യേശു പന്ത്രണ്ടു ശിഷ്യന്മാരെ അയയ്ക്കുന്നു
(മത്താ.10:5-15; മര്‍ക്കൊ. 6:7-13)
9
യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ചു. പിശാചുക്കളുടെമേല്‍ അധികാരവും രോഗങ്ങള്‍ ഭേദമാക്കാനുള്ള ശക്തിയും അധികാരവും അവന്‍ അവര്‍ക്കു നല്‍കി. ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും, യേശു അപ്പൊസ്തലന്മാരെ അയച്ചു. അവന്‍ അപ്പൊസ്തലന്മാരോടു പറഞ്ഞു, “നിങ്ങള്‍ സഞ്ചരിക്കുന്പോള്‍ ഊന്നുവടി എടുക്കരുത്. സഞ്ചിയോ, ആഹാരമോ, പണമോ, കൈയിലെടുക്കരുത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ കൊണ്ടുപോകാവൂ. ഏതെങ്കിലും വീട്ടില്‍ കയറിയാല്‍ അവിടം വിട്ടുപോകാറാകുന്നതുവരെ അവിടെ കഴിയുക. പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ നഗരം വിട്ടുപോവുക. ആ നഗരം വിട്ടുപോകുന്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക. അത് അവര്‍ക്കൊരു മുന്നറിയിപ്പായിരിക്കട്ടെ.”
അപ്പൊസ്തലന്മാര്‍ പുറത്തേക്കിറങ്ങി. അവര്‍ എല്ലാ പട്ടണങ്ങളിലൂടെയും കടന്നു. അവര്‍ സുവിശേഷം പ്രസംഗിക്കുകയും എല്ലായിടവും ജനങ്ങളെ സുഖപ്പെടുത്തുകയും ചെയ്തു.
യേശുവിനെപ്പറ്റി ഹെരോദാവിന് ആശയക്കുഴപ്പമുണ്ടാകുന്നു
(മത്താ. 14:1-12; മര്‍ക്കൊ. 6:14-29)
സംഭവിക്കുന്നതെല്ലാം ഗവര്‍ണ്ണറായ ഹെരോദാവ് കേട്ടു. അയാള്‍ അന്പരന്നു. എന്തെന്നാല്‍, “സ്നാപകയോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു” എന്നു ചിലര്‍ പറഞ്ഞു. മറ്റു ചിലരാകട്ടെ, “ഏലിയാവ് നമ്മുടെ ഇടയിലേക്ക് എത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. വേറെ കുറെപ്പേര്‍ പറഞ്ഞു, “വളരെപ്പണ്ട് ഉണ്ടായിരുന്ന ചില പ്രവാചകന്മാര്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.” ഹെരോദാവ് പറഞ്ഞു, “യോഹന്നാന്‍റെ തല ഞാന്‍ വെട്ടിക്കളഞ്ഞു. പിന്നെ ഞാന്‍ ഈ കേള്‍ക്കുന്നതൊക്കെ ആരെപ്പറ്റിയാണ്?” ഹെരോദാവ് യേശുവിനെ കാണാനാഗ്രഹിച്ചു.
യേശു അയ്യായിരം പേര്‍ക്ക് ആഹാരം കൊടുക്കുന്നു
(മത്താ. 14:13-21; മര്‍ക്കൊ. 6:30-44; യോഹ. 6:1-14)
10 അപ്പൊസ്തലന്മാര്‍ മടങ്ങിവന്ന് തങ്ങളുടെ യാത്രയില്‍ ചെയ്ത കാര്യങ്ങള്‍ യേശുവിനോടു പറഞ്ഞു. അവന്‍ അവരെ ബേത്ത്സയിദ എന്നൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ യേശുവും അപ്പൊസ്തലന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 11 എന്നാല്‍ യേശു എവിടെപ്പോയെന്ന് ജനങ്ങള്‍ അറിഞ്ഞു. അവര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ സ്വാഗതം ചെയ്യുകയും ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും ചെയ്തു. അദ്ദേഹം രോഗികളെ സുഖപ്പെടുത്തി.
