പത്തു കന്യകമാരുടെ കഥ
25
“മണവാളന്‍റെ വരവിനുവേണ്ടി കാത്തിരിക്കാന്‍ പോയ പത്തു കന്യകമാരെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം. അവര്‍ തങ്ങളുടെ വിളക്കും കൊണ്ടുവന്നിരുന്നു. അവരില്‍ അഞ്ചു കന്യകമാര്‍ ബുദ്ധിഹീനരായിരുന്നു. അഞ്ചുപേര്‍ ബുദ്ധിമതികളും. മണ്ടികളായ കന്യകമാര്‍ വിളക്കിനോടൊപ്പം ആവശ്യമായ എണ്ണ കൊണ്ടുവന്നിരുന്നില്ല. ബുദ്ധിമതികള്‍ വിളക്കിനോടൊപ്പം അവരുടെ പാത്രങ്ങളില്‍ കൂടുതല്‍ എണ്ണയും കൊണ്ടുവന്നിരുന്നു. മണവാളന്‍ വരാന്‍ വളരെ വൈകി. കന്യകമാര്‍ എല്ലാവരും ക്ഷീണിച്ച് ഉറങ്ങിത്തുടങ്ങി.
“അര്‍ദ്ധരാത്രിയില്‍ ആരോ വിളിച്ചുപറഞ്ഞു, ‘ഇതാ മണവാളന്‍ വരുന്നു. വന്ന് അവനെ സന്ധിക്കുക.’
“അപ്പോള്‍ എല്ലാ കന്യകമാരും എഴുന്നേറ്റു. അവര്‍ തങ്ങളുടെ വിളക്കുകള്‍ കത്തിച്ചു. ബുദ്ധിഹീനരായ കന്യകമാര്‍ ബുദ്ധിമതികളായ കന്യകമാരോടു പറഞ്ഞു, ‘ഞങ്ങളുടെ വിളക്കിലെ എണ്ണ തീര്‍ന്നു. നിങ്ങളുടെ എണ്ണ കുറച്ചു തരൂ.’
“ബുദ്ധിമതികള്‍ പറഞ്ഞു, ‘ഇല്ല! നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മതിയായ എണ്ണയില്ലാത്ത പ്രതിസന്ധിയിലാകും ഞങ്ങള്‍. പോയി എണ്ണക്കച്ചവടക്കാരില്‍നിന്നും നിങ്ങള്‍ക്കാവശ്യമായ എണ്ണ വാങ്ങിക്കൊണ്ടുവരിക.’
10 “അതിനാല്‍ ബുദ്ധിഹീനരായ കന്യകമാര്‍ എണ്ണ വാങ്ങാന്‍ പോയി. അവര്‍ പോയപ്പോള്‍ മണവാളന്‍ വന്നു. അപ്പോള്‍ തയ്യാറായിരുന്നവര്‍ അവനോടൊത്തു വിവാഹസദ്യയ്ക്കു പോയി. അപ്പോള്‍ വാതിലടച്ചു കുറ്റിയിടപ്പെട്ടു.
11 “പിന്നീട്, മറ്റ് കന്യകമാരെത്തി. അവര്‍ പറഞ്ഞു, ‘കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കായി വാതില്‍ തുറക്കൂ. ഞങ്ങള്‍ അകത്തു കയറട്ടെ.’
12 “പക്ഷേ മണവാളന്‍ പറഞ്ഞു, ‘ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. എനിക്കു നിങ്ങളെ അറിയില്ല.’
13 “അതിനാല്‍ എപ്പോഴും തയ്യാറായിരിക്കുക. മനുഷ്യപുത്രന്‍ എന്ന് എപ്പോള്‍ വരുമെന്ന് നിങ്ങള്‍ക്കറിയില്ല.
