ദാവീദിന്‍റെയാളുകളെ അമ്മോന്യര്‍ നാണം കെടുത്തുന്നു
19
നാഹാശ് ആയിരുന്നു അമ്മോന്യരുടെ രാജാവ്. നാഹാശ് മരിക്കുകയും അയാളുടെ പുത്രന്‍ പുതിയരാജാവാകുകയും ചെയ്തു. അപ്പോള്‍ ദാവീദു പറഞ്ഞു, “നാഹാശ് എന്നോടു കാരുണ്യം കാട്ടി. അതിനാല്‍ നാഹാശിന്‍റെ പുത്രനായ ഹാനൂനോടു ഞാനും ദയ കാട്ടണം.”അങ്ങനെ ദാവീദ്, ഹാനൂന്‍റെയടുത്തേക്ക് അയാളുടെ പിതാവിന്‍റെ മരണത്തില്‍ സമാശ്വസിപ്പിക്കുവാന്‍ ദൂതന്മാരെ അയച്ചു. ദാവീദിന്‍റെ ദൂതന്മാര്‍ ഹാനൂനെ ആശ്വസിപ്പിക്കുവാന്‍ അമ്മോന്യരാജ്യത്തേക്കു പോയി.
എന്നാല്‍ അമ്മോന്യരുടെ നേതാക്കന്മാര്‍ ഹാനൂനോടു പറഞ്ഞു, “കബളിപ്പിക്കപ്പെടരുത്. ദാവീദ് യഥാര്‍ത്ഥത്തില്‍ ഇവരെ അയച്ചിരിക്കുന്നത് അങ്ങയെ ആശ്വസിപ്പിക്കാനോ അങ്ങയുടെ അന്തരിച്ച പിതാവിന് ആദരാജ്ഞലിയര്‍പ്പിക്കാനോ അല്ല! അല്ല! നിനക്കും നിന്‍റെ രാജ്യത്തിനും മേല്‍ ചാരപ്പണി നടത്താനാണ് ദാവീദ് ഇവരെ അയച്ചിരിക്കുന്നത്!”നിന്‍റെ രാജ്യം തകര്‍ക്കാന്‍ അവനാഗ്രഹിക്കുന്നു.” അതിനാല്‍ ഹാനൂന്‍ ദാവീദിന്‍റെ ദൂതന്മാരെ പിടികൂടി അവരുടെ താടി വടിച്ചുകളഞ്ഞു. ഹാനൂന്‍ അവരുടെ വസ്ത്രങ്ങളുടെ ഒരു ഭാഗം അരയ്ക്കുതാഴെ വെച്ചു മുറിച്ചുകളയുകയും അവരെ അപമാനിക്കുകയും ചെയ്തു.* അവരുടെ … ചെയ്തു മോശെയുടെ നിയമമനുസരിച്ച് യിസ്രായേലുകാരനെ സംബന്ധിച്ചിടത്തോളം തന്‍റെ താടിവടിച്ചുകളയുന്നത് നിഷിദ്ധമായിരുന്നു. അനന്തരം അയാള്‍ അവരെ വിട്ടയച്ചു.
ദാവീദിന്‍റെ ദാസന്മാര്‍ സ്വദേശത്തേക്കു മടങ്ങിപ്പോകാന്‍ പോലും വയ്യാത്തരീതിയില്‍ അപമാനിതരായി. ചിലര്‍ ചെന്ന് ദാവീദിനോടു അവന്‍റെ ഭൃത്യന്മാര്‍ക്കു സംഭവിച്ചതു പറഞ്ഞു. അതിനാല്‍ ദാവീദുരാജാവ് തന്‍റെ ഭൃത്യന്മാര്‍ക്ക് ഈ സന്ദേശമയച്ചു: “നിങ്ങളുടെ താടിവീണ്ടും വളരുംവരെ യെരീഹോപട്ടണത്തില്‍ തങ്ങുക. അനന്തരം നിങ്ങള്‍ക്ക് സ്വദേശത്തേക്കു മടങ്ങാം.”
