യേശു സ്വദേശത്തേക്കു പോകുന്നു
(മത്താ. 13:53-58; ലൂക്കൊ. 4:16-30)
6
യേശു അവിടം വിട്ട് സ്വദേശത്തേക്കു മടങ്ങി. അവന്‍റെ ശിഷ്യന്മാര്‍ അവനെ പിന്തുടര്‍ന്നു. ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയില്‍ പഠിപ്പിച്ചു. അവന്‍റെ ഉപദേശം കേട്ട് പലരും അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, “ഇയാള്‍ക്കെവിടെനിന്ന് ഈ ഉപദേശം കിട്ടി? ഈ ജ്ഞാനം ഇവനെവിടെനിന്നു കിട്ടി? ആരാണിതവനു കൊടുത്തത്? വീര്യപ്രവര്‍ത്തികള്‍ കാട്ടാനുള്ള ശക്തി ഇവനെവിടെനിന്നു കിട്ടി? ഇവന്‍ വെറുമൊരു മരയാശാരി, മറിയയുടെ മകന്‍. യാക്കോബ്, യോസെ, യൂദാ, ശിമോന്‍, എന്നിവര്‍ സഹോദരന്മാര്‍. അവന്‍റെ സഹോദരിമാരാകട്ടെ നമ്മോടൊപ്പമുണ്ടു താനും.” അതിനാല്‍ അവര്‍ അവനെ അംഗീകരിച്ചില്ല.
യേശു അവരോടു പറഞ്ഞു, “ഒരു പ്രവാചകനെ മറ്റുനാട്ടുകാര്‍ ബഹുമാനിക്കുന്നു. പക്ഷേ സ്വദേശത്ത് അവന്‍റെ തന്നെ ബന്ധുക്കളുടെയും സ്വന്തം കുടുംബാഗങ്ങളുടെയും ഇടയില്‍ പ്രവാചകന്‍ അംഗീകരിക്കപ്പെടില്ല.” യേശുവിന് അവിടെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിഞ്ഞില്ല. അവനവിടെ ആകെ ചെയ്ത വീര്യപ്രവര്‍ത്തികള്‍ ചില രോഗികളെ അവരുടെമേല്‍ സ്പര്‍ശിച്ച് സുഖപ്പെടുത്തുക മാത്രമായിരുന്നു. അവരുടെ അവിശ്വാസത്തില്‍ യേശു അത്ഭുതപ്പെട്ടു. അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചു.
യേശു അപ്പൊസ്തലന്മാരെ പ്രസംഗിക്കാന്‍ അയയ്ക്കുന്നു
(മത്താ. 10:1, 5:15; ലൂക്കൊ. 9:1-6)
യേശു പന്ത്രണ്ടു ശിഷ്യന്മാരെയും ഒന്നിച്ചു വിളിച്ചു. അവരെ അവന്‍ രണ്ടു പേരുടെ സംഘങ്ങളായി അയച്ചു. അശുദ്ധാത്മാക്കളുടെമേല്‍ യേശു അവര്‍ക്കു ശക്തി നല്‍കി. അവന്‍ അവരോടിങ്ങനെ പറഞ്ഞു, “യാത്രയ്ക്കായൊന്നും എടുക്കരുത്, ഊന്നുവടി മാത്രമെടുക്കുക. അപ്പ മോ, സഞ്ചിയോ, പണമോ, കരുതരുത്. ചെരുപ്പുകളിടുക, ധരിക്കുന്ന വസ്ത്രം മാത്രമായിറങ്ങുക. 10 ഒരു വീട്ടില്‍ ചെന്നു കയറിയാല്‍ ആ ഗ്രാമം വിടുംവരെ അവിടെ താമസിക്കുക. 11 ഏതെങ്കിലും ഒരു ഗ്രാമം നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങളെ ശ്രവിക്കാതിരിക്കുകയോ, ചെയ്താല്‍ അവിടം വിടുക. നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക. അതവര്‍ക്കെതിരെയുള്ള ഒരു സാക്ഷ്യമായിരിക്കും.”
