ദ്വാരപാലകന്മാര്‍
26
ദ്വാരപാലകന്മാരുടെ സംഘങ്ങള്‍: കോരഹിന്‍റെ കുടുംബക്കാരായ ദ്വാരപാലകന്മാര്‍ ഇവരാകുന്നു. ആസാഫിന്‍റെ ഗോത്രക്കാരനായിരുന്ന കോരെയുടെ പുത്രനായ മെശേലെമ്യാവും അയാളുടെ പുത്രന്മാരും. മെശേലെമ്യാവിനു പുത്രന്മാരുണ്ടായിരുന്നു. സെഖര്യാവായിരുന്നു മൂത്തപുത്രന്‍. യെദീയയേല്‍ രണ്ടാമത്തെ പുത്രന്‍. സെബദ്യാവ് മൂന്നാമത്തെ പുത്രന്‍. യത്നിയേല്‍ നാലാമത്തെ പുത്രന്‍. ഏലാം അഞ്ചാമത്തെ പുത്രന്‍. യെഹോഹാനാന്‍ ആറാമത്തെ പുത്രന്‍. എല്യോഹോവേനായി ഏഴാമത്തെ പുത്രനും.
ഓബേദ്-എദോമും അയാളുടെ പുത്രന്മാരും. ശെമയ്യാവ് ആയിരുന്നു ഓബേദ്-എദോമിന്‍റെ മൂത്തപുത്രന്‍. യെഹോശാബാദ് അയാളുടെ രണ്ടാമത്തെ പുത്രനായിരുന്നു. യോവാഹ് മൂന്നാമത്തെ പുത്രന്‍. സാഖാര്‍ നാലാമത്തെ പുത്രന്‍. നെഥനയേല്‍ അഞ്ചാമത്തെ പുത്രന്‍. അമ്മീയേല്‍ ആറാമത്തെ പുത്രന്‍. യിസ്സാഖാര്‍ ഏഴാമത്തെ പുത്രന്‍. പെയുലെഥായി എട്ടാമത്തെ പുത്രനും ആയിരുന്നു. ദൈവം ഓബേദ്-എദോമിനെ യഥാര്‍ത്ഥത്തില്‍ അനുഗ്രഹിച്ചിരുന്നു. ഓബേദ്-എദോമിന്‍റെ പുത്രനായിരുന്നു ശെമയ്യാവ്. ശെമയ്യാവിനും പുത്രന്മാരുണ്ടായിരുന്നു. ശെമയ്യാവിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ കുടുംബനായകന്മാരായിരുന്നു. കാരണം, അവര്‍ ധൈര്യശാലികളായ ഭടന്മാരായിരുന്നു. ഒത്നി, രെഫായേല്‍, ഓബേദ്, എല്‍സാബാദ്, എലീഹൂ, സെമഖ്യാവ് എന്നിവര്‍ ശെമയ്യാവിന്‍റെ പുത്രന്മാരായിരുന്നു. എല്‍സാബാദിന്‍റെ ബന്ധുക്കള്‍ വിദഗ്ദ്ധവേലക്കാരായിരുന്നു. അവരെല്ലാം ഓബേദ്-എദോമിന്‍റെ പിന്‍ഗാമികളായിരുന്നു. അവരും അവരുടെ പുത്രന്മാരും ബന്ധുക്കളും കരുത്തരായിരുന്നു. അവര്‍ നല്ല കാവല്‍ക്കാരായിരുന്നു. ഓബേദ്-എദോമിന് അറുപത്തിരണ്ടു പിന്‍ഗാമികളുണ്ടായിരുന്നു.
മെശേലെമ്യാവിന് കരുത്തരായ പുത്രന്മാരും ബന്ധുക്കളും ഉണ്ടായിരുന്നു. അവരാകെ പതിനെട്ടു പേരുണ്ടായിരുന്നു.
10 മെരാരിയുടെ കുടുംബക്കാരായ ദ്വാരപാലകന്മാര്‍ ഇവരാണ്: ഹോസാ അതിലൊരാളാണ്. ശിമ്രി ആദ്യപുത്രനായിരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവനായിരുന്നു. ശിമ്രി മൂത്തപുത്രനായിരുന്നില്ലെങ്കിലും അയാളുടെ പിതാവ് അയാളെ ആദ്യജാതനായിരിക്കാന്‍ തെരഞ്ഞെടുത്തു. 11 ഹില്‍ക്കീയാവായിരുന്നു രണ്ടാമത്തെ പുത്രന്‍. തെബല്യാവ് അയാളുടെ മൂന്നാമത്തെ പുത്രന്‍. സെഖര്യാവ് നാലാമത്തെ പുത്രന്‍. ഹോസയ്ക്ക് പുത്രന്മാരും ബന്ധുക്കളുമായി ആകെ പതിമൂന്നു പേര്‍.
