ദൈവാലയ നശീകരണം
(മര്‍ക്കൊ. 13:1-31; ലൂക്കൊ. 21:5-33)
24
യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. പക്ഷേ അവന്‍റെ ശിഷ്യന്മാര്‍ ദൈവാലയത്തിന്‍റെ എടുപ്പുകള്‍ അവനെ കാണിക്കാന്‍ വന്നു. യേശു ശിഷ്യന്മാരോടു ചോദിച്ചു, “ഈ എടുപ്പുകള്‍ കാണുന്നില്ലേ? ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. ഈ എടുപ്പുകളെല്ലാം നശിപ്പിക്കപ്പെടും. ഓരോ കല്ലും എടുത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിന്‍റെ മേല്‍ ഇരിക്കുകയില്ല.”
പിന്നീട് യേശു ഒലിവുമലയിലൊരിടത്തിരിക്കുകയായിരുന്നു. അവനോടൊപ്പം തനിച്ച് ഇരിക്കാന്‍ ശിഷ്യന്മാരും വന്നു. അവര്‍ ചോദിച്ചു, “ഇതെല്ലാമെപ്പോള്‍ സംഭവിക്കുമെന്നു ഞങ്ങളോടു പറയൂ. നിന്‍റെ അടുത്ത വരവിന്‍റെയും ലോകാവസാനത്തിന്‍റെയും സമയം സൂചിപ്പിക്കുന്ന അടയാളം എന്താണെന്നു പറയൂ.”
യേശു മറുപടി പറഞ്ഞു, “സൂക്ഷിച്ചിരിക്കുക, ആരും നിങ്ങളെ വഴി തെറ്റിക്കാന്‍ ഇട കൊടുക്കരുത്. പലരും എന്‍റെ പേരില്‍ വരും. അവര്‍ പറയും, ‘ഞാനാണ് ക്രിസ്തു' എന്ന്. അവര്‍ പലരെയും വഴിതെറ്റിക്കും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. യുദ്ധങ്ങളെപ്പറ്റിയുള്ള കഥകളും കേള്‍ക്കും. പക്ഷേ ഭയപ്പെടാതിരിക്കുക. ഈ കാര്യങ്ങളെല്ലാം സംഭവിക്കാനുള്ളതാകുന്നു. പക്ഷേ അവസാനം ഇനിയും വിദൂരത്തില്‍ തന്നെ. രാജ്യങ്ങള്‍ അന്യോന്യം പട പൊരുതും. ജനത ജനതയോടു യുദ്ധം ചെയ്യും. കടുത്ത ഭക്ഷ്യക്ഷാമത്തിന്‍റെ കാലം വരും. പലയിടത്തും ഭൂകന്പങ്ങളുണ്ടാകും. ഇതൊക്കെ ഒരു പുതുപ്പിറവിയുടെ പ്രാരംഭ വേദനകളാണ്.
“അപ്പോള്‍ ജനങ്ങള്‍ നിങ്ങളോടു മോശമായി പെരുമാറും. അവര്‍ നിങ്ങളെ ഉപദ്രവിക്കുവാന്‍ ഭരണാധികാരികളെ ഏല്പിച്ചു കൊടുക്കുകയും കൊല്ലുകയും ചെയ്യും. എല്ലാവരും നിങ്ങളെ വെറുക്കും. കാരണം നിങ്ങള്‍ എന്നില്‍ വിശ്വസിച്ചവരാണ്. 10 ആ സമയം പല വിശ്വാസികള്‍ക്കും തങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. അവര്‍ പരസ്പരം തിരിയുകയും വെറുക്കുകയും ചെയ്യും. 11 പല വ്യാജപ്രവാചകന്മാരും വരും അവര്‍ പലരെയും വഴി തെറ്റിക്കും. 12 ലോകത്ത് അധര്‍മ്മം പെരുകും. അതിനാല്‍ മിക്കവാറും വിശ്വാസികളുടെയും സ്നേഹം തണുത്തു പോകും. 13 പക്ഷേ അവസാനംവരെ അടിയുറച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പടും. 14 ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. എല്ലാ രാജ്യങ്ങളിലും സുവിശേഷം പ്രചരിക്കപ്പെടും. പിന്നീട് അന്ത്യമെത്തും.
