ദാവീദിന്‍റെ രാജ്യം വളരുന്നു
14
ടൈറിലെ രാജാവായിരുന്നു ഹീരാം. ഹീരാം ദാവീദിന്‍റെയടുത്തേക്കു ദൂതന്മാരെ അയച്ചു. അയാള്‍ ദേവദാരുവും കല്‍പ്പണിക്കാരെയും, തടിപ്പണിക്കാരെയും ദാവീദിനയച്ചുകൊടുത്തു. ദാവീദിന് ഒരു കൊട്ടാരം പണിയാനാണ് അയാളിതൊക്കെ അയച്ചത്. അപ്പോള്‍ യഹോവ തന്നെ യഥാര്‍ത്ഥത്തില്‍ യിസ്രായേല്‍രാജാവാക്കിയെന്ന് ദാവീദിനു മനസ്സിലായി. യഹോവ ദാവീദിന്‍റെ രാജ്യത്തെ വളരെവലുതും ശക്തവുമാക്കി. ദാവീദിനെയും യിസ്രായേല്‍ജനതയെയും അവന്‍ സ്നേഹിച്ചതിനാലാണ് ദൈവം അങ്ങനെ ചെയ്തത്.
ദാവീദ് കൂടുതല്‍ യെരൂശലേംകാരികളെ വിവാഹം കഴിച്ചു. അയാള്‍ക്ക് കൂടുതല്‍ പുത്രന്മാരും പുത്രിമാരും ഉണ്ടായി. ദാവീദിന് യെരൂശലേമിലുണ്ടായ കുട്ടികളുടെ പേരുകള്‍ ഇവയാണ്: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍, യിബ്ഹാര്‍, എലീശൂവാ, എല്‍പേലെത്ത്. നോഗഹ്, നേഫെഗ്, യാഫീയ, എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
ദാവീദ് ഫെലിസ്ത്യരെ തോല്പിക്കുന്നു
ദാവീദ് യിസ്രായേല്‍രാജാവായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഫെലിസ്ത്യര്‍ കേട്ടു. അതിനാല്‍ എല്ലാ ഫെലിസ്ത്യരും ദാവീദിനെ തേടിയിറങ്ങി. അപ്പോള്‍ അയാള്‍ ഫെലിസ്ത്യര്‍ക്കെതിരെ യുദ്ധം ചെയ്യാനിറങ്ങി. ഫെലിസ്ത്യര്‍ രെഫായീംതാഴ്വരയില്‍ വസിക്കുന്ന ജനങ്ങളെ ആക്രമിക്കുകയും അവരുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. 10 ദാവീദ് ദൈവത്തോടു ചോദിച്ചു, “ഞാന്‍ ഫെലിസ്ത്യരോടു യുദ്ധത്തിനു പോകണോ? അവരെ തോല്പിക്കാന്‍ അങ്ങ് എന്നെ അനുവദിക്കുമോ?”
യഹോവ ദാവീദിനോടു മറുപടി പറഞ്ഞു, “പോകൂ, ഫെലിസ്ത്യരെ തോല്പിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കാം.”
11 അപ്പോള്‍ ദാവീദും അവന്‍റെ സേനയും ബാല്‍പെരാസീംപട്ടണം വരെയെത്തി. അവിടെ വച്ച് ദാവീദും സൈന്യവും ഫെലിസ്ത്യരെ തോല്പിച്ചു. ദാവീദു പറഞ്ഞു, “പൊട്ടിയ അണകളില്‍നിന്നും വെള്ളം പ്രവഹിക്കുന്പോലെ ദൈവം എന്‍റെ ശത്രുക്കളെ തകര്‍ത്തു. എന്നിലൂടെയാണ് ദൈവം അതു ചെയ്തത്.”അതിനാലാണ് ആ സ്ഥലം ബാല്‍ പെരാസീം എന്നു വിളിക്കപ്പെട്ടത്. 12 ഫെലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ ബാല്‍ പെരാസീമില്‍ ഉപേക്ഷിച്ചു പോയി. ആ വിഗ്രഹങ്ങള്‍ കത്തിച്ചു കളയുവാന്‍ ദാവീദ് തന്‍റെ സേവകരോടു കല്പിച്ചു.
ഫെലിസ്ത്യര്‍ക്കുമേല്‍ മറ്റൊരു വിജയം
13 ഫെലിസ്ത്യര്‍ രെഫായീം താഴ്വരയിലെ ജനങ്ങളെ വീണ്ടും ആക്രമിച്ചു. 14 ദാവീദ് ദൈവത്തോടു വീണ്ടും പ്രാര്‍ത്ഥിച്ചു. ദൈവം ദാവീദിന്‍റെ പ്രാര്‍ത്ഥനയ്ക്കു പ്രതികരിച്ചു. ദൈവം പറഞ്ഞു, “ദാവീദേ, നീ ആക്രമിക്കുന്പോള്‍ ഫെലിസ്ത്യരുടെ മുന്പിലേക്കു പോകാതിരിക്കുക. പകരം, അവരെ വളയുക. ബാഖാമരങ്ങള്‍ക്കിടയില്‍ ഒളിക്കുക. 15 മരങ്ങളുടെമേല്‍ കയറുക. മരത്തിന്‍റെ മുകളിലിരുന്ന് സൈന്യം ചുറ്റിനടക്കുന്ന ശബ്ദം നിനക്കു കേള്‍ക്കാം. അപ്പോള്‍ ഫെലിസ്ത്യരെ ആക്രമിക്കുക. ദൈവമായ ഞാന്‍ നിനക്കു മുന്പേ പുറപ്പെട്ട് ഫെലിസ്ത്യസേനയെ തോല്പിക്കും!” 16 ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു. അങ്ങനെ ദാവീദും സൈന്യവും ഫെലിസ്ത്യസേനയെ തോല്പിച്ചു. ഗിബെയോന്‍പട്ടണം മുതല്‍ ഗേസെര്‍പട്ടണം വരെ ഫെലിസ്ത്യഭടന്മാരെ അവര്‍ വധിച്ചു. 17 അങ്ങനെ ദാവീദ് എല്ലാ രാഷ്ട്രങ്ങളിലും പ്രസിദ്ധനായി. യഹോവ എല്ലാ രാജ്യങ്ങളിലും ദാവീദിനെപ്പറ്റി ഭയമുണ്ടാക്കി.