്ളത്തില്‍ കയറി. അതു കരയില്‍നിന്നു കുറച്ചു ദൂരം മാറ്റാന്‍ യേശു അവനോടാവശ്യപ്പെട്ടു. എന്നിട്ട് അവന്‍ വള്ളത്തില്‍ കയറിയിരുന്ന് ജനങ്ങളെ ഉപദേശിച്ചു തുടങ്ങി.
യേശു പ്രസംഗം നിര്‍ത്തി. അവന്‍ ശിമോനോടു പറഞ്ഞു, “വള്ളം ആഴക്കടലിലേക്കു കൊണ്ടുപോകൂ, നിങ്ങളെല്ലാവരും വലയെറിഞ്ഞാല്‍ ധാരാളം മീന്‍ കിട്ടും.”
ശിമോന്‍ മറുപടി പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ രാത്രി മുഴുവനും നന്നായി അദ്ധ്വാനിച്ചു. പക്ഷേ ഒരു മീനിനെയും പിടിക്കാനായില്ല. എന്നാല്‍ അങ്ങു പറയുന്നു ഞാന്‍ വെള്ളത്തില്‍ വലകള്‍ ഇടണമെന്ന്. അതിനാലങ്ങനെ ചെയ്യാം.” മീന്‍പിടുത്തക്കാര്‍ വെള്ളത്തില്‍ വലകള്‍ വീശി. അവരുടെ വലകള്‍ മത്സ്യങ്ങളെക്കൊണ്ടു നിറഞ്ഞു പൊട്ടാറായി. അവര്‍ മറ്റൊരു വള്ളത്തിലെ സുഹൃത്തുക്കളെ സഹായത്തിനു വിളിച്ചു. സുഹൃത്തുക്കളെത്തി, ഇരുവള്ളങ്ങളും മുങ്ങാറായതുവരെ മത്സ്യം ലഭിച്ചു.
8-9 തങ്ങള്‍ പിടിച്ച മീനുകളുടെ അളവുകണ്ട് മീന്‍പിടുത്തക്കാര്‍ അത്ഭുതസ്തബ്ധരായി. ഇതുകണ്ട ശിമോന്‍പത്രൊസ് യേശുവിനു മുന്പില്‍ കുനിഞ്ഞു വീണു പറഞ്ഞു, “എന്‍റെയടുത്തു നിന്നു പോകൂ കര്‍ത്താവേ, ഞാന്‍ പാപിയാണ്.” 10 യാക്കോബും യോഹന്നാനും സെബെദിയുടെ പുത്രന്മാരും അത്ഭുതസ്തബ്ധരായി.
യേശു ശിമോനോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ, ഇനി മുതല്‍ നിങ്ങള്‍ മീനിനെയല്ല മനുഷ്യരെ പിടിക്കാന്‍ പ്രവര്‍ത്തിക്കും.”
11 അവര്‍ തങ്ങളുടെ വള്ളങ്ങള്‍ തീരത്തടുപ്പിച്ചു. അവര്‍ എല്ലാം ത്യജിച്ച് യേശുവിന്‍റെ അനുയായികളായി.
യേശു രോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 8:1-4; മര്‍ക്കൊ. 1:40-45)
12 ഒരിക്കല്‍ രോഗിയായ ഒരാള്‍ താമസിക്കുന്ന ഒരു പട്ടണത്തില്‍ യേശുവുമുണ്ടായിരുന്നു. അയാള്‍ കുഷ്ഠരോഗിയായിരുന്നു. യേശുവിനെ കണ്ട അയാള്‍ അവന്‍റെ മുന്നില്‍ കുനിഞ്ഞ് അവനോടു യാചിച്ചു, “കര്‍ത്താവേ, എന്നെ സുഖപ്പെടുത്തിയാലും. അങ്ങ് ആഗ്രഹിച്ചാല്‍ അതു നടക്കുമെന്നറിയാം.”
