മറ്റുള്ളവരെ വിധിക്കുന്നതിനെപ്പറ്റി
(ലൂക്കൊ. 6:37-38, 41-42)
7
“നിങ്ങള്‍ മറ്റുള്ളവരെ വിധിക്കാതിരുന്നാല്‍ ദൈവം നിങ്ങളെയും വിധിക്കില്ല. നിങ്ങള്‍ മറ്റുള്ളവരെ വിധിച്ചാല്‍ അതേപോലെ തന്നെ ദൈവം നിങ്ങളെയും വിധിക്കും. നിങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന മാപ്പ് നിങ്ങള്‍ക്കും ലഭിക്കും.
“നിങ്ങളുടെ കണ്ണില്‍ കിടക്കുന്ന കോല്‍ കാണാതെ നിങ്ങളുടെ സഹോദരന്‍റെ കണ്ണിലെ കരട് കാണുന്നതെന്ത്? ‘ഞാന്‍ നിന്‍റെ കണ്ണിലെ കരട് എടുക്കട്ടെ എന്ന് അയാളോടു ചോദിക്കുന്നതെന്തുകൊണ്ട്? ആദ്യം സ്വയം നോക്കുക. നിങ്ങളുടെ സ്വന്തം കണ്ണിലെ ആ കോല്‍ എടുത്തുകളയുക. അപ്പോള്‍ നിനക്കു സഹോദരന്‍റെ കണ്ണില്‍നിന്ന് കരട് എടുത്തുകളയുവാന്‍ വ്യക്തമായി കാണാനാവും.
“വിശുദ്ധമായവ നായ്ക്കെറിഞ്ഞു കൊടുക്കരുത്. അവ തിരിഞ്ഞു നിങ്ങളെ ആക്രമിച്ചു തുണ്ടുതുണ്ടുകളാക്കും. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്കെറിഞ്ഞു കൊടുക്കരുത്. അവ അത് ചവിട്ടിമെതിക്കും.
ആവശ്യമുള്ളതു നിരന്തരം ചോദിക്കുക
(ലൂക്കൊ. 11:9-13)
“നിരന്തരം ചോദിക്കുക, ദൈവം നിങ്ങള്‍ക്കു തരും. നിരന്തരം അന്വേഷിക്കുക, നിങ്ങള്‍ കണ്ടെത്തും. നിരന്തരം മുട്ടുക, വാതില്‍ നിങ്ങള്‍ക്കായി തുറക്കപ്പെടും. അതെ നിരന്തരം ചോദിക്കുന്നവന് കിട്ടും. ഒരുവന്‍ തുടര്‍ച്ചയായി അന്വേഷിച്ചാല്‍ അവന്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുന്നവനു വാതില്‍ തുറക്കപ്പെടും.
“നിങ്ങളിലാര്‍ക്കെങ്കിലുമൊക്കെ പുത്രന്മാരുണ്ടല്ലോ. നിങ്ങളുടെ മകന്‍ അപ്പം ചോദിച്ചാല്‍ നിങ്ങള്‍ അവനു കല്ലു കൊടുക്കുമോ? ഇല്ല! 10 അഥവാ അവന്‍ ഒരു മീന്‍ ചോദിച്ചാല്‍ നിങ്ങളവനു പാന്പിനെ കൊടുക്കുമോ? ഇല്ല! 11 നിങ്ങള്‍ ദൈവത്തെപ്പോലെയല്ല; ദുഷ്ടരാണ്. എങ്കിലും നിങ്ങള്‍ക്കു പോലുമറിയാം സ്വന്തം കുഞ്ഞുങ്ങള്‍ക്കു നല്ലതേ കൊടുക്കാവൂ എന്ന്. അപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് നല്ല ദാനങ്ങളെത്തന്നെ കൊടുക്കുമെന്നതിനു സംശയം വേണ്ട.
ഏറ്റവും പ്രധാന നിയമം
12 “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ കരുതുന്നുവോ അതുപോലെ അവരോടും പെരുമാറുക. മോശെയുടെ ന്യായപ്രമാണത്തിന്‍റെയും പ്രവാചകരുടെ ഉപദേശങ്ങളുടെയും അര്‍ത്ഥമാണിത്.