12 ശിഷ്യന്മാര്‍ അവിടം വിട്ട് മറ്റു ദേശങ്ങളിലേക്കു പോയി. അവര്‍ പ്രസംഗിക്കുകയും മാനസാന്തരപ്പെടുവാന്‍ നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു. 13 അവര്‍ അനേകം ഭൂതങ്ങളെ ഒഴിപ്പിച്ചു. രോഗികളെ ഒലീവെണ്ണ പുരട്ടി ഭേദപ്പെടുത്തി.
യേശു സ്നാപകയോഹന്നാനെന്ന് ഹെരോദാവ് കരുതുന്നു
(മത്താ. 14:1-12, ലൂക്കൊ. 9:7-9)
14 യേശു പ്രശസ്തനായിക്കഴിഞ്ഞതിനാല്‍ ഹെരോദാരാജാവും അവനെപ്പറ്റി കേട്ടു. ചിലര്‍ പറഞ്ഞു, “യേശു സ്നാപകയോഹന്നാനാണ്. അയാള്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അതിനാലാണവന് ഈ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയുന്നത്.”
15 മറ്റു ചിലര്‍ പറഞ്ഞു, “അവന്‍ ഏലീയാവ് ആണ്.”
വേറെ ചലരാകട്ടെ ഇങ്ങനെയാണു പറഞ്ഞത്, “യേശു പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ പണ്ടു ജീവിച്ചിരുന്ന ഒരു പ്രവാചകനാണ്.”
16 ഹെരോദാവ് യേശുവിനെപ്പറ്റിയുള്ള ഈ കാര്യങ്ങള്‍ കേട്ടു. അദ്ദേഹം പറഞ്ഞു, “യോഹന്നാന്‍റെ തലവെട്ടി ഞാനവനെ കൊന്നു. ഇപ്പോഴവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”
സ്നാപകയോഹന്നാന്‍ കൊല്ലപ്പെട്ടതെങ്ങനെ
17 യോഹന്നാനെ ബന്ധിക്കുവാന്‍ ഹെരോദാവാണ് സൈനികരോട് ആജ്ഞാപിച്ചത്. അദ്ദേഹം യോഹന്നാനെ തുറുങ്കിലടച്ചു. തന്‍റെ പത്നി ഹെരോദ്യയെ പ്രീതിപ്പെടുത്താനാണ് അദ്ദേഹമിതു ചെയ്തത്. ഹെരോദ്യ ഹെരോദാവിന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ പത്നിയായിരുന്നു. പക്ഷെ അപ്പോള്‍ ഹെരോദാവ് അവളെ വിവാഹം ചെയ്തിരുന്നു. 18 സ്വന്തം സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്യുന്നത് ശരിയല്ലെന്ന് യോഹന്നാന്‍ അയാളെ ഉപദേശിച്ചിരുന്നു. 19 അതിനാല്‍ ഹെരോദ്യ യോഹന്നാനെ വെറുത്തു. അവള്‍ക്ക് അയാളെ കൊല്ലണമായിരുന്നു. എന്നാല്‍ അതിന് ഹെരോദാവിനെ നിര്‍ബന്ധിക്കാനവള്‍ക്കു കഴിഞ്ഞില്ല. 20 യോഹന്നാനെ വധിക്കാന്‍ ഹെരോദാവിന് ഭയമായിരുന്നു. യോഹന്നാന്‍ ധാര്‍മ്മികനും പരിശുദ്ധനുമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഹെരോദാവിന് അറിയാമായിരുന്നു. അതിനാല്‍ ഹെരോദാവ് അയാളെ സംരക്ഷിച്ചു. യോഹന്നാന്‍റെ പ്രസംഗം ഹെരോദാവിനെ കുഴക്കിയെങ്കിലും അവനതു സസന്തോഷം ശ്രവിച്ചു.
