ദൂതനും കൊച്ചുഗ്രന്ഥച്ചുരുളും
10
പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ ശക്തനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരുന്നതു കണ്ടു. ദൂതന്‍ മേഘങ്ങള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അവന്‍റെ തലയ്ക്കു ചുറ്റും ഒരു മഴവില്ലുണ്ടായിരുന്നു. ദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍ പോലെയും കാണപ്പെട്ടു. ദൂതന്‍റെ കയ്യില്‍ ഒരു കൊച്ചു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ അതു നിവര്‍ത്തിപ്പിടിച്ചിരുന്നു. ദൂതന്‍ തന്‍റെ വലതു പാദം കടലിലും ഇടതു പാദം കരയിലും വച്ചിരുന്നു. ദൂതന്‍ ഒരു സിംഹത്തിന്‍റെ അലര്‍ച്ചപോലെ ആക്രോശിച്ചു. ദൂതന്‍റെ ശബ്ദത്തിനു ശേഷം ഏഴ് ഇടിമുഴക്കങ്ങള്‍ സംസാരിച്ചു.
ഇടിമുഴക്കങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ എഴുതാനും തുടങ്ങി. പക്ഷേ ഞാനപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഏഴ് ഇടിമുഴക്കങ്ങള്‍ പറഞ്ഞത് എഴുതരുത്. അവ രഹസ്യമാക്കി വയ്ക്കുക.”
അപ്പോള്‍ ഞാന്‍ കണ്ട ദൂതന്‍ ഒരു കാല്‍ കടലിലും ഒരു കാല്‍ കരയിലുമായി നിന്ന് തന്‍റെ വലതുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി. ദൂതന്‍ എന്നെന്നും ജീവിക്കുന്നവന്‍റെ പേരിനാല്‍ സത്യം ചെയ്തു. സ്വര്‍ഗ്ഗവും അതിലുള്ളതും സൃഷ്ടിച്ചത് ആ ഒരുവനാണ്. ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചത് അവനാകുന്നു. ദൂതന്‍ പറഞ്ഞു, “ഇനി താമസമില്ല. ഏഴാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കാന്‍ തയ്യാറാകുന്ന ദിവസം ദൈവത്തിന്‍റെ രഹസ്യപരിപാടികള്‍ നിര്‍വ്വഹിക്കപ്പെടും. പ്രവാചകരായ തന്‍റെ ദാസന്മാര്‍ക്കു അവന്‍ നല്‍കിയ സുവിശേഷമാണ് ഈ പരിപാടി.”
പിന്നീട് ഞാന്‍ അതേ ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു വീണ്ടും കേട്ടു. ശബ്ദം എന്നോടു പറഞ്ഞു, “ചെന്ന് ദൂതന്‍റെ കയ്യിലെ തുറന്ന ഗ്രന്ഥച്ചുരുള്‍ വാങ്ങുക. ഈ ദൂതനാണ് കടലിലും കരയിലുമായി കാലുകള്‍ വച്ചിരിക്കുന്നത്.”
അതിനാല്‍ ഞാന്‍ ദൂതനെ സമീപിച്ച് ചെറിയ ചുരുള്‍ തരുവാന്‍ അപേക്ഷിച്ചു. ദൂതന്‍ എന്നോടു പറഞ്ഞു, “ഇതാ ചുരുള്‍. അതു തിന്നുകൊള്ളുക. അതു നിന്‍റെ ഉദരത്തിനു കയ്പ്പായിരിക്കും. പക്ഷേ അതു നിന്‍റെ വായ്ക്ക് തേന്‍ പോലെ മധുരമായിരിക്കും.” 10 ഞാന്‍ ദൂതനില്‍ നിന്നും ചുരുള്‍ വാങ്ങി. ഞാനതു ഭക്ഷിച്ചു. അത് എന്‍റെ വായില്‍ തേന്‍പോലെ മധുരിച്ചു. പക്ഷേ ഞാന്‍ ഭക്ഷിച്ചപ്പോള്‍ അത് എന്‍റെ ഉദരത്തില്‍ കയ്പ്പായിരുന്നു. 11 അപ്പോള്‍ എന്നോടു പറഞ്ഞു, ഇനിയും നീ ധാരാളം വംശങ്ങളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് പ്രവചിക്കണം.”