മൃഗത്തിന്മേലെ സ്ത്രീ
17
ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരാള്‍ വന്ന് എന്നോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “വരൂ, പ്രസിദ്ധമായ വേശ്യയ്ക്ക് ദൈവം എന്തു ശിക്ഷയാണു നല്‍കാന്‍ പോകുന്നതെന്നു ഞാന്‍ നിനക്കു കാട്ടിത്തരാം. നിരവധി ജലാശയങ്ങളുടെ മേല്‍ ഇരിക്കുന്നവളാണവള്‍. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി ലൈംഗികപാപം ചെയ്തു. അവളുടെ ലൈംഗിക പാപത്തിന്‍റെ വീഞ്ഞിന്‍റെ കുടിയന്മാരായിത്തീര്‍ന്നു ഭൂമിയിലെ മനുഷ്യര്‍.”
ആ ദൂതന്‍ ആത്മാവില്‍ എന്നെ ഒരു മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു ചുവന്ന മൃഗത്തിന്‍റെ മേല്‍ കയറിയിരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു. മൃഗത്തിന്‍റെ പുറത്താകെ ദൈവദൂഷണപരമായ പേരുകള്‍ എഴുതിയിരുന്നു. മൃഗത്തിന് ഏഴു തലയും പത്തുകൊന്പും ഉണ്ടായിരുന്നു. അവള്‍ ധൂമ്രവര്‍ണ്ണവും ചുവപ്പും വസ്ത്രങ്ങളണിഞ്ഞിരുന്നു. സ്വര്‍ണ്ണാഭരണങ്ങളും മുത്തുകളും രത്നങ്ങളും കൊണ്ട് അവള്‍ വിഭൂഷിതയായിരുന്നു. ഒരു സ്വര്‍ണ്ണപാത്രം അവളുടെ കയ്യിലുണ്ടായിരുന്നു. വെറുപ്പുളവാക്കുന്ന വസ്തുക്കളും അവളുടെ ലൈംഗിക പാപങ്ങളുടെ അശുദ്ധിയും അതില്‍ നിറഞ്ഞിരുന്നു. അവളുടെ നെറ്റിത്തടത്തില്‍ ഒരുനാമം എഴുതിയിരുന്നു. അതിന് ഒരു നിഗൂഢാര്‍ത്ഥമുണ്ടായിരുന്നു. ഇങ്ങനെയാണ് എഴുതിയിരുന്നത്:
മഹാബാബിലോന്‍
വേശ്യകളുടെയും ഭൂമിയിലെ
മ്ളേച്ഛതകളുടെയും മാതാവ്
ആ സ്ത്രീ മദ്യപിച്ചിരുന്നുവെന്ന് ഞാന്‍ കണ്ടു. ദൈവത്തിന്‍റെ വിശുദ്ധരുടെ രക്തമാണവള്‍ കുടിച്ചിരുന്നത്. യേശുവില്‍ തങ്ങളുടെ വിശ്വാസത്തെപ്പറ്റി പറഞ്ഞവരുടെ രക്തമാണവള്‍ കുടിച്ചത്.
അവളെ കണ്ടപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഞെട്ടിപ്പോയി. അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “എന്താണു നീ ഞെട്ടുന്നത്? ഈ സ്ത്രീയുടെയും അവള്‍ സവാരി ചെയ്യുന്ന, ഏഴു തലയും പത്തു കൊന്പുമുള്ള ഈ മൃഗത്തിന്‍റെയും നിഗൂഢാര്‍ത്ഥം ഞാന്‍ നിന്നോടു പറയാം. നീ കണ്ട മൃഗം ഒരിക്കല്‍ ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിക്കുന്നില്ല. എന്നാല്‍ അത് അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നും വീണ്ടും വന്ന് നശിക്കും. മൃഗത്തെ കാണുന്പോള്‍ ഭൂവാസികള്‍ വിസ്മയിക്കും. കാരണം, അത് ഉണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല, ഇനി ഉണ്ടാകും. ലോകാരംഭം മുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരു എഴുതപ്പെടാത്തവരാണ് ആ മനുഷ്യര്‍.