12 സന്ധ്യയായപ്പോള്‍ പന്ത്രണ്ടു അപ്പൊസ്തലന്മാരും യേശുവിനടുത്തെത്തി പറഞ്ഞു, “ഇവിടം ആള്‍ത്താമസമില്ലാത്ത സ്ഥലമാണ്. ജനങ്ങളെ പറഞ്ഞയച്ചേക്കുക. അവര്‍ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ചെന്ന് ആഹാരം കണ്ടെത്തട്ടെ.”
13 പക്ഷേ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ ഇവര്‍ക്കെല്ലാവര്‍ക്കും കഴിക്കാന്‍ ആഹാരം വാങ്ങിക്കൊണ്ടുവരൂ.”
ശിഷ്യന്മാര്‍ പറഞ്ഞു, “അഞ്ചു അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ പോയി വല്ലതും വാങ്ങി വരണം.” 14 (അവിടെ അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു.)
യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവരോടു അന്‍പതുപേര്‍ വീതമുള്ള കൂട്ടങ്ങളായിരിക്കാന്‍ പറയൂ.”
15 ശിഷ്യന്മാര്‍ പറഞ്ഞതനുസരിച്ച് ആളുകള്‍ ഇരുന്നു. 16 അനന്തരം യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി, ആഹാരം തന്നതിനു ദൈവത്തോടു നന്ദി പറഞ്ഞു. എന്നിട്ട് അവന്‍ ആഹാരം പകുത്ത് ശിഷ്യന്മാരുടെ കൈയില്‍ കൊടുത്ത് വിളന്പാന്‍ പറഞ്ഞു. 17 എല്ലാവരും തൃപ്തിയാംവണ്ണം ഭക്ഷിച്ചു. എന്നിട്ടും കുറെയധികം ആഹാരം മിച്ചം വന്നു. പന്ത്രണ്ടു കൂടകളും മിച്ചം വന്ന ആഹാരം കൊണ്ടു നിറഞ്ഞിരുന്നു.
യേശു ക്രിസ്തു ആണ്
(മത്താ. 16:13-19; മര്‍ക്കൊ. 8:27-29)
18 ഒരിക്കല്‍ യേശു ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരെല്ലാവരും അവിടെയെത്തി. യേശു അവരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്.”
19 ശിഷ്യന്മാര്‍ പ്രതിവചിച്ചു, “ചിലര്‍ പറയുന്നു, അങ്ങ് സ്നാപകയോഹന്നനാണെന്ന്. ചിലര്‍ ഏലിയാവ് എന്നും മറ്റു ചിലര്‍ വളരെ പണ്ടുണ്ടായിരുന്ന പ്രവാചകരിലൊരാള്‍ പുനര്‍ജനിച്ചതെന്നും പറയുന്നു.”
20 അനന്തരം അവന്‍ ചോദിച്ചു, “ആകട്ടെ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?” പത്രൊസ് മറുപടി പറഞ്ഞു, “ദൈവം അയച്ച ക്രിസ്തു.”
