രണ്ടു സാക്ഷികള്‍
11
പിന്നെ വടിപോലുള്ള ഒരളവുകോല്‍ എനിക്കു നല്‍കപ്പെട്ടു. എന്നോടു പറഞ്ഞു, “പോയി ദൈവാലയവും യാഗപീഠവും അളക്കുക. അവിടെ നമസ്കരിക്കുന്നവരെ എണ്ണുക. പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും. ഞാനെന്‍റെ രണ്ടു സാക്ഷികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. അവര്‍ രട്ടുടുത്ത് ആയിരത്തിരുനൂറ്ററുപതു ദിവസങ്ങള്‍ പ്രവചനം നടത്തും.”
ഭൂമിയുടെ കര്‍ത്താവിന്‍റെ മുന്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവു മരങ്ങളും രണ്ടു വിളക്കുകാലുകളു മാണ് ആ രണ്ടു സാക്ഷികള്‍. ആരെങ്കിലും ആ സാക്ഷികളെ മുറിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സാക്ഷികളുടെ വായില്‍ നിന്നും വരുന്ന അഗ്നി അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളയും. അവരെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരുവനും ഇപ്രകാരം മരണമടയും. അവരുടെ പ്രവചനകാലത്ത് ആകാശം മഴ പെയ്യാതെ തടഞ്ഞു നിര്‍ത്താനുള്ള അതുല്യമായ ശക്തി ആ സാക്ഷികള്‍ക്കുണ്ട്. അവര്‍ക്ക് വെള്ളത്തെ രക്തമാക്കാനുള്ള ശക്തിയുണ്ട്. എല്ലാ വിധത്തിലുള്ള മാരകരോഗങ്ങള്‍ കൊണ്ടും ഭൂമിയെ വിഷമിപ്പിക്കാനും അവര്‍ക്കു സാധിക്കും. എത്ര തവണ വേണമെങ്കിലും അവര്‍ക്കിതു ചെയ്യാനാവും.
സാക്ഷികളിരുവരും തങ്ങളുടെ സന്ദേശം പറഞ്ഞു നിര്‍ത്തുന്പോള്‍ മൃഗം അവരെ എതിര്‍ത്ത് ആക്രമിക്കും. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നുള്ള മൃഗമാണത്. മൃഗം അവരെ തോല്പിക്കുകയും വധിക്കുകയും ചെയ്യും. രണ്ടു സാക്ഷികളുടേയും ശരീരം മഹാനഗരത്തിന്‍റെ വീഥികളില്‍ കിടക്കും. സൊദോം എന്നും മിസ്രയീം എന്നുമാണ് ആ നഗരത്തിന്‍റെ പേര്. ആ നാമങ്ങള്‍ക്കു ഒരു പ്രത്യേകാര്‍ത്ഥമുണ്ട്. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട നഗരമാണത്. വിവിധ ജനസമൂഹങ്ങളിലും ഭാഷകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലുംപെട്ടവര്‍ മൂന്നരദിവസം ആ മൃതശരീരങ്ങള്‍ കാണുകയും അവ കല്ലറയില്‍ സംസ്കരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. 10 അവര്‍ ഇരുവരുടെയും മരണത്തില്‍ ഭൂമിയിലെ ജനങ്ങള്‍ ആഹ്ളാദിക്കും. അവര്‍ സല്‍ക്കാരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കാരണം ഭൂമിയിലെ ജനങ്ങള്‍ക്ക് അത്രമാത്രം കഷ്ടമായിരുന്നു ഈ രണ്ടു സാക്ഷികള്‍ നല്‍കിയിരുന്നത്.
11 പക്ഷേ മൂന്നര ദിവസങ്ങള്‍ക്കു ശേഷം ദൈവം രണ്ടു പ്രവാചകരിലേക്കും ജീവന്‍ പ്രവേശിപ്പിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവരിലൊക്കെ ഭയം നിറഞ്ഞു. 12 അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഉച്ചത്തിലുള്ള ഒരശരീരി പ്രവാചകര്‍ കേട്ടു, “ഇങ്ങോട്ടേക്കു കയറിവരിക!” ഒരു മേഘത്തില്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നുപോയി. അവര്‍ പോകുന്നത് അവരുടെ ശത്രുക്കള്‍ നോക്കിനിന്നു.
