പുതിയ യെരൂശലേം
21
അനന്തരം ഞാനൊരു പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും* “പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും” ഉദ്ധരണി യെശ. 65:17; 66:22; 2 പത്രൊ. 3:13. കണ്ടു. ആദ്യത്തെ സ്വര്‍ഗ്ഗവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. ഇപ്പോളവിടെ കടലുമില്ല. വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍ ദൈവത്തില്‍ നിന്നിറങ്ങിവരുന്നതും ഞാന്‍ കണ്ടു. ആ വിശുദ്ധനഗരം പുതിയ യെരൂശലേമാകുന്നു. പുതിയ യെരൂശലേം ദൈവത്തിന്‍റെ ജനത അവനോടൊപ്പം വസിക്കുന്ന ആത്മീയ നഗരം. അത് ഭര്‍ത്താവിനുവേണ്ടി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങിയിരിക്കുന്നു.
ഞാന്‍ സിംഹാസനത്തില്‍ നിന്നൊരു വലിയ ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഇതാ ദൈവത്തിന്‍റെ വസതി ജനങ്ങളുടേതായിരിക്കുന്നു. അവന്‍ അവരോടൊത്തു വസിക്കും. അവര്‍ അവന്‍റെയാളുകളാകും. ദൈവം സ്വയം അവരോടൊത്തുണ്ടാകുകയും അവരുടെ ദൈവമായിരിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍ നിന്നും എല്ലാ കണ്ണുനീരും തുടച്ചുകളയും. ഇനി മരണവും ദുഃഖവും കരച്ചിലും വേദനയുമുണ്ടാവില്ല. എല്ലാ പഴയ വഴികളും അവസാനിച്ചു.”
സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു, “ഇതാ! ഞാനെല്ലാം പുതിയതാക്കുന്നു!” എന്നിട്ട് അവന്‍ പറഞ്ഞു, “ഇങ്ങനെയെഴുതുക, എന്തെന്നാല്‍ ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു.”
സിംഹാസനത്തിലിരിക്കുന്നവന്‍ എന്നോടു പറഞ്ഞു, “അതവസാനിച്ചു! അല്‍ഫയും ഒമേഗയും ആദിയും അന്തവും ഞാനാകുന്നു. ദാഹിക്കുന്നവന് ഞാന്‍ ജീവന്‍റെ നീരുറവയില്‍ നിന്നും സൌജന്യമായി ജലം നല്‍കും. ജേതാവിന് ഇതെല്ലാം ലഭിക്കും. ഞാന്‍ അവന്‍റെ ദൈവവും അവനെന്‍റെ പുത്രനും ആയിരിക്കും. എന്നാല്‍ ഭീരുക്കളും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും കൊലയാളികളും വ്യഭിചാരികളും ആഭിചാരക്കാരും വിഗ്രഹാരാധകരും നുണയന്മാരും അടക്കം എല്ലാവരും ഗന്ധകത്തീത്തടാകത്തില്‍ പതിക്കും. ഇതാണു രണ്ടാം മരണം.”
ഏഴു ദൂതന്മാരിലൊരാള്‍ എന്നെ സമീപിച്ചു. അവസാനത്തെ ഏഴു ദുരിതങ്ങള്‍ നിറച്ച ഏഴു കലശങ്ങളിലൊന്ന് വഹിച്ചിരുന്ന ഒരു ദൂതനായിരുന്നു അത്. ദൂതന്‍ പറഞ്ഞു, “എന്നൊടൊത്തു വരിക. കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ ഞാന്‍ കാട്ടിത്തരാം.” 10 ദൂതന്‍ എന്നെ ആത്മാവില്‍ എടുത്ത് വളരെ വലിയതും ഉയരം കൂടിയതുമായ പര്‍വ്വതത്തിലിരുത്തി. ദൂതന്‍ എന്നെ വിശുദ്ധനഗരമായ യെരൂശലേം കാണിച്ചു. നഗരം സ്വര്‍ഗ്ഗസ്ഥനായ ദൈവത്തില്‍ നിന്നും താഴേക്കിറങ്ങിവരികയായിരുന്നു.
