ക്രിസ്തുവിന്‍റെ വിശ്വസ്ത പടയാളി
2
തിമൊഥെയൊസേ, നീ എനിക്കൊരു മകനെപ്പോലെയാണ്. നമുക്കു ക്രിസ്തുയേശുവിലുള്ള കൃപയില്‍ ശക്തനായിരിക്കുക. ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ നീ കേട്ടിട്ടുണ്ട്. മറ്റ് ധാരാളമാളുകളും അതു കേട്ടു. അതേ കാര്യങ്ങള്‍ തന്നെ നീയും പഠിപ്പിക്കണം. പഠിപ്പിക്കാനുള്ള യോഗ്യതയുള്ളവരും നിനക്കു വിശ്വസിക്കാവുന്നവരുമായവരെ ചില ഉപദേശങ്ങള്‍ ഏല്പിക്കുക. അപ്പോള്‍ അന്യരെ അക്കാര്യങ്ങളൊക്കെ പഠിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞേക്കാം. നമുക്കുള്ള ക്ലേശങ്ങളില്‍ പങ്കുകാരാകുക. ക്രിസ്തുവിന്‍റെ ഒരു ഉത്തമ ഭടന്‍ പോലെ ക്ലേശങ്ങള്‍ സ്വീകരിക്കുക. ഒരു ഭടന്‍ തന്‍റെ സൈന്യാധിപനെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ ഭടന്‍ ഭൂരിപക്ഷം ആള്‍ക്കാരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ തന്‍റെ സമയം ഉപയോഗിക്കില്ല. ഒരു കായികാഭ്യാസി ഒരു മത്സരത്തില്‍ ഓടുകയാണെങ്കില്‍ ജയിക്കുവാനായി അവന്‍ എല്ലാ നിബന്ധനകളും പാലിക്കണം. കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകനാണ് താന്‍ ഉത്പാദിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആദ്യമായി ലഭിക്കേണ്ടത്. ഞാന്‍ പറയുന്ന ഈ കാര്യങ്ങളെപ്പറ്റി ചിന്തിക്കുവിന്‍. ഈ കാര്യങ്ങളെല്ലാം ഗ്രഹിക്കുവാനുള്ള കഴിവ് കര്‍ത്താവ് നിനക്കു തരും.
യേശുക്രിസ്തുവിനെ സ്മരിക്കുക. അവന്‍ ദാവീദിന്‍റെ കുടുംബത്തില്‍ നിന്നും ഉള്ളവനാണ്. ക്രിസ്തു മരിച്ചതിനു ശേഷം അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തപ്പെട്ടു. ഇതാണ് ജനങ്ങളോട് ഞാന്‍ പറയുന്ന സുവിശേഷം. ആ സുവിശേഷം പ്രചരിപ്പിച്ചതുകൊണ്ടാണ് ഞാന്‍ കഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നത്. സത്യമായും തെറ്റു ചെയ്ത ഒരുവനെപ്പോലെ ഞാന്‍ ചങ്ങലകൊണ്ടു പോലും ബന്ധിതനാണ്. എന്നാല്‍ ദൈവത്തിന്‍റെ ഉപദേശം ബന്ധിതമല്ല. 10 അതിനാല്‍ ഈ ക്ലേശങ്ങളെല്ലാം ഞാന്‍ ക്ഷമയോടെ സഹിച്ചു. ഞാന്‍ ഇതു ചെയ്തത് ദൈവം തിരഞ്ഞെടുത്ത എല്ലാ ആള്‍ക്കാരെയും സഹായിക്കുവാനാണ്. ക്രിസ്തുയേശുവിലുള്ള രക്ഷ ആളുകള്‍ക്ക് ലഭിക്കത്തക്ക വിധത്തിലാണ് ഞാന്‍ ഈ ക്ലേശങ്ങള്‍ സ്വീകരിക്കുന്നത്. ആ രക്ഷയോടൊപ്പം ഒരിക്കലും അസ്തമിക്കാത്ത മഹത്വവും കൈവരുന്നു.
11 ഈ ഉപദേശം ശരിയാണ്,
നാം അവനോടു കൂടി മരിച്ചു എങ്കില്‍ അവനോടു കൂടി ജീവിക്കും.
12 നാം കഷ്ടത സ്വീകരിക്കുമെങ്കില്‍ അവനോടു കൂടി ഭരിക്കും. നാം അവനെ സ്വീകരിക്കുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവനും നമ്മെ സ്വീകരിക്കുവാന്‍ കൂട്ടാക്കുകയില്ല.
13 നാം അവിശ്വസ്തരായിരിക്കുന്പോഴും അവന്‍ വിശ്വസ്തനായിരിക്കും.
കാരണം അവന് തന്നെത്തന്നെ നിഷേധിക്കുവാന്‍ പറ്റില്ല.
ഒരു അഭിമതനായ പ്രവര്‍ത്തകന്‍
14 ആള്‍ക്കാരോട് ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക. വാക്കുകളെപ്പറ്റി തര്‍ക്കിക്കരുത് എന്ന് ദൈവമുന്പാകെ ജനങ്ങളെ താക്കീതു ചെയ്യുക. വാക്കുകളെപ്പറ്റിയുള്ള തര്‍ക്കം ഒരുവനെയും സഹായിക്കില്ല. അത് കേള്‍ക്കുന്നവരെ നശിപ്പിക്കും. 15 ദൈവത്തിന് സ്വീകാര്യനായ ഒരുവനാകുന്നതിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. കൂടാതെ ദൈവത്തിന് നിന്നെത്തന്നെ സമര്‍പ്പിക്കുക. തന്‍റെ സ്വന്തം പ്രവൃത്തിയെക്കുറിച്ച് ലജ്ജിതനാകാതെ സത്യമായ ഉപദേശം ശരിയായ രീതിയില്‍ വിനിയോഗിക്കുന്ന ഒരു പ്രവര്‍ത്തകനായിത്തീരുക.
