രക്ഷിതരുടെ ഗാനം
14
പിന്നെ ഞാന്‍ നോക്കിയപ്പോള്‍ എന്‍റെ മുന്പില്‍ കുഞ്ഞാട് ഉണ്ടായിരുന്നു. അവന്‍ സീയോന്‍ പര്‍വ്വതത്തിനു മുകളില്‍ നില്‍ക്കുകയായിരുന്നു. നൂറ്റിനാല്പത്തിനാലായിരം പേര്‍ അവനോടൊത്തുണ്ടായിരുന്നു. അവരുടെ എല്ലാം നെറ്റിമേല്‍ അവന്‍റേയും അവന്‍റെ പിതാവിന്‍റെയും നാമം എഴുതിയിരുന്നു.
ധാരാളം ജലപ്രവാഹത്തിന്‍റെയും ഇടിമുഴക്കത്തിന്‍റെയും പോലുള്ള ശബ്ദം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും കേട്ടു. ആളുകള്‍ വീണ മീട്ടുന്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിനു സദൃശ്യമായ ശബ്ദമാണ് ഞാന്‍ കേട്ടത്. ജനങ്ങള്‍ സിംഹാസനത്തിനു മുന്പാകെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും സാന്നിദ്ധ്യത്തില്‍ വച്ചും ഒരു പുതിയ ഗാനം പാടി: ഭൂമിയില്‍ നിന്നും വീണ്ടെടുക്കപ്പെട്ടിരുന്ന നൂറ്റിനാല്പത്തി നാലായിരം പേരൊഴിച്ച് മറ്റാര്‍ക്കും ഈ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല.
ഈ നൂറ്റിനാല്പത്തിനാലായിരം പേര്‍ സ്ത്രീ സന്പര്‍ക്കം മൂലം മലിനപ്പെടാത്തവരായിരുന്നു. അവര്‍ സ്വയം ശുദ്ധരായി സംരക്ഷിച്ചു. അവര്‍ കുഞ്ഞാടിനെ, അതു പോകുന്നിടത്തൊക്കെ പിന്തുടര്‍ന്നു. ഭൂവാസികള്‍ക്കിടയില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവരാണ് ഈ നൂറ്റിനാല്പത്തിനാലായിരം പേരും. ദൈവത്തിനും കുഞ്ഞാടിനും ആദ്യമായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നു അവര്‍. അവര്‍ നുണ പറഞ്ഞിരുന്നില്ല. അവര്‍ നിഷ്കളങ്കരായിരുന്നു.
മൂന്നു ദൂതന്മാര്‍
അപ്പോള്‍ മറ്റൊരു ദൂതന്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്നതു ഞാന്‍ കണ്ടു. ഭൂമിയില്‍ ജീവിക്കുന്ന എല്ലാ രാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും വംശക്കാരോടും വിളംബരം ചെയ്യാനുള്ള ശാശ്വത സുവിശേഷം ആ ദൂതന്‍റെ പക്കലുണ്ടായിരുന്നു. ദൂതന്‍ ഉച്ചത്തില്‍ പറഞ്ഞു, “ദൈവത്തെ ഭയക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക. ദൈവം മനുഷ്യരെ വിധിക്കാനുള്ള സമയമടുത്തിരിക്കുന്നു. ദൈവത്തെ നമസ്കരിക്കുക. സ്വര്‍ഗ്ഗവും ഭൂമിയും കടലും ജലധാരകളും അവന്‍ സൃഷ്ടിച്ചു.”
അപ്പോള്‍ ഒന്നാമത്തെ ദൂതനെ പിന്തുടര്‍ന്നിരുന്ന രണ്ടാമത്തെ ദൂതന്‍ പറഞ്ഞു, “അവള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു! ബാബിലോന്‍ മഹാനഗരം നശിപ്പിക്കപ്പെട്ടിരിക്കുന്നു! എല്ലാ രാജ്യങ്ങളെയും അവള്‍ തന്‍റെ അധമവികാരങ്ങളുടെ വീഞ്ഞില്‍ നിന്ന് കുടിപ്പിക്കുകയും ദൈവത്തിന്‍റെ കോപത്തിനിരയാവുകയും ചെയ്തു.”
രണ്ടു ദൂതന്മാരെയും പിന്തുടര്‍ന്ന് മൂന്നാമതൊരു ദൂതന്‍ കൂടി വന്നു. ഈ ദൂതന്‍ ഉച്ചത്തില്‍ പറഞ്ഞു, “മൃഗത്തെയും അതിന്‍റെ വിഗ്രഹത്തെയും നമസ്കരിക്കുകയും മൃഗത്തിന്‍റെ അടയാളം അവരുടെ നെറ്റിയിലോ അഥവാ അവരുടെ കൈയിലോ വഹിയ്ക്കുകയും ചെയ്യുന്നവനു ദുരിതം. 10 അയാള്‍ ദൈവകോപത്തിന്‍റെ വീഞ്ഞു കുടിയ്ക്കും. ദൈവത്തിന്‍റെ കോപമാകുന്ന കോപ്പയില്‍ നിന്നുമുള്ള മുഴുവന്‍ ശക്തിയും കൊണ്ടുണ്ടാക്കിയതാണ് ഈ വീഞ്ഞ്. അയാള്‍ പരിശുദ്ധ ദൂതന്മാരുടെയും കുഞ്ഞാടിന്‍റെയും മുന്പില്‍ കത്തുന്ന ഗന്ധകത്തില്‍ പീഢിപ്പിക്കപ്പെടും. 11 അവരുടെ വേദനയുടെ പുക എന്നെന്നും ഉയര്‍ന്നു കൊണ്ടിരിക്കും. മൃഗത്തെയും അതിന്‍റെ വിഗ്രഹത്തെയും നമസ്കരിക്കുകയോ അതിന്‍റെ നാമമുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവര്‍ക്കു രാവും പകലും വിശ്രമമുണ്ടായിരിക്കുകയില്ല.” 12 ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധര്‍ സഹനശക്തിയുള്ളവരായിരിക്കണം. അവര്‍ ദൈവത്തിന്‍റെ കല്പനകളനുസരിക്കുകയും യേശുവില്‍ തങ്ങള്‍ക്കുള്ള വിശ്വാസം തുടരുകയും വേണം.