21 എന്നാല്‍ ഹെരോദ്യയ്ക്ക് അനുകൂലമായ സാഹചര്യം വന്നു. ഹെരോദാവിന്‍റെ ജന്മദിനമായിരുന്നു. പ്രധാന സര്‍ക്കാര്‍ നേതാക്കള്‍ക്കും സൈന്യത്തലവന്മാര്‍ക്കും ഗലീലയിലെ പ്രമാണിമാര്‍ക്കും ഹെരോദാവ് വിരുന്നൊരുക്കി. 22 ഹെരോദ്യയുടെ പുത്രി വിരുന്നുവേളയില്‍ വന്നു നൃത്തം ചെയ്തു. അവളുടെ നൃത്തത്തില്‍ ഹെരോദാവും അയാളുടെ അതിഥികളും വളരെ സന്തുഷ്ടരായി.
ഹെരോദാരാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു, “നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നല്‍കാം.” 23 ഹെരോദാവ് അവള്‍ക്കു വാക്കു നല്‍കിയിരുന്നു, “നീ ആവശ്യപ്പെടുന്നതെന്തും, എന്‍റെ പകുതി രാജ്യം പോലും നിനക്കു ഞാന്‍ തരാം.”
24 അവള്‍ അമ്മയുടെ അടുത്തേക്കു പോയി ചോദിച്ചു. ഹെരോദാരാജാവിനോടു ഞാനെന്തു ചോദിക്കണം.
അവളുടെ അമ്മ പറഞ്ഞു, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ആവശ്യപ്പെടൂ.”
25 അവള്‍ വേഗം രാജാവിന്‍റെ അടുത്തു മടങ്ങിയെത്തി. അവള്‍ രാജാവിനോടു പറഞ്ഞു, “ദയവായി സ്നാപകയോഹന്നാന്‍റെ ശിരസ്സ് എനിക്കു ഇപ്പോള്‍ത്തന്നെ തരൂ. ഒരു തളികയില്‍ വെച്ച് അതിവിടെ കൊണ്ടുവരൂ.”
26 ഹെരോദാരാജാവ് ദുഃഖിതനായി അവള്‍ക്ക് ആവശ്യമുള്ളതെന്തും നല്‍കാമെന്നദ്ദേഹം വാക്കു കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അതിഥികളും ആ പ്രതിജ്ഞ കേട്ടിരുന്നതിനാല്‍ അവളുടെ അപേക്ഷ നിരസിക്കാന്‍ രാജാവിനു കഴിയുമായിരുന്നില്ല. 27 അതിനാല്‍ യോഹന്നാന്‍റെ തല വെട്ടിക്കൊണ്ടുവരാന്‍ രാജാവ് ഒരു പടയാളിയെ അയച്ചു. അയാള്‍ തടവറയില്‍ ചെന്ന് യോഹന്നാന്‍റെ തല വെട്ടി. 28 ഒരു തളികയില്‍ യോഹന്നാന്‍റെ തലയും വെച്ച് പടയാളി രാജസദസ്സിലെത്തി. അയാള്‍ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു തന്‍റെ അമ്മയ്ക്കും കൊടുത്തു. 29 യോഹന്നാന്‍റെ ശിഷ്യന്മാര്‍ സംഭവങ്ങളറിഞ്ഞു. അവര്‍ യോഹന്നാന്‍റെ ശരീരം ഏറ്റുവാങ്ങി ഒരു കല്ലറയില്‍ സംസ്കരിച്ചു.
യേശു അയ്യായിരം പേരെ പോറ്റുന്നു
(മത്താ. 14:13-21; ലൂക്കൊ. 9:10-17; യോഹ. 6:1-4)
30 വചനം പ്രസംഗിക്കുന്നതിന് യേശു അയച്ച അപ്പൊസ്തലന്മാര്‍ മടങ്ങിയെത്തി. തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ എല്ലാം അവര്‍ യേശുവിനോടു വിവരിച്ചു. 31 യേശുവും ശിഷ്യന്മാരും വളരെ തിരക്കിലായിരുന്നു. എന്തെന്നാല്‍ ഒരുപാടുപേര്‍ അവിടെ എത്തിയിരുന്നു. അതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ആഹാരം കഴിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം വരുവിന്‍. നമുക്ക് വിജനമായ ഒരിടത്തേക്കു പോകാം. അവിടെ നമുക്കെല്ലാം വിശ്രമം കിട്ടും.”