12 ദ്വാരപാലകസംഘങ്ങളുടെ നായകന്മാര്‍ ഇവരായിരുന്നു. തങ്ങളുടെ ബന്ധുക്കള്‍ ചെയ്തിരുന്നതുപോലെ ഒരു വിശേഷ രീതിയിലായിരുന്നു ദ്വാരപാലകന്മാര്‍ യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ നടത്തിയത്. 13 ഓരോ കുടുംബത്തിനും ഓരോകവാടം വീതം നല്‍കപ്പെട്ടിരുന്നു. ഒരു കുടുംബത്തിന് ഒരു കവാടം വീതം തെരഞ്ഞെടുക്കുന്നതിന് നറുക്കിട്ടിരുന്നു. ചെറിയവനും വലിയവനും തുല്യപരിഗണനയായിരുന്നു.
14 കിഴക്കേ കവാടത്തിന്‍റെ കാവല്‍ചുമതല ശേലെമ്യാവിനായിരുന്നു. അനന്തരം ശേലെമ്യാവിന്‍റെ പുത്രനായ സെഖര്യാവിനുവേണ്ടി നറുക്കിട്ടു. അയാള്‍ ബുദ്ധിശാലിയായ ഒരു ചിന്തകനായിരുന്നു. വടക്കെ കവാടത്തിലേക്കായിരുന്നു സെഖര്യാവ് തെരഞ്ഞെടുക്കപ്പെട്ടത്. 15 ഓബേദ്-എദോം തെക്കേ കവാടത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അമൂല്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന വസതിയുടെ കാവലിന്‍റെ ചുമതലയായിരുന്നു ഓബേദ്-എദോമിന്‍റെ പുത്രന്മാര്‍ക്ക്. 16 പടിഞ്ഞാറെ കവാടത്തിലേക്കും മുകളിലത്തെ പാതയിലുള്ള ശല്ലേഖെത്ത് കവാടത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ശുപ്പീമും ഹോസെയും.
കാവല്‍ക്കാര്‍ വശങ്ങളിലായി നിന്നു. 17 ആറു ലേവ്യര്‍ കിഴക്കെ കവാടത്തില്‍ കാവല്‍നിന്നു. നാലു ലേവ്യര്‍ തെക്കേ കവാടത്തില്‍ കാവല്‍ നിന്നു. അമൂല്യ വസ്തുക്കളുടെ കലവറയ്ക്കു രണ്ടു ലേവ്യരും കാവല്‍ നിന്നു. 18 പടിഞ്ഞാറെ മുറ്റത്തിന് നാലു കാവല്‍ക്കാരുണ്ടായിരുന്നു. മുറ്റത്തേക്കുള്ള പാതയില്‍ രണ്ടു കാവല്‍ക്കാരും ഉണ്ടായിരുന്നു. 19 ഇവരൊക്കെയായിരുന്നു ദ്വാരപാലക സംഘങ്ങള്‍. കോരഹിന്‍റെയും മെരാരിയുടെയും ഗോത്രക്കാരായിരുന്നു ആ ദ്വാരപാലകര്‍.
ഭണ്ഡാരച്ചുമതലക്കാരും മറ്റുദ്യോഗന്ഥന്മാരും
20 അഹിയാ ലേവിഗോത്രക്കാരനായിരുന്നു. ആലയത്തിലെ അമൂല്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചുമതലയായിരുന്നു അഹിയായുടേത്. വിശുദ്ധവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളുടെ ചുമതലയും അഹിയായ്ക്കുണ്ടായിരുന്നു.
21 ഗേര്‍ശോന്‍കുടുംബത്തില്‍ നിന്നുള്ളവനായിരുന്നു ലയെദാന്‍. ലയെദാന്‍റെ ഗോത്രത്തിലെ നേതാക്കന്മാരില്‍ ഒരുവനായിരുന്നു യെഹീയേലി. 22 സേഥാമും അയാളുടെ സഹോദരന്‍ യോവേലുമായിരുന്നു യെഹീയേലിന്‍റെ പുത്രന്മാര്‍. യഹോവയുടെ ആലയത്തിലെ അമൂല്യവസ്തുക്കളുടെ ചുമതല അവര്‍ക്കായിരുന്നു.
23 തെരഞ്ഞെടുക്കപ്പെട്ട മറ്റു ഗോത്രങ്ങള്‍ ഇവയായിരുന്നു: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍. 24 ശെബൂവേലായിരുന്നു യഹോവയുടെ ആലയത്തിലെ അമൂല്യവസ്തുക്കളുടെ ചുമതലയുള്ള നേതാവ്. ഗേര്‍ശോമിന്‍റെ പുത്രനായിരുന്നു ശെബൂവേല്‍. ഗേര്‍ശോം മോശെയുടെ പുത്രനും. 25 ശെബൂവേലിന്‍റെ ബന്ധുക്കള്‍ ഇവരാകുന്നു: എലീയേസെര്‍ മുതലുള്ള അയാളുടെ ബന്ധുക്കള്‍: എലെയേസെരിന്‍റെ പുത്രനായ രെഹബ്യാവ്, രെഹബ്യാവിന്‍റെ പുത്രനായ യെശയ്യാവ്, യെശയ്യാവിന്‍റെ പുത്രനായ യോരാം. യോരാമിന്‍റെ പുത്രനായ സിക്രി, സിക്രിയുടെ പുത്രനായ ശെലോമീത്ത്. 26 ആലയത്തിലേക്കു ദാവീദ് ശേഖരിച്ച എല്ലാ സാധനങ്ങളുടെയും ചുമതല ശെലോമീത്തിനായിരുന്നു.
