യേശു ശബ്ബത്തിന്‍റെ കര്‍ത്താവ്
(മത്താ. 12:1-8; മര്‍ക്കൊ. 2:23-28)
6
ഒരു ശബ്ബത്തു ദിവസത്തില്‍ യേശു ഒരു ധാന്യവയലിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ കുറച്ചു ധാന്യമെടുത്ത് കൈകൊണ്ട് തിരുമ്മി ഭക്ഷിച്ചു. ചില പരീശന്മാര്‍ പറഞ്ഞു, “എന്താണ് ശബ്ബത്തു ദിവസം മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ ലംഘിച്ചത്?”
യേശു പ്രതിവചിച്ചു, “തനിക്കും തന്‍റെ ആളുകള്‍ക്കും വിശന്നപ്പോള്‍ ദാവീദ് എന്താണു ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ? ദാവീദ് ദൈവാലയത്തില്‍ പ്രവേശിച്ച് ദൈവത്തിനുള്ള വഴിപാടു സാധനങ്ങളെടുത്തു ഭക്ഷിച്ചു. അയാള്‍ കുറെ അപ്പം തന്നോടൊപ്പമുണ്ടായിരുന്നവര്‍ക്കും നല്‍കി. അതു മോശെയുടെ ന്യായപ്രമാണത്തിനെതിരാണ്. പുരോഹിതന്മാര്‍ക്കു മാത്രമേ ആ അപ്പം കഴിക്കാവൂ എന്നാണു ന്യായപ്രമാണം പറയുന്നത്.” യേശു പരീശന്മാരോടു പറഞ്ഞു, “മനുഷ്യപുത്രന്‍ ശബ്ബത്തിന്‍റെ കര്‍ത്താവാണ്.”
യേശു ശബ്ബത്തില്‍ ഒരാളെ സുഖപ്പെടുത്തുന്നു
(മത്താ. 12:9-14; മര്‍ക്കൊ. 3:1-6)
മറ്റൊരു ശബ്ബത്തു ദിവസം യേശു യെഹൂദപ്പള്ളിയിലേക്കു പോയി. യേശു അവരെ ഉപദേശിച്ചു. വലതുകൈക്ക് തളര്‍വാതം ബാധിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. ശബ്ബത്തുദിവസം യേശു സുഖപ്പെടുത്തുമോ എന്നറിയാന്‍ ശാസ്ത്രിമാരും പരീശന്മാരും കാത്തു നില്‍ക്കുകയായിരുന്നു. യേശു തെറ്റായെന്തെങ്കിലും ചെയ്താല്‍ അവനെ കുറ്റപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ അവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ തളര്‍വാതക്കാരനോടു പറഞ്ഞു, “എഴുന്നേറ്റ് ഇവരുടെ മുന്പില്‍ നില്‍ക്കൂ.” അയാള്‍ അനുസരിച്ചു. അപ്പോള്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ ചോദിക്കുന്നു, ശബ്ബത്തുദിവസം നന്മ ചെയ്യണമോ, തിന്മ ചെയ്യണമോ? ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കാതെ, നശിപ്പിക്കാനോ നമ്മെ അനുവദിച്ചിട്ടുള്ളത്?”
10 യേശു ചുറ്റിനും അവരെ നോക്കി. യേശു രോഗിയോടു പറഞ്ഞു, “ഞാന്‍ നിന്‍റെ കൈയ്യൊന്നു കാണട്ടെ.” അയാള്‍ തന്‍റെ കൈ പുറത്തെടുത്തു. അവന്‍റെ കൈ സുഖപ്പെട്ടു. 11 പരീശന്മാരും ശാസ്ത്രിമാരും വളരെയധികം ക്ഷുഭിതരായി. അവര്‍ പരസ്പരം പറഞ്ഞു, “യേശുവിനെ നമുക്കെന്തു ചെയ്യുവാന്‍ കഴിയും?”
യേശു തന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
(മത്താ. 10:1-4; മര്‍ക്കൊ. 3:13-19)
12 ആ സമയം യേശു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി. രാത്രി മുഴുവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് അവനവിടെ കഴിഞ്ഞു. 13 പിറ്റേന്നു പ്രഭാതത്തില്‍, യേശു തന്‍റെ അനുയായികളെ വിളിച്ചു. അവന്‍ അവരില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. അവന്‍ അവരെ “അപ്പൊസ്തലന്മാരെന്നു” വിളിച്ചു.
