6
അടിമകളായിട്ടുള്ള മനുഷ്യരെല്ലാം അവരുടെ ഉടമയോട് പൂര്‍ണ്ണ ബഹുമാനം കാണിക്കണം. അവരതു ചെയ്യുന്പോള്‍ ദൈവനാമവും നമ്മുടെ ഉപദേശവും വിമര്‍ശനവിധേയമാവില്ല. ചില അടിമകള്‍ക്ക് വിശ്വാസികളായ ഉടമകളും ഉണ്ട്. അതുകൊണ്ട് ആ അടിമകളും ഉടമകളും സഹോദരരാണ്. എന്നാല്‍ അടിമകള്‍ അവരോട് ഒരു അനാദരവും കാട്ടരുത്. ഈ അടിമകള്‍ തങ്ങളുടെ വിശ്വാസികളായ ഉടമകളെ കൂടുതല്‍ മെച്ചമായി ശുശ്രൂഷിക്കണം. എന്തുകൊണ്ടെന്നാല്‍ ആ അടിമകള്‍ തങ്ങള്‍ സ്നേഹിക്കുന്ന വിശ്വാസികളെ സഹായിക്കുകയാണ്.
ഈ കാര്യങ്ങള്‍ ജനങ്ങളെ നീ പറഞ്ഞു പഠിപ്പിക്കുകയും അവ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണം.
തെറ്റായ പ്രബോധനവും യഥാര്‍ത്ഥ സന്പത്തും
ചിലര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കും. അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സത്യ ഉപദേശത്തോട് യോജിപ്പുള്ളവരല്ല. ദൈവശുശ്രൂഷയ്ക്കുള്ള നേരായ മാര്‍ഗ്ഗത്തോട് ഒത്തുപോകുന്ന ഉപദേശത്തെ അവര്‍ സ്വീകരിക്കയില്ല. തെറ്റായി പഠിപ്പിക്കുന്നവന് ഒന്നും മനസ്സിലാകുകയില്ല. അവരില്‍ നിറയെ അഹങ്കാരമായിരിക്കും. വാക്കുകളെപ്പറ്റി തര്‍ക്കിച്ച് കലഹിക്കുന്നതിനു അവര്‍ക്ക് ഇഷ്ടം തോന്നും. അതൊരു രോഗംപോലെയാണവര്‍ക്ക്. അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അസൂയയും കുറ്റപ്പെടുത്തലും കലഹമുണ്ടാക്കലും ദുഷ്ടമായ സംശയവും സൃഷ്ടിക്കുകയും ചെയ്യും. അതുമാത്രമല്ല ദുഷ്ടമനസ്കരില്‍ നിന്നു അത് തര്‍ക്കങ്ങളെ ജനിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് സത്യം നഷ്ടപ്പെട്ടു. ദൈവത്തെ ശുശ്രൂഷിക്കുന്നത് പണക്കാരനാകാനുള്ള ഒരു മാര്‍ഗ്ഗം എന്നാണവര്‍ വിചാരിക്കുന്നത്.
ഒരുവന്‍ ഉള്ളതുകൊണ്ട് സംതൃപ്തനാകുമെങ്കില്‍ ദൈവശുശ്രൂഷ ഒരുവനെ ധനവാനാക്കും എന്നു പറയുന്നത് സത്യമാണ്. നാം ഭൂമിയിലേക്കു വന്നപ്പോള്‍ ഒന്നും കൊണ്ടുവന്നില്ല. മരിക്കുന്പോള്‍ നമുക്ക് ഒന്നും കൊണ്ടുപോകാനും സാധിക്കയില്ല. അതിനാല്‍ നമുക്കു ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കില്‍ നാം അതുകൊണ്ട് സംതൃപ്തരാകണം. പണക്കാരനാകാന്‍ ആഗ്രഹിക്കുന്നവന്‍ പ്രലോഭനങ്ങള്‍ക്ക് വിധേയനാകുന്നു. അവര്‍ ഒരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. അവനെ വൃണപ്പെടുത്തുന്ന വ്യര്‍ത്ഥകാര്യങ്ങള്‍ അവന്‍ ആഗ്രഹിക്കുവാന്‍ തുടങ്ങുകയാണ്. ആ കാര്യങ്ങള്‍ മനുഷ്യരെ ക്ഷയിപ്പിച്ച് നശിപ്പിക്കും. 10 ധനസ്നേഹമാണ് എല്ലാത്തരം ദുഷ്ടതയ്ക്കും കാരണമാകുന്നത്. ചിലര്‍ കൂടുതല്‍ കൂടുതല്‍ ധനം ആഗ്രഹിക്കുന്നതുകൊണ്ട് സത്യവിശ്വാസം ത്യജിച്ചു. എന്നാല്‍ അവര്‍ കൂടുതല്‍ കൂടുതല്‍ ദുഃഖിതരാകാന്‍ സ്വയം കാരണക്കാരായി.
