യിസ്രായേലുകാരെ എണ്ണി ദാവീദ് പാപം ചെയ്യുന്നു
21
സാത്താന്‍ യിസ്രായേലുകാര്‍ക്ക് വിരോധമായി എഴുന്നേറ്റ് യിസ്രായേല്‍ജനതയുടെ എണ്ണമെടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു. അതിനാല്‍ ദാവീദ് യോവാബിനോടും ജനനേതാക്കളോടും പറഞ്ഞു, “പോയി എല്ലാ യിസ്രായേലുകാരുടെയും എണ്ണമെടുക്കുക. ബേര്‍-ശേബപട്ടണം മുതല്‍ ദാന്‍പട്ടണംവരെ രാജ്യത്തുള്ള എല്ലാവരെയും എണ്ണുക. എന്നിട്ട് എന്നോടു പറയുക. അപ്പോളിവിടെ എത്രപേരുണ്ടെന്ന് എനിക്കറിയാന്‍ കഴിയുമല്ലോ.”
എന്നാല്‍ യോവാബ് മറുപടി പറഞ്ഞു, “യഹോവ തന്‍റെ ജനതയെ ഇപ്പോഴുള്ളതിന്‍റെ നൂറുമടങ്ങാക്കട്ടെ! എന്‍റെ പ്രഭുവും രാജാവുമായവനേ, യിസ്രായേല്‍ജനത മുഴുവന്‍ അങ്ങയുടെ ദാസന്മാരാണെന്നു നീ അറിയുന്നു. പിന്നെന്തിനാണ് അങ്ങ് അവരെ പാപത്തിന്‍റെ അപരാധികളാക്കുന്ന വിധം അവരെ എണ്ണാനാഗ്രഹിക്കുന്നത്?”
എന്നാല്‍ ദാവീദുരാജാവ് തന്‍റെ തീരുമാനത്തിലുറച്ചുനിന്നു. രാജാജ്ഞ അനുസരിക്കുകയേ യോവാബിനു മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അതിനാല്‍ യോവാബ് ജനങ്ങളുടെ എണ്ണമെടുത്തുകൊണ്ട് യിസ്രായേലിലെന്പാടും സഞ്ചരിച്ചു. അനന്തരം യോവാബ് യെരൂശലേമിലേക്കുമടങ്ങി വരികയും ജനങ്ങളുടെ എണ്ണം ദാവീദിനെ അറിയിക്കുകയും ചെയ്തു. വാളുപയോഗിക്കാന്‍ കഴിവുള്ളവര്‍ യിസ്രായേലില്‍ പതിനൊന്നു ലക്ഷംപേരും യെഹൂദയില്‍ നാലുലക്ഷത്തി എഴുപതിനായിരംപേരും ഉണ്ടായിരുന്നു. ലേവ്യ, ബെന്യാമീന്‍ഗോത്രക്കാരെ യോവാബ് എണ്ണുകയുണ്ടായില്ല. ദാവീദുരാജാവിന്‍റെ ഉത്തരവ് ഇഷ്ടമില്ലാത്തതിനാലാണ് യോവാബ് ആ ഗോത്രക്കാരെ എണ്ണാതിരുന്നത്. ദൈവദൃഷ്ടിയില്‍ ദാവീദ് ദോഷമാണു ചെയ്തത്. അതിനാല്‍ ദൈവം യിസ്രായേലിനെ ശിക്ഷിച്ചു.
ദൈവം യിസ്രായേലിനെ ശിക്ഷിക്കുന്നു
അനന്തരം ദാവീദ് ദൈവത്തോടു പറഞ്ഞു, “ഞാന്‍ വലിയൊരു പാപം ചെയ്തു. യിസ്രായേല്‍ജനതയെ എണ്ണുകവഴി ഞാനൊരു മഹാപാപം ചെയ്തു. ഇപ്പോള്‍, അങ്ങയുടെ ദാസനായ എന്നില്‍നിന്നും ഈ പാപം ഇല്ലാതാക്കണമേ എന്നു ഞാനപേക്ഷിക്കുന്നു.”
9-10 ഗാദായിരുന്നു ദാവീദിന്‍റെ പ്രവാചകന്‍, യഹോവ ഗാദിനോടു പറഞ്ഞു, “ദാവീദിനോടു ചെന്നിങ്ങനെ പറയുക: ‘യഹോവ പറയുന്നതിതാണ്: നിനക്ക് ഞാന്‍ മൂന്നു കാര്യങ്ങള്‍ തരുന്നു. അതിലൊന്ന് നീ തെരഞ്ഞെടുക്കണം. അപ്പോള്‍, നീ തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗത്തില്‍ നിന്നെ ഞാന്‍ ശിക്ഷിക്കും.’”