13 അതേ സമയം തന്നെ അവിടെ ഒരു വലിയ ഭൂകന്പമുണ്ടായി. നഗരത്തിന്‍റെ പത്തിലൊന്ന് നശിപ്പിക്കപ്പെട്ടു. ഭൂകന്പത്തില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. മരിക്കാത്തവര്‍ ഭയന്നു. അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി.
14 രണ്ടാമത്തെ ദുരിതവും അവസാനിച്ചു. മൂന്നാമത്തെ ദുരിതമാസന്നമായിരിക്കുന്നു.
ഏഴാമത്തെ കാഹളം
15 ഏഴാമത്തെ ദൂതന്മാര്‍ കാഹളം മുഴക്കിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയ ശബ്ദങ്ങളുണ്ടായി. ശബ്ദങ്ങള്‍ പറഞ്ഞു,
“ലോകത്തിന്‍റെ മേലുള്ള ഭരണശക്തി നമ്മുടെ കര്‍ത്താവിന്‍റെയും അവന്‍റെ ക്രിസ്തുവിന്‍റെയും ആണ്.
അവന്‍ എന്നേക്കും ഭരണം നടത്തും.”
16 അപ്പോള്‍ ഇരുപത്തിനാലു മൂപ്പന്മാരും* മൂപ്പന്മാര്‍ ദൈവത്തിന്‍റെ ജനതയുടെ വലിയ നേതാക്കന്മാരായിരിക്കാം ഇവര്‍. പന്ത്രണ്ട് യെഹൂദ ഗോത്രങ്ങളുടെ നേതാക്കളും യേശുവിന്‍റെ പന്ത്രണ്ടു അപ്പൊസ്തലന്മാരും ചേര്‍ന്നതാവാം ഇത്. ദൈവത്തിനു മുന്നില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദൈവസന്നിധിയിലെ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു അവര്‍. 17 മൂപ്പന്മാര്‍ പറഞ്ഞു,
“സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു.
ആകുന്നവനും സദാ ആയിരുന്നവനും നീയാകുന്നു.
നീ നിന്‍റെ മഹാശക്തി ഉപയോഗിച്ചു ഭരണം
നടത്തുന്നതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു!
18 ലോകജനത കോപാകുലരായി;
പക്ഷേ നിന്‍റെ കോപത്തിനുള്ള സമയമാണിപ്പോള്‍,
മരിച്ചവര്‍ വിധിക്കപ്പെടുന്ന സമയമാണിപ്പോള്‍.
നിന്‍റെ ദാസന്മാര്‍ക്കും പ്രവാചകര്‍ക്കും നിന്‍റെ വിശുദ്ധര്‍ക്കും
നിന്നെ ആദരിക്കുന്ന വലിയവര്‍ക്കും
ചെറിയവര്‍ക്കും പ്രതിഫലം നല്‍കേണ്ട സമയം ആസന്നമായിരിക്കുന്നു.
ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള
സമയം ആഗതമായിരിക്കുന്നു!”
19 അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ നിയമം ഉണ്ടായിരുന്ന പെട്ടകം നിയമം … പെട്ടകം യെഹൂദദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്ത്, ദൈവം തന്‍റെ ജനതയ്ക്കു നല്‍കിയ കരാര്‍ ഒരു പെട്ടിയിലാക്കി വച്ചിരുന്നു. പുറ. 25:10-22; 1രാജ.8:1-9; എബ്രാ.9:4. കാണായ്വന്നു. അപ്പോള്‍ അവിടെ മിന്നലുകളും ശബ്ദങ്ങളും ഇടിമുഴക്കവും ഭൂകന്പവും കനത്ത കന്മഴയുമുണ്ടായി.