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയും നരകത്തിലേക്കുള്ള വഴിയും
(ലൂക്കൊ. 13:24)
13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. കാരണം അതു സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലാണ്. നരകത്തിലേക്കുള്ള വാതില്‍ വീതിയേറിയതാണ്. അധികംപേരും ആ വഴി പോകുന്നു. 14 എന്നാല്‍ ജീവനിലേക്കുള്ള വഴി ഇടുങ്ങിയതാണ്. അതു വളരെ ദുര്‍ഗ്ഗമവുമാണ്. ചിലര്‍ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.
മറ്റുള്ളവരുടെ ചെയ്തികള്‍ ശ്രദ്ധിക്കുക
(ലൂക്കൊ. 6:43-44; 13:25-27)
15 “കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക. അവര്‍ ആടിന്‍റെ വേഷത്തില്‍ നിങ്ങളെ സമീപിക്കും. എന്നാലവര്‍ യഥാര്‍ത്ഥത്തില്‍ ചെന്നായ്ക്കളെപ്പോലെ അപകടകാരികളാണ്. 16 അവരുടെ പ്രവര്‍ത്തികള്‍കൊണ്ട് നിങ്ങളവരെ മനസ്സിലാക്കും. ചീത്തയാളുകളൊരിക്കലും നന്മ ചെയ്യില്ല. മുള്‍പ്പടര്‍പ്പില്‍ മുന്തിരി ഉണ്ടാകാത്തതുപോലെ, ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമുണ്ടാകാറില്ല. 17 അതുപോലെ, നല്ല വൃക്ഷങ്ങള്‍ നല്ല ഫലം തരും. ചീത്ത വൃക്ഷങ്ങള്‍ ചീത്തഫലവും. 18 ഒരു നല്ല വൃക്ഷം ദുഷിച്ച ഫലമുണ്ടാക്കില്ല. ദുഷിച്ച വൃക്ഷം നല്ല ഫലവുമുണ്ടാക്കില്ല. 19 നല്ല ഫലമുണ്ടാക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും. 20 അവരുണ്ടാക്കുന്ന ഫലങ്ങളെക്കൊണ്ട് നിങ്ങള്‍ ഈ കള്ളപ്രവാചകരെ മനസ്സിലാക്കും.
21 “ഞാനവരുടെ കര്‍ത്താവാണെന്നു പറയുന്നവരെല്ലാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടമനുസരിച്ചു ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കൂ. 22 അവസാന ദിവസം പലരും എന്നോടു പറയും, ‘കര്‍ത്താവേ, ഞങ്ങള്‍ നിനക്കായി പ്രസംഗിച്ചില്ലേ? നിനക്കായി ഭൂതങ്ങളെ ഒഴിപ്പിക്കുകയും നിരവധി വീര്യപ്രവര്‍ത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?’ 23 അപ്പോള്‍ അവരോടു വ്യക്തമായി പറയും. ‘എന്‍റെ സമീപത്തുനിന്ന് കടന്നുപോകൂ. നിങ്ങള്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല.’
വിവേകശാലിയും വിഡ്ഢിയും
(ലൂക്കൊ. 6:47-49)
24 “ഞാന്‍ ഈ പറയുന്നതെല്ലാം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവന്‍ ബുദ്ധിമാനെപ്പോലെയാണ്. അവന്‍ പാറയില്‍ തന്‍റെ വീടു പണിതു. 25 മഴയും വെള്ളപ്പൊക്കവുമുണ്ടായി. വീടിനുമേല്‍ കാറ്റടിച്ചു. പക്ഷേ ആ വീട് വീണില്ല. എന്തെന്നാല്‍ അതു പാറമേല്‍ പണിതിരിക്കുന്നു.
26 “എന്നാല്‍ ഞാന്‍ പറയുന്നതു കേട്ടിട്ടും അനുസരിക്കാത്തവര്‍ വിഡ്ഢിയെപ്പോലെയാണ്. അവന്‍ മണലില്‍ വീടു പണിതു. 27 മഴയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ കാറ്റടിച്ച് അവന്‍റെ വീട് വലിയ ശബ്ദത്തോടെ നിലത്തു വീണു.”
28 യേശു ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ അവന്‍റെ ഉപദേശത്തില്‍ അത്ഭുതപ്പെട്ടു. 29 യേശു പഠിപ്പിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല. യേശു പഠിപ്പിച്ചത് അധികാരമുള്ളവനെപ്പോലെയായിരുന്നു.