മര്‍ക്കൊസ്
എഴുതിയ സുവിശേഷം
യേശുവിന്‍റെ വരവ്
(മത്താ. 3:1-12; ലൂക്കൊ. 3:1-9; 15-17; യോഹ. 1:19-28)
1
ദൈവപുത്രനായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ആരംഭിക്കുന്നത്, സംഭവിക്കുന്നതിനെപ്പറ്റി യെശയ്യാപ്രവാചകന്‍ പറഞ്ഞതോടെയാണ്. യെശയ്യാവ് എഴുതി:
“ശ്രദ്ധിക്കൂ, ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുന്‍പായി അയയ്ക്കും.
അവന്‍ നിനക്കു വഴിയൊരുക്കും.” മലാഖി 3:1
“മരുഭൂമിയില്‍ നിന്നൊരാള്‍ വിളിച്ചു പറയുന്നു,
‘കര്‍ത്താവിനായി വഴിയൊരുക്കുവിന്‍
അവന്‍റെ മാര്‍ഗ്ഗങ്ങള്‍ നേരെയാക്കുവിന്‍'” യെശയ്യാവ് 40:3
അതിനാല്‍ സ്നാപകയോഹന്നാന്‍ വന്ന് ആളുകളെ മരുഭൂമിയില്‍ സ്നാനപ്പെടുത്തി. തങ്ങള്‍ മാനസാന്തരപ്പെട്ടു എന്നു കാണിക്കാന്‍ സ്നാനപ്പെടുകയാണ് വേണ്ടതെന്ന് യോഹന്നാന്‍ അവരോടു പറഞ്ഞു. അപ്പോഴവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. യെഹൂദ്യയിലെയും യെരൂശലേമിലെയും എല്ലാ ജനങ്ങളും യോഹന്നാന്‍റെ അടുക്കലേക്കു പ്രവഹിച്ചു. അവര്‍ തങ്ങള്‍ ചെയ്ത പാപങ്ങളേറ്റു പറഞ്ഞു. യോഹന്നാന്‍ അവരെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി.
ഒട്ടകരോമം കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ യോഹന്നാന്‍ ധരിച്ചിരുന്നു. തുകല്‍കൊണ്ടുള്ള ഒരു അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു. അവന്‍ വെട്ടുക്കിളികളെ തിന്നുകയും കാട്ടുതേന്‍ കുടിയ്ക്കുകയും ചെയ്തിരുന്നു.
യോഹന്നാന്‍ ഇങ്ങനെയാണവരോടു പ്രസംഗിച്ചത്, “എനിക്കു പിന്നാലെ എന്നെക്കാള്‍ ശ്രേഷ്ഠനായവന്‍ വരുന്നു. അവന്‍റെ ചെരുപ്പിന്‍റെ വള്ളി അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങളെ ജലംകൊണ്ടു ജ്ഞാനസ്നാനം ചെയ്തു. വരുവാനിരിക്കുന്നവന്‍ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തും.”
യേശു ജ്ഞാനസ്നാനം ഏല്‍ക്കുന്നു
(മത്താ. 3:13-17; ലൂക്കൊ. 3:21-22)
ആ സമയം യേശു ഗലീലയിലെ നസറെത്തില്‍നിന്നും യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ യേശുവിനെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി. 10 യേശു വെള്ളത്തില്‍നിന്നും പൊങ്ങിവരുന്പോള്‍ അവന്‍ തുറന്ന ആകാശം കണ്ടു. പരിശുദ്ധാത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ യേശുവിന്‍റെ അടുത്തെത്തി. 11 സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം പറഞ്ഞു, “നീയെന്‍റെ പുത്രനാണ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സന്തുഷ്ടനാണ്.”
യേശു പരീക്ഷിക്കപ്പെടാന്‍ പോകുന്നു
(മത്താ. 4:1-11; ലൂക്കൊ. 4:1-13)
12 അനന്തരം പരിശുദ്ധാത്മാവ് യേശുവിനെ ഒറ്റയ്ക്ക് മരുഭൂമിയിലേക്കു കൊണ്ടുപോയി. 13 നാല്പതുദിവസം അവനവിടെ വന്യമൃഗങ്ങളോടൊത്തു വസിച്ചു. അവന്‍ മരുഭൂമിയിലായിരിക്കവേ, സാത്താന്‍ അവനെ പ്രലോഭിപ്പിച്ചു. ദൂതന്മാര്‍ വന്ന് യേശുവിനെ ശുശ്രൂഷിച്ചു പോന്നു.
യേശു ഗലീലയില്‍ തന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നു
(മത്താ. 4:12-17; ലൂക്കൊ. 4:14-15)
14 അതിനുശേഷം, യോഹന്നാന്‍ തുറങ്കിലടയ്ക്കപ്പെട്ടു. യേശു ഗലീലയിലേക്കു പോയി. ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു. 15 യേശു പറഞ്ഞു, “ഇതാ അനുയോജ്യമായ സമയമായി. ദൈവരാജ്യം എത്തിയിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുക.”