14 പത്രൊസ് എന്നു അവന്‍ പേരിട്ട ശിമോന്‍,
അവന്‍റെ സഹോദരന്‍ അന്ത്രെയാസ്,
യാക്കോബ്,
യോഹന്നാന്‍,
ഫീലിപ്പോസ്,
ബര്‍ത്തൊലൊമായി,
15 മത്തായി,
തോമാസ്,
അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്,
എരിവുകാരന്‍ എന്നു വിളിക്കപ്പെട്ട ശിമോന്‍,
16 യാക്കോബിന്‍റെ പുത്രന്‍ യൂദാ,
യേശുവിനെ ഒറ്റു കൊടുത്ത യൂദാ ഈസ്ക്കാര്യോത്ത് എന്നിവരായിരുന്നു അവര്‍.
യേശു ജനങ്ങളെ പഠിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു
(മത്താ. 4:23-25; 5:1-12)
17 യേശുവും അപ്പൊസ്തലന്മാരും മലയിറങ്ങിവന്നു. യേശു പരന്ന ഒരു സ്ഥലത്തു നിന്നു. അദ്ദേഹത്തിന്‍റെ ഒരു വലിയ സംഘം അനുയായികള്‍ അവിടെ കൂടിയിരുന്നു. യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും കടല്‍ത്തീരനഗരങ്ങളായ സോരില്‍നിന്നും സീദോനില്‍നിന്നും അനേകര്‍ അവിടെ കൂടിയിരുന്നു. 18 അവരെല്ലാമെത്തിയത് യേശുവിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിരുന്നു. അശുദ്ധാത്മാവില്‍ നിന്നു പീഡനം അനുഭവിച്ചിരുന്നവരെല്ലാം സുഖപ്പെട്ടു. 19 എല്ലാവരും യേശുവിനെ തൊടാന്‍ ശ്രമിച്ചു. എന്തെന്നാല്‍ ശക്തി അവനില്‍ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. യേശു എല്ലാവരെയും സുഖപ്പെടുത്തി.
20 യേശു തന്‍റെ ശിഷ്യന്മാരെ നോക്കി പറഞ്ഞു,
“ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍,
എന്തെന്നാല്‍ ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാണ്.
21 ഇപ്പോള്‍, വിശക്കുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്‍,
എന്തെന്നാല്‍ നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കും.
ഇപ്പോള്‍ കരയുന്നവര്‍ ഭാഗ്യവാന്മാര്‍,
എന്തെന്നാല്‍ നിങ്ങള്‍ സന്തോഷം കൊണ്ട് ചിരിക്കും.
22 “മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും ദുഷ്ടരെന്നു വിളിക്കുകയും ചെയ്യുന്പോള്‍ നിങ്ങള്‍ സൌഭാഗ്യവാന്മാര്‍, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ആളായതിനാല്‍ നിങ്ങള്‍ ചീത്തയെന്ന് മനുഷ്യര്‍ പറയും. അവരങ്ങനെ പറയുന്പോഴും നിങ്ങള്‍ ഭാഗ്യവാന്മാര്‍. 23 അപ്പോഴും നിങ്ങള്‍ ആഹ്ളാദവാന്മാരും സന്തോഷവാന്മാരും ആകും. എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു മഹത്തായൊരു സമ്മാനം ലഭിക്കും. അവരുടെ പൂര്‍വ്വികര്‍ പ്രവാചകരോടും അങ്ങനെ ചെയ്തിരിക്കുന്നു.
24 “എന്നാല്‍ ധനവാന്മാരെ നിങ്ങള്‍ക്കു ദുരിതം.
എന്തെന്നാല്‍ നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു.
25 ഇപ്പോള്‍ സംതൃപ്തി ലഭിച്ചവരേ നിങ്ങള്‍ക്കു ദുരിതം.
എന്തെന്നാല്‍ നിങ്ങള്‍ക്കു വിശപ്പുണ്ടാകും.
ഇപ്പോള്‍ ചിരിക്കുന്നവരെ നിങ്ങള്‍ക്കു ദുരിതം.
എന്തെന്നാല്‍ നിങ്ങള്‍ ദുഃഖിതരും കരയുന്നവരുമാകും.