16 ദൈവത്തില്‍ നിന്നും ഉള്ളതല്ലാത്ത നിഷ്പ്രയോജനമായ കാര്യങ്ങള്‍ സംസാരിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. അത്തരം ഭാഷണം ഒരുവനെ കൂടുതല്‍ കൂടുതല്‍ ദൈവത്തിനെതിരാക്കും. 17 അവരുടെ തെറ്റായ ഉപദേശം ശരീരത്തിനുള്ളില്‍ അര്‍ബുദവ്യാധി പോലെ പടരും. ഹുമനയോസും ഫിലേത്തൊസും അത്തരക്കാരാണ്. 18 അവര്‍ സത്യോപദേശം ത്യജിച്ചു. എല്ലാ വിശ്വാസികളുടെയും മരണത്തില്‍ നിന്നുള്ള ഉത്ഥാനം നേരത്തേ തന്നെ സംഭവിച്ചു എന്ന് അവര്‍ പറയുന്നു. ആ രണ്ടു മനുഷ്യരും ചിലരുടെ വിശ്വാസത്തെ നശിപ്പിക്കുകയാണ്.
19 എന്നാല്‍ ദൈവത്തിന്‍റെ ബലവത്തായ അടിസ്ഥാനം അതു തന്നെയായി തുടരുന്നു. ഈ വാക്കുകള്‍ ആ അടിസ്ഥാനത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. “കര്‍ത്താവിനു തനിക്കുള്ള ആള്‍ക്കാരെ അറിയാം.” ഉദ്ധരണി സംഖ്യ.16:5 കൂടാതെ ഈ വാക്കുകള്‍ കൂടി ഇവിടെ എഴുതപ്പെട്ടിരിക്കുന്നു, “കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു പറയുന്ന ഏവരും തിന്മ ചെയ്യുന്നതില്‍ നിന്നും വിരമിക്കണം.”
20 ഒരു വലിയ വീട്ടില്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച വസ്തുക്കള്‍ കാണും. എന്നാല്‍ അവിടെ തടികൊണ്ടും കളിമണ്ണുകൊണ്ടും നിര്‍മ്മിതമായ പാത്രങ്ങളും ഉണ്ട്. ചിലത് സവിശേഷ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മറ്റുളളവ വിലയില്ലാത്ത കാര്യങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നു. 21 ഒരുവന്‍ എല്ലാ ദുഷ്ടതകളില്‍ നിന്നും സ്വയം ശുദ്ധീകരിക്കുകയാണെങ്കില്‍ അന്നേരം മുതല്‍ ആ വ്യക്തി പ്രത്യേക കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടും. ആ വ്യക്തിയെ വിശുദ്ധനാക്കി തന്‍റെ യജമാനന്‍ അവനെ ഉപയോഗിക്കും. ആ വ്യക്തി എന്തു നല്ല കാര്യം ചെയ്യുവാനും തയ്യാറായിരിക്കും.
22 ഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടതകളില്‍ നിന്നും അകന്നു നില്‍ക്കുക. വിശ്വാസവും സ്നേഹവും സമാധാനവും ഉള്ളവനായി നീതിയില്‍ ജീവിക്കുവാന്‍ കഠിനമായി പരിശ്രമിക്കുക. ഈ കാര്യങ്ങളത്രയും ശുദ്ധഹൃദയരുടെയും കര്‍ത്താവില്‍ വിശ്വാസം ഉള്ളവരുടെയും കൂടെ ചെയ്യുക. 23 മൌഢ്യവും അസംഗതവുമായ തര്‍ക്കങ്ങളില്‍ നിന്നു അകന്നു നില്‍ക്കുക. തര്‍ക്കങ്ങള്‍ വലിയ വിവാദം ആയി വളരുമെന്ന് നിനക്ക് അറിയാം. 24 ദൈവത്തിന്‍റെ ദാസന്‍ തര്‍ക്കിക്കരുത്. അവന്‍ എല്ലാവരോടും ദയാലുവാകണം. ദൈവത്തിന്‍റെ ദാസന്‍ നല്ല ഒരു ഉപദേഷ്ടാവായിരിക്കണം. അവന്‍ ക്ഷമാശീലനാകണം. 25 തന്നോട് യോജിച്ചു പോകാത്ത ആള്‍ക്കാരെ കര്‍ത്താവിന്‍റെ ദാസന്‍ സൌമ്യമായി പഠിപ്പിക്കണം. ദൈവം അവരുടെ ഹൃദയങ്ങളെ സത്യവിശ്വാസത്തിന് ഒത്തവണ്ണം മാറ്റുവാനുള്ള അവസരം അവര്‍ക്കു കൊടുത്തേക്കാം. 26 അക്കൂട്ടരെ പിശാച് കെണിയില്‍പ്പെടുത്തി തനിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ഒരുക്കുന്നു. എന്നാല്‍ അവര്‍ക്ക് ഉണര്‍ന്ന് പിശാച് തങ്ങളെ ഉപയോഗിക്കുകയാണെന്ന് കണ്ട്, പിശാചിന്‍റെ കെണിയില്‍ നിന്നും തങ്ങളെത്തന്നെ സ്വതന്ത്രരാക്കാന്‍ വേണമെങ്കില്‍ കഴിയും.