തങ്ങള്‍ സ്വയം ദാവീദിന്‍റെ വെറുക്കപ്പെടുന്ന ശത്രുക്കളായിത്തീര്‍ന്നുവെന്ന് അമ്മോന്യര്‍ക്കു മനസ്സിലായി. അനന്തരം ഹാനൂനും അമ്മോന്യരും എഴുപത്തയ്യായിരം പൌണ്ടുപയോഗിച്ച് മെസൊപൊതാമ്യയില്‍നിന്നും തേരുകളും കുതിരകളും വാങ്ങി. അരാമിലെ മയഖാ, സോബാ എന്നീ പട്ടണങ്ങളില്‍നിന്നും തേരാളികളെയും അവര്‍ വാങ്ങി. അമ്മോന്യര്‍ മുപ്പത്തീരായിരം രഥങ്ങള്‍ വാങ്ങി. തങ്ങളെ സഹായിക്കുന്നതിന് അവര്‍ മയഖയിലെ രാജാവിന് പ്രതിഫലവും നല്‍കി. മയഖാരാജാവ് സൈന്യസമേതം വന്ന് മെദേബാപട്ടണത്തിനടുത്ത് തങ്ങളുടെ പാളയം സ്ഥാപിച്ചു. അമ്മോന്യരെല്ലാം യുദ്ധസന്നദ്ധരായി തങ്ങളുടെ പട്ടണങ്ങളില്‍നിന്നും പുറത്തു വന്നു.
അമ്മോന്യര്‍ യുദ്ധത്തിനൊരുങ്ങുകയാണെന്ന് ദാവീദ് മനസ്സിലാക്കി. അതിനാലദ്ദേഹം യോവാബിനെയും മുഴുവന്‍ യിസ്രായേല്‍സൈന്യത്തെയും അമ്മോന്യര്‍ക്കെതിരെ യുദ്ധത്തിനയച്ചു. അമ്മോന്യര്‍ യുദ്ധസന്നദ്ധരായി പുറത്തു വന്നു. അവര്‍ നഗരകവാടത്തിനടുത്തായിരുന്നു. സഹായത്തിനായെത്തിയ രാജാക്കന്മാര്‍ പുറത്ത് വയലുകളിലും കാത്തുനിന്നു.
10 തനിക്കെതിരെ യുദ്ധസന്നദ്ധമായ രണ്ടു സേനാവ്യൂഹങ്ങളുണ്ടെന്ന് യോവാബ് മനസ്സിലാക്കി. ഒരു വ്യൂഹം തനിക്കു മുന്നിലും മറ്റേത് തനിക്കു പിന്നിലും. അതിനാല്‍ യോവാബ് യിസ്രായേലിലെ ഏറ്റവും സമര്‍ത്ഥന്മാരായ ഏതാനും ഭടന്മാരെ തെരഞ്ഞെടുത്തു. അയാള്‍ അവരെ അരാമ്യസേനയോടേറ്റുമുട്ടാന്‍ അയച്ചു. 11 ബാക്കി യിസ്രായേല്‍സേനയെ യോവാബ്, അബീശായിയുടെ നേത്യത്വത്തിന്‍ കീഴിലാക്കി. അബീശായി യോവാബിന്‍റെ സഹോദരനായിരുന്നു. ആ ഭടന്മാര്‍ അമ്മോന്യസേനയെ നേരിടാനും പുറപ്പെട്ടു. 12 യോവാബ് അബീശായിയോടു പറഞ്ഞു, “അരാമ്യസേന എനിക്ക് കടുത്ത എതിരാളികളാണെങ്കില്‍ നീ എന്നെ സഹായിക്കണം. അതുപോലെ അമ്മോന്യസേന നിനക്ക് കടുത്ത എതിരാളികളാണെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം. 13 നമ്മുടെ ജനങ്ങള്‍ക്കും നമ്മുടെ ദൈവത്തിന്‍റെ നഗരങ്ങള്‍ക്കുംവേണ്ടി യുദ്ധം ചെയ്യുന്പോള്‍ നമുക്കു ശക്തരും ധൈര്യശാലികളുമായിരിക്കാം! യഹോവയുടെ ആഗ്രഹം നടത്തപ്പെടട്ടെ.”