21 ഇക്കാര്യം ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അനന്തരം യേശു പറഞ്ഞു,
തനിക്ക് മരിക്കേണ്ടിവരുമെന്ന് യേശു പറയുന്നു
(മത്താ. 16:21-28; മര്‍ക്കൊ. 8:30-9:1)
22 “മനുഷ്യപുത്രന് ഒരുപാടു കഷ്ടം സഹിക്കേണ്ടതുണ്ട്. ജനത്തിന്‍റെ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തിരസ്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യപുത്രന്‍ വധിക്കപ്പെടും. പക്ഷേ മൂന്നാംനാള്‍ കഴിയുന്പോള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”
23 യേശു തുടര്‍ന്നു പറഞ്ഞു, “എന്നെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാം ത്യജിക്കണം. അവന്‍ തന്‍റെ കുരിശേന്തി നിത്യവും എന്നെ പിന്‍തുടരണം. 24 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അത് നഷ്ടപ്പെടും. സ്വന്തം ജീവന്‍ എനിക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവന് അതു രക്ഷിക്കാന്‍ കഴിയും. 25 സ്വയം നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തവന് ഈ ലോകം മുഴുവന്‍ കിട്ടിയാലെന്തു ഫലം? 26 ആരെങ്കിലും എന്നെപ്പറ്റിയോ എന്‍റെ വചനങ്ങളെപ്പറ്റിയോ ലജ്ജിച്ചാല്‍ അവനെപ്പറ്റി ഞാന്‍ (മനുഷ്യപുത്രന്‍)ലജ്ജിക്കും. ഞാന്‍ എന്‍റെ മഹത്വത്തിലും പിതാവിന്‍റേയും പരിശുദ്ധദൂതന്മാരുടെയും മഹത്വത്തിലും വരുന്പോള്‍ ലജ്ജിക്കുന്നവരെയോര്‍ത്ത് ഞാന്‍ ലജ്ജിക്കും. 27 ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളില്‍ ചിലര്‍ മരിക്കുംമുന്പ് ദൈവരാജ്യം ദര്‍ശിക്കും.”
മോശെ, ഏലിയാവ്, യേശു
(മത്താ. 17:1-8; മര്‍ക്കൊ. 9:2-8)
28 യേശു ഇക്കാര്യങ്ങള്‍ പറഞ്ഞ് എട്ടുദിവസത്തോളം കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസ്, യാക്കോബ്, യോഹന്നാന്‍, എന്നിവരെയും കൂട്ടി ഒരു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി. 29 പ്രാര്‍ത്ഥിക്കവേ, യേശുവിന്‍റെ മുഖഭാവം മാറി. അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി. 30 അപ്പോള്‍ അവനോടു രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലിയാവുമായിരുന്നു. 31 മോശെയും ഏലിയാവും തേജസ്സോടു കൂടിയവരായിരുന്നു. അവര്‍ യേശുവുമായി യെരൂശലേമില്‍ സംഭവിക്കാനിരിക്കുന്ന അവന്‍റെ മരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. 32 പത്രൊസും മറ്റുള്ളവരും ഉറക്കമായിരുന്നു. പക്ഷേ ഉണര്‍ന്നെണീറ്റ അവര്‍ യേശുവിന്‍റെ തേജസ്സ് കണ്ടു. യേശുവിനോടൊപ്പം മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നത് അവരും കണ്ടു. 33 മോശെയും ഏലിയാവും അവനെ വിട്ടു പോകുന്പോള്‍ പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലത്. നമുക്ക് മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശെയ്ക്ക്, ഒന്നു ഏലിയാവിന്.” (താന്‍ എന്താണു പറയുന്നതെന്ന് പത്രൊസിനു നിശ്ചയമില്ലായിരുന്നു.)
34 പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കെ ഒരു മേഘം അവരെ പൊതിഞ്ഞു. മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടതിനാല്‍ പത്രൊസും യാക്കോബും യോഹന്നാനും ഭയന്നു. 35 മേഘത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. “ഇതെന്‍റെ പുത്രനാണ്. ഞാന്‍ തെരഞ്ഞെടുത്തവന്‍. അവനെ അനുസരിക്കുക.”
36 ശബ്ദം അവസാനിച്ചപ്പോള്‍ യേശു തനിയെ കാണപ്പെട്ടു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഒന്നും പറഞ്ഞില്ല. ആ ദിവസങ്ങളില്‍ തങ്ങള്‍ കണ്ടതിനെപ്പറ്റി അവര്‍ ആരോടും പറഞ്ഞില്ല.