26 “നിങ്ങളെപ്പറ്റി എല്ലാവരും നല്ലതു പറയുന്പോള്‍ നിങ്ങള്‍ക്കു ദുരിതം. അവരുടെ പൂര്‍വ്വികര്‍ കള്ളപ്രവാചകരോട് അങ്ങനെ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക
(മത്താ. 5:38-48; 7:12)
27 “എന്നെ ശ്രദ്ധിക്കുന്ന നിങ്ങളോട് ഞാന്‍ പറയുന്നു. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ വെറുക്കുന്നവര്‍ക്കു നന്മ ചെയ്യുക. 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക. നിങ്ങളെ നിന്ദിക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. 29 നിങ്ങളുടെ ഒരു കരണത്തു അടിക്കുന്നവനു മറ്റേ കരണവും കാണിച്ചു കൊടുക്കുക. ആരെങ്കിലും നിങ്ങളുടെ കോട്ട് എടുത്തുകൊണ്ടു പോകുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ ഉടുപ്പും കൊണ്ടുപോകട്ടെ. 30 നിന്നോടു യാചിക്കുന്ന എല്ലാവര്‍ക്കും നീ കൊടുക്കുക. നിന്‍റേതായ എന്തെങ്കിലും എടുത്തുകൊണ്ടുപോകുന്നവനോടു അതു മടക്കിക്കിട്ടാന്‍ കര്‍ക്കശമായി ചോദിക്കാതിരിക്കുക. 31 മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നാഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ അവരോടും പെരുമാറുക.
32 “നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മേന്മയാണുള്ളത്. ഇല്ല, പാപികള്‍ പോലും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ട്. 33 നന്മ ചെയ്യുന്നവര്‍ക്കുവേണ്ടി മാത്രം നിങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങള്‍ക്കെന്തെങ്കിലും മേന്മയുണ്ടാകുമോ? ഇല്ല, പാപികള്‍ പോലും അങ്ങനെ ചെയ്യുന്നുണ്ട്. 34 എന്നെങ്കിലും തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ കടം കൊടുത്താല്‍ നിങ്ങള്‍ക്കെന്തു മേന്മ? ഇല്ല, പാപികള്‍ പോലും മറ്റു പാപികള്‍ക്കു കടം കൊടുക്കുന്നത് അതേ തുക തിരിച്ചുകിട്ടുമെന്നതു കൊണ്ടാണ്.
35 “അതിനാല്‍ നിങ്ങളുടെ ശത്രുക്കളെയും സ്നേഹിക്കുക. അവര്‍ക്കായി നന്മ ചെയ്യുക. തിരിച്ചു കിട്ടണമെന്നാഗ്രഹിക്കാതെ അവര്‍ക്കു കടം കൊടുക്കുക. നിങ്ങള്‍ക്കു മഹത്തായ ഒരു പ്രതിഫലം ലഭിക്കും. നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാരാകും. അതെ, എന്തെന്നാല്‍ ദൈവം നന്ദിയില്ലാത്തവരോടും, ദുഷ്ടന്മാരോടും കരുണയുള്ളവനാണ്. 36 നിങ്ങളുടെ പിതാവ് സ്നേഹവും കാരുണ്യവും നല്‍കുന്നതു പോലെ നിങ്ങളും സ്നേഹകാരുണ്യങ്ങള്‍ ചൊരിയുക.
ആത്മപരിശോധന നടത്തുക
(മത്താ. 7:1-5)
37 “നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്. എന്നാല്‍ നിങ്ങളും വിധിക്കപ്പെടുകയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്, എങ്കില്‍ നിങ്ങളെയും കുറ്റപ്പെടുത്തുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക. നിങ്ങളും ക്ഷമിക്കപ്പെടും. 38 അന്യര്‍ക്കു ദാനം ചെയ്യുക. അത്രയധികം നിങ്ങള്‍ക്കും ലഭിക്കും. നിങ്ങളുടെ കയ്യില്‍ ഒതുങ്ങാതെ മടിയില്‍ വീഴത്തക്കവിധത്തില്‍ അത്രയധികം. നിങ്ങള്‍ അന്യര്‍ക്കു കൊടുക്കുന്ന അളവില്‍ തന്നെ ദൈവം നിങ്ങള്‍ക്കും തരും.”