13 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഇങ്ങനെ എഴുതുക: ഇനി കര്‍ത്താവില്‍ മരിക്കുന്നവര്‍ അനുഗൃഹീതര്‍.”
ആത്മാവു പറയുന്നു, “അതേ, അതു സത്യമാകുന്നു. അവര്‍ അദ്ധ്വാനത്തില്‍ നിന്നും വിശ്രമം നേടും. അവരുടെ പ്രവൃത്തികള്‍ അവരോടൊത്തിരിക്കും.”
വിളവെടുത്ത ഭൂമി
14 ഞാന്‍ നോക്കിയപ്പോള്‍ എനിക്കു മുന്പിലൊരു വെളുത്ത മേഘത്തെ കണ്ടു. ആ വെളുത്ത മേഘത്തിനു മേല്‍ മനുഷ്യപുത്രനെപ്പോലെ* മനുഷ്യപുത്രന്‍ ദാനി. 7:13-14 വരെ നോക്കുക. യേശു ഈ പേര്‍ പലവട്ടം ഉപയോഗിച്ചിട്ടുണ്ട്. ഒരുവനിരുന്നു. അവന്‍റെ തലയില്‍ ഒരു സ്വര്‍ണ്ണക്കിരീടവും കയ്യില്‍ മൂര്‍ച്ചയേറിയ അരിവാളും ഉണ്ടായിരുന്നു. 15 അപ്പോള്‍ മറ്റൊരു ദൂതന്‍ കൂടി ദൈവാലയത്തില്‍ നിന്നും പുറത്തുവന്നു. ഈ ദൂതന്‍ മേഘത്തിലിരുന്ന ആളോടു ഉറക്കെ വിളിച്ചു പറഞ്ഞു, “അരിവാളെടുത്തു ഭൂമിയില്‍ നിന്നും കൊയ്യുക. വിളവെടുപ്പിനുള്ള സമയമായിരിക്കുന്നു. ഭൂമിയുടെ ഫലം പഴുത്തിരിക്കുന്നു.” 16 അതുകൊണ്ട് മേഘത്തിലിരിക്കുന്ന ദൂതന്‍ തന്‍റെ വാള്‍ ഭൂമിക്കുമേല്‍ വീശി. ഭൂമിയിലെ വിളവു കൊയ്യപ്പെടുകയും ചെയ്തു.
17 അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവാലയത്തില്‍ നിന്നും മറ്റൊരു ദൂതന്‍ പുറത്തേക്കു വന്നു. ആ ദൂതന്‍റെ കയ്യിലും ഒരു അരിവാള്‍ ഉണ്ടായിരുന്നു. 18 പിന്നീട് മറ്റൊരു ദൂതന്‍ യാഗപീഠത്തില്‍ നിന്നും വന്നു. ആ ദൂതന് തീയുടെ മേല്‍ അധികാരം ഉണ്ടായിരുന്നു. ഈ ദൂതന്‍ അരിവാള്‍ പിടിച്ച ദൂതനോട് വിളിച്ചു പറഞ്ഞു, “മൂര്‍ച്ചയുള്ള അരിവാള്‍ കൊണ്ട് ഭൂമിയിലെ മുന്തിരിക്കുലകള്‍ കൊയ്തെടുക്കുക. ഭൂമിയുടെ മുന്തിരിങ്ങകള്‍ നന്നായി വിളഞ്ഞിരിക്കുന്നു.” 19 ദൂതന്‍ ഭൂമിക്കു മുകളിലൂടെ തന്‍റെ വാള്‍ വീശി. ദൂതന്‍ ഭൂമിയിലെ മുന്തിരി പറിച്ച് ദൈവകോപത്തിന്‍റെ മുന്തിരിച്ചക്കിലേക്കിട്ടു. 20 നഗരത്തിനു പുറത്ത് മുന്തിരിച്ചക്കില്‍ വച്ച് അവ മെതിച്ചു. മുന്തിരിച്ചക്കില്‍ നിന്നും രക്തം പ്രവഹിച്ചു. കുതിരത്തലകളോളം പൊക്കത്തില്‍ ഉയര്‍ന്നു തെറിച്ച അത് ഇരുന്നൂറു നാഴിക ദൂരം പോയി.