മൂന്നു ഭൃത്യന്മാരുടെ കഥ
(ലൂക്കൊ. 19:11-27)
14 “ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്ന ഒരാളെപ്പോലെയാണു സ്വര്‍ഗ്ഗരാജ്യം. പോകും മുന്പ് അയാള്‍ തന്‍റെ ദാസന്മാരോടു സംസാരിച്ചു. താന്‍ പോകുന്പോള്‍ തന്‍റെ സാധനങ്ങള്‍ സംരക്ഷിക്കണമെന്ന് അയാള്‍ അവരോടു പറഞ്ഞു. 15 അതില്‍ ഓരോരുത്തരുടേയും കഴിവിനനുസൃതമായി ഒരാള്‍ക്ക് അയാള്‍ അഞ്ചു പണസഞ്ചികള്‍* പണസഞ്ചികള്‍ താലന്തുകള്‍ എന്നര്‍ത്ഥം, ഒരു താലന്തെന്നാല്‍ 60 മുതല്‍ 80 വരെ പൌണ്ട് സ്വര്‍ണ്ണനാണയങ്ങളോ വെള്ളിനാണയങ്ങളോ ചെന്പുനാണയങ്ങളോ ആകുന്നു. ഒരു താലന്തെന്നാല്‍ മുപ്പതിനായിരം ദിനാറിനു തുല്യം. ഒരു ദിനാര്‍ ഒരു ദിവസത്തെ കൂലിയായിരുന്നു. കൊടുത്തു. മറ്റൊരാള്‍ക്ക് രണ്ടും മൂന്നാമന് ഒന്നും പണസഞ്ചി നല്‍കി. എന്നിട്ടയാള്‍ പോയി. 16 അഞ്ചു പണസഞ്ചി കിട്ടിയവന്‍ അതുടന്‍ വ്യാപാരത്തിനായി ഉപയോഗിച്ചു. അഞ്ചു സഞ്ചി പണം കൂടിയുണ്ടാക്കി. 17 രണ്ടു സഞ്ചി പണം കിട്ടിയവനും അതുപയോഗിച്ച് രണ്ടു സഞ്ചി പണം കൂടിയുണ്ടാക്കി. 18 എന്നാല്‍ ഒരു സഞ്ചി പണം കിട്ടിയവന്‍ കുഴികുത്തി തന്‍റെ യജമാനന്‍റെ പണം അതിലിട്ടു.
19 വളരെക്കാലത്തിനു ശേഷം യജമാനന്‍ തിരിച്ചു വന്നു. തന്‍റെ പണംകൊണ്ട് എന്തു ചെയ്തുവെന്ന് അയാള്‍ ഓരോരുത്തരോടും ചോദിച്ചു. 20 അഞ്ചു സഞ്ചി പണം കിട്ടിയവന്‍ അഞ്ചെണ്ണം കൂടി യജമാനനു കാഴ്ച വച്ചു. അവന്‍ പറഞ്ഞു, ‘യജമാനനേ, അഞ്ചു സഞ്ചി പണമാണ് അങ്ങ് എന്നെ സൂക്ഷിക്കാന്‍ ഏല്പിച്ചത്. ഞാനതുകൊണ്ട് അഞ്ചുകൂടി സന്പാദിച്ചു.’
21 “യജമാനന്‍ മറുപടി പറഞ്ഞു, ‘നീ ചെയ്തതാണു ശരി. നീ വിശ്വസ്തനായ ദാസന്‍ തന്നെ. ആ ചെറിയ തുക നീ നന്നായി വിനിയോഗിച്ചു. അതുകൊണ്ട് ഞാന്‍ നിനക്കു അല്പം കൂടി വലിയ സംഗതികള്‍ ചെയ്യാനുള്ള ഉത്തരവാദിത്വം തരുന്നു. വന്ന് എന്‍റെ സന്തോഷത്തില്‍ പങ്കെടുക്കുക.
22 “അപ്പോള്‍ രണ്ടു പണസഞ്ചി ഏല്പിക്കപ്പെട്ടവനും എത്തി. അവന്‍ പറഞ്ഞു, ‘യജമാനനേ, അങ്ങ് രണ്ടു സഞ്ചി പണം എന്നെ ഏല്പിച്ചു. ഞാനതുകൊണ്ട് രണ്ട് സഞ്ചി പണം കൂടിയുണ്ടാക്കി.’
23 “യജമാനന്‍ മറുപടി പറഞ്ഞു, ‘നീ ചെയ്തതു ശരിയാണ്. നീ വിശ്വസ്തദാസനാണ്. ആ ചെറിയ തുകകൊണ്ട് നീ കൂടുതല്‍ പണം ഉണ്ടാക്കി. അതിനാല്‍ ഞാന്‍ നിനക്കു കുറെക്കൂടി വലിയ സംഗതി ചെയ്യാനുള്ള ഉത്തവാദിത്വം തരുന്നു. വന്ന് എന്‍റെ സന്തോഷത്തില്‍ പങ്കുചേരുക.’
24 “അപ്പോള്‍ ഒരു സഞ്ചി പണം കിട്ടിയവന്‍ എത്തി. അവന്‍ യജമാനനോടു പറഞ്ഞു, ‘യജമാനനേ, അങ്ങ് കര്‍ക്കശക്കാരനാണെന്നു ഞാനറിഞ്ഞു. വിതയ്ക്കാത്തതു കൊയ്യുന്നവനാണ്. പതിരില്ലാതെ ശേഖരിക്കുന്നവനുമാണ്. 25 അതുകൊണ്ട് ഞാന്‍ ഭയപ്പെട്ടു അങ്ങ് തന്ന പണം ഞാന്‍ ഒളിച്ചുവച്ചു. ഇതാ അങ്ങു തന്ന പണസഞ്ചി.’