15 “വിനാശത്തിന്‍റെ ഭീകരതയെപ്പറ്റി’ പ്രവാചകനായ ദാനീയേല്‍ പറഞ്ഞിട്ടുണ്ട്. “ദൈവാലയത്തില്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കുന്നത് നിങ്ങള്‍ കാണും.” (ഇതു വായിക്കുന്നവന്‍ മനസ്സിലാക്കട്ടെ). 16 “ആ സമയം യെഹൂദ്യക്കാര്‍ മലമുകളിലേക്കോടണം. 17 പുരപ്പുറത്തു നില്‍ക്കുന്നവന്‍ തന്‍റെ വീടിനുള്ളില്‍ കയറി എന്തെങ്കിലും എടുക്കാന്‍ തുനിയരുത്. 18 വയലില്‍ നില്‍ക്കുന്നവന്‍ മേലങ്കിക്കായി വീട്ടില്‍ വരരുത്.
19 “ആ സമയം ഗര്‍ഭിണികള്‍ക്കും കൊച്ചു കുട്ടികളുള്ള സ്ത്രീകള്‍ക്കും കഷ്ടം. 20 നിങ്ങളുടെ ഓട്ടം ശീതകാലത്തോ ശബ്ബത്തുദിവസമോ* ശബ്ബത്തു ദിവസം യെഹൂദരുടെ ആഴ്ചയുടെ അവസാനദിവസം. യെഹൂദര്‍ക്ക് ഇതൊരു മതപരമായ വിശേഷദിവസമാണ്. സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. 21 എന്തെന്നോ? വലിയ ക്ളേശത്തിന്‍റെ സമയമായിരിക്കുമത്. ലോകാരംഭത്തിനുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരിതമാണന്നുണ്ടാവുക. അതിലും മോശമായത് ഒരിക്കലും സംഭവിക്കുകയുമില്ല.
22 “ആ ഭീകരസമയം ചെറുതായിരിക്കുമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. ആ സമയം കുറിച്ചിട്ടില്ലെങ്കില്‍ ഒരുത്തനും അവശേഷിക്കില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുത്തവരെ രക്ഷിക്കാന്‍ ദൈവം ആ സമയം വെട്ടിച്ചുരുക്കും.
23 “ആ സമയം ആരെങ്കിലുമൊരാള്‍ നിങ്ങളോടു പറഞ്ഞേക്കാം, ‘നോക്കൂ, ഇതാ ക്രിസ്തു' മറ്റൊരുത്തന്‍ പറഞ്ഞേക്കാം ‘അതാ അവന്‍.’ പക്ഷേ അവരെ വിശ്വസിക്കരുത്. 24 വ്യാജപ്രവാചകരും വ്യാജക്രിസ്തുക്കളും വരികയും മഹത്തായ കര്‍മ്മങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരോടാവും അവരിതു ചെയ്യുക. പറ്റുമെങ്കില്‍ അവന്‍റെ ആളുകളെ വിഡ്ഢികളാക്കുകയാണ് അവരുടെ ലക്ഷ്യം. 25 ഇപ്പോള്‍ ഞാന്‍ അതൊക്കെ സംഭവിക്കുന്നതിനു മുന്പു തന്നെ നിങ്ങള്‍ക്കറിയിപ്പു തന്നിട്ടുണ്ട്.
26 “അതാ ക്രിസ്തു മരുഭൂമിയില്‍ എന്നു ചിലര്‍ നിങ്ങളോടു പറഞ്ഞേക്കാം. പക്ഷേ വിശ്വസിച്ച് യേശുവിനെ കാണാന്‍ മരുഭൂമിയിലേക്കു പോകരുത്. വേറൊരുത്തന്‍ 'അതാ ക്രിസ്തു മുറിയില്‍’ എന്നും പറഞ്ഞേക്കാം. പക്ഷേ അതും വിശ്വസിക്കരുത്. 27 മനുഷ്യപുത്രന്‍ എല്ലാവര്‍ക്കും ദൃശ്യനായാണു വരിക. എല്ലായിടങ്ങളിലും എല്ലാവരും കാണുന്ന രീതിയില്‍ ആകാശത്തു മിന്നല്‍പ്പിണര്‍ പോലെ അവന്‍ വരും. 28 കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നതെവിടെയോ അവിടെ ശവമുണ്ട് എന്ന് നിങ്ങളറിയുന്നതു പോലെ എല്ലാവരും അറിഞ്ഞുകൊണ്ടായിരിക്കും ഞാന്‍ വരിക.
