യേശു യെരൂശലേമില്‍ ഒരു രാജാവിനെപ്പോലെ പ്രവേശിക്കുന്നു
(മര്‍ക്കൊ. 11:1-11; ലൂക്കൊ. 19:28-38; യോഹ. 12:12-19)
21
യേശുവും ശിഷ്യന്മാരും യെരൂശലേംനഗരത്തോട് അടുത്തു. ഒലിവുമലയിലെ ബേത്ത്ഫഗയില്‍ അവര്‍ ആദ്യം നിന്നു. അവിടെനിന്നും യേശു തന്‍റെ രണ്ടു ശിഷ്യന്മാരെ നഗരത്തിലേക്കയച്ചു. യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ കാണുന്ന ആ നഗരത്തിലേക്കു പോകുക. അവിടെ ഒരു കഴുതയെ കെട്ടിയിരിക്കുന്നതു കാണാം. മറ്റൊരു കഴുതക്കുട്ടിയേയും അവളുടെ അടുത്ത് നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്‍റെ അടുത്ത് കൊണ്ടുവരിക. ആരെങ്കിലും കഴുതകളെ എന്തിനഴിക്കുന്നു എന്നു ചോദിച്ചാല്‍, 'ഗുരുവിന് ഈ കഴുതകളെ വേണം. താമസിയാതെ ഞാന്‍ അവയെ തിരിച്ചു തരും എന്നും പറയുക.’”
പ്രവാചകന്‍റെ ഈ വചനങ്ങള്‍ നിറവേറ്റാനായിരുന്നു അത്:
“സീയോന്‍ നഗരത്തോടു പറയുക,
‘ഇതാ നിന്‍റെ രാജാവു നിന്‍റെയടുത്തു വരുന്നു
വിനീതനായ അവന്‍ ഒരു കൂലിക്കഴുതക്കുട്ടിയുടെ പുറത്തും
ജോലികള്‍ക്കുപയോഗിക്കുന്ന മൃഗത്തിന്‍റെ കുട്ടിയുടെ പുറത്തുമായിരിക്കും വരിക.’” സെഖര്യാവ് 9:9
യേശു നിയോഗിച്ചത് ശിഷ്യന്മാര്‍ ചെയ്തു. അവന്‍ തള്ളക്കഴുതയെയും കഴുതക്കുട്ടിയെയും യേശുവിനു കൊണ്ടുകൊടുത്തു. അവര്‍ കഴുതപ്പുറത്തു തങ്ങളുടെ മേലങ്കികള്‍ വിരിച്ചു. യേശു കഴുതപ്പുറത്തിരുന്നു. അവന്‍ യെരൂശലേമിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചു. അനേകം പേര്‍ അവന്‍റെ വഴിയില്‍ തങ്ങളുടെ മേലങ്കികള്‍ വിരിച്ചു. മറ്റു ചിലര്‍ മരച്ചില്ലകളൊടിച്ച് വഴിയില്‍ വിരിച്ചു.
ചിലര്‍ യേശുവിനു മുന്പേ നടക്കുകയായിരുന്നു. ചിലര്‍ പിറകേയും. അവര്‍ വിളിച്ചു പറഞ്ഞു,
“ദാവീദിന്‍റെ പുത്രനെ വാഴ്ത്തുക.* വാഴ്ത്തുക സഹായത്തിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിനുപയോഗിക്കുന്ന ഒരു എബ്രായ വാക്കായ “ഓശാന” എന്നര്‍ത്ഥം. അപ്പോള്‍ ഇതു ദൈവത്തെയോ അവന്‍റെ മശിഹായെയോ സ്തുതിക്കാനുള്ള ഒരാഹ്ലാദകൂജനമായിരിക്കാം.
കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ.’ സങ്കീര്‍ത്തനങ്ങള്‍ 118:26
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.”
10 അനന്തരം യേശു യെരൂശലേമിലേക്കു പ്രവേശിച്ചു. നഗരവാസികള്‍ ആശയക്കുഴപ്പത്തിലായി. അവര്‍ ചോദിച്ചു, “ആരാണിയാള്‍?”
