വ്യാജപ്രവാചകര്‍
2
പണ്ട് ദൈവജനത്തിനിടയില്‍ കള്ളപ്രവാചകരുണ്ടായിരുന്നു. ഇന്നും അപ്രകാരം തന്നെ. അതുപോലെ തന്നെ നിങ്ങളുടെ കൂട്ടത്തിലും വ്യാജ അദ്ധ്യാപകര്‍ ഉണ്ടാകും. ജനങ്ങള്‍ നഷ്ടപ്പെടുന്നവിധം തെറ്റായ ഉപദേശങ്ങള്‍ അവര്‍ പഠിപ്പിക്കും. തങ്ങള്‍ പഠിപ്പിക്കുന്നത് തെറ്റാണെന്ന് മനസ്സിലാകാത്ത വിധത്തില്‍ അവര്‍ പഠിപ്പിക്കും. അവര്‍ക്കു സ്വാതന്ത്ര്യം കൊണ്ടുവന്നു കൊടുത്ത നാഥനെപ്പോലും (യേശു) അവര്‍ നിഷേധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് അവര്‍ വേഗത്തില്‍ സ്വയം നശിക്കും. അവര്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളില്‍ വളരെയേറെപ്പേര്‍ അവരെ പിന്തുടരും. ഇതരര്‍ അക്കൂട്ടര്‍ കാരണം സത്യത്തിന്‍റെ പാതയെക്കുറിച്ച് മോശമായി സംസാരിക്കും. ആ വ്യാജ അദ്ധ്യാപകര്‍ക്ക് നിങ്ങളുടെ പണം മാത്രം മതി. അതുകൊണ്ട് പൊളിവചനങ്ങള്‍ പറഞ്ഞ് നിങ്ങളെ ഉപയോഗിക്കും. ആ വ്യാജാദ്ധ്യാപകര്‍ക്കെതി രെയുള്ള വിധിവാചകം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. അവരെ നശിപ്പിക്കുന്നവനില്‍ (ദൈവം) നിന്ന് അവര്‍ രക്ഷപെടില്ല.
ദൂതന്മാര്‍ പാപം ചെയ്തപ്പോള്‍ ശിക്ഷയില്ലാതെ സ്വതന്ത്രമാക്കാന്‍ ദൈവം അവരെ അനുവദിച്ചില്ല. അതെ, ദൈവം അവരെ നരകത്തിലേക്ക് അയച്ചു. ഇരുട്ടിന്‍റെ ഗുഹകളിലേക്ക് ദൈവം അവരെ ഇട്ടു. അന്തിമവിധി വരെ അവരെ അവിടെത്തന്നെ ഇട്ടിരിക്കുന്നു.
പണ്ട് ജീവിച്ചിരുന്ന ദുഷ്ടരെയും ദൈവം ശിക്ഷിച്ചു. ദൈവനിഷേധികളാല്‍ നിറഞ്ഞിരുന്ന ഭൂമിയിലേക്കു ദൈവം പ്രളയം കൊണ്ടുവന്നു. എന്നാല്‍ നോഹയെയും അവനോടൊപ്പമുണ്ടായിരുന്ന ഏഴുപേരെയും ദൈവം രക്ഷിച്ചു. നീതിയോടെ ജീവിക്കാന്‍ ജനങ്ങളോട് പറഞ്ഞ ഒരുവനാണ് നോഹ.
മാത്രമല്ല ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെയും ശിക്ഷിച്ചിരുന്നു. ചാരമൊഴികെ മറ്റൊന്നും ഇല്ലാത്ത തരത്തില്‍ ദൈവം ആ നഗരങ്ങളെ എരിച്ചു. ദൈവത്തിനെതിരായിട്ടുള്ളവര്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൈവം ആ നഗരങ്ങളെ ഉദാഹരണമാക്കി. പക്ഷെ ദൈവം ലോത്തിനെ രക്ഷിച്ചു. ലോത്ത് വളരെ നല്ലവനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ വൃത്തികെട്ട ജീവിതശൈലികൊണ്ട് അവനു പൊറുതിമുട്ടി. (ലോത്ത് നല്ലവനായിരുന്നെങ്കിലും ആ വൃത്തികെട്ടവര്‍ക്കൊപ്പമായിരുന്നു ദിനംതോറും ജീവിച്ചത്. അവന്‍ കേട്ടതും കണ്ടതുമായ ദുഷ്കാര്യങ്ങളാല്‍ ലോത്തിന്‍റെ നല്ല ഹൃദയം മുറിപ്പെട്ടു.)