26 “എന്നാല്‍ യജമാനന്‍റെ മറുപടി ഇങ്ങനെയായിരുന്നു, ‘മടിയനും കൊള്ളരുതാത്തവനുമായവനേ, ഞാന്‍ വിതെയ്ക്കാത്തതു കൊയ്യുന്നവനും പതിരില്ലാതെ ശേഖരിക്കുന്നവനുമാണെന്ന് നീ അറിഞ്ഞെന്നു പറയുന്നു. 27 നീ എന്‍റെ പണം പണമിടപാടുകാരില്‍ നിക്ഷേപിക്കണമായിരുന്നു. അപ്പോള്‍ എനിക്കെന്‍റെ പണം പലിശയോടെ കിട്ടുമായിരുന്നു.’
28 “അതിനാല്‍ യജമാനന്‍ തന്‍റെ ദാസന്മാരോടു പറഞ്ഞു, ‘ആ ദാസനില്‍നിന്നും പണസഞ്ചി വാങ്ങി അതു പത്തു പണസഞ്ചിയുള്ളവനു കൊടുക്കുക. 29 അവനവനുള്ളത് ഉപയോഗിക്കുന്നവന് കൂടുതല്‍ കിട്ടും. അയാള്‍ക്ക് ആവശ്യത്തിലധികം കിട്ടും. എന്നാല്‍ ഉള്ളതു കൂടി ഉപയോഗിക്കാത്തവനില്‍ നിന്നും എല്ലാം എടുക്കപ്പെടും.’ 30 എന്നിട്ട് യജമാനന്‍ പറഞ്ഞു, ‘ആ പ്രയോജനമില്ലാത്ത ദാസനെ പുറത്ത് ഇരുട്ടിലേക്കെറിയുക! അവിടെ ആളുകള്‍ നിലവിളിക്കുകയും വേദനകൊണ്ട് പല്ലു ഞെരിക്കുകയും ചെയ്യുന്നുണ്ടാകും.’
മനുഷ്യപുത്രന്‍ എല്ലാവരെയും വിധിക്കും
31 “മനുഷ്യപുത്രന്‍ വീണ്ടും വരും. മഹത്വത്തോടുകൂടിയാവും അവന്‍ വരിക. എല്ലാ ദൂതന്മാരും അവനോടൊത്തു വരും. അവന്‍ രാജാവാകുകയും തന്‍റെ മഹത്തായ സിംഹാസനത്തില്‍ ഇരിക്കുകയും ചെയ്യും. 32 ലോകം മുഴുവനും ഉള്ള ജനത മനുഷ്യപുത്രനു മുന്നില്‍ സംഘടിക്കും. മനുഷ്യപുത്രന്‍ ജനങ്ങളെയാകെ രണ്ടായി വേര്‍തിരിക്കും. ഇടയന്‍ ചെമ്മരിയാടുകളില്‍നിന്നും കോലാടുകളെ വേര്‍തിരിക്കുന്നതുപോലെ. 33 അവന്‍ ചെമ്മരിയാടുകളെ (നീതിമാന്മാര്‍) വലതുവശത്തും കോലാടുകളെ (ദുഷ്ടന്മാര്‍) തന്‍റെ ഇടതു വശത്തും നിര്‍ത്തും.
34 “അപ്പോള്‍ രാജാവ്, തന്‍റെ വലതുവശത്തു നില്‍ക്കുന്ന നീതിമാന്മാരോട് പറയും, ‘വരൂ,’ എന്‍റെ പിതാവ് നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവം വാഗ്ദാനം ചെയ്ത രാജ്യത്തിലേക്കു വരൂ. ലോകാരംഭം മുതല്‍ ആ രാജ്യം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. 35 എനിക്കു വിശന്നപ്പോള്‍ നിങ്ങളെനിക്കു ഭക്ഷണം തന്നതിനാല്‍ ആ രാജ്യം നിങ്ങള്‍ക്കുള്ളതാണ്. എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ വീട്ടില്‍നിന്നും ദൂരെ ഒറ്റക്കായപ്പോള്‍ നിങ്ങളെന്നെ നിങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. 36 എനിക്കു വസ്ത്രമില്ലാതിരുന്നപ്പോള്‍ നിങ്ങളെനിക്കു വസ്ത്രം തന്നു. ഞാന്‍ രോഗിയായിരുന്നപ്പോള്‍ നിങ്ങളെന്നെ ശുശ്രൂഷിച്ചു. ഞാന്‍ തടവറയിലായിരുന്നപ്പോള്‍ നിങ്ങളെന്നെ സന്ദര്‍ശിച്ചു.’
