മതനേതാക്കളെ യേശു വിമര്‍ശിക്കുന്നു
(മര്‍ക്കൊ. 12:38-40; ലൂക്കൊ. 11:37-52; 20:45-47)
23
പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും സംസാരിച്ചു. യേശു പറഞ്ഞു, “മോശെയുടെ ന്യായപ്രമാണത്തെപ്പറ്റി നിങ്ങളോടു പറയുന്നതിന് പരീശന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും അധികാരമുണ്ട്. അതിനാല്‍ നിങ്ങള്‍ അവര്‍ പറയുന്നത് അനുസരിക്കണം. അവര്‍ ചെയ്യാന്‍ പറയുന്നതെല്ലാം നിങ്ങള്‍ ചെയ്യണം. എന്നാല്‍ അവരുടെ ജീവിതം നിങ്ങള്‍ പിന്തുടരരുത്. നിങ്ങളോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ല. മനുഷ്യര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കടുത്ത ചട്ടങ്ങള്‍ അവരുണ്ടാക്കുന്നു. ആ ചട്ടങ്ങളെല്ലാം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു. പക്ഷേ അവയിലൊന്നുപോലും അനുസരിക്കാന്‍ അവര്‍ ശ്രമിക്കാറില്ല.
“അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് എല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമാണ്. തിരുവെഴുത്തുകള്‍ നിറച്ച പെട്ടികള്‍ അവര്‍ ചുമന്നുകൊണ്ടു നടക്കുന്നു. അവര്‍ ആ പെട്ടികള്‍ വലുതാക്കി വലുതാക്കി വരുന്നു. ആളുകള്‍ കാണത്തക്കവിധം നീണ്ട പ്രാര്‍ത്ഥനാക്കുപ്പായങ്ങള്‍ ധരിച്ചു നീണ്ട പ്രാര്‍ത്ഥനകള്‍ അവര്‍ നടത്തുന്നു. വിരുന്നുകളില്‍ ഏറ്റവും പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുവാന്‍ പരീശന്മാരും ശാസ്ത്രിമാരും ആഗ്രഹിക്കുന്നു. യെഹൂദപ്പള്ളികളിലെ അതിപ്രധാന ഇരിപ്പിടവും അവര്‍ കൊതിക്കുന്നു. ചന്തസ്ഥലങ്ങളില്‍ ആളുകള്‍ തങ്ങളെ ബഹുമാനിക്കുന്നത് അവര്‍ക്കു ഇഷ്ടമാണ്. ആളുകള്‍ തങ്ങളെ 'ഗുരു' എന്ന് വിളിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.
“എന്നാല്‍ നിങ്ങള്‍ 'ഗുരു' എന്നു വിളിക്കപ്പെടരുത്. നിങ്ങള്‍ സഹോദരീസഹോദരന്മാരാണ്. നിങ്ങള്‍ക്കു ഒരു ഗുരുവേയുള്ളൂ. ഭൂമിയില്‍ നിങ്ങള്‍ ആരെയും ‘പിതാവേ’ എന്നു വിളിക്കരുത്. നിങ്ങള്‍ക്കു ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗ്ഗത്തിലാണ്. 10 ‘യജമാനനെന്നും’ ആരെയും വിളിക്കരുത്. നിങ്ങള്‍ക്കൊരു യജമാനനേയുള്ളൂ. അത് ക്രിസ്തു. 11 നിങ്ങളില്‍ ദാസനായിരിക്കുന്നവനാണ് ശ്രേഷ്ഠന്‍. 12 സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. സ്വയം താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
13 “ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കാനാഗ്രഹിക്കുന്ന ജനങ്ങളുടെ വഴി നിങ്ങള്‍ അടയ്ക്കുന്നു. നിങ്ങള്‍ പ്രവേശിക്കുകയുമില്ല. അതിനു ശ്രമിക്കുന്നവരെ തടയുകയും ചെയ്യുന്നു. 14  + വാക്യം 14, ചില ഗ്രീക്കു പതിപ്പുകളില്‍, പതിനാലാം വാക്യത്തില്‍ കപടഭക്തിക്കാരായ ശാസ്ത്രികളും പരീശന്മാരുമേ നിങ്ങള്‍ക്കു ഹാ കഷ്ടം. നിങ്ങള്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും വിധവമാരുടെ വീടുകള്‍ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ക്കു വലിയ ശിക്ഷാവിധി ഉണ്ടാകും എന്നു കൂടെ കാണുന്നു. ഇവ നോക്കുക. മര്‍ക്കൊ. 12:40; ലൂക്കോ. 20:47.