32 യേശുവും ശിഷ്യന്മാരും വിജനമായ ഒരിടത്തേക്കു തനിച്ചു പോയി. വഞ്ചിയിലാണവര്‍ പോയത്. 33 പക്ഷേ അവര്‍ പോകുന്നത് പലരും കണ്ടു. യേശുവായിരുന്നു അതെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും ആളുകള്‍ യേശു പോയ സ്ഥലത്തേക്കു പോയി. യേശു എത്തുംമുന്പുതന്നെ അവര്‍ അവിടെയെത്തി. 34 യേശു അവിടെയെത്തിയപ്പോള്‍ അനവധിപേര്‍ അവനെ കാത്തിരിക്കുന്നതു കണ്ടു. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ കണ്ട അവരോട് യേശുവിന് അനുകന്പ തോന്നി. അതിനാലവന്‍ അവരെ പലതും പഠിപ്പിച്ചു.
35 നേരം സന്ധ്യയായി. ശിഷ്യന്മാര്‍ യേശുവിന്‍റെയടുത്തെത്തി. അവര്‍ പറഞ്ഞു, “ഇതൊരു വിജനപ്രദേശമാണ്. ഇപ്പോള്‍ത്തന്നെ നേരം വളരെ വൈകിയിരിക്കുന്നു. 36 അതിനാല്‍ ഈ ആളുകളെ പറഞ്ഞയയ്ക്കൂ. അവര്‍ കൃഷി സ്ഥലങ്ങളിലും അടുത്ത പട്ടണങ്ങളിലും പോയി ആഹാരം വാങ്ങിക്കൊണ്ടുവന്നു തിന്നട്ടെ.”
37 പക്ഷേ യേശു പറഞ്ഞു, “നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കൂ.”
ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, “ഇത്രയും പേര്‍ക്കുള്ള അപ്പം ഞങ്ങളുടെ പക്കലില്ല. അത്രയും അപ്പം വാങ്ങാനുള്ള പണത്തിന് ഞങ്ങള്‍ ഓരോരുത്തരും ഒരു മാസം പണിയെടുക്കണം.”
38 യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എത്ര അപ്പക്കഷണങ്ങളുണ്ടെന്ന് പോയി നോക്കൂ.”
അവര്‍ തങ്ങളുടെ പക്കലുള്ള അപ്പക്കഷണങ്ങള്‍ എണ്ണിനോക്കി. അവര്‍ പറഞ്ഞു, “അഞ്ചപ്പവും രണ്ടു മീനും.”
39 അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാവരോടും പുല്‍ത്തകിടിയില്‍ നിരന്നിരിക്കാന്‍ പറയുക.” 40 ജനങ്ങള്‍ നിരന്നിരുന്നു. അന്പതും നൂറും ആളുകളുടെ പന്തിയായിട്ടാണവര്‍ ഇരുന്നത്.
41 യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി ദൈവത്തിനു നന്ദി പറഞ്ഞു: അവന്‍ അതു പകുത്ത് ശിഷ്യന്മാര്‍ക്കു നല്‍കി. അതു വിളന്പാന്‍ യേശു അവരോടു പറഞ്ഞു. അനന്തരം രണ്ടു മീനും പങ്കിട്ട് അവന്‍ ജനങ്ങള്‍ക്കു നല്‍കി.
42 എല്ലാവരും വയറു നിറയെ ഭക്ഷിച്ചു. 43 എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞപ്പോഴും പന്ത്രണ്ടു കുട്ട നിറയെ അപ്പവും മീനും മിച്ചം വന്നു. 44 അയ്യായിരത്തോളം പുരുഷന്മാര്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.