“ഇതു മനസ്സിലാക്കാന്‍ നിനക്കു ജ്ഞാനമുള്ള മനസ്സു വേണം. മൃഗത്തിന്‍റെ ഏഴു തലകള്‍ ആ സ്ത്രീ ഇരിക്കുന്ന ഏഴു പര്‍വ്വതങ്ങളാണ്. അവര്‍ ഏഴു രാജാക്കന്മാരുമാണ്. 10 രാജാക്കന്മാരില്‍ അഞ്ചു പേര്‍ മരണമടഞ്ഞു, രാജാക്കന്മാരില്‍ ഒരാള്‍ ഇപ്പോഴും ജീവിക്കുന്നു. അവസാനത്തെ രാജാവ് വരികയായി. അവന്‍ വരുന്പോള്‍ കുറച്ചു നേരം മാത്രമേ തങ്ങുകയുള്ളൂ. 11 ഒരിക്കല്‍ ജീവിച്ചിരുന്നതും ഇപ്പോള്‍ ജീവിക്കാത്തതും ആയ മൃഗം ഇപ്പോള്‍ എട്ടാമത്തെ രാജാവാണ്. ഈ എട്ടാമത്തെ രാജാവും ആദ്യത്തെ ഏഴു രാജാക്കന്മാരില്‍ ഉള്‍പ്പെട്ടതാണ്. അവനും നശിപ്പിക്കപ്പെടും.
12 “നീ കാണുന്ന പത്തു കൊന്പുകള്‍ പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ തങ്ങളുടെ രാജ്യത്തില്‍ ഭരണം നടത്തിയിട്ടില്ല. എന്നാല്‍ മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ ഭരിക്കാനുള്ള അധികാരം ഇവര്‍ക്കു ലഭിക്കും. 13 ഈ പത്തു രാജാക്കന്മാര്‍ക്കും ഒരേ മനസ്സാണ്. അവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‍കും. 14 അവര്‍ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും. എന്നാല്‍ രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ കര്‍ത്താവുമായ കുഞ്ഞാട് അവരെ തോല്പിക്കും. അവന്‍ തന്‍റെ തിരഞ്ഞെടുത്ത വിശ്വാസികളായ ശിഷ്യന്മാരും വിളിക്കപ്പെട്ടവരും മൂലം അവരെ തോല്പിക്കും.”
15 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ആ വേശ്യയിരിക്കുന്ന ജലാശയം നീ കണ്ടു. അതു ലോകത്തിലെ വിവിധ രാഷ്ട്രങ്ങളും ജനതകളും വംശങ്ങളും ഭാഷകളുമാകുന്നു. 16 നീ കണ്ട മൃഗവും പത്തു കൊന്പുകളും (പത്തു രാജാക്കന്മാര്‍) വേശ്യയെ വെറുക്കും. അവര്‍ അവള്‍ക്കുള്ളതെല്ലാം എടുത്ത് അവളെ നഗ്നയായി ഉപേക്ഷിക്കും. അവര്‍ മാംസം തിന്നുകയും തീയിലിട്ട് എരിക്കുകയും ചെയ്യും. 17 അവന്‍റെ പദ്ധതി നിറവേറ്റുന്നതിന് ദൈവം ഈ അനുഗ്രഹം അവരുടെ മനസ്സില്‍ വച്ചു. മൃഗത്തിന് ഭരിക്കാന്‍ തങ്ങളുടെ അധികാരം നല്‍കാന്‍ അവര്‍ സമ്മതിച്ചു. ദൈവഹിതം നിറവേറ്റപ്പെടുംവരെ അവര്‍ ഭരിക്കും. 18 ഭൂമിയിലെ രാജാക്കന്മാരെ ഭരിക്കുന്ന മഹാനഗരമാണു നീ കണ്ട സ്ത്രീ.”