വിതയ്ക്കുന്നവന്‍റെ കഥ
(മത്താ. 13:1-9; ലൂക്കൊ. 8:4-8)
4
മറ്റൊരിക്കല്‍ കടല്‍ക്കരയില്‍വച്ച് യേശു ഉപദേശിക്കാന്‍ തുടങ്ങി. ഒട്ടേറെപ്പേര്‍ യേശുവിനു ചുറ്റും നിരന്നു. അതിനാലവന്‍ കടലില്‍ കിടന്നിരുന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം വെള്ളത്തിനു സമീപം കടല്‍ക്കരയില്‍ നിന്നു. യേശു വഞ്ചിയില്‍നിന്നുകൊണ്ട് അവരെ ഉപദേശിച്ചു. അവന്‍ ഉപമകളിലൂടെ പല കാര്യങ്ങളും പഠിപ്പിച്ചു. യേശു പറഞ്ഞു,
“ശ്രദ്ധിക്കൂ, ഒരു കര്‍ഷകന്‍ വിത്തു വിതയ്ക്കാന്‍ പോയി. വിതയ്ക്കുന്നതിനിടയില്‍ ചില വിത്തുകള്‍ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അവയെല്ലാം കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലത്തു വീണു. അവിടെ മണ്ണു കുറവായിരുന്നു. ആഴം കുറഞ്ഞ സ്ഥലമായിരുന്നതിനാല്‍ അവിടെ വീണ വിത്തുകള്‍ വേഗം വളര്‍ന്നു. പക്ഷേ സൂര്യനുദിച്ചപ്പോള്‍ അവ കരിഞ്ഞു പോയി. അവയ്ക്ക് ആഴത്തില്‍ വേരുകള്‍ ഇല്ലാതിരുന്നതിനാലാണ് അവ കരിഞ്ഞത്. കുറെ വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്ളുകള്‍ വളര്‍ന്നു ചെടികളെ ഞെരിച്ചമര്‍ത്തി. അതിനാല്‍ അവയില്‍ ധാന്യമുണ്ടായില്ല. മറ്റു ചില വിത്തുകള്‍ നല്ല മണ്ണില്‍ വീണു. അവ വളര്‍ന്നു തുടങ്ങി. വളര്‍ന്ന് ധാന്യം വിളഞ്ഞു. ചില ചെടികള്‍ മുപ്പതു മേനിയും ചിലവ അറുപതു മേനിയും, ചിലവ നൂറു മേനിയും വിളവുണ്ടാക്കി.”
അനന്തരം യേശു പറഞ്ഞു, “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.”
താന്‍ ഉപമകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി യേശു
(മത്താ. 13:10-17; ലൂക്കൊ. 8:9-10)
10 പിന്നീട്, യേശു തനിച്ചായി. പന്ത്രണ്ട് അപ്പൊസ്തലന്മാരും യേശുവിന്‍റെ മറ്റ് അനുയായികളും ദൃഷ്ടാന്ത കഥകളെപ്പറ്റി അവനോടു ചോദിച്ചു.
11 യേശു പറഞ്ഞു, “ദൈവരാജ്യത്തിന്‍റെ നിഗൂഢമായ സത്യം നിങ്ങള്‍ക്കേ അറിയൂ, പക്ഷേ മറ്റുള്ളവര്‍ക്ക് ഉപമകളിലൂടെയാണ് ഞാനെല്ലാം നല്‍കുക. 12 ഞാനങ്ങനെ ചെയ്തതെന്തെന്നാല്‍:
'അവര്‍ വീണ്ടും വീണ്ടും നോക്കും.
പക്ഷേ യഥാര്‍ത്ഥത്തില്‍ കാണുകയില്ല. അവര്‍ വളരെ ശ്രദ്ധിക്കും.
പക്ഷേ ഒരിക്കലും മനസ്സിലാവില്ല. അവര്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ മാനസാന്തരപ്പെട്ട് ക്ഷമിക്കപ്പെടുമായിരുന്നു.’” യെശയ്യാവ് 6:9-10
യേശു വിത്തിന്‍റെ കഥ വിശദീകരിക്കുന്നു
(മത്താ. 13:18-23; ലൂക്കൊ. 8:11-15)
13 അനന്തരം യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങള്‍ക്ക് ഈ കഥ മനസ്സിലായോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കേതെങ്കിലും കഥ മനസ്സിലാകുമോ? 14 കര്‍ഷകന്‍ (വചനം വിതയ്ക്കുന്ന ആള്‍) ദൈവവചനം ജനങ്ങളില്‍ വിതയ്ക്കുകയാണ് ചെയ്തത്. 15 ചിലര്‍ ദൈവവചനം കേള്‍ക്കുന്നത് വഴിയരികെ വീഴുന്ന വിത്തു പോലെയാണ്. സാത്താന്‍ പെട്ടെന്ന് വന്ന് അവരില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ എടുത്തുകൊണ്ടു പോകുന്നു.