അതെ, ദൈവമാണ് ഇതു ചെയ്തത്. അതുകൊണ്ട് അവനെ ശുശ്രൂഷിക്കുന്നവരെ എങ്ങനെ രക്ഷിക്കണമെന്നു കര്‍ത്താവിനറിയാം. ദുഷ്ടരെ ബന്ധനത്തില്‍ വയ്ക്കുകയും ന്യായവിധിദിവസം വരെ കാത്തിരുന്ന് കര്‍ത്താവ് അവരെ ശിക്ഷിക്കുകയും ചെയ്യും. 10 ഹീനമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും പാപം നിറഞ്ഞ സ്വയത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കും ആണ് പ്രധാനമായിട്ട് ഈ ശിക്ഷ.
ഈ കപട അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടത് ചെയ്യുകയും സ്വയം പുകഴ്ത്തുകയും ചെയ്യും. ബലവും ശക്തിയുമേറിയ ദൂതന്മാരെക്കുറിച്ചും മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കു ഭീതിയില്ല. 11 ദൂതന്മാര്‍ ഈ വ്യാജ അദ്ധ്യാപകരെക്കാള്‍ വളരെ കരുത്തരും ശക്തരുമാണ്. എന്നാല്‍ ദൂതന്മാര്‍ പോലും ദൈവസമക്ഷം അവര്‍ക്കെതിരെ കുറ്റം ആരോപിയ്ക്കുകയോ ചീത്ത പറയുകയോ ഇല്ല.
12 എന്നാല്‍, ഈ വ്യാജഅദ്ധ്യാപകര്‍ തങ്ങള്‍ക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ക്കെതിരെ ദുഷ്ക്കാര്യങ്ങള്‍ സംസാരിക്കുന്നു. പിടികൂടപ്പെട്ട് കൊല്ലപ്പെടുവാന്‍ മാത്രമായി ജനിച്ചിരിക്കുന്ന വന്യമൃഗങ്ങളെപ്പോലെ ഇവരും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. വന്യമൃഗങ്ങളെപ്പോലെ ഇവരെയും നശിപ്പിക്കും. 13 ഇവര്‍ മൂലം പലര്‍ക്കും ക്ലേശം വന്നു. അതുകൊണ്ട് അവരും സ്വയം ക്ലേശിക്കും. അവര്‍ ചെയ്തതിനുളള ഫലം ആണ് അത്.
എല്ലാവരും കാണ്‍കെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് രസമാണെന്ന് അവര്‍ കരുതുന്നു. അവരുടെ സ്വന്തം ദുഷ്ചെയ്തികളില്‍ അവര്‍ രസം കൊള്ളുകയും അതില്‍ സംതൃപ്തരാകുകയും ചെയ്യുന്നു. അതുകൊണ്ട് അവര്‍ നിങ്ങളിലുള്ള മലിനമായ പൊട്ടും കറയുമാണ് (കളങ്കമാണ്). ഒന്നിച്ചു ഭക്ഷിക്കുന്പോള്‍ നിങ്ങളിലേക്ക് അവര്‍ ലജ്ജ കൊണ്ടുവരുന്നു. 14 അവര്‍ ഒരു സ്ത്രീയെ നോക്കുന്പോഴെല്ലാം അവളെ ആഗ്രഹിക്കുന്നു. ഇപ്രകാരം അവര്‍ സദാ തെറ്റു ചെയ്യുന്നു. ബലഹീനരെ അവര്‍ പാപക്കെണിയിലേക്ക് നയിക്കുന്നു. എപ്പോഴും അത്യാര്‍ത്തിയുള്ളവരാകാന്‍ അവര്‍ തങ്ങളെത്തന്നെ പഠിപ്പിക്കുന്നു. അവര്‍ ശപിക്കപ്പെട്ടവരാണ്.