11 യേശുവിനെ അനുഗമിക്കുന്നവര്‍ പറഞ്ഞു, “ഇവനാണ് യേശു. ഗലീലയിലെ നസറെത്തില്‍ നിന്നുള്ള പ്രവാചകന്‍.”
യേശു ദൈവാലയത്തില്‍ കയറുന്നു
(മര്‍ക്കൊ. 11:15-19; ലൂക്കൊ. 19:45-48; യോഹ. 2:13-22)
12 യേശു ദൈവാലയത്തിലേക്കു കയറി. അവിടെ ക്രയവിക്രയം നടത്തിയിരുന്നവരെ അവന്‍ പുറത്താക്കി. അവന്‍ ചൂതാട്ടക്കാരുടെ മേശകള്‍ മറിച്ചിട്ടു. പ്രാവുകളെ വിറ്റിരുന്നവരുടെ ബഞ്ചുകളും അവന്‍ മറിച്ചിട്ടു. 13 യേശു അവിടെയുണ്ടായിരുന്നവരോടു പറഞ്ഞു, “തിരുവെഴുത്തുകളില്‍ എഴുതിയിട്ടുണ്ട്, ‘എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്നറിയപ്പെടും. എന്നാല്‍ നിങ്ങള്‍ അവിടം കള്ളന്മാരുടെ ഒളിസങ്കേതമാക്കുന്നു.’” ഉദ്ധരണി യെശയ്യാ 56:7.
14 അന്ധരും തളര്‍വാതരോഗികളുമായ ചിലര്‍ ദൈവാലയത്തില്‍ യേശുവിനെ സമീപിച്ചു. യേശു അവരുടെ രോഗം ഭേദപ്പെടുത്തി. 15 യേശുവിന്‍റെ പ്രവര്‍ത്തികള്‍ മഹാപുരോഹിതരും ശാസ്ത്രിമാരും കണ്ടു. യേശു മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതും കുട്ടികള്‍ അവനെ ദൈവാലയത്തില്‍ വാഴ്ത്തുന്നതും അവര്‍ കണ്ടു. കുട്ടികള്‍ പറയുന്നുണ്ടായിരുന്നു, “ദാവീദിന്‍റെ പുത്രനെ വാഴ്ത്തുവിന്‍” ഇതെല്ലാം മഹാപുരോഹിതരെയും ശാസ്ത്രിമാരെയും ദേഷ്യപ്പെടുത്തി.
16 മഹാപുരോഹിതരും ശാസ്ത്രിമാരും യേശുവിനോടു ചോദിച്ചു, “കുട്ടികള്‍ പറയുന്നതു നീ കേള്‍ക്കുന്നില്ലേ?”
യേശു മറുപടി പറഞ്ഞു, “ഉവ്വ്, തിരുവെഴുത്തില്‍ പറയുന്നു, 'കുട്ടികളെയും ശിശുക്കളെയും നീ വാഴ്ത്തുവാന്‍ പഠിപ്പിച്ചു' ഉദ്ധരണി സങ്കീ. 8:2. തിരുവെഴുത്തില്‍ നിങ്ങളിതു വായിച്ചിട്ടില്ലേ?”
17 അനന്തരം അവന്‍ അവിടം വിട്ട് നഗരത്തിനു പുറത്തു കടന്ന് ബെഥാന്യയില്‍ ആ രാത്രി തങ്ങി.
യേശു വിശ്വാസത്തിന്‍റെ ശക്തി തെളിയിക്കുന്നു
(മര്‍ക്കൊ. 11:12-14, 20-24)
18 പിറ്റേന്നു പുലര്‍ച്ചക്ക് യേശു നഗരത്തിലേക്കു മടങ്ങുകയായിരുന്നു. 19 അവന്‍ വഴിയോരത്ത് ഒരു അത്തിമരം കണ്ടു. യേശു തനിക്കു തിന്നാന്‍ അത്തിപ്പഴം കിട്ടുമോ എന്ന് ആ മരത്തില്‍ അന്വേഷിച്ചു. എന്നാല്‍ ആ മരത്തില്‍ ഇലകളല്ലാതെ ഒരു പഴം പോലുമുണ്ടായിരുന്നില്ല. അതിനാല്‍ യേശു ആ മരത്തോടു പറഞ്ഞു, “ഇനി നീ ഒരിക്കലും കായ്ക്കില്ല.” ഉടന്‍ തന്നെ ആ മരം ഉണങ്ങി നശിച്ചു.