16 “മറ്റുചിലരാകട്ടെ പാറപോലെ ഉറച്ചമണ്ണില്‍ വിത്തു വിതച്ചതുപോലെയാണ്. അവര്‍ സസന്തോഷം വചനം കേള്‍ക്കുകയും വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യും. 17 പക്ഷേ വചനം തങ്ങളുടെ ജീവിതത്തില്‍ ഗാഢമായി ആഴ്ന്നിറങ്ങാനവര്‍ അനുവദിക്കുന്നില്ല. കുറച്ചു കാലം മാത്രം അവര്‍ വചനത്തോടു നീതി പുലര്‍ത്തും. പിന്നീട് വചനം നിമിത്തം അവര്‍ക്കെന്തെങ്കിലും പീഢയോ പ്രശ്നങ്ങളോ ഉണ്ടാകുന്പോള്‍ അവരതിനെ വേഗം ഉപേക്ഷിക്കും.
18 “മറ്റു ചിലരാകട്ടെ മുള്ളുകള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടതു പോലെയാണ്. അവര്‍ വചനം ശ്രവിക്കുന്നു. 19 പക്ഷേ അപ്പോഴേക്കും ജീവിതക്ലേശങ്ങളും പണക്കൊതിയും മറ്റാഗ്രഹങ്ങളും വരികയായി. അതോടെ വചനത്തിന്‍റെ വളര്‍ച്ച മുട്ടുകയായി. അതിനാല്‍ അവരില്‍ വചനം ഫലപ്രദമാവുകയില്ല.
20 “മറ്റു ചിലരാകട്ടെ നല്ല മണ്ണില്‍ വിതച്ച വിത്തുപോലെയാണ്. അവര്‍ വചനം കേട്ട് അതിനെ സ്വീകരിക്കുന്നു. അത് അവരില്‍ മുപ്പതും അറുപതും ചിലപ്പോള്‍ നൂറു മടങ്ങും വിളവുണ്ടാക്കും.”
ഉള്ളത് ഉപയോഗിക്കുക
(ലൂക്കൊ. 8:16-18)
21 യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഒരു വിളക്കു കത്തിച്ച് പറയ്ക്കടിയിലോ കട്ടിലിനടിയിലോ ഒളിപ്പിച്ചു വയ്ക്കാറുണ്ടോ? ഇല്ല, നിങ്ങള്‍ അതു വിളക്കുമേശയില്‍ വയ്ക്കുന്നു. 22 ഒളിപ്പിച്ചുവച്ചതെന്തും പുറത്തുവരും. രഹസ്യങ്ങളെല്ലാം വെളിപ്പെടും. 23 കാതുള്ളവര്‍ എന്‍റെ വചനം കേള്‍ക്കട്ടെ. 24 നിങ്ങള്‍ കേള്‍ക്കുന്നത് ശ്രദ്ധയോടെ ചിന്തിക്കുക. നിങ്ങള്‍ കൊടുക്കുന്പോലെ ദൈവം നിങ്ങള്‍ക്കും നല്‍കും പക്ഷേ നിങ്ങള്‍ കൊടുക്കുന്നതിലധികമാവും ദൈവം നിങ്ങള്‍ക്കു തരിക. 25 ഉളളവനു കൂടുതല്‍ കിട്ടും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു കൂടി നഷ്ടമാവും.”