14 യോവാബും തന്‍റെ സൈന്യവും അരാമ്യസേനയെ ആക്രമിച്ചു. അരാമ്യസേന യോവാബില്‍നിന്നും അവന്‍റെ സൈന്യത്തില്‍നിന്നും ഓടിയകന്നു. 15 അരാമ്യസേന ഓടിപ്പോകുന്നതു കണ്ട് അമ്മോന്യസേനയും ഓടിപ്പോയി. അബീശായിയില്‍ നിന്നും അവന്‍റെ സൈന്യത്തില്‍നിന്നുമാണവര്‍ ഓടിയകന്നത്. അമ്മോന്യര്‍ തങ്ങളുടെ നഗരത്തിലേക്കും യോവാബ് യെരൂശലേമിലേക്കും മടങ്ങി.
16 യിസ്രായേല്‍ തങ്ങളെ തോല്പിച്ചതായി അരാമ്യനേതാക്കള്‍ക്കു മനസ്സിലായി. അതിനാല്‍ അവര്‍ യൂഫ്രട്ടീസുനദിക്കു കിഴക്കുവസിക്കുന്ന അരാമ്യരുടെ അടുത്തേക്കു സഹായത്തിനായി ദൂതന്മാരെ അയച്ചു. അരാമില്‍നിന്നുള്ള ഹദദേസെരിന്‍റെ സൈന്യാധിപനായിരുന്നു ശോഫക്. ആ അരാമ്യരേയും നയിച്ചിരുന്നത് ശോഫക്കായിരുന്നു.
17 അരാമ്യര്‍ യുദ്ധത്തിനായി ഒത്തുകൂടുകയാണെന്ന വാര്‍ത്ത ദാവീദ് കേട്ടു. അതിനാല്‍ ദാവീദ് യിസ്രായേലുകാരെ മുഴുവന്‍ സംഘടിപ്പിച്ചു. ദാവീദ് അവരെ യോര്‍ദ്ദാന്‍നദിയുടെ മറുകരയിലേക്കു നയിച്ചു. അവര്‍ അരാമ്യരുമായി മുഖാമുഖം നിന്നു. ദാവീദ് തന്‍റെ സൈന്യത്തെ യുദ്ധസന്നദ്ധരാക്കുകയും അവര്‍ അരാമ്യരെ ആക്രമിക്കുകയും ചെയ്തു. 18 അരാമ്യര്‍ യിസ്രായേലുകാരില്‍നിന്നും ഓടിയകന്നു. ദാവീദും അയാളുടെ സൈന്യവും അരാമ്യരുടെ ഏഴായിരം തേരാളികളെയും നാല്പതിനായിരം ഭടന്മാരെയും വധിച്ചു. ദാവീദും സൈന്യവും അരാമ്യസേനയുടെ നായകനായിരുന്ന ശോഫക്കിനെയും വധിച്ചു.
19 യിസ്രായേല്‍ തങ്ങളെ തോല്പിച്ചതായി മനസ്സിലാക്കിയ ഹദദേസെരിന്‍റെ ഉദ്യോഗസ്ഥന്മാര്‍ ദാവീദുമായി സമാധാനം സ്ഥാപിച്ചു. അവര്‍ ദാവീദിന്‍റെ ദാസന്മാരായിത്തീര്‍ന്നു. അതിനാല്‍ അരാമ്യര്‍ വീണ്ടും അമ്മോന്യരെ സഹായിക്കാന്‍ വിസമ്മതിച്ചു.