സൈന്യാധിപന്മാരും ആലയത്തിലേക്കു സാധനങ്ങള്‍ നല്‍കിയിരുന്നു. 27 യുദ്ധത്തില്‍ കവര്‍ന്നെടുത്ത വസ്തുക്കളില്‍ ചിലതായിരുന്നു അവര്‍ നല്‍കിയിരുന്നത്. യഹോവയുടെ ആലയം പണിയുന്നതിനുപയോഗിക്കാനായിരുന്നു അവര്‍ ആ സാധനങ്ങള്‍ നല്‍കിയത്. 28 ദൈവപുരുഷനായ ശമൂവേല്‍; കീശിന്‍റെ പുത്രനായ ശെൌല്‍; നേരിന്‍റെ പുത്രനായ അബ്നേര്‍; സെരൂയയുടെ പുത്രനായ യോവാബ് എന്നിവര്‍ നല്‍കിയ സാധനങ്ങളുടെ ചുമതലയും ശെലോമീതിനും അയാളുടെ ബന്ധുക്കള്‍ക്കുമുണ്ടായിരുന്നു. ജനങ്ങള്‍ യഹോവയ്ക്കു നല്‍കിയ എല്ലാ വിശുദ്ധവസ്തുക്കളും സൂക്ഷിക്കുന്ന ചുമതല ശെലോമിത്തും അയാളുടെ ബന്ധുക്കളും ഏറ്റെടുത്തു.
29 യിസ്ഹാര്‍ കുടുംബക്കാരനായിരുന്നു കെനന്യാവ്. ആലയത്തിനുപുറത്തെ ജോലികളായിരുന്നു കെനന്യാവിനും പുത്രന്മാര്‍ക്കും. അവര്‍ യിസ്രായേലില്‍ വ്യത്യസ്തസ്ഥലങ്ങളില്‍ നീതിപാലകരായും ന്യായാധിപന്മാരായും പ്രവര്‍ത്തിച്ചു. 30 ഹെബ്രോന്‍കുടുംബക്കാരനായിരുന്നു ഹശബ്യാ. ഹശബ്യായും അയാളുടെ ബന്ധുക്കളും യോര്‍ദ്ദാന്‍നദിക്കു പടിഞ്ഞാറുവശം യിസ്രായേലില്‍ ദൈവത്തിന്‍റെ എല്ലാ ജോലികളുടെയും രാജാവിന്‍റെ കാര്യങ്ങളുടെയും ചുമതല വഹിച്ചു. ഹശബ്യാവിന്‍റെ സംഘത്തില്‍ കരുത്തരായ ആയിരത്തിയെഴുന്നൂറു പേര്‍ ഉണ്ടായിരുന്നു, 31 ഹെബ്രോന്‍കുടുംബചരിത്രമനുസരിച്ച് യെരീയാവ് ആയിരുന്നു അവരുടെ നേതാവ്. ദാവീദിന്‍റെ നാല്പതു വര്‍ഷത്തെ ഭരണകാലത്ത് കുടുംബചരിത്രങ്ങളില്‍ പരതി കരുത്തരും ഭരണകാര്യങ്ങള്‍ക്ക് സമര്‍ത്ഥരുമായവരെ കണ്ടുപിടിക്കാന്‍ അദ്ദേഹം തന്‍റെ ഭൃത്യന്മാരോടാവശ്യപ്പെട്ടു. ഗിലെയാദിലെ യാസേരില്‍ വസിക്കുന്ന ഹെബ്രോന്‍കുടുംബത്തില്‍ അത്തരത്തില്‍പ്പെട്ട ചിലരെ കണ്ടെത്തി. 32 കരുത്തരും കുടുംബനാഥന്മാരുമായ 2700 ബന്ധുക്കള്‍ യെരീയാവിനുണ്ടായിരുന്നു. രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതി എന്നീ ഗോത്രക്കാരെ നയിക്കുന്നതിനും യഹോവയുടെ ജോലികളും രാജാവിന്‍റെ കാര്യങ്ങളും നിര്‍വഹിക്കുന്നതിനും ദാവീദ് ആ രണ്ടായിരത്തി എഴുന്നൂറുപേരെ ചുമതലപ്പെടുത്തി.