11-12 അനന്തരം ഗാദ് ദാവീദിന്‍റെയടുത്തേക്കു പോയി. ഗാദ് ദാവീദിനോടു പറഞ്ഞു, “യഹോവ പറയുന്നു, ‘ദാവീദേ, നിനക്കേതു ശിക്ഷയാണു വേണ്ടതെന്നു തെരഞ്ഞെടുക്കുക: വേണ്ടത്ര ഭക്ഷണമില്ലാത്ത മൂന്നുവര്‍ഷങ്ങളോ മൂന്നു മാസം ശത്രുക്കള്‍ വാളുമായി നിന്നെ ഓടിക്കുകയോ യഹോവയുടെ മൂന്നു ദിവസത്തെ ശിക്ഷയോ ഏതാണു വേണ്ടത്? രാജ്യത്തുടനീളം മാരകരോഗം പടരുകയും ജനങ്ങളെ വധിച്ചുകൊണ്ട് യഹോവയുടെ ദൂതന്‍ യിസ്രായേലിലൂടെ സഞ്ചരിക്കുകയും ചെയ്യും.’ ദാവീദേ, ദൈവം എന്നെ അയച്ചതാണ്. ഇനി, ഞാനെന്തു മറുപടിയാണദ്ദേഹത്തിനു നല്‍കേണ്ടതെന്നു നീ പറയുക.”
13 ദാവീദ് ഗാദിനോടു പറഞ്ഞു, “ഞാന്‍ കുഴപ്പത്തിലായിരിക്കുന്നു! എന്‍റെ ശിക്ഷമറ്റാരെങ്കിലും നിശ്ചയിക്കാനെനിക്കാഗ്രഹമില്ല. യഹോവ വളരെ കാരുണ്യവാനാണ്. അതിനാല്‍ എന്‍റെ ശിക്ഷ എങ്ങനെയായിരിക്കണമെന്ന് അവന്‍ നിശ്ചയിക്കട്ടെ.
14 അതിനാല്‍ യഹോവ മാരകരോഗങ്ങളെ യിസ്രായേലിലേക്കയയ്ക്കുകയും എഴുപതിനായിരം പേര്‍ മരിക്കുകയും ചെയ്തു. 15 യെരൂശലേമിനെ നശിപ്പിക്കാന്‍ യഹോവ ഒരു ദൂതനെ അയച്ചു. എന്നാല്‍ ദൂതന്‍ യെരൂശലേമിനെ നശിപ്പിക്കുന്നതുകണ്ടപ്പോള്‍ യഹോവയ്ക്കു കഷ്ടം തോന്നി. അതിനാല്‍ യെരൂശലേം നശിപ്പിക്കേണ്ടതില്ലെന്ന് യഹോവ നിശ്ചയിച്ചു. നശിപ്പിച്ചു കൊണ്ടിരിക്കുന്ന ദൂതനോടു യഹോവ പറഞ്ഞു, “നിര്‍ത്തൂ! അത്രയും മതി!”യഹോവയുടെ ദൂതന്‍, യെബൂസ്യനായ അരവ്നയുടെ മെതിക്കളത്തില്‍ നില്‍ക്കുകയായിരുന്നു.
16 ദാവീദ് മുകളിലേക്കു നോക്കിയപ്പോള്‍ ആകാശത്ത് യഹോവയുടെ ദൂതനെ കണ്ടു. ദൂതന്‍ തന്‍റെ വാള്‍ യെരൂശലേംനഗരത്തിനുമേല്‍ പിടിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ദാവീദും മൂപ്പന്മാരും തങ്ങളുടെ മുഖം നിലത്തുമുട്ടിച്ചുകൊണ്ട് നമിച്ചു. ദാവീദും നേതാക്കളും തങ്ങളുടെ ദു:ഖം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. 17 ദാവീദ് ദൈവത്തോടു പറഞ്ഞു, “ഞാനാണു പാപംചെയ്തവന്‍! ജനങ്ങളെ എണ്ണാനുത്തരവിട്ടത് ഞാനാണ്! എനിക്കു തെറ്റുപറ്റി! യിസ്രായേല്‍ജനത തെറ്റൊന്നും ചെയ്തിട്ടില്ല. എന്‍റെ ദൈവമാകുന്ന യഹോവേ, എന്നെയും എന്‍റെ കുടുംബത്തെയും ശിക്ഷിച്ചാലും! എന്നാല്‍ അങ്ങയുടെ ജനതയെ കൊല്ലുന്ന മഹാരോഗത്തെ തടഞ്ഞാലും!”
18 അനന്തരം യഹോവയുടെ ദൂതന്‍ ഗാദിനോടു സംസാരിച്ചു. അയാള്‍ പറഞ്ഞു, “യഹോവയെ ആരാധിക്കുന്നതിനായി ഒരു യാഗപീഠം പണിയുവാന്‍ ദാവീദിനോടു പറയുക. യെബൂസ്യനായ അരവ്നയുടെ മെതിക്കളത്തിനടുത്തു വേണം ദാവീദ് ആ യാഗപീഠം പണിയുവാന്‍.” 19 ഗാദ് അക്കാര്യങ്ങളെല്ലാം ദാവീദിനോടു പറയുകയും ദാവീദ് അരവ്നയുടെ മെതിക്കളത്തിലേക്കു പോവുകയും ചെയ്തു.