39 യേശു അവരോടു ഈ കഥ പറഞ്ഞു: “കുരുടനായ ഒരാള്‍ക്ക് മറ്റൊരു കുരുടനെ നയിക്കുവാനാകുമോ? ഇല്ല! ഇരുവരും ഒരേ കുഴിയില്‍ വീഴും. 40 ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍ മുഴുവനും പഠിച്ചു കഴിയുന്പോള്‍ ശിഷ്യന്മാര്‍ ഗുരുവിനെപ്പോലെയാകുന്നു.
41 “സഹോദരന്‍റെ കണ്ണിലെ കരടു കണ്ടെത്തുന്ന നിങ്ങള്‍ എന്തുകൊണ്ട് സ്വന്തം കണ്ണിലെ വലിയ കോല്‍ കാണുന്നില്ല. 42 നിങ്ങള്‍ നിങ്ങളുടെ സഹോദരനോടു പറയുന്നു, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടയോ’ എന്ന്. നിങ്ങള്‍ക്കു സ്വന്തം കണ്ണിലെ കോല്‍ കാണുവാനാകുന്നില്ല. നിങ്ങളൊരു കപടഭക്തിക്കാരനാണ്. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു മാറ്റൂ. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടു നിങ്ങള്‍ക്കു വ്യക്തമായിക്കാണാനാകും.
രണ്ടു തരം ഫലങ്ങള്‍
(മത്താ. 7:17-20; 12:34-35)
43 “ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്‍കുന്നില്ല. അതുപോലെ ഒരു ചീത്തമരം നല്ല ഫലത്തെയും തരുന്നില്ല. 44 ഓരോ മരവും അതു നല്‍കുന്ന ഫലത്തിന്‍റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും. 45 നല്ലവനായ ഒരുവന് സ്വഹൃദയത്തില്‍ നന്മകളുടെ നിക്ഷേപമുണ്ടാകും. അതിനാലാണവന്‍ സ്വന്തം ഹൃദയത്തില്‍ നിന്ന് നല്ല കാര്യങ്ങള്‍ പുറത്തെടുക്കുന്നത്. പക്ഷേ ദുഷ്ടനായ ഒരുവന്‍റെ ഹൃദയത്തില്‍ തിന്മയേ ഉണ്ടാകൂ. അതാനാലയാള്‍ തിന്മയേയും പുറത്തെടുക്കുന്നു. ഏതൊരുവനും സ്വന്തം ഹൃദയത്തിലുള്ള കാര്യങ്ങളേ പറയൂ.
രണ്ടു തരം ആളുകള്‍
(മത്താ. 7:24-27)
46 “നിങ്ങള്‍ എന്നെ ‘കര്‍ത്താവേ, കര്‍ത്താവേ,’ എന്നു വിളിക്കുകയും എന്നാല്‍ ഞാന്‍ പറയുന്നതൊന്നും അനുസരിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? 47 എന്‍റെയടുത്ത് വന്ന് എന്നെ ശ്രദ്ധിക്കുകയും അതനുസരിക്കുകയും ചെയ്യുന്ന ഒരോരുത്തരും 48 ഉറപ്പുള്ള വീടു പണിയുന്നവനെപ്പോലെയാണ്. അവന്‍ ആഴത്തില്‍ കുഴിയെടുത്ത് ശക്തമായ പാറയിന്മേല്‍ അടിത്തറ ഇടുന്നു. വെള്ളപ്പൊക്കക്കാലത്ത് ആ വീടിനെ ഒഴുക്കിയകറ്റാന്‍ വെള്ളം ശ്രമിക്കുന്നു. പക്ഷേ ജലപ്രവാഹത്തിന് വീടിനെ മാറ്റാനാവില്ല. എന്തെന്നാല്‍ ആ വീട് കരുത്തുള്ളതാണ്.
49 “എന്നാല്‍ എന്നെ ശ്രവിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അടിത്തറയില്ലാത്ത വെറും മണ്ണില്‍ തന്‍റെ വീടു പണിയുന്നവനെപ്പോലെയാണ്. ജലപ്രവാഹത്തില്‍ അവന്‍റെ വീട് എളുപ്പത്തില്‍ തകര്‍ന്നു വീഴും. വീടു പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നു.