യേശു വെള്ളത്തിനു മീതെ നടക്കുന്നു
(മത്താ. 14:22-33; യോഹ. 6:16-21)
45 അനന്തരം യേശു ശിഷ്യന്മാരോടു വഞ്ചിയില്‍ കയറാന്‍ പറഞ്ഞു. തടാകത്തിന്‍റെ മറുകരയിലുള്ള ബേത്ത്സയിദെക്കു പോകാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ പിന്നാലെ വരാമെന്നും പറഞ്ഞു. ജനക്കൂട്ടത്തോടു വീടുകളിലേക്കു മടങ്ങാന്‍ പറയാനാണവന്‍ അവിടെ നിന്നത്. 46 അവന്‍ അവരോടു യാത്ര പറഞ്ഞ് പ്രാര്‍ത്ഥിക്കാനായി മലയിലേക്കു പോയി.
47 രാത്രിയായപ്പോഴും വഞ്ചി നടുക്കടലില്‍ തന്നെയായിരുന്നു. യേശു തനിയെ കരയിലുമായിരുന്നു. 48 വഞ്ചി കടലില്‍ വളരെ ദൂരത്തായി യേശു കണ്ടു. അതു തുഴയാന്‍ ശിഷ്യന്മാര്‍ പണിപ്പെടുന്നതും അവന്‍ കണ്ടു. കാറ്റ് അവര്‍ക്കെതിരായിരുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയ്ക്ക് യേശു വഞ്ചിയുടെ അടുത്തേക്കു പോയി. അവന്‍ വെള്ളത്തിനു മുകളിലൂടെ നടക്കുകയായിരുന്നു. വഞ്ചിയെ കടന്നുപോകുംവരെ അവന്‍ നടപ്പു തുടര്‍ന്നു. 49 പക്ഷെ അവന്‍ വെള്ളത്തിനു മീതെ നടക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. അതൊരു ഭൂതമായിരിക്കുമെന്നവര്‍ കരുതി. അവര്‍ ഭയന്നു നിലവിളിച്ചു. 50 എല്ലാ ശിഷ്യന്മാരും അവനെ കണ്ടു ഭയന്നു. പക്ഷേ യേശു അവരോടു പറഞ്ഞു, “ധൈര്യമായിരിക്കൂ, ഇതു ഞാനാണ്. ഭയപ്പെടരുത്.” 51 അനന്തരം അവന്‍ വഞ്ചിയിലേക്കു കയറി. കാറ്റ് ശാന്തമായി. ശിഷ്യന്മാര്‍ അന്പരന്നു. 52 അഞ്ചപ്പത്തെ പെരുപ്പിക്കുന്നതവര്‍ കണ്ടു. പക്ഷെ അവര്‍ക്കതിന്‍റെ പൊരുള്‍ മനസ്സിലായില്ല. അവര്‍ക്കതിനു കഴിയുമായിരുന്നില്ല.
യേശു അനേകരെ സൌഖ്യമാക്കുന്നു
(മത്താ. 14:34-36)
53 യേശുവിന്‍റെ ശിഷ്യന്മാര്‍ മറുകരയിലെത്തി. ഗെന്നേസരത്തിലെ തീരത്ത് അവരെത്തി. വള്ളം കെട്ടിയിട്ടു. 54 അവര്‍ വഞ്ചിയില്‍ നിന്നിറങ്ങിയപ്പോള്‍ ജനങ്ങള്‍ യേശുവിനെ കണ്ടു. അവന്‍ ആരാണെന്ന് അവര്‍ക്കറിയാമായിരുന്നു. 55 യേശു അവിടെ എത്തിയ വിവരം നാടൊട്ടുക്കുമുള്ള എല്ലാവരോടും പറയാന്‍ അവരോടിപ്പോയി. യേശു പോയ എല്ലായിടവും അവര്‍ രോഗികളെ കിടക്കയോടെ ചുമന്നു കൊണ്ടുചെന്നു. 56 യേശു ആ പ്രദേശത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം കടന്നു ചെന്നു. അവിടെയെല്ലാം ആളുകള്‍ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലത്തു കിടത്തി. യേശുവിന്‍റെ വസ്ത്രത്തിലെവിടെയെങ്കിലും സ്പര്‍ശിക്കാനുള്ള അനുവാദത്തിന് അവര്‍ അവനോടു കെഞ്ചി. അവന്‍റെ വസ്ത്രത്തില്‍ തൊട്ടവരെല്ലാം സുഖം പ്രാപിച്ചു.