അവസാനത്തെ ബാധകള്‍
15
അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അത്ഭുതം കൂടി കണ്ടു. അത് മഹത്തും അത്ഭുതകരവുമായിരുന്നു. ഏഴു ദുരിതങ്ങളുമായി വരുന്ന ഏഴു ദൂതന്മാര്‍. ഈ ദുരിതങ്ങള്‍ക്കു ശേഷം ദൈവകോപം അവസാനിക്കുമെന്നതിനാല്‍ അവ അവസാനത്തെ ദുരിതങ്ങളാണ്.
അഗ്നി കലര്‍ന്ന ഒരു സ്ഫടികസമുദ്രം പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍റെയും അവന്‍റെ വിഗ്രഹത്തിന്‍റെയും അവന്‍റെ പേരിന്‍റെ സംഖ്യയ്ക്കും മേല്‍ വിജയം നേടിയവര്‍ സമുദ്രതീരത്തു നില്‍ക്കുന്നു. അവരുടെ കൈകളില്‍ ദൈവം നല്‍കിയ വീണകളുണ്ടായിരുന്നു. അവര്‍ ദൈവദാസനായ മോശെയുടെയും കുഞ്ഞാടിന്‍റെയും ഗാനം പാടി:
“സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ,
നിന്‍റെ പ്രവര്‍ത്തികള്‍ മഹനീയവും അത്ഭുതകരവുമാകുന്നു.
രാഷ്ട്രങ്ങളുടെ രാജാവേ,
നിന്‍റെ വഴികള്‍ ശരിയും സത്യവുമാകുന്നു.
കര്‍ത്താവേ, നിന്‍റെ നാമത്തെ എല്ലാവരും
ഭയക്കുകയും വാഴ്ത്തുകയും ചെയ്യും.
ഏക വിശുദ്ധന്‍ നീയാകുന്നു.
എല്ലാ രാജ്യങ്ങളും വന്ന് നിന്‍റെ മുന്പില്‍ നമസ്കരിക്കും.
കാരണം, ശരിയായതു മാത്രമേ നീ ചെയ്യൂ എന്നതു വ്യക്തമാണ്.”
ഇതിനു ശേഷം സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവാലയം (ദൈവസാന്നിദ്ധ്യത്തിന്‍റെ വിശുദ്ധസ്ഥലം)* ദൈവസാന്നിദ്ധ്യത്തിന്‍റെ വിശുദ്ധസ്ഥലം “സാക്ഷ്യകൂടാരം” എന്നര്‍ത്ഥം. പത്തു കല്പനകള്‍ വച്ചിരുന്ന വിശുദ്ധകൂടാരത്തിന്‍റെ ഉള്ളിലത്തെ മുറി. ദൈവവും ജനങ്ങളും തമ്മിലുള്ള കരാറിന്‍റെ സാക്ഷ്യമാണത്. അവിടെയാണ് ദൈവം തന്‍റെ ജനതയ്ക്കൊപ്പം വസിക്കുന്നത്. പുറ.25:8-22 വായിക്കുക. തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു. ഏഴു ദുരിതങ്ങളും കൊണ്ടുവന്ന ദൂതന്മാര്‍ ദൈവാലയത്തില്‍ നിന്നും പുറത്തു വന്നു. അവര്‍ വൃത്തിയുള്ള തിളങ്ങുന്ന ശണവസ്ത്രം ധരിച്ചിരുന്നു. അവരുടെ മാറില്‍ സുവര്‍ണ്ണ കച്ച കെട്ടിയിരുന്നു. അപ്പോള്‍ നാലു ജീവികളിലൊന്ന് ഏഴു ദൂതന്മാര്‍ക്കും ഏഴു സ്വര്‍ണ്ണക്കലശങ്ങള്‍ നല്‍കി. കലശങ്ങളില്‍ എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്‍റെ ക്രോധം നിറച്ചിരുന്നു. ദൈവാലയമാകെ ദൈവമഹത്വത്തിന്‍റെയും ശക്തിയുടെയും പുക നിറഞ്ഞിരുന്നു. ഏഴു ദൂതന്മാരുടെയും ഏഴു ദുരിതങ്ങളും അവസാനിക്കും വരെ ആര്‍ക്കും ദൈവാലയത്തില്‍ പ്രവേശിക്കാനായില്ല.