പിശാചു ബാധിച്ച ഒരു കുട്ടിയെ യേശു സുഖപ്പെടുത്തുന്നു
(മത്താ. 17:14-18; മര്‍ക്കൊ. 9:14-27)
37 അടുത്ത ദിവസം യേശുവും പത്രൊസും യോഹന്നാനും യാക്കോബും മലയിറങ്ങി വന്നു. ഒരു വലിയ ജനക്കൂട്ടം യേശുവിനെ കാണാന്‍ വന്നു. 38 ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ യേശുവിനോടു വിളിച്ചു പറഞ്ഞു, “ഗുരോ, ദയവായി ഇവിടെ വന്ന് എന്‍റെ മകനെ നോക്കിയാലും, അവനെന്‍റെ ഏക പുത്രനാണ്. 39 ഒരു അശുദ്ധാത്മാവ് എന്‍റെ മകനെ ബാധിച്ചിരിക്കുന്നു. അവന്‍ പെട്ടന്ന് നിലവിളിക്കുന്നു, അവന് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്യുന്നു. അശുദ്ധാത്മാവ് അവനെ നോവിക്കുന്നു. ഒരിക്കലും അവനെ വിട്ടുപോകുന്നുമില്ല. 40 അശുദ്ധാത്മാവിനെ ഒഴിപ്പിക്കണമെന്ന് ഞാനങ്ങയുടെ ശിഷ്യന്മാരോട് യാചിച്ചു. എന്നാല്‍ അവര്‍ക്കതിനു കഴിഞ്ഞില്ല.”
41 യേശു മറുപടി പറഞ്ഞു, “ഇന്നത്തെ ആളുകളായ നിങ്ങള്‍ക്കു വിശ്വാസമേയില്ല. തെറ്റായ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. ഞാനെത്രകാലം ഇനി നിങ്ങളോടൊത്തുണ്ടാവണം. നിങ്ങളെ സഹിക്കണം?” അനന്തരം യേശു അയാളോടു പറഞ്ഞു, “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക.”
42 കുട്ടി അവന്‍റെ അടുത്തേക്കു വരവേ ഭൂതം കുട്ടിയെ തള്ളിയിട്ടു. കുട്ടിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. പക്ഷേ യേശു അശുദ്ധാത്മാവിന് ശക്തമായ ആജ്ഞ നല്‍കി. കുട്ടി സുഖപ്പെട്ടു. യേശു അവനെ പിതാവിനു തിരികെ നല്‍കി. 43 എല്ലാവരും ദൈവത്തിന്‍റെ മഹത്ശക്തിയില്‍ അത്ഭുതപ്പെട്ടു.
യേശു തന്‍റെ മരണത്തെപ്പറ്റി സംസാരിക്കുന്നു
(മത്താ. 17:22-23; മര്‍ക്കൊ. 9:30-32)
യേശു ചെയ്ത സംഗതിയില്‍ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുന്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, 44 “ഞാനിപ്പോള്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ മറക്കരുത്. മനുഷ്യപുത്രന്‍ ചില മനുഷ്യരുടെ നിയന്ത്രണത്തില്‍പെടാന്‍ പോകുന്നു.” 45 യേശു എന്താണര്‍ത്ഥമാക്കിയതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ക്കു മനസ്സിലാകാത്തവിധം അതിന്‍റെ അര്‍ത്ഥം മറഞ്ഞിരുന്നു. അവന്‍ പറഞ്ഞതെന്താണെന്ന് അവനോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ക്കു ഭയമായിരുന്നു.
സുപ്രധാനവ്യക്തി
(മത്താ. 18:1-5; മര്‍ക്കൊ. 9:33-37)
46 തങ്ങളില്‍ ആരാണു വലിയവനെന്ന കാര്യത്തില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ തര്‍ക്കമാരംഭിച്ചു. 47 അവരെന്താണ് ചിന്തിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അവന്‍ ഒരു കുഞ്ഞിനെ എടുത്ത് അരികിലിരുത്തി. 48 അവന്‍ പറഞ്ഞു, “എന്‍റെ നാമത്തില്‍ ഈ കുഞ്ഞിനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ എല്ലാവരിലും ഏറ്റവും താഴ്മയുള്ളവന്‍ ആരാണോ അവനാണേറ്റവും വലിയവന്‍.”
നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങള്‍ക്കുള്ളതാണ്
(മത്താ. 9:38-40)
49 യോഹന്നാന്‍ പറഞ്ഞു, “ഗുരോ, ഒരുവന്‍ അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളുടെ സംഘത്തില്‍പെടാത്തതിനാല്‍ ഞങ്ങളവനെ വിലക്കി.”
50 യേശു അവനോടു പറഞ്ഞു, “അവനെ തടയരുത്. നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങള്‍ക്കുളളവനാകുന്നു.”
ശമര്യയിലെ ഒരു പട്ടണം
51 യേശു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങേണ്ട സമയം അടുത്തു വന്നുകൊണ്ടിരുന്നു. യെരൂശലേമിലേക്കു പോകാന്‍ അവന്‍ തീരുമാനിച്ചു. 52 യേശു തനിക്കു മുന്പ് ചിലരെ അയച്ചു. യേശുവിനായി എല്ലാമൊരുക്കാന്‍ അവര്‍ ശമര്യയിലെ ഒരു പട്ടണത്തിലേക്കു പോയി. 53 പക്ഷേ അന്നാട്ടുകാര്‍ യേശുവിനെ സ്വീകരിച്ചില്ല. എന്തെന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോവുകയായിരുന്നു. 54 ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ഇതു കണ്ടു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ നിന്ന് തീ ഇറങ്ങിവന്ന് ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ പറയട്ടെയോ?”+ ചില ഗ്രീക്കു പതിപ്പുകളില്‍ “ഏലിയാവ് ചെയ്തതു പോലെ?” എന്നു കൂടിയുണ്ട്.
55 യേശു തിരിഞ്ഞ് അവരെ ശകാരിച്ചു. 56 അനന്തരം യേശുവും ശിഷ്യന്മാരും മറ്റൊരു പട്ടണത്തിലേക്കു പോയി.
യേശുവിനെ പിന്തുടരുന്നു
(മത്താ. 8:19-22)
57 അവര്‍ വഴിയേ നടക്കുകയായിരുന്നു, ഒരാള്‍ യേശുവിനോടു പറഞ്ഞു, “അങ്ങ് പോകുന്ന എല്ലായിടവും ഞാന്‍ അനുഗമിക്കും.”
58 യേശു പറഞ്ഞു, “കുറുക്കന്മാര്‍ക്കു വസിക്കുവാന്‍ മാളമുണ്ട്. പക്ഷികള്‍ക്കു കൂടുകളുണ്ട്. എന്നാല്‍ മനുഷ്യപുത്രനു തലചായ്ക്കാന്‍ ഒരിടവുമില്ല.”
59 യേശു മറ്റൊരാളോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” പക്ഷേ അയാള്‍ പറഞ്ഞു, “കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിന്‍റെ ജഡം സംസ്കരിച്ചിട്ടു വരട്ടെ.”
60 പക്ഷേ യേശു അയാളോടു പറഞ്ഞു, “മരിച്ചവര്‍ തങ്ങളുടെ സ്വന്തം മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുക.”
61 മറ്റൊരുവന്‍ പറഞ്ഞു, “ഞാനങ്ങയെ അനുഗമിക്കാം, പക്ഷേ ആദ്യം എന്‍റെ കുടുംബത്തോടു യാത്ര പറഞ്ഞു വരട്ടെ.”
62 യേശു പറഞ്ഞു, “വയല്‍ ഉഴുവാന്‍ പുറപ്പെട്ടവന്‍ തിരിഞ്ഞു നോക്കിയാല്‍ അവന്‍ ദൈവരാജ്യത്തിനു യോഗ്യനല്ല.”