ര്‍ക്കേണ്ട ചില കാര്യങ്ങള്‍
11 എന്നാല്‍ നീ ദൈവത്തിന്‍റെ മനുഷ്യനാകുന്നു. അതിനാല്‍ ഇക്കാര്യങ്ങളില്‍ നിന്നെല്ലാം നീ ഒഴിഞ്ഞു നില്‍ക്കണം. നേരായ വഴിയില്‍ ജീവിക്കുവാനും ദൈവസേവനം ചെയ്യുവാനും വിശ്വാസവും സ്നേഹവും ക്ഷമയും സൌമ്യതയും ഉണ്ടായിരിക്കുവാനും ശ്രമിക്കുക. 12 ഓട്ട മത്സരത്തില്‍ ഓടുന്നതു പോലെയാണ് നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്. ആ ഓട്ടത്തില്‍ വിജയം നേടുന്നതി നായി ഏറ്റവും കഠിനമായി ശ്രമിക്കുക. എന്നേക്കും തുടരുന്ന ആ ജീവിതം നിനക്കു കിട്ടിയെന്ന് തീര്‍ച്ചപ്പെടുത്തുക. ആ ജീവിതം കിട്ടുവാന്‍ നീ വിളിക്കപ്പെട്ടു. ക്രിസ്തുവിനെപ്പറ്റിയുള്ള ആ മഹാ സത്യം നീ പലരും ശ്രദ്ധിക്കുമാറ് ഏറ്റു പറഞ്ഞു. 13 ദൈവത്തിന്‍റെയും ക്രിസ്തുയേശുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. പൊന്തിയൊസ് പീലാത്തൊസിന്‍റെ മുന്പാകെ അതേ മഹാസത്യം ഏറ്റുപറഞ്ഞവനാണ് യേശുക്രിസ്തു. എല്ലാറ്റിനും ജീവന്‍ പകരുന്നവനാണ് ദൈവം. ഇപ്പോള്‍ ഞാന്‍ നിന്നോടു പറയുന്നു: 14 നിന്നോട് ആജ്ഞാപിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുക. ആ കാര്യങ്ങളൊക്കെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്നതു വരെ തെറ്റോ കുറ്റപ്പെടുത്തലോ കൂടാതെ ചെയ്യുക. 15 ദൈവം യഥാസമയം അതു നടപ്പാക്കും. ദൈവമാണ് അനുഗ്രഹീതനായ ഏക ഭരണകര്‍ത്താവ്. എല്ലാ രാജാക്കന്മാരുടെ രാജാവും കര്‍ത്താക്കന്മാരുടെ കര്‍ത്താവുമാണ് ദൈവം. 16 ഒരിക്കലും മരിക്കാത്തവന്‍ ദൈവം മാത്രമാണ്. മനുഷ്യര്‍ക്ക് അടുത്തു പോകാന്‍ പറ്റാത്തവിധം അത്ര ശോഭയേറിയ പ്രകാശത്തിലാണ് ദൈവം സ്ഥിതി ചെയ്യുന്നത്. ഒരുവനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. ഒരുവനും ദൈവത്തെ കാണാന്‍ കഴിയുകയുമില്ല. ദൈവത്തിന് എന്നേക്കും ബഹുമാനവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍.
17 ഈ ലോകത്തിലുള്ള വസ്തുക്കള്‍ കൊണ്ട് സന്പന്നരായവര്‍ക്ക് ആ കല്പന കൊടുക്കുക. അഹങ്കരിക്കരുതെന്ന് അവരോട് പറയുക. സന്പത്തിലല്ല, ദൈവത്തില്‍ പ്രത്യാശിക്കുവാന്‍ ആ ധനികരോട് പറയുക. ധനത്തെ ആശ്രയിക്കാന്‍ പറ്റില്ല. എന്നാല്‍ ദൈവം നമ്മെ അത്യധികം ശ്രദ്ധിക്കുന്നു. ആസ്വദിക്കുവാന്‍ ധാരാളമായി എല്ലാം അവന്‍ നമുക്കു തരുന്നു. 18 നല്ലതു ചെയ്യുവാന്‍ ധനവാന്മാരോടു പറയുക. സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതില്‍ ധനവാന്മാരാകുവാന്‍ അവരോടു പറയുക. ദാനശീലരായി അവര്‍ക്കുള്ളത് പങ്കുവയ്ക്കുന്നതില്‍ സന്നദ്ധത ഉള്ളവരാകാന്‍ അവരോടു പറയുക. 19 ഇങ്ങനെ ചെയ്യുന്നതില്‍ കൂടെ അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്കായി സ്വയം ഒരു നിധി ഒരുക്കുകയാകും ചെയ്യുക. അതൊരു ശക്തിമത്തായ അടിത്തറയാകും. അവരുടെ ഭാവിജീവിതം ആ നിധിമേല്‍ കെട്ടിപ്പൊക്കാം. അപ്പോള്‍ അവര്‍ക്ക് സത്യജീവന്‍ ഉള്ളവരാകാന്‍ കെല്പുള്ളവരാകാം.
20 തിമൊഥെയൊസേ, ദൈവം നിന്നെ പല കാര്യങ്ങളിലും വിശ്വസിച്ചിരിക്കുന്നു. ആ കാര്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ശ്രദ്ധിക്കുക. ദൈവത്തില്‍ നിന്നുള്ളതല്ലാത്ത മൌഢ്യങ്ങള്‍ പറയുന്നവരില്‍ നിന്നും അകന്നു നില്‍ക്കുക. സത്യത്തിനെതിരേ വാദിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. അവര്‍ “അറിവെന്നു” വിളിക്കുന്ന ചിലത് ഉപയോഗിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അറിവല്ല. 21 ചിലര്‍ അവകാശപ്പെടും അവര്‍ക്ക് ആ “അറിവ്” ഉണ്ടെന്ന്. അക്കൂട്ടര്‍ സത്യപാഠത്തെ ത്യജിച്ചു.
ദൈവത്തിന്‍റെ കൃപ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ.