ദൈവാലയ വിനാശനം
(മത്താ. 24:1-44; ലൂക്കൊ. 21:5-33)
13
യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരിലൊരാള്‍ പറഞ്ഞു, “നോക്കൂ, ഗുരോ, വലിയ കല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ ഈ ദൈവാലയകെട്ടിടം മനോഹരമായിരിക്കുന്നു.”
യേശു പറഞ്ഞു, “ഈ വലിയ എടുപ്പുകള്‍ നീ കാണുന്നില്ലേ. ഇവയെല്ലാം നശിപ്പിക്കപ്പെടും, എല്ലാ കല്ലുകളും നിലത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിന്‍റെ മേല്‍ ഇരിക്കുകയില്ല.”
പിന്നീട് യേശു ഒലിവുമലകളിലൊരിടത്ത് ഇരിക്കുകയായിരുന്നു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍, അന്ത്രെയാസ് എന്നിവര്‍ മാത്രമേ അവനോടൊപ്പം ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കെല്ലാം ദൈവാലയം കാണാമായിരുന്നു. അവര്‍ യേശുവിനോടു ചോദിച്ചു, “പറയൂ, എപ്പോഴാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുക? അങ്ങനെയെല്ലാം സംഭവിക്കാന്‍ പോകുന്നതിന്‍റെ അടയാളമെന്തായിരിക്കും?”
യേശു ശിഷ്യന്മാരോടു പറഞ്ഞു, “സൂക്ഷിച്ചിരിക്കുക, നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്. പലരും എന്‍റെ നാമത്തില്‍ വരും. അവര്‍ പറയും, ‘ഞാനാണവന്‍,’ അവര്‍ പലരെയും വിഡ്ഢികളാക്കും, നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റിയും അതിനെപ്പറ്റിയുള്ള കിംവദന്തികളും കേള്‍ക്കും. പക്ഷേ ഭയക്കരുത്. ഇതെല്ലാം സംഭവിക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ രാജ്യങ്ങളോട് യുദ്ധം ചെയ്യും. ജനത ജനതയോടു യുദ്ധം ചെയ്യും. പലയിടത്തും ഭൂകന്പങ്ങളുണ്ടാകും. ഭക്ഷ്യക്ഷാമവും ഉണ്ടാകും. ഇതെല്ലാം പുതിയ എന്തോ ഒന്നിന്‍റെ പേറ്റുനോവാണ്.
“നിങ്ങള്‍ ജാഗരൂഗരായിരിക്കൂ, അവര്‍ നിങ്ങളെ ബന്ധിച്ച് ന്യായാധിപര്‍ക്ക് ഏല്പിച്ചു കൊടുക്കും. അവര്‍ നിങ്ങളെ അവരുടെ യെഹൂദപ്പള്ളികളിലിട്ട് മര്‍ദ്ദിക്കും. നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. എന്നെപ്പറ്റി നിങ്ങള്‍ അവരോടു പറയും. എന്തെന്നാല്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായി. 10 ഇതെല്ലാം സംഭവിക്കും മുന്പ് സുവിശേഷം എല്ലാ രാജ്യങ്ങളിലും പ്രചരിപ്പിക്കപ്പെടും. 11 നിങ്ങള്‍ ബന്ധിക്കപ്പെട്ട് വിധിക്കപ്പെട്ടേക്കാം. പക്ഷേ നിങ്ങളപ്പോള്‍ പറയേണ്ടതിനെച്ചൊല്ലി വ്യാകുലപ്പെടേണ്ട. ആ സമയം എന്താണു പറയേണ്ടതെന്നു ദൈവം നിങ്ങള്‍ക്കു പറഞ്ഞു തരും. കാരണം യഥാര്‍ത്ഥത്തില്‍ നിങ്ങളല്ല സംസാരിക്കുന്നത്. പരിശുദ്ധാത്മാവ് തന്നെയാണത്.
12 “സഹോദരന്‍ സഹോദരനു നേരെ തിരിയുകയും അവനെ കൊലയ്ക്കു കൊടുക്കുകയും ചെയ്യും. പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കെതിരായി തിരിയുകയും അവരെ കൊലയ്ക്കു കൊടുക്കുകയും ചെയ്യും. മക്കള്‍ മാതാപിതാക്കള്‍ക്കെതിരെ പോരാടി അവരെ എങ്ങനെ വധിക്കാമെന്നു ചിന്തിക്കും. 13 എന്നെ പിന്തുടര്‍ന്നതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. പക്ഷെ അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.
14 “ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്ത് നില്‍ക്കുന്നത് നിങ്ങള്‍ കാണും. (വായിക്കുന്നവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ). ആ സമയം യെഹൂദ്യയില്‍ വസിക്കുന്നവര്‍ മലകളിലേക്കോടിപ്പോകട്ടെ. 15 ഒന്നിനും വേണ്ടി കാത്തുനിന്നു സമയം കളയാതെ അവര്‍ ഓടും. പുരപ്പുറത്തു നില്‍ക്കുന്നവന്‍ പോലും ഇറങ്ങിവന്ന് സാമാനങ്ങള്‍ എടുക്കാന്‍ നില്‍ക്കാതെ ദൂരേക്ക് ഓടിപ്പോകണം. 16 വയലില്‍ വേല ചെയ്യുന്നവന്‍ തന്‍റെ മേലങ്കിയെടുക്കാന്‍ പോലും മെനക്കെടരുത്.
17 “ആ സമയം ഗര്‍ഭിണികള്‍ക്കും അമ്മയുടെ പാല്‍ കുടിക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും കഷ്ടം. 18 ഇതു തണുപ്പുകാലത്തു സംഭവിക്കാതിരിക്കുവാനായി പ്രാര്‍ത്ഥിക്കുവിന്‍. 19 എന്തെന്നോ? ആ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ദൈവം ലോകം സൃഷ്ടിച്ചതുമുതല്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്തവിധം ദുരിതങ്ങളന്നുണ്ടാകും. ഇത്രയും മോശപ്പെട്ടത് ഇനിയും ഉണ്ടാകുകയുമില്ല. 20 ആ ദിവസങ്ങളുടെ എണ്ണം വളരെ കുറയ്ക്കുവാന്‍ ദൈവം തീരുമാനിച്ചു. അല്ലായിരുന്നെങ്കില്‍ ഒരു മനുഷ്യനും അവശേഷിക്കുകയില്ല. പക്ഷേ താന്‍ പ്രത്യേകം തിരഞ്ഞെടുത്തവരെ വിചാരിച്ച് ആ ദിവസങ്ങള്‍ അവന്‍ ചുരുക്കും.
21 “ആ സമയം ചിലര്‍ നിങ്ങളോടു പറയും, ‘ക്രിസ്തു ഇവിടെയുണ്ട്,’ അല്ലെങ്കില്‍ ‘അവന്‍ അവിടെയുണ്ട്,’ എന്നു പറയും. പക്ഷെ അവരെ വിശ്വസിക്കരുത്. 22 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് വലിയ കാര്യങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരുടെ മുന്പിലാണവര്‍ ഇതു കാണിക്കുക. പറ്റുമെങ്കില്‍ ദൈവത്തിന്‍റെ ആളുകളെ വിഡ്ഢികളാക്കാനുള്ള ശ്രമമായാണ് അവരിതു ചെയ്യുക. 23 അതിനാല്‍ സൂക്ഷിച്ചിരിക്കുക ഞാന്‍ നിങ്ങള്‍ക്കിതിനെപ്പറ്റിയെല്ലാം മുന്‍കൂട്ടി പറഞ്ഞുതന്നിരിക്കുന്നു.
24 “ഈ ദുരന്തങ്ങള്‍ക്കു ശേഷം
‘സൂര്യന്‍ ഇരുണ്ടു പോകും,
ചന്ദ്രന്‍ പ്രകാശിക്കയില്ല.
25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും,
ആകാശത്തുള്ള എല്ലാത്തിനും മാറ്റം സംഭവിക്കും.’* യെശയ്യാവ് 13:10; 34:4
26 “അപ്പോള്‍ മനുഷ്യപുത്രന്‍ വര്‍ദ്ധിച്ച കരുത്തോടും പ്രതാപത്തോടും മേഘങ്ങളില്‍ വരുന്നതു കാണും. 27 മനുഷ്യപുത്രന്‍ ദൂതന്മാരെ ഭൂമിക്കു ചുറ്റും അയയ്ക്കും. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഈ ദൂതന്മാര്‍ അവന്‍ തിരഞ്ഞെടുത്തവരെ ഒരുമിച്ചു കൂട്ടും.
28 “അത്തിമരം നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. അത്തിമരത്തിന്‍റെ തണ്ടുകള്‍ മൃദുവായി, പുതിയ ഇലകള്‍ മുളയ്ക്കുന്പോള്‍ വേനല്‍ വരവായെന്ന് നാം അറിയുന്നു. 29 ഇപ്രകാരം തന്നെ, ഇതെല്ലാം സംഭവിക്കുന്നതു കാണുന്പോള്‍ അവന്‍ വരാനുള്ള സമയമായെന്ന് നിങ്ങള്‍ ധരിച്ചുകൊള്ളുക. 30 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഇന്നത്തെ തലമുറക്കാര്‍ ജീവിച്ചിരിക്കെത്തന്നെ ഇതൊക്കെ സംഭവിക്കും. 31 ലോകം മുഴുവനും ഭൂമിയും ആകാശവും നശിപ്പിക്കപ്പെടും. എന്നാല്‍ എന്‍റെ വചനങ്ങള്‍ മാത്രം നശിക്കില്ല.
32 “ആ ദിവസത്തെപ്പറ്റിയും മണിക്കൂറിനെപ്പറ്റിയും പറയുവാനാര്‍ക്കും സാദ്ധ്യമല്ല. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനോ ആ ദിവസം എപ്പോഴാണെന്നു പറയാന്‍ കഴിയില്ല. പിതാവിനു മാത്രം അതറിയാം. 33 ശ്രദ്ധിച്ചിരിക്കുക, എപ്പോഴും തയ്യാറായിരിക്കുക. ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിയില്ല.
34 “വീടുപേക്ഷിച്ചു യാത്രയ്ക്കുപോകുന്ന മനുഷ്യനെപ്പോലെയാണത്. അയാള്‍ വീട് ദാസന്മാരെ ഏല്പിക്കും. ഓരോ ദാസനെയും ഓരോ പ്രത്യേക ജോലി ഏല്പിക്കും. ഒരാളോട് കാവല്‍ക്കാരനാകുവാനും കല്പിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തൊഴില്‍. അതിനാല്‍ ജാഗ്രതയായിരിക്കുക. ഇത് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നതു പോലെ തന്നെയാണ്. 35 അതിനാല്‍ നിങ്ങളെപ്പോഴും ജാഗ്രതയോടെ ഇരിക്കുക. വീട്ടുടമസ്ഥന്‍ എപ്പോഴാണു മടങ്ങിവരികയെന്നു നിങ്ങള്‍ക്കറിയില്ല. അയാള്‍ ചിലപ്പോള്‍ ഉച്ച തിരിഞ്ഞ് വരാം. പാതിരാത്രിയില്‍ വരാം, പുലര്‍കാലത്തുതന്നെയാവാം. അല്ലെങ്കില്‍ സൂര്യന്‍ ഉദിക്കുന്നനേരത്തുമാവാം. 36 അയാള്‍ പെട്ടെന്നായിരിക്കും വരിക. നിങ്ങള്‍ എപ്പോഴും തയ്യാറായിരിക്കുക. നിങ്ങള്‍ ഉറങ്ങുന്നതായി അയാള്‍ കാണരുത്. 37 ഞാന്‍ നിങ്ങളോട് എന്തുപറയുന്നുവോ ഞാന്‍ അതെല്ലാവരോടും പറയുന്നു. ‘ജാഗ്രതയായിരിക്കുക!’”