13 യേശു പറഞ്ഞു, “എനിക്കു നിന്നെ സുഖപ്പെടുത്തണം. സുഖപ്പെടൂ.” യേശു അയാളെ സ്പര്‍ശിച്ചു. പൊടുന്നനവേ കുഷ്ഠം അപ്രത്യക്ഷമായി. 14 അപ്പോള്‍ യേശു അവനോടു നിര്‍ദ്ദേശിച്ചു, “സംഭവിച്ചതെന്താണെന്ന് ആരോടും പറയരുത്. പക്ഷേ പോയി പുരോഹിതനു നിന്നെ കാണിച്ചുകൊടുക്കുക. മോശെയുടെ കല്പനയിലെപ്പോലെ നിന്‍റെ സുഖപ്പെടലിനായുള്ള വഴിപാടുകള്‍ സമര്‍പ്പിക്കുക. അതു ജനങ്ങളുടെ മുന്പില്‍ തെളിവായിരിക്കട്ടെ.”
15 പക്ഷേ യേശുവിനെ സംബന്ധിച്ച വാര്‍ത്ത വളരെയധികം പരന്നു. യേശുവിനെ കേള്‍ക്കാനും രോഗം ഭേദമായി കിട്ടാനും അനേകര്‍ എത്തി. 16 യേശു പലപ്പോഴും പ്രാര്‍ത്ഥനയ്ക്കായി ഏകാന്തമായ സ്ഥലത്തേക്കു പോകുമായിരുന്നു.
യേശു തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 9:1-8; മര്‍ക്കൊ. 2:1-12)
17 ഒരു ദിവസം യേശു ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. പരീശന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു. അവര്‍ എല്ലാ നഗരങ്ങളില്‍നിന്നും വന്നവരായിരുന്നു. ജനങ്ങളെ രോഗവിമുക്തരാക്കുവാനുള്ള ശക്തി കര്‍ത്താവ് അവനു നല്‍കിയിരുന്നു. 18 ചിലര്‍ ഒരു തളര്‍വാതരോഗിയെ ഒരു കട്ടിലില്‍ എടുത്തുകൊണ്ടുവന്നു. അവര്‍ അയാളെ അകത്തു കൊണ്ടുവന്ന് യേശുവിനു മുന്പില്‍ കിടത്താന്‍ ശ്രമിച്ചു. 19 പക്ഷേ ആള്‍ക്കൂട്ടത്തിനിടയില്‍ അവര്‍ക്കതിനായില്ല. അതിനാല്‍ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി അതിലൂടെ കിടക്കയോടെ യേശുവിനു മുന്പില്‍ അയാളെ അവര്‍ ഇറക്കി. 20 അവരുടെ വിശ്വാസം അവന്‍ കണ്ടു. യേശു രോഗിയോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
21 ശാസ്ത്രിമാരും പരീശന്മാരും സ്വയം ചിന്തിച്ചു, “ആരാണിവന്‍? അവന്‍ ദൈവവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”
22 യേശു അവരുടെ മനോഗതമറിഞ്ഞു. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളുടെ ഹൃദയത്തില്‍ അത്തരം ചിന്തകള്‍? 23 ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാണോ’ ‘എഴുന്നേറ്റു നടക്കൂ’ എന്നാവശ്യപ്പെടുന്നതാണോ എളുപ്പം? 24 എന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനായി യേശു തളര്‍വാതരോഗിയോട് ആവശ്യപ്പെട്ടു. ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത് വീട്ടില്‍ പോകുക.”
25 ഉടന്‍ അയാള്‍ ജനങ്ങളുടെ മുന്പില്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കിടക്കയും എടുത്ത് ദൈവത്തെ വാഴ്ത്തിക്കൊണ്ട് വീട്ടിലേക്കു നടന്നു. 26 ജനങ്ങളില്‍ ദൈവത്തിന്‍റെ ശക്തിയിലുള്ള ബഹുമാനം നിറഞ്ഞു. അവര്‍ പറഞ്ഞു, “ഇന്നു ഞങ്ങള്‍ അത്ഭുതസംഭവങ്ങള്‍ കണ്ടിരിക്കുന്നു.”