യേശു ഏതാനും ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു
(മത്താ. 4:18-22; ലൂക്കൊ. 5:1-11)
16 യേശു ഗലീലതടാകത്തിനടുത്തു കൂടി പോകുകയായിരുന്നു. അവന്‍ ശിമോനെയും സഹോദരന്‍ അന്ത്രെയാസിനെയും കണ്ടു. മീന്‍പിടുത്തക്കാരായിരുന്ന അവര്‍ വലയെറിയുകയായിരുന്നു. 17 യേശു അവരോടു പറഞ്ഞു, “വരൂ, എന്നെ പിന്തുടരൂ, ഞാന്‍ നിങ്ങളെ തികച്ചും വ്യത്യസ്തമായ മീന്‍പിടുത്തക്കാരാക്കാം. നിങ്ങള്‍ മീനല്ല മനുഷ്യരെയാണ് ഒത്തുകൂട്ടേണ്ടത്.” 18 അതിനാല്‍ ശിമോനും അന്ത്രെയാസും വലകളുപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.
19 യേശു തടാകത്തീരത്തു കൂടിത്തന്നെ നടന്നു. അവന്‍ രണ്ടു സഹോദരന്മാരെക്കൂടി കണ്ടു. സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും. അവര്‍ തങ്ങളുടെ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ വല ഒരുക്കുകയായിരുന്നു. 20 അവരുടെ അപ്പന്‍ സെബെദിയും മറ്റു ജോലിക്കാരും വഞ്ചിയിലുണ്ടായിരുന്നു. യേശു സഹോദരന്മാരെ കണ്ടപ്പോള്‍ അവരോട് തന്നെ പിന്തുടരാന്‍ പറഞ്ഞു, അവര്‍ തങ്ങളുടെ അപ്പനെ വിട്ട് യേശുവിനെ പിന്തുടര്‍ന്നു.
അശുദ്ധാത്മാവ് ബാധിച്ച ഒരാളെ യേശു സുഖപ്പെടുത്തുന്നു
(ലൂക്കൊ. 4:31-37)
21 യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയിലെത്തി ജനങ്ങളെ ഉപദേശിച്ചു. 22 യേശുവിന്‍റെ ഉപദേശം അവരെ അത്ഭു തപരതന്ത്രരാക്കി. യേശു ഉപദേശിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയായിരുന്നില്ല. അധികാരത്തോടെയാണവന്‍ ഉപദേശിച്ചത്. 23 അവന്‍ യെഹൂദപ്പള്ളിയിലിരിക്കെ, അശുദ്ധാത്മാവ് ബാധിച്ച ഒരാളവിടെയുണ്ടായിരുന്നു. അയാള്‍ അലറി, 24 “നസറത്തിലെ യേശുവേ! നിനക്കു ഞങ്ങളെക്കൊണ്ടെന്താണു വേണ്ടത്? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നത്. നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിന്‍റെ പരിശുദ്ധന്‍.”
25 യേശു അവനെ ശകാരിച്ചു, “മിണ്ടാതിരിക്ക്, അയാളില്‍ നിന്ന് പുറത്തു വരൂ.” 26 അയാളെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്ദത്തോടെ അശുദ്ധാത്മാവ് പുറത്തു പോയി.
27 ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം ചോദിച്ചു, “എന്താണിവിടെ സംഭവിയ്ക്കുന്നത്? ഇയാള്‍ പുതിയതു ചിലതു ഉപദേശിക്കുന്നു. അതും അധികാരത്തോടെ! അവന്‍ അശുദ്ധാത്മാക്കളോട് ആജ്ഞാപിക്കുകവരെ ചെയ്യുന്നു. അശുദ്ധാത്മാക്കളാകട്ടെ അവനെ അനുസരിക്കുകയും ചെയ്യുന്നു.” 28 അങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗലീലയിലെങ്ങും പരന്നു.
യേശു അനേകം പേരെ സുഖപ്പെടുത്തുന്നു
(മത്താ. 8:14-17; ലൂക്കൊ. 4:38-41)
29 യേശുവും ശിഷ്യന്മാരും യെഹൂദപ്പള്ളി വിട്ടു. അവരെല്ലാവരും യാക്കോബിനോടും യോഹന്നാനോടുമൊപ്പം ശിമോന്‍റെയും അന്ത്രയാസിന്‍റെയും വീട്ടിലേക്കു പോയി. 30 ശിമോന്‍റെ അമ്മായിയമ്മയ്ക്കു സുഖമില്ലായിരുന്നു. അവള്‍ പനിപിടിച്ചു കിടപ്പിലായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ യേശുവിനോട് അവളെപ്പറ്റി പറഞ്ഞു. 31 യേശു അവളുടെ കിടയ്ക്കക്കരുകിലേക്ക് ചെന്ന് അവളുടെ കൈപിടിച്ച് അവളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. പനി വിട്ടുപോയി, അവള്‍ സുഖപ്പെട്ടു. അപ്പോഴവള്‍ അവരെ ശുശ്രൂഷിക്കാന്‍ തുടങ്ങി.