20 അരവ്ന ഗോതന്പ് മെതിക്കുകയായിരുന്നു. അരവ്ന തിരിഞ്ഞുനോക്കിയപ്പോള്‍ ദൂതനെയാണു കണ്ടത്. അരവ്നയുടെ നാലു പുത്രന്മാര്‍ ഓടി ഒളിച്ചു. 21 ദാവീദ് അരവ്നയുടെ അടുത്തേക്കുപോയി. അരവ്ന മെതിക്കളം വിട്ടു. അയാള്‍ ദാവീദിന്‍റെ അടുത്തേക്കുവന്ന് അയാള്‍ക്കു മുന്നില്‍ നമസ്കരിച്ചു.
22 ദാവീദ് അരവ്നയോടു പറഞ്ഞു, “നിന്‍റെ മെതിക്കളം എനിക്കു വില്‍ക്കുക. ഞാനതിന്‍റെ മുഴുവന്‍ വിലയും നിനക്കു നല്‍കാം. അപ്പോള്‍ ആ സ്ഥലം എനിക്കു യഹോവയെ ആരാധിക്കാനുള്ള യാഗപീഠം പണിയാനുപയോഗിക്കാമല്ലോ. അപ്പോള്‍ മാരകരോഗങ്ങള്‍ അവസാനിക്കും.”
23 അരവ്ന ദാവീദുരാജാവിനോടു പറഞ്ഞു, “ഈ മെതിക്കളം എടുത്തുകൊള്ളുക. എന്‍റെ യജമാനനും രാജാവും അങ്ങാകുന്നു. അങ്ങയ്ക്കു ഇഷ്ടമുള്ളതു ചെയ്തുകൊള്ളൂ. ഹോമയാഗത്തിനുള്ള പശുക്കളെയും ഞാന്‍ അങ്ങയ്ക്കു നല്‍കാം. യാഗപീഠത്തിലെ അഗ്നിക്കു സമര്‍പ്പിക്കുവാനുള്ള ഹോമദ്രവ്യങ്ങള്‍ കത്തിക്കുവാന്‍ ഞാന്‍ തടിപ്പലകകളും നല്‍കാം. ധാന്യബലിക്കാവശ്യമായ ഗോതന്പും ഞാന്‍ നല്‍കാം. ഇതെല്ലാം ഞാന്‍ അങ്ങയ്ക്കു നല്‍കാം!”
24 എന്നാല്‍ ദാവീദുരാജാവ് അരവ്നയോടു മറുപടി പറഞ്ഞു, “വേണ്ട, ഞാന്‍ നിനക്ക് മുഴുവന്‍ വിലയും നല്‍കാം. നിന്‍റേതായ ഒന്നും എടുത്തു ഞാന്‍ യഹോവയ്ക്കു സമര്‍പ്പിക്കുകയില്ല. വില കൊടുക്കാത്തതൊന്നും ഞാന്‍ വഴിപാടര്‍പ്പിക്കുകയില്ല.”
25 അതിനാല്‍ ദാവീദ് അരവ്നയ്ക്കു സ്ഥലത്തിന്‍റെ വിലയായി പതിനഞ്ചു പൌണ്ട് സ്വര്‍ണ്ണം നല്‍കി. 26 അവിടെ ദാവീദ് യഹോവയെ ആരാധിക്കാന്‍ ഒരു യാഗപീഠം പണിതു. ഹോമയാഗങ്ങളും സമാധാനബലികളും ദാവീദ് അര്‍പ്പിച്ചു. ദാവീദ് യഹോവയോടു പ്രാര്‍ത്ഥിച്ചു. സ്വര്‍ഗ്ഗത്തില്‍നിന്നും താഴേക്ക് അഗ്നി അയച്ച് യഹോവ ദാവീദിനോടു മറുപടി പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഹോമയാഗപീഠത്തിലേക്കു അഗ്നി വന്നു പതിച്ചു. 27 തന്‍റെ വാള്‍ ഉറയില്‍ തിരിച്ചിടാന്‍ യഹോവ ദൂതനോടു കല്പിച്ചു.
28 അരവ്നയുടെ യാഗപീഠത്തില്‍ യഹോവ തനിക്കു മറുപടി നല്‍കിയതായി ദാവീദ് മനസ്സിലാക്കി. അതിനാല്‍ ദാവീദ് യഹോവയ്ക്കു ബലികളര്‍പ്പിച്ചു. 29 (ഗിബെയോന്‍പട്ടണത്തിലെ ഉന്നതസ്ഥലത്തായിരുന്നു വിശുദ്ധ കൂടാരവും ഹോമയാഗപീഠവും. യിസ്രായേല്‍ജനത മരുഭൂമിയിലായിരുന്നപ്പോഴായിരുന്നു മോശെ വിശുദ്ധകൂടാരം ഉണ്ടാക്കിയത്. 30 ഭയന്നിരുന്നതുമൂലം ദാവീദ് ദൈവവുമായി സംസാരിക്കാന്‍ വിശുദ്ധ കൂടാരത്തിലേക്കു പോയില്ല. യഹോവയുടെ ദൂതനെയും അവന്‍റെ വാളിനെയും ദാവീദ് ഭയപ്പെട്ടു.)