11 നഗരം ദൈവത്തിന്‍റെ മഹത്വത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. അത്യപൂര്‍വ്വമായ ഇന്ദ്രനീലം പോലെ അതു തിളങ്ങിയിരുന്നു. സ്ഫടികം പോലെ അതു വളരെ വ്യക്തമായിരുന്നു. 12 നഗരത്തിനു പന്ത്രണ്ടു കവാടങ്ങള്‍ ഉള്ള ഒരു ഉയര്‍ന്ന മതിലുണ്ടായിരുന്നു. കവാടങ്ങളില്‍ പന്ത്രണ്ടുദൂതന്മാര്‍ ഉണ്ടായിരുന്നു. ഓരോ കവാടത്തിലും യിസ്രായേലിലെ പന്ത്രണ്ടു വംശത്തിലൊന്നിന്‍റെ വീതം പേര് എഴുതിവച്ചിരുന്നു. 13 കിഴക്കും പടിഞ്ഞാറും തെക്കും വടക്കും മൂന്നു കവാടങ്ങള്‍ വീതമായിരുന്നു. 14 പന്ത്രണ്ട് അടിക്കല്ലുകളിലായിരുന്നു നഗരഭിത്തി നിര്‍മ്മിച്ചിരുന്നത്. കല്ലുകളില്‍ കുഞ്ഞാടിന്‍റെ അപ്പൊസ്തലന്മാരുടെ പേരുകള്‍ എഴുതിയിരുന്നു.
15 എന്നോടു സംസാരിച്ചിരുന്ന ദൂതന്‍റെ കയ്യില്‍ ഒരു സ്വര്‍ണ്ണ അളവുകോലുണ്ടായിരുന്നു. ഇത് നഗരവും അതിന്‍റെ കവാടങ്ങളും മതിലും അളക്കുന്നതിന് ആയിരുന്നു. 16 സമചതുരത്തിലായിരുന്നു നഗരം പണിതിരുന്നത്. നീളവും വീതിയും തുല്യം. ദൂതന്‍ അളവുകോല്‍ കൊണ്ട് നഗരത്തെ അളന്നു. പന്തീരായിരം സ്താദിയ സ്താദിയ ഒരു സ്താദിയോണ്‍ ഏകദേശം 200 വാരയാണ്. ഒരു റോമന്‍ മൈലിന്‍റെ എട്ടിലൊന്ന്. നീളവും പന്തീരായിരം സ്താദിയ വീതിയും പന്തീരായിരം സ്താദിയ ഉയരവും. 17 ഭിത്തിയും ദൂതന്‍ അളന്നു. നൂറ്റിനാല്പത്തിനാല് മുഴം. ഉയരം മനുഷ്യരുടെ അളവനുസരിച്ചുണ്ടായിരുന്നു. ദൂതന്‍റെ അളവനുസരിച്ചും അത്ര തന്നെ. 18 സൂര്യകാന്തക്കല്ലു കൊണ്ടായിരുന്നു ഭിത്തി കെട്ടിയിരുന്നത്. സ്ഫടികത്തെപ്പോലെ നിര്‍മ്മലമായ ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് നഗരം പണിയപ്പെട്ടിരുന്നു.
19 നഗരഭിത്തിയുടെ അടിക്കല്ലുകളില്‍ വിലകൂടിയ രത്നങ്ങളുണ്ടായിരുന്നു. ആദ്യത്തെ മൂലക്കല്ല് സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു ഗോമേദകം, 20 ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒന്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു നീലം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. 21 പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. നഗരവീഥി ശുദ്ധ സ്വര്‍ണ്ണം കൊണ്ടും അത് സ്ഫടികം പോലെ സുതാര്യവുമായിരുന്നു.
22 ഞാന്‍ നഗരത്തിലെ ദൈവാലയം കണ്ടില്ല. സര്‍വ്വശക്തനായ ദൈവവും കുഞ്ഞാടുമാണ് നഗരത്തിന്‍റെ ദൈവാലയം. 23 നഗരത്തില്‍ സൂര്യനോ ചന്ദ്രനോ പ്രകാശിക്കേണ്ടതില്ലായിരുന്നു. ദൈവത്തിന്‍റെ മഹത്വം നഗരത്തിനു പ്രകാശമരുളുന്നു. കുഞ്ഞാടാകുന്നു നഗരത്തിന്‍റെ വിളക്ക്.
24 കുഞ്ഞാട് നല്‍കുന്ന വെളിച്ചത്തില്‍ ലോകര്‍ നടക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം നഗരത്തിലേക്കു കൊണ്ടുവരും. 25 രാത്രി ഇല്ലാത്തതിനാല്‍ നഗരകവാടങ്ങള്‍ ഒരു ദിവസവും അടയുകയില്ല. 26 രാജ്യങ്ങളുടെ മഹിമയും പ്രതാപവും നഗരത്തില്‍ കൊണ്ടുവരപ്പെടും. 27 അശുദ്ധികളൊന്നും ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. നാണംകെട്ടവ പ്രവര്‍ത്തിക്കുന്നവനോ നുണയനോ ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ പേര്‍ ചേര്‍ക്കപ്പെട്ടവര്‍ക്കു മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.