ലേവി യേശുവിന്‍റെ അനുയായിയാകുന്നു
(മത്താ. 9:9-13; മര്‍ക്കൊ. 2:13-17)
27 അതിനുശേഷം പുറത്തിറങ്ങിയ യേശു ഒരു നികുതിപിരിവുകാരന്‍ അയാളുടെ കാര്യാലയത്തില്‍ ഇരിക്കുന്നതു കണ്ടു. ലേവി എന്നാണവന്‍റെ പേര്. യേശു അവനോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” 28 ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.
29 ലേവി യേശുവിന് ഒരു ഗംഭീര അത്താഴം നല്‍കി. അത്താഴം ലേവിയുടെ വീട്ടില്‍ വച്ചായിരുന്നു. അനേകം നികുതിപിരിവുകാരും വേറെ ചിലരും ആ വിരുന്നില്‍ സംബന്ധിച്ചിരുന്നു. 30 പക്ഷേ പരീശന്മാരും അവരുടെ ശാസ്ത്രികളും യേശുവിന്‍റെ ശിഷ്യന്മാര്‍ക്കെതിരെ പിറുപിറുത്തു പറഞ്ഞു, “നിങ്ങളെന്താണ് നികുതിപിരിവുകാരോടും മറ്റു ദുഷിച്ചവരോടുമൊത്ത് തിന്നുകയും കുടിയ്ക്കുകയും ചെയ്യുന്നത്?”
31 യേശു അവര്‍ക്കു മറുപടി നല്‍കി, “ആരോഗ്യവാന്മാര്‍ക്ക് വൈദ്യന്‍ വേണ്ട. പക്ഷേ രോഗികള്‍ക്ക് അവന്‍ വേണം. 32 ഞാന്‍ നല്ലവരെ മാനസാന്തരപ്പെടുത്തുവാനല്ല വന്നത്. ദുഷിച്ചവരെ മാനസാന്തരത്തിലേക്ക് നയിക്കാനാണ് ഞാന്‍ വന്നത്.”
ഉപവാസത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് യേശു മറുപടി പറയുന്നു
(മത്താ. 9:14-17; മര്‍ക്കൊ. 2:18-22)
33 അവര്‍ യേശുവിനോടു പറഞ്ഞു, “യോഹന്നാന്‍റെ അനുയായികള്‍ പരീശന്മാര്‍ ചെയ്യുന്നതുപോലെ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. പക്ഷേ അങ്ങയുടെ അനുയായികള്‍ എപ്പോഴും തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ?”
34 യേശു അവരോടു പറഞ്ഞു, “ഒരു വിവാഹസമയത്ത്, വരന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് അവന്‍റെ സുഹൃത്തുക്കളെ ഉപവസിപ്പിക്കുവാന്‍ കഴിയുമോ? 35 പക്ഷേ വരന്‍ അവരില്‍ നിന്നും അകറ്റപ്പെടുന്ന അവസരം വരും. അപ്പോള്‍ ആ സുഹൃത്തുക്കള്‍ ഉപവസിച്ചുകൊള്ളും.”
36 യേശു അവരോടു ഈ കഥ പറഞ്ഞു, “പുതിയ ഒരു വസ്ത്രത്തില്‍ നിന്നും ഒരു കഷണം കീറിയെടുത്ത് ആരും പഴയ വസ്ത്രത്തിലെ ദ്വാരം അടയ്ക്കാറില്ല. എന്തുകൊണ്ടെന്നാല്‍ അതു പുതിയ വസ്ത്രത്തെ നശിപ്പിക്കും. പുതിയതില്‍ നിന്നുള്ള കഷണം പഴയതിനോട് ചേരുകയുമില്ല. 37 ആള്‍ക്കാര്‍ പുതിയ വീഞ്ഞ് പഴയ തുരുത്തിയില്‍ നിറയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ പഴയ തുരുത്തി കീറിപ്പോവുകയും വീഞ്ഞ് നഷ്ടപ്പെടുകയും ചെയ്യും. 38 അവര്‍ പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍ത്തന്നെ നിറയ്ക്കും. 39 പഴയ വീഞ്ഞ് കുടിയ്ക്കുന്ന ആരും പുതിയ വീഞ്ഞ് ആവശ്യപ്പെടാറില്ല. എന്തെന്നാല്‍ അവന്‍ പറയുന്നു, ‘പഴയ വീഞ്ഞാണു നല്ലത്.’”