37 “അപ്പോള്‍ നീതിമാന്മാര്‍ മറുപടി പറയും, ‘കര്‍ത്താവേ, നിനക്ക് വിശക്കുന്നതു കണ്ട് ഞങ്ങള്‍ ഭക്ഷണം തന്നത് എപ്പോഴാണ്? നിനക്കു ദാഹിക്കുന്നതു കണ്ട് ഞങ്ങള്‍ വെള്ളം തന്നത് എപ്പോഴാണ്? 38 നിന്നെ വീട്ടില്‍ നിന്നകലെ ഒറ്റയ്ക്ക് കണ്ട് ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചതെപ്പോഴാണ്? നിന്നെ വസ്ത്രമില്ലാതെ കണ്ട് ഞങ്ങള്‍ വസ്ത്രം തന്നതെപ്പോഴാണ്? 39 നിന്നെ രോഗിയായും തടവുകാരനായും കണ്ട് നിന്നെ ഞങ്ങള്‍ ശുശ്രൂഷിച്ചതെപ്പോഴാണ്?’
40 “അപ്പോള്‍ രാജാവ് മറുപടി പറയും, ‘ഞാന്‍ നിങ്ങളോടു സത്യം പറയാം. ഇവിടെയുള്ള എന്‍റെ സഹോദരന്മാര്‍ക്കു നിങ്ങളോരോന്നു ചെയ്യുന്പോഴും അതെനിക്കു കൂടിയായിരിക്കും.’
41 “എന്നിട്ട് അവന്‍റെ ഇടതുവശത്തു നില്‍ക്കുന്ന നീചന്മാരോടു രാജാവു പറയും, ‘കടന്നു പോകൂ. നിങ്ങളെ ശിക്ഷിക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. നിത്യാഗ്നിയിലേക്കു പോകൂ. പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും വേണ്ടിയുള്ളതാണ് നരകാഗ്നി. 42 കടന്നു പോകൂ, എന്തെന്നാല്‍ എനിക്കു വിശന്നപ്പോള്‍ നിങ്ങളെനിക്കു ഭക്ഷണം തന്നില്ല. എനിക്കു ദാഹിച്ചപ്പോള്‍ ജലം തന്നില്ല. 43 ഞാന്‍ വീട്ടില്‍ നിന്നകന്ന് ഒറ്റയ്ക്കായപ്പോള്‍ നിങ്ങളെന്നെ വീട്ടിലേക്കു വിളിച്ചില്ല. ഞാന്‍ വസ്ത്രമില്ലാതിരുന്നപ്പോള്‍ നിങ്ങള്‍ എനിക്കു ധരിക്കാന്‍ ഒന്നും തന്നില്ല. ഞാന്‍ രോഗിയായിരുന്നപ്പോഴും തടവുകാരനായിരുന്നപ്പോഴും നിങ്ങളെന്നെ ശ്രദ്ധിച്ചില്ല.’
44 “അപ്പോള്‍ അവരും മറുപടി പറയും, ‘കര്‍ത്താവേ, എന്നാണു ഞങ്ങള്‍ നീ വിശക്കുന്നവനായും ദാഹിക്കുന്നവനായും കണ്ടത്? എന്നാണു ഞങ്ങള്‍ നിന്നെ ഒറ്റയ്ക്കു വീട്ടില്‍ നിന്നകന്നു കണ്ടത്? എന്നാണു ഞങ്ങള്‍ നിന്നെ വസ്ത്രമില്ലാതെയോ, രോഗിയായോ, തടവുകാരനായോ കണ്ടത്? ഇങ്ങനെയൊക്കെ കണ്ടിട്ടും ഞങ്ങളെന്നാണു നിന്നെ സഹായിക്കാതെ പോയത്?’
45 “അപ്പോള്‍ രാജാവു മറുപടി പറയും, ‘ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, ഇവിടെയുള്ള എന്‍റെ സഹോദരന്മാര്‍ക്കു നിങ്ങളോരോന്നു നിരസിക്കുന്പോഴും അവ എനിക്കുവേണ്ടിയും നിരസിക്കപ്പെടുകയായിരുന്നു.’
46 “അപ്പോള്‍ ആ നീചന്മാര്‍ കടന്നു പോകും. അവര്‍ക്കെന്നത്തേക്കും ശിക്ഷ കിട്ടും. എന്നാല്‍ നീതിമാന്മാര്‍ക്കു നിത്യജീവനും കിട്ടും.”