32 അന്നു രാത്രി സൂര്യാസ്തമയത്തിനു ശേഷം വളരെയധികം രോഗികളെ ആളുകള്‍ യേശുവിനടുത്തെത്തിച്ചു. ഭൂതം ബാധിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 33 നഗരത്തിലെ എല്ലാവരും തന്നെ ആ ഭവനത്തിനു മുന്നില്‍ തടിച്ചുകൂടി. 34 യേശു പലവിധ രോഗങ്ങളുള്ള വളരെ പേരെ സുഖപ്പെടുത്തി. അനേകം ഭൂതങ്ങളെയും ഒഴിപ്പിച്ചു. എന്നാലവന്‍ ഭൂതങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. എന്തെന്നാല്‍ അവനാരാണെന്ന് ഭൂതങ്ങള്‍ക്കറിയാമായിരുന്നു.
യേശു സുവിശേഷം പ്രസംഗിക്കാന്‍ തയ്യാറെടുക്കുന്നു
(ലൂക്കൊ. 4:42-44)
35 പിറ്റേന്ന് രാവിലെ യേശു വളരെ നേരത്തെ എഴുന്നേറ്റു. ഇരുട്ടു മാറുംമുന്പു തന്നെ അവന്‍ വീടുവിട്ടിറങ്ങി. ഏകാന്തമായൊരു സ്ഥലത്തേക്കവന്‍ പ്രാര്‍ത്ഥനയ്ക്കായി പോയി. 36 പിന്നീട്, ശിമോനും സുഹൃത്തുക്കളും യേശുവിനെ തിരഞ്ഞെത്തി. 37 അവര്‍ യേശുവിനെ കണ്ടു പറഞ്ഞു, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു.”
38 യേശു മറുപടി പറഞ്ഞു, “നമ്മള്‍ക്കു മറ്റൊരിടത്തേക്കു പോകാം. ഈ പ്രദേശത്തിലെ മറ്റു പട്ടണങ്ങളിലേക്കു നമുക്കു പോകണം. അവിടങ്ങളില്‍ എനിക്കു പ്രസംഗിക്കണം. അതിനാണു ഞാന്‍ വന്നത്.” 39 അതിനാല്‍ യേശു ഗലീലയിലാകമാനം സഞ്ചരിച്ചു. അവന്‍ യെഹൂദപ്പള്ളികളില്‍ പ്രസംഗിച്ചു. ഭൂതങ്ങളെ ഒഴിപ്പിച്ചു.
യേശു ഒരു രോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 8:1-4; ലൂക്കൊ. 5:12-16)
40 കുഷ്ഠം ബാധിച്ച ഒരാള്‍ യേശുവിന്‍റെ പാദത്തില്‍ നമസ്കരിച്ച് അവനോടു യാചിച്ചു, “നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ രോഗം മാറ്റാനുള്ള ശക്തി നിനക്കുണ്ട്.”
41 യേശുവിന് അയാളോട് ദയ തോന്നി. അവന്‍ അയാളെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ നിന്നെ സുഖപ്പെടുത്താനാഗ്രഹിക്കുന്നു. സുഖപ്പെടൂ!” 42 തത്സമയം രോഗം വിട്ടുമാറി. അയാള്‍ സുഖപ്പെടുകയും ചെയ്തു.
43 അയാളോടു പൊയ്ക്കൊള്ളുവാന്‍ യേശു പറഞ്ഞു, പക്ഷേ യേശു അയാള്‍ക്കു ശക്തമായ താക്കീതു നല്‍കി. യേശു പറഞ്ഞു, 44 “ഞാന്‍ നിനക്കു ചെയ്തു തന്നത് മറ്റാരോടും പറയരുത്. പക്ഷേ പോയി നിന്‍റെ രോഗം മാറിയത് പുരോഹിതന്മാരെ കാണിക്കൂ. നീ സുഖപ്പെട്ടതിനാല്‍ ദൈവത്തിനു വഴിപാടും കഴിക്കുക. മോശെയുടെ കല്പനപ്രകാരമുള്ള വഴിപാട്, അത് ജനങ്ങള്‍ക്ക് സാക്ഷ്യമാവട്ടെ.” 45 അയാള്‍ അവിടം വിട്ടുപോയി. യേശു തന്നെ സുഖപ്പെടുത്തിയ കാര്യം കണ്ട എല്ലാവരോടും പറഞ്ഞു. അങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത എങ്ങും പരന്നു. അതിനാല്‍ യേശുവിന് ആളുകള്‍ കാണ്‍കെ ഒരു ഗ്രാമത്തിലും പ്രവേശിക്കാനാവില്ല എന്ന നില വന്നു. ആള്‍ത്താമസമില്ലാത്ത പല സ്ഥലങ്ങളിലും അവന്‍ താമസിച്ചു. പക്ഷേ ജനങ്ങള്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും യേശുവിന്‍റെ അടുത്തേക്കെത്തി.