യേശു ഉയിര്‍ത്തെഴുന്നേറ്റ വാര്‍ത്ത
(മര്‍ക്കൊ. 16:1-8; ലൂക്കൊ. 24:1-12; യോഹ. 20:1-10)
28
ശബ്ബത്ത് ദിവസത്തിന്‍റെ പിറ്റേന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമാണ്. അന്നത്തെ പ്രഭാതത്തില്‍ മഗ്ദലമറിയയും മറ്റേ മറിയയും കല്ലറ സന്ദര്‍ശിക്കാനെത്തി.
ആ സമയം അവിടെ ഒരു വലിയ ഭൂകന്പമുണ്ടായി. കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ആകാശത്തുനിന്നും വന്നു. ദൂതന്‍ കല്ലറയ്ക്കടുത്തെത്തി മൂടിക്കല്ല് ഉരുട്ടിമാറ്റി. എന്നിട്ട് അതിന്മേല്‍ ഇരുന്നു. മിന്നല്‍പ്പിണര്‍ പോലെ തിളക്കമായിരുന്നു ദൂതന്. മഞ്ഞുപോലെ വെളുത്ത വസ്ത്രങ്ങള്‍. കാവലിരുന്ന ഭടന്മാര്‍ ദൂതനെ കണ്ടു ഭയന്നു വിറച്ചു.
ദൂതന്‍ ആ സ്ത്രീകളോട് പറഞ്ഞു, “ഭയപ്പെടേണ്ട, ക്രൂശിതനായ യേശുവിനെയാണ് നിങ്ങളന്വേഷിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ യേശു ഇവിടെയില്ല. അവന്‍ മുന്പു പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍റെ ശരീരം കിടത്തിയിരുന്ന സ്ഥലം വന്നു നോക്കുക. എന്നിട്ട് വേഗം പോയി അവന്‍റെ ശിഷ്യന്മാരോടു പറയുക: ‘യേശു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ഗലീലയിലേക്കു പോകുകയാണ്. നിങ്ങളെക്കാള്‍ മുന്പ് അവന്‍ അവിടെയെത്തും. നിങ്ങള്‍ക്കവിടെ അവനെ കാണാം.’” എന്നിട്ട് ദൂതന്‍ പറഞ്ഞു, “ഞാന്‍ നിങ്ങളോടിക്കാര്യം അറിയിച്ചു കഴിഞ്ഞു.”
അതിനാല്‍ ആ സ്ത്രീകള്‍ വേഗം ശവകുടീരം വിട്ടുപോയി. അവര്‍ വല്ലാതെ ഭയന്നിരുന്നുവെങ്കിലും വളരെയധികം സന്തോഷിച്ചു. സംഭവിച്ചതൊക്കെ ശിഷ്യന്മാരോടു പറയാന്‍ അവര്‍ക്കു തിടുക്കമായി. അവര്‍ ഓടിപ്പോകവേ യേശു അവരുടെ മുന്പില്‍ അവരെ അഭിവാദ്യം ചെയ്തു. അവര്‍ യേശുവിനടുത്തേക്കു ചെന്ന് അവന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് അവനെ നമസ്കരിച്ചു. 10 അപ്പോള്‍ യേശു സ്ത്രീകളോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ, പോയി എന്‍റെ സഹോദരന്മാരോടു പറയൂ ഗലീലയിലേക്കു പോകാന്‍. അവര്‍ എന്നെ അവിടെ കാണും.”
യെഹൂദനേതാക്കളോടു വിവരിക്കുന്നു
11 സ്ത്രീകള്‍ ശിഷ്യന്മാരോടു പറയാന്‍ പോയി. അതേ സമയം ശവകുടീരത്തിനു കാവലിരിക്കുകയായിരുന്ന ഭടന്മാരില്‍ ചിലരും നഗരത്തിലേക്കു പോയി. സംഭവിച്ചതു മഹാപുരോഹിതന്മാരോടു പറയാനാണവര്‍ പോയത്. 12 അപ്പോള്‍ മഹാപുരോഹിതര്‍ സമ്മേളിച്ചു ജനത്തിന്‍റെ മൂപ്പന്മാരുമായി ആലോചിച്ച് ഒരു പദ്ധതിയിട്ടു. അവര്‍ ഭടന്മാര്‍ക്ക് ധാരാളം പണം കൊടുത്ത് ഒരു കള്ളം പറയാന്‍ നിയോഗിച്ചു. 13 അവര്‍ ഭടന്മാരോടു പറഞ്ഞു, “രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങിക്കിടക്കുന്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം മോഷ്ടിച്ചു എന്ന് ജനങ്ങളോടു നിങ്ങള്‍ പറയണം. 14 ദേശവാഴി ഇതറിഞ്ഞാല്‍ അയാളെ ഞങ്ങള്‍ സമാധാനപ്പെടുത്തി നിങ്ങളെ രക്ഷിച്ചുകൊള്ളാം.” 15 അതു കേട്ട ഭടന്മാര്‍ പണം ഒളിച്ചുവച്ച് മഹാപുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചു. ആ കഥ ഇന്നോളം യെഹൂദര്‍ക്കിടയില്‍ പ്രചരിക്കുന്നു.
യേശു ശിഷ്യന്മാരോടു സംസാരിക്കുന്നു
(മര്‍ക്കൊ. 16:14-18; ലൂക്കൊ. 24:36-49; യോഹ. 20:19-23; അ.പ്രവ. 1:6-8)
16 പതിനൊന്നു ശിഷ്യന്മാരും ഗലീലയിലേക്കു പോയി. യേശു നിര്‍ദ്ദേശിച്ചിരുന്ന മലയിലേക്കാണവര്‍ പോയത്. 17 മലയില്‍ അവര്‍ യേശുവിനെ കണ്ടു. അവര്‍ അവനെ നമസ്കരിച്ചു. എങ്കിലും യഥാര്‍ത്ഥത്തില്‍ അതു യേശുവാണെന്ന് ചില ശിഷ്യന്മാര്‍ വിശ്വസിച്ചില്ല. 18 അതിനാല്‍ യേശു അവരുടെയടുത്തേക്കു വന്നു പറഞ്ഞു, “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരങ്ങളും എനിക്കു തന്നിരിക്കുന്നു. 19 അതിനാല്‍ നിങ്ങള്‍ എല്ലാ രാജ്യങ്ങളിലും ചെന്ന് അവരെ ശിഷ്യന്മാരാക്കുക. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പേരില്‍ അവരെ സ്നാനപ്പെടുത്തുക. 20 ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക. ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. ലോകാവസാനംവരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.”