സഭാനേതാക്കന്മാര്‍
3
ഞാന്‍ പറയുന്നത് സത്യമാണ്. ഒരു മൂപ്പനാകുവാനായി ഒരുവന്‍ കഠിനശ്രമം നടത്തുന്നു എങ്കില്‍ അവന്‍ ഒരു സത്പ്രവൃത്തിയാണ് ആഗ്രഹിക്കുന്നത്. ഒരു മൂപ്പന്‍ മനുഷ്യര്‍ക്ക് ശരിയായും വിമര്‍ശിക്കുവാന്‍ പറ്റാത്തവിധം നല്ലവനാകണം. അവന് ഒരു ഭാര്യയേ പാടുള്ളൂ. മൂപ്പന്‍ ആത്മനിയന്ത്രണം ഉള്ളവനും വിവേകിയുമായിരിക്കണം. മറ്റു മനുഷ്യര്‍ക്ക് അവനോടു ബഹുമാനം ഉണ്ടാകണം. തന്‍റെ വീട്ടിലേക്ക് ആളുകളെ സ്വീകരിക്കുവാന്‍ സന്നദ്ധനായി അവന്‍ ജനങ്ങളെ സഹായിക്കണം. അവന്‍ ഒരു നല്ല ഉപദേഷ്ടാവ് ആയിരിക്കണം. അവന്‍ അമിതമായി വീഞ്ഞ് കുടിക്കരുത്. അക്രമാസക്തനാകാതെ സൌമ്യനും സമാധാനപ്രിയനും ആയിരിക്കണം. അവന്‍ ധനത്തെ സ്നേഹിക്കുന്നവന്‍ ആകരുത്. അവന്‍ സ്വകുടുംബത്തിലെ തന്നെ ഒരു നല്ല നേതാവായിരിക്കണം. അയാളുടെ മക്കള്‍ അയാളെ പൂര്‍ണ്ണമായ ബഹുമാനത്തോടെ അനുസരിക്കണമെന്നര്‍ത്ഥം. സ്വകുടുംബത്തിലെ നേതാവാകാന്‍ കഴിയാത്തവന് ദൈവത്തിന്‍റെ സഭയെ എങ്ങനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയും?
എന്നാല്‍ ഒരു പുതു വിശ്വാസി മൂപ്പന്‍ ആകരുത്. അത് അവനെ വളരെ അഹങ്കാരിയാക്കിയേക്കാം. അപ്പോള്‍ അവനും പിശാച് വിധിക്കപ്പെട്ടതുപോലെ തന്‍റെ അഹങ്കാരത്തിന്‍റെ പേരില്‍ വിധിക്കപ്പെടും. ഒരു മൂപ്പന്‍ സഭയ്ക്ക് പുറത്തുള്ളവരോടും ബഹുമാനം ഉള്ളവനാകണം. അപ്പോള്‍ അവന്‍ അന്യരാല്‍ വിമര്‍ശിക്കപ്പെടാതെയും പിശാചിന്‍റെ കെണിയിലകപ്പെടാതെയുമിരിക്കും.
സഭയിലെ സഹായികള്‍
ഇതേ പോലെ മനുഷ്യര്‍ക്കു ബഹുമാനിക്കാവുന്ന ആളുകളായിരിക്കണം ഡീക്കന്മാര്‍. ഇവര്‍ തങ്ങള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പറയാത്തവരും അമിതമദ്യപാനത്തിനായി തങ്ങളുടെ സമയത്തെ ഉപയോഗിക്കാത്തവരും ആകണം. അന്യരെ കബളിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ആകരുത്. അവര്‍ ദൈവം നമുക്കു വെളിപ്പെടുത്തിത്തന്ന സത്യത്തെ കര്‍ശനമായി പിന്തുടരുന്നവരും ശരിയെന്നറിയാവുന്നത് ചെയ്യുന്നവരുമായിരിക്കണം. 10 ആ മനുഷ്യരെ നിങ്ങള്‍ ആദ്യം പരീക്ഷിക്കണം. അവരില്‍ തെറ്റൊന്നും ഇല്ലെങ്കില്‍ അവര്‍ക്ക് ഡീക്കന്മാരായി സേവനം ചെയ്യാം.
11 ഇതേപോലെ സ്ത്രീകളും അന്യരുടെ ബഹുമാനം ആര്‍ജ്ജിക്കുന്നവരായിരിക്കണം. അന്യരെക്കുറിച്ച് ദുഷ്ടത പറയുന്ന സ്ത്രീകളാകരുത്. അവര്‍ ആത്മനിയന്ത്രണം ഉള്ളവരും എല്ലാക്കാര്യങ്ങളിലും വിശ്വാസയോഗ്യരുമായിരിക്കണം.
12 ഡീക്കന്മാര്‍ക്കും ഒരു ഭാര്യയേ പാടുള്ളൂ. അവര്‍ അവരുടെ മക്കള്‍ക്കും കുടുംബത്തിനു തന്നെയും നല്ല നേതാക്കളായിരിക്കണം. 13 നന്നായി സേവനം ചെയ്യുന്നവര്‍ സ്വയം ആദരണീയ സ്ഥാനങ്ങള്‍ നേടുന്നു. ക്രിസ്തുയേശുവിലുള്ള അവരുടെ വിശ്വാസം അവര്‍ക്ക് മഹത്തായ ഉറപ്പായി വര്‍ത്തിക്കും.
നമ്മുടെ ജീവിതത്തിന്‍റെ രഹസ്യം
14 നിങ്ങളുടെ അടുക്കല്‍ വേഗം വന്നെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ എഴുതുകയാണ്. 15 എനിക്ക് ഇപ്പോള്‍ വരുവാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടി ദൈവത്തിന്‍റെ ഭവനത്തില്‍ മനുഷ്യര്‍ തീര്‍ച്ചയായും ചെയ്യേണ്ടതെന്തെന്ന് നിങ്ങള്‍ അറിയും. ആ ഭവനം ജീവിക്കുന്ന ദൈവത്തിന്‍റെ സഭയാണ്. ദൈവത്തിന്‍റെ സഭ സത്യത്തിന്‍റെ താങ്ങും അടിത്തറയുമാണ്. 16 സംശയലേശമെന്യേ, നമ്മുടെ ആരാധനാ ജീവിതത്തിന്‍റെ രഹസ്യം മഹത്താണ്:
ഒരു മനുഷ്യശരീരത്തില്‍ ക്രിസ്തുവിനെ നമുക്കു കാട്ടിത്തന്നു.
അവന്‍ ശരിയാണെന്ന് ആത്മാവ് തെളിയിച്ചു;
ദൂതന്മാര്‍ അവനെ കണ്ടു.
അവനെപ്പറ്റിയുള്ള സുവിശേഷം ജനതകളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു;
ലോകത്തിലുള്ള മനുഷ്യര്‍ അവനില്‍ വിശ്വസിച്ചു;
മഹത്വത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.