15 “ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങളുടെ മാര്‍ഗ്ഗം പിന്തുടരുന്ന ഒരാളെയെങ്കിലും കാണാന്‍ നിങ്ങള്‍ കടലുകളിലൂടെയും രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. അവനെ നിങ്ങള്‍ കണ്ടെത്തിയാല്‍ അവനെ നിങ്ങളെക്കാള്‍ ദുഷിച്ചവനാക്കും. നരകവുമായി ബന്ധപ്പെട്ട നിങ്ങള്‍ അത്ര ദുഷ്ടരാണ്.
16 “ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. ആളുകളെ നയിക്കുന്ന അന്ധരാണു നിങ്ങള്‍. നിങ്ങള്‍ പറയുന്നു, ‘ആരെങ്കിലും ദൈവാലയത്തെപ്രതി ആണയിട്ടാല്‍ കുഴപ്പമില്ല. എന്നാല്‍ അതിലെ സ്വര്‍ണ്ണത്തെച്ചൊല്ലിയാണെങ്കില്‍ ആ സത്യം പാലിക്കേണ്ടിവരും.’ 17 അന്ധരായ വിഡ്ഢികളേ, ഏതാണ് മഹനീയം: സ്വര്‍ണ്ണമോ? ദൈവാലയമോ? ദൈവാലയം സ്വര്‍ണ്ണത്തെ വിശുദ്ധമാക്കുന്നു. അതിനാല്‍ ദൈവാലയമാണ് മഹനീയം.
18 യാഗപീഠത്തെപ്രതി ആണയിട്ടാലും കുഴപ്പമില്ല. എന്നാല്‍ യാഗപീഠത്തിലെ വഴിപാടിനെപ്രതി ആണയിട്ടാല്‍ അയാള്‍ അതു പാലിക്കേണ്ടതുണ്ട്' എന്നും നിങ്ങള്‍ പറയുന്നു. 19 അന്ധരേ, നിങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല. ഏതാണു മഹനീയം: വഴിപാടോ, യാഗപീഠമോ? വഴിപാടിനെ പരിശുദ്ധമാക്കുന്നത് യാഗപീഠമാണ്. അതിനാല്‍ യാഗപീഠമാണ് മഹനീയം. 20 യാഗപീഠത്തെപ്രതി ആണയിടുന്നവന്‍ യാഗപീഠത്തെയും അതിലുള്ളവയും ഉപയോഗിക്കുന്നു. 21 ദൈവാലയത്തെച്ചൊല്ലി ആണയിടുന്നവന്‍ യഥാര്‍ത്ഥത്തില്‍ ദൈവാലയവും അതില്‍ വസിക്കുന്നവനെയും ഉപയോഗിക്കുന്നു. 22 സ്വര്‍ഗ്ഗത്തെച്ചൊല്ലി ആണയിടുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനവും അതിലിരിക്കുന്നവനെയും ഉപയോഗിക്കുന്നു.
23 “ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ നിങ്ങള്‍ക്കുള്ളതിന്‍റെ പത്തിലൊന്ന് ദൈവത്തിനു കൊടുക്കുന്നു. എന്തിന് തുളസി, ചതകുപ്പ, ജീരകം, എന്നിവ പോലും. എന്നാല്‍ നിങ്ങള്‍ ന്യായപ്രമാണത്തിലെ പ്രധാന ഉപദേശങ്ങള്‍ നീതി, കരുണ, വിശ്വാസം, എന്നിവ അനുസരിക്കുന്നില്ല. ഇതെല്ലാം നിങ്ങള്‍ ചെയ്യേണ്ടവയാണ്. മറ്റുള്ള കാര്യങ്ങളും നിങ്ങള്‍ തുടര്‍ന്നും ചെയ്യേണ്ടതുണ്ട്. 24 നിങ്ങള്‍ അന്ധരായ വഴികാട്ടികള്‍! നിങ്ങള്‍ പാനീയത്തില്‍നിന്നും ചെറുകീടത്തെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവനെപ്പറ്റി ഓര്‍ക്കുക. നിങ്ങളും അവനെപ്പോലെയാണ്.
25 “ശാസ്ത്രമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ ചഷകങ്ങളുടെയും പാത്രങ്ങളുടെയും പുറം കഴുകുന്നു. അവയുടെ അകമാകട്ടെ കൊള്ളയുടെയും ആത്മനിയന്ത്രണമില്ലായ്മയുടെയും ഫലമായ കാര്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. 26 അന്ധരായ പരീശന്മാരേ, ആദ്യം ചഷകങ്ങളുടെ അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറം താനേ വൃത്തിയായിക്കൊള്ളും.