29 “ആ ദിവസങ്ങളുടെ കഷ്ടപ്പാടുകള്‍ കഴിഞ്ഞയുടനെ ഇങ്ങനെ സംഭവിക്കും:
‘സൂര്യന്‍ ഇരുളും,
ചന്ദ്രനു പ്രകാശം കിട്ടില്ല.
നക്ഷത്രം ആകാശത്തുനിന്നും പതിക്കും,
ആകാശത്ത് എല്ലാറ്റിനും മാറ്റം വരും.’ യെശയ്യാവ് 13:10; 34:4
30 “ആ സമയം മനുഷ്യപുത്രന്‍റെ വരവിനെ കാണിക്കുന്ന അടയാളങ്ങള്‍ ആകാശത്തു ദൃശ്യമാകും. ലോകത്തിലെ എല്ലാ ജനതയും നിലവിളിക്കും. മനുഷ്യപുത്രന്‍ ആകാശത്തു മേഘങ്ങളില്‍ വരുന്നതെല്ലാവരും കാണും. മനുഷ്യപുത്രന്‍ ശക്തിയോടെയും ഏറെ മഹത്വത്തോടെയും വരും. 31 ഉച്ചത്തിലുള്ള കാഹളശബ്ദത്തോടെ അവന്‍ ദൂതന്മാരെ അയയ്ക്കും. എല്ലാ ഭാഗത്തുനിന്നും അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ദൂതന്മാര്‍ വിളിച്ചു കൂട്ടും.
32 “അത്തിമരം നമ്മെ പഠിപ്പിക്കുന്ന പാഠമുണ്ടല്ലോ, അത്തിമരക്കൊന്പുകള്‍ പച്ചയും മൃദുവുമാകുകയും ഇലകള്‍ മുളച്ചു തുടങ്ങുകയും ചെയ്യുന്പോള്‍ നിങ്ങള്‍ പറയും വേനല്‍ വരവായെന്ന്. 33 അതുപോലെതന്നെ സംഗതികള്‍ സംഭവിക്കുന്നതു കാണുന്പോള്‍ സമയം വാതിലിനടുത്തെത്തിയെന്നു നിങ്ങളും അറിയും. 34 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഈ തലമുറയിലെ ജനങ്ങള്‍ ജീവിച്ചിരിക്കെത്തന്നെ ഇതൊക്കെ സംഭവിക്കും! 35 ലോകവും ആകാശവും ഭൂമിയും നശിപ്പിക്കപ്പെട്ടേക്കാം. പക്ഷേ എന്‍റെ വാക്കുകള്‍ അനശ്വരങ്ങളാണ്.
സമയം ദൈവത്തിനേ അറിയൂ
(മര്‍ക്കൊ. 13:32-37; ലൂക്കൊ. 17:26-30; 34-36)
36 “ആ ദിവസമോ സമയമോ ആര്‍ക്കുമറിയില്ല. പുത്രനോ ദൂതന്മാര്‍ക്കോ അതറിയില്ല. പിതാവിനു മാത്രമേ അതറിയൂ.
37 “മനുഷ്യപുത്രന്‍ വരുന്പോള്‍ നോഹയുടെ കാലത്തേതു പോലെ തന്നെയായിരിക്കും സംഭവിക്കുക. 38 ആ കാലത്ത് പ്രളയത്തിനു മുന്പ് ആളുകള്‍ തിന്നുകയും കുടിക്കുകയുമായിരുന്നു. അവര്‍ വിവാഹം കഴിക്കുകയും മക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. നോഹ പെട്ടകത്തില്‍ കയറും വരെ അവരതു തുടര്‍ന്നു. 39 സംഭവിക്കുന്നതിനെപ്പറ്റിയൊന്നും അവരറിഞ്ഞിരുന്നില്ല. പക്ഷേ അപ്പോള്‍ പ്രളയം വന്ന് എല്ലാവരും നശിപ്പിക്കപ്പെട്ടു.