20 ശിഷ്യന്മാര്‍ അതു കണ്ടു. അവര്‍ അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, “എങ്ങനെയാണ് ഈ അത്തിമരം ഇത്രവേഗം ഉണങ്ങിക്കരിഞ്ഞത്?”
21 യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. നിങ്ങള്‍ക്കു സംശയലേശമില്ലാതെ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ മരത്തോട് ഞാന്‍ ചെയ്തതുപോലെ തന്നെ ചെയ്യാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് അതിലധികവും ചെയ്യാനായേക്കാം. ഈ മലയോടു ‘പോയി കടലില്‍ പതിക്കൂ’ എന്നു പോലും ആജ്ഞാപിക്കാം. നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ അതു സംഭവിക്കും. 22 നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചോദിക്കുന്ന തെന്തും ലഭിക്കും.”
യെഹൂദപ്രമാണിമാര്‍ യേശുവിന്‍റെ അധികാരത്തെ സംശയിക്കുന്നു
(മര്‍ക്കൊ. 11:27-33; ലൂക്കൊ. 20:1-8)
23 യേശു ദൈവാലയത്തിലേക്കു പോയി. അവനവിടെ ഉപദേശിക്കുന്പോള്‍ പുരോഹിതന്മാരും യെഹൂദമൂപ്പന്മാരും യേശുവിന്‍റെ അടുത്തെത്തി. അവര്‍ അവനോടു ചോദിച്ചു, “പറയൂ, ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ നിനക്കെന്തധികാരമാണുള്ളത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”
24 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ. അതിനു നിങ്ങള്‍ ഉത്തരം തന്നാല്‍ എന്തധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്നു പറയാം. 25 പറയൂ: ‘യോഹന്നാന്‍ ആളുകളെ സ്നാനപ്പെടുത്തിയപ്പോള്‍ സ്നാനം വന്നതു ദൈവത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ?’”
പുരോഹിതരും യെഹൂദനേതാക്കളും യേശുവിന്‍റെ ചോദ്യം ചര്‍ച്ച ചെയ്തു. അവര്‍ പരസ്പരം പറഞ്ഞു, “നമ്മള്‍ ഉത്തരം പറഞ്ഞാല്‍, അതും ‘യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നാണെന്നു’ പറഞ്ഞാല്‍ യേശു പറയും, പിന്നെ നിങ്ങളെന്തുകൊണ്ട് യോഹന്നാനില്‍ വിശ്വസിക്കുന്നില്ല? 26 മറിച്ച്, ‘അതു മനുഷ്യനില്‍ നിന്നാണെന്നു’ നമ്മള്‍ പറഞ്ഞാല്‍ ജനങ്ങള്‍ നമ്മോടു കോപിക്കും. യോഹന്നാന്‍ ഒരു പ്രവാചകനായിരുന്നെന്നവര്‍ കരുതുന്നതാണു നമുക്കു ഭയം.”
27 അതിനാലവര്‍ യേശുവിനു മറുപടി കൊടുത്തു, “ഞങ്ങള്‍ക്കറിയില്ല യോഹന്നാനെവിടെനിന്ന് അധികാരം കിട്ടിയെന്ന്.”
അപ്പോള്‍ യേശു പറഞ്ഞു, “എങ്കില്‍ എനിക്കിതൊക്കെ ചെയ്യാന്‍ എവിടെ നിന്ന് അധികാരം കിട്ടിയെന്ന് ഞാനും പറയില്ല.”
രണ്ട് പുത്രന്മാരുടെ കഥ
28 “നിങ്ങളിതിനെപ്പറ്റി എന്തു വിചാരിക്കുന്നുവെന്ന് എന്നോടു പറയുക. ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ ആദ്യം മൂത്ത മകനെ സമീപിച്ചു പറഞ്ഞു, ‘മകനെ നീയിന്നു പോയി മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.’
29 “മകന്‍ പറഞ്ഞു, ‘ഞാന്‍ പോകില്ല' പക്ഷേ പിന്നീടയാള്‍ മനംമാറ്റി. അയാള്‍ പോയി.
30 “അപ്പന്‍ പിന്നീട് രണ്ടാമത്തെ മകനെ സമീപിച്ച് പറഞ്ഞു, ‘മകനേ, നീയിന്ന് മുന്തിരിത്തോട്ടത്തില്‍ പണിയുക.’ മകന്‍ പറഞ്ഞു, ‘ശരി ഞാന്‍ പോയി പണിയെടുക്കാം.’ എന്നാല്‍ അയാള്‍ പോയില്ല.
31 “ഈ രണ്ടു പുത്രന്മാരിലാരാണ് അപ്പന്‍റെ ഇച്ഛയ്ക്കൊത്തു പ്രവര്‍ത്തിച്ചത്?”
യെഹൂദനേതാക്കള്‍ പറഞ്ഞു, “ആദ്യത്തെ മകന്‍.”
യേശു അവരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. നികുതി പിരിവുകാരും വേശ്യകളും ചീത്തയാളുകളെന്നു നിങ്ങള്‍ കരുതുന്നു. പക്ഷേ നിങ്ങളേക്കാള്‍ മുന്പേ അവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കും. 32 യോഹന്നാന്‍ വന്നതു നിങ്ങള്‍ക്കു ശരിയായ വഴി കാണിച്ചുകൊണ്ടാണ്. എന്നാല്‍ നിങ്ങള്‍ യോഹന്നാനില്‍ വിശ്വസിച്ചില്ല. എന്നാല്‍ നികുതിപിരിവുകാരും വേശ്യകളും അവനില്‍ വിശ്വസിക്കുന്നതു നിങ്ങള്‍ കണ്ടു. എന്നാല്‍ ഇനിയും അവനില്‍ വിശ്വാസമര്‍പ്പിക്കാനായി നിങ്ങള്‍ മനം മാറ്റിയില്ല.
ദൈവം തന്‍റെ പുത്രനെ അയയ്ക്കുന്നു
(മര്‍ക്കൊ. 12:1-12; ലൂക്കൊ. 20:9-19)
33 “ഈ കഥ ശ്രദ്ധിക്കുക; ഒരിടത്ത് ഒരാള്‍ക്കു കുറെ വയലുണ്ടായിരുന്നു, അയാളതില്‍ മുന്തിരി നട്ടു. അയാള്‍ വയലിനു ചുറ്റും മതിലു കെട്ടി. അതിനുള്ളില്‍ ഒരു മുന്തിരിച്ചക്കും സ്ഥാപിച്ചു. എന്നിട്ട് അയാള്‍ ഒരു കാവല്‍മാടവും പണിതു. അയാള്‍ ആ തോട്ടം ചില കര്‍ഷകര്‍ക്കു പാട്ടത്തിനു കൊടുത്തു. എന്നിട്ടയാള്‍ ഒരു യാത്ര പുറപ്പെട്ടു. 34 വിളവെടുപ്പിന്‍റെ സമയമായി. അതിനാലയാള്‍ തന്‍റെ ദാസന്മാരെ തന്‍റെ വീതം ചോദിക്കാന്‍ കര്‍ഷകരുടെയടുത്തേക്കയച്ചു.
35 “എന്നാല്‍ കൃഷിക്കാര്‍ ഒരു ദാസനെ മര്‍ദ്ദിച്ചു. മറ്റൊരുവനെ കൊന്നു. മൂന്നാമത്തവനെയും കല്ലെറിഞ്ഞു കൊന്നു. 36 അതിനാലയാള്‍ മറ്റു ചിലരെക്കൂടി അയച്ചു. ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ ആളുകളെ. എന്നാല്‍ ആദ്യം വന്നവരോടു ചെയ്തതു തന്നെ കൃഷിക്കാര്‍ അവരോടും ചെയ്തു. 37 അതിനാല്‍ തന്‍റെ മകനെത്തന്നെ അയയ്ക്കാനയാള്‍ തീരുമാനിച്ചു. അയാള്‍ കരുതി, ‘കൃഷിക്കാര്‍ക്കു എന്‍റെ മകനോടു ബഹുമാനം ഉണ്ടാകും.’
38 “പക്ഷേ ഉടമയുടെ പുത്രനെ കണ്ടപ്പോള്‍ കര്‍ഷകര്‍ പരസ്പരം പറഞ്ഞു, ‘ഇതാ ഉടമയുടെ മകന്‍. ഈ തോട്ടത്തിന്‍റെ അനന്തരാവകാശിയാകുമവന്‍. വരൂ നമുക്കവനെ കൊല്ലാം. നമ്മളവനെക്കൊന്നാല്‍ ഈ തോട്ടം നമ്മുടേതാകും. 39 അതിനാല്‍ അവര്‍ അവനെ തോട്ടത്തിനു പുറത്തു കൊണ്ടുപോയി കൊന്നു.
40 “അതിനാല്‍ തോട്ടമുടമ വന്ന് ആ കര്‍ഷകരെ എന്തു ചെയ്യും?”
41 യെഹൂദപുരോഹിതരും പ്രമാണിമാരും പറഞ്ഞു, “തീര്‍ച്ചയായും അയാള്‍ ആ ദുഷ്ടന്മാരെ കൊല്ലും. എന്നിട്ട് ആ തോട്ടം മറ്റു കൃഷിക്കാരെ ഏല്പിക്കും. വിളവെടുപ്പു സമയം തന്‍റെ പങ്കു നല്‍കുന്ന കൃഷിക്കാരെ തോട്ടം ഏല്പിക്കും.”
42 യേശു അവരോടു പറഞ്ഞു, “തിരുവെഴുത്തുകളില്‍ എഴുതിയിട്ടുള്ളത് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചുകാണും.
'പണിക്കാര്‍ ഉപേക്ഷിക്കുന്ന കല്ല് മൂലക്കല്ലാകും. ഇത് ദൈവം ചെയ്തത് നമുക്ക് അത്ഭുതമാകുന്നു.
നമ്മുടെ കണ്ണുകളില്‍ അത് അത്ഭുതമാകുന്നു.’ സങ്കീര്‍ത്തനങ്ങള്‍ 118:22-23
43 “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗ്ഗരാജ്യം നിങ്ങളില്‍നിന്നും എടുക്കപ്പെടും. ദൈവരാജ്യത്തില്‍ അവന്‍ ആഗ്രഹിക്കുന്നത് നടപ്പാക്കുന്ന രാഷ്ട്രത്തിനു സ്വര്‍ഗ്ഗരാജ്യം നല്‍കപ്പെടും. 44 ഈ കല്ലില്‍ വീഴുന്നവന്‍ പൊട്ടിത്തകരും. ഈ കല്ല് ഒരാളുടെ മേല്‍ വീണാലും അത് അയാളെ തവിടുപൊടിയാക്കും.”
45 യേശു പറഞ്ഞ ഈ കഥകള്‍ മഹാപുരോഹിതരും പരീശന്മാരും കേട്ടു. യേശു തങ്ങളെപ്പറ്റിയാണു പറയുന്നതെന്ന് അവര്‍ അറിഞ്ഞു. 46 യേശുവിനെ പിടിക്കാന്‍ അവര്‍ ഒരു കാരണം തേടി. എന്നാല്‍ ജനങ്ങള്‍ യേശു ഒരു പ്രവാചകനാണെന്നു വിശ്വസിച്ചിരുന്നതിനാല്‍ അവര്‍ ജനങ്ങളെ ഭയന്നു.