15 ഈ വ്യാജ അദ്ധ്യാപകര്‍ സന്മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച് ചീത്തമാര്‍ഗ്ഗത്തിലേക്കു പോയി. ബിലെയാം പോയ അതേ വഴി അവര്‍ പിന്തുടര്‍ന്നു. ബിലെയാം ബെയോരിന്‍റെ പുത്രനായിരുന്നു. പ്രതിഫലത്തിനുവേണ്ടി തെറ്റു ചെയ്യുന്നതു അവന്‍ ഇഷ്ടപ്പെട്ടു. 16 പക്ഷേ ഒരു കഴുത ബിലെയാമിനോട് അവന്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു. കഴുത സംസാരശേഷി ഇല്ലാത്ത ഒരു മൃഗമാണ്. പക്ഷേ ഈ കഴുത മനുഷ്യ ശബ്ദത്തില്‍ സംസാരിച്ചു. ബിലെയാമിന്‍റെ ഭ്രാന്തന്‍ വഴികളെ തടഞ്ഞു.
17 ജലം ഇല്ലാത്ത നദി പോലെയാണ് ആ വ്യാജപ്രവാചകര്‍. കൊടുങ്കാറ്റാല്‍ ഓടിക്കപ്പെട്ട മേഘങ്ങള്‍ പോലെയാണവര്‍. അത്യഗാധത്തിലെ കൊടും കൂരിരുട്ടുള്ള സ്ഥലം അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 18 കപടവാക്കുകളാല്‍ വ്യാജ അദ്ധ്യാപകര്‍ പുകഴ്ത്തും. പാപക്കെണിയില്‍ അവര്‍ ജനങ്ങളെ കുരുക്കും. തെറ്റായി ജീവിയ്ക്കുന്നവരില്‍ നിന്നും മാറാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നവരെപ്പോലും അവര്‍ വഴി തെറ്റിക്കും. അവരുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ടചിന്തകള്‍ പ്രായോഗികമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴിയാണ് ഈ കള്ള അദ്ധ്യാപകര്‍ ഇതു ചെയ്യുന്നത്. 19 ആ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ഈ വ്യാജ അദ്ധ്യാപകര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വ്യാജ അദ്ധ്യാപകര്‍ തന്നെ സ്വതന്ത്രരല്ല. നശ്വരമായ വസ്തുക്കളുടെ അടിമകളാണ് അവര്‍. ഒരു വ്യക്തി അവനെ നിയന്ത്രിക്കുന്ന കാര്യത്തിന് അടിമയാണ്.
20 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞു സ്വതന്ത്രരായതിനു ശേഷം വീണ്ടും ദുഷ്കാര്യങ്ങളിലേക്കു തിരിയുകയും ദുഷ്ടത അവരെ നിയന്ത്രിക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അവരുടെ നില ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും. 21 അത്തരം ആള്‍ക്കാര്‍ ഒരിക്കലും സത്യമാര്‍ഗ്ഗം അറിയാതിരിക്കുന്നതാണ് നല്ലത്. അതാണ് അവര്‍ക്കു നല്‍കപ്പെട്ട വിശുദ്ധ ഉപദേശം. അറിഞ്ഞതിനു ശേഷം അതില്‍ നിന്നും അകലുന്നതിലും നല്ലത് അറിയാതിരിക്കുന്നതാണ്. 22 “ഛര്‍ദ്ദി വീണ്ടും ഭക്ഷിക്കുന്ന നായെപ്പോലെ” എന്നും “വൃത്തിയായതിനു ശേഷവും ചെളിയിലുരുളുന്ന ഒരു പന്നിയെപ്പോലെ” എന്നും ഇവരുടെ ചെയ്തികളെ സമപ്പെടുത്താം.