മനുഷ്യപുത്രന്‍ വരുന്പോഴും അങ്ങനെ തന്നെയായിരിക്കും. 40 വയലില്‍ പണിയുന്ന രണ്ടു പേരില്‍ ഒരാളെ ഉപേക്ഷിച്ച് മറ്റെയാളെ എടുത്തുകൊണ്ടുപോകും. 41 ധാന്യം കുത്തുന്ന രണ്ടു സ്ത്രീകളിലൊരുവളെ വിട്ട് മറ്റവളെ എടുത്തുകൊണ്ടുപോകും.
42 “അതുകൊണ്ട് എപ്പോഴും തയ്യാറായിരിക്കുക. നിങ്ങളുടെ കര്‍ത്താവ് വരുന്ന ദിവസം നിങ്ങള്‍ക്കറിയില്ല. 43 ഇത് ഓര്‍മ്മിക്കുക: കള്ളന്‍ വരുന്ന സമയം ഉടമസ്ഥനറിയാമെങ്കില്‍ അയാള്‍ അവന്‍റെ വരവു കാത്തിരിക്കും. അയാള്‍ കാവലിരുന്ന് കള്ളനെ തടയും. 44 അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. അപ്രതീക്ഷിതമായിരിക്കും മനുഷ്യപുത്രന്‍റെ വരവ്.
നല്ല ദാസനും ദുഷ്ട ദാസനും
(ലൂക്കൊ. 12:41-48)
45 “ആരാണ് വിശ്വസ്തനും ബുദ്ധിമാനുമായ ദാസന്‍? മറ്റു ദാസന്മാര്‍ക്ക് യഥാസമയം ഭക്ഷണം കൊടുക്കുവാന്‍ യജമാനന്‍ ഒരു ദാസനെ ഏല്പിക്കുന്നു. യജമാനന്‍ ആ ജോലി വിശ്വാസപൂര്‍വ്വം ഏല്പിക്കുന്ന ദാസന്‍ ആരാണ്? 46 യജമാനന്‍ വരുന്പോള്‍ ഏല്പിച്ച ജോലി ചെയ്തുകൊണ്ടിരിക്കുന്ന ദാസന്‍ സന്തോഷിക്കും. 47 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. യജമാനനുള്ളതു മുഴുവന്‍ പരിപാലിക്കാന്‍ അയാള്‍ ആ ദാസനെ നിയോഗിക്കും.
48 “എന്നാല്‍ ആ ദാസന്‍ ദുഷ്ടനും യജമാനന്‍ ഉടനെയെങ്ങും മടങ്ങിവരില്ലെന്നു കരുതുന്നവനുമാണെങ്കില്‍ എന്തു സംഭവിക്കും? 49 ആ ദാസന്‍ അപ്പോള്‍ മറ്റു ദാസന്മാരെ മര്‍ദ്ദിക്കാന്‍ തുടങ്ങും. അവന്‍ തന്‍റെ ഇഷ്ടക്കാരായ മറ്റ് കുടിയന്മാരോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും. 50 അപ്പോള്‍ അവന്‍ തയ്യാറായിരിക്കാത്ത സമയം യജമാനന്‍ വരും. ദാസന്‍ യജമാനനെ പ്രതീക്ഷിക്കാത്ത സമയമായിരിക്കും അത്. 51 അപ്പോള്‍ യജമാനന്‍ ദാസനെ ശിക്ഷിക്കും. യജമാനന്‍ അവനെ കപടഭക്തിക്കാരുടെ കൂടെ ഇടും. അവിടെ ആളുകള്‍ കരയുകയും വേദനകൊണ്ട് പല്ലുകടിക്കുകയും ചെയ്യും.”