27 “ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. വെള്ള പൂശിയ ശവക്കല്ലറകള്‍ പോലെയാണു നിങ്ങള്‍. ആ ശവക്കല്ലറകളുടെ പുറം മനോഹരമാണ്. അകമാകട്ടെ മരിച്ചവരുടെ അസ്ഥികള്‍കൊണ്ട് നിറഞ്ഞിരിക്കും. എല്ലാവിധ വൃത്തികേടുകളും അതിനുള്ളിലുണ്ടാവും. 28 നിങ്ങളും അതുപോലെ തന്നെയാണ്. നിങ്ങളെ കാണുന്നവര്‍ പറയും നിങ്ങള്‍ നല്ലവരാണെന്ന്. എന്നാല്‍ നിങ്ങളുടെ ഉള്ളിലാകെ കാപട്യവും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
29 “ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നു. നല്ലവരായി ജീവിക്കുന്നവരെ കല്ലറകളില്‍ മാനിക്കുന്നു. 30 എന്നിട്ട് നിങ്ങള്‍ പറയുന്നു, ‘ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഈ പ്രവാചകരെ കൊല്ലുന്നതില്‍ ഞങ്ങള്‍ പങ്കു വഹിക്കില്ലായിരുന്നു.’ 31 പ്രവാചകരെ കൊല്ലുന്നവരുടെ പിന്മുറക്കാരാണു ഞങ്ങളെന്നു നിങ്ങള്‍ തന്നെ തെളിയിക്കുന്നു. 32 നിങ്ങളുടെ പൂര്‍വ്വികര്‍ തുടങ്ങിവെച്ച പാപം നിങ്ങള്‍ പൂര്‍ത്തീകരിക്കും.
33 “പാന്പുകളേ, നിങ്ങള്‍ വിഷപ്പാന്പുകളുടെ കുടുംബക്കാരാണ്. ദൈവത്തില്‍നിന്നും നിങ്ങള്‍ രക്ഷപ്പെടില്ല. നിങ്ങളെല്ലാം തെറ്റുകാരായി വിധിക്കപ്പെട്ട് നരകത്തിലേക്കെറിയപ്പെടും! 34 അതിനാല്‍ ഞാന്‍ നിങ്ങളോടിതു പറയുന്നു: ഞാന്‍ നിങ്ങളുടെയിടയിലേക്കു പ്രവാചകരെയും ജ്ഞാനികളെയും ഉപദേശകരെയും നിയോഗിക്കുന്നു. അവരില്‍ ചിലരെ മര്‍ദ്ദിക്കും. അവരെ ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ഓടിക്കും.
35 അതിനാല്‍ ഭൂമിയില്‍ കൊല്ലപ്പെട്ട എല്ലാ നീതിമാന്മാരുടേയും മരണത്തില്‍ നിങ്ങള്‍ കുറ്റവാളികളാണ്. നീതിമാനായ ഹാബേലിന്‍റെ മരണത്തിന് നിങ്ങള്‍ കുറ്റവാളികളാണ്. ബെരെഖ്യാവിന്‍റെ പുത്രനായ സെഖര്യാവിന്‍റെ കൊലപാതകത്തില്‍ നിങ്ങള്‍ കുറ്റവാളികളാണ്. ദൈവാലയത്തിനും യാഗപീഠത്തിനുമിടയിലാണവന്‍ കൊല്ലപ്പെട്ടത്. ഹാബേലിന്‍റെയും സെഖര്യാവിന്‍റെയും കാലത്തിനിടയില്‍ ജീവിച്ചിരുന്ന എല്ലാ നീതിമാന്മാരുടെയും കൊലപാതകത്തില്‍ നിങ്ങള്‍ കുറ്റവാളികളാണ്. 36 ഞാന്‍ നിങ്ങളോടു സത്യമായി പറയാം. ഇതെല്ലാം ഈ തലമുറക്കാരായ നിങ്ങളില്‍ വന്നു പതിക്കും.
യെരൂശലേംകാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു
(ലൂക്കൊ. 13:34-35)
37 “അല്ലയോ യെരൂശലേമേ, യെരൂശലേമേ, നീ പ്രവാചകരെ കൊല്ലുന്നു. ദൈവം നിന്നിലേക്കയച്ചവരെ നീ കല്ലെറിയുന്നു. പലവട്ടം നിന്‍റെ ജനതയെ രക്ഷിക്കാന്‍ ഞാനാശിച്ചു. നിന്‍റെ ജനതയെ കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ വിളിച്ചുകൂട്ടും പോലെ സംഘടിപ്പിക്കാന്‍ ഞാനാശിച്ചു. പക്ഷേ നിങ്ങളെന്നെ അതിനനുവദിച്ചില്ല. 38 ഇപ്പോള്‍ നിന്‍റെ വീട് പൂര്‍ണ്ണമായും ശൂന്യമായിരിക്കുന്നു. 39 ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍’ ഉദ്ധരണി സങ്കീ. 118:26. എന്നു നിങ്ങള്‍ പറയുന്നതു വരെ, നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.’”