യേശു വിത്തിനെപ്പറ്റിയുള്ള കഥ പറയുന്നു
26 യേശു പറഞ്ഞു, “ദൈവരാജ്യം മണ്ണില്‍ വിത്തു വിതയ്ക്കുന്നവനെപ്പോലെയാണ്. 27 വിത്തു മുളച്ചു തുടങ്ങുന്നു. രാപകല്‍ അതു വളരുന്നു. വിതച്ചവന്‍ ഉറക്കത്തിലായാലും ഉണര്‍ന്നിരിക്കുന്പോഴായാലും; വിത്തിന്‍റെ വളര്‍ച്ചയെപ്പറ്റി അവനു ഒന്നും അറിയുകയില്ലെങ്കിലും അതു വളര്‍ന്നു കൊണ്ടെയിരിക്കുന്നു. 28 ഒരു സഹായവുമില്ലാതെ മണ്ണു വിളവുണ്ടാക്കുന്നു. ആദ്യം ചെടി വളരുന്നു, പിന്നെ കതിര്, അവസാനം ധാന്യമാവും. 29 ധാന്യം പാകമാവുന്പോള്‍ കൃഷിക്കാരന്‍ കൊയ്തെടുക്കുന്നു. അതാണ് കൊയ്ത്തു കാലം.”
ദൈവരാജ്യം കടുകുമണിപോലെ
(മത്താ. 13:31-32, 34-35; ലൂക്കൊ. 13:18-19)
30 “ദൈവരാജ്യത്തെ ഞാനെന്തിനോടാണ് ഉപമിക്കുക? ഇതു വിശദീകരിക്കാന്‍ ഞാനെന്തു കഥ ഉപയോഗിക്കും? 31 ദൈവരാജ്യം ഒരു കടുകുമണിപോലെയാണ്. മണ്ണിലുണ്ടാകുന്ന മറ്റേതു വിത്തുകളേക്കാളും ചെറുതാണത്. 32 പക്ഷേ ഈ വിത്ത് വിതയ്ക്കുന്പോള്‍ അതു വളര്‍ന്ന് നിങ്ങളുടെ തോട്ടത്തിലെ ഏറ്റവും വലിയ ചെടിയായിത്തീരും. അതില്‍ വലിയ ശാഖകള്‍ രൂപം കൊള്ളും പക്ഷികള്‍ അവയില്‍ കൂടുകൂട്ടി സൂര്യതാപത്തില്‍ നിന്നു രക്ഷപെടും.”
33 ഇപ്രകാരമുള്ള അനേകം കഥകളിലൂടെ യേശു അവരെ പഠിപ്പിച്ചു. അവര്‍ക്കു മനസ്സിലാകുന്നിടത്തോളം കാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു. 34 അവന്‍ പഠിപ്പിക്കാന്‍ എല്ലായ്പ്പോഴും കഥകളുപയോഗിച്ചു. യേശുവും ശിഷ്യന്മാരും മാത്രമായപ്പോള്‍ യേശു അവര്‍ക്ക് എല്ലാം വിശദീകരിച്ചു കൊടുത്തു.
യേശു കൊടുങ്കാറ്റിനെ തടയുന്നു
(മത്താ. 8:23-27; ലൂക്കൊ. 8:22-25)
35 ആ ദിവസം വൈകുന്നേരം യേശു ശിഷ്യന്മാരോടു പറഞ്ഞു, “എന്നോടൊപ്പം മറുകരയിലേക്കു വരൂ.” 36 യേശുവും ശിഷ്യന്മാരും ജനങ്ങളെ വിട്ടുപോയി. യേശു ഇരുന്നിരുന്ന അതേ വഞ്ചിയിലാണവര്‍ മറുകരയിലേക്കു പോയത്. മറ്റു വഞ്ചികളും ഒപ്പമുണ്ടായിരുന്നു. 37 ഒരു കൊടുങ്കാറ്റ് അപ്പോഴുണ്ടായി. തിരമാലകള്‍ ആഞ്ഞടിച്ചു. വള്ളം നിറയെ വെള്ളം കയറി. 38 യേശു ഒരു തലയിണയില്‍ തലവെച്ച് വള്ളത്തില്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവനെ വിളിച്ചുണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ, അങ്ങിതു കാണുന്നില്ലേ? നമ്മള്‍ മുങ്ങാറായി.”
39 യേശു എഴുന്നേറ്റ് കാറ്റിനോടും തിരമാലകളോടും അടങ്ങാന്‍ ആജ്ഞാപിച്ചു. യേശു പറഞ്ഞു, “അടങ്ങൂ! നിശ്ചലമാകൂ!” കാറ്റടങ്ങി ശാന്തത ഉളവായി.
40 യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് ഭയന്നത്? നിങ്ങള്‍ക്കിപ്പോഴും വിശ്വാസമില്ലേ?”
41 ശിഷ്യന്മാര്‍ ഭയചകിതരായി പരസ്പരം ചോദിച്ചു